കുടുംബശ്രീ ജില്ല കലോത്സവം ഒപ്പനയിൽ ഒന്നാംസ്ഥാനം നേടിയ എടവണ്ണ സി.ഡി.എസ് ടീം
മലപ്പുറം: മഴ തിമിർത്തുപെയ്യുമ്പോളും അരങ്ങിൽ വിവിധ ഭാവങ്ങൾ വിടർന്ന്, കുടുംബശ്രീ അരങ്ങ് കലോത്സവത്തിന്റെ രണ്ടാംദിനം. ലാസ്യനളിനം വേദിയിൽ, നൃത്തയിനങ്ങൾ മാറ്റുരച്ചപ്പോൾ, വേദി രണ്ട് ഭാവ കരുണത്തിൽ കവിത പാരായണം, മാപ്പിളപ്പാട്ട്, ഒപ്പന, ശിങ്കാരിമേളം, നടൻ പാട്ട് എന്നിവ അരങ്ങേറി. മൂന്നാം വേദിയായ രാഗലീലയിൽ ലളിതഗാനം, കഥാപ്രസംഗം, സംഘഗാനം എന്നിവ നടന്നു. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേളയിൽ 1600 മത്സരാർഥികളാണ് മാറ്റുരക്കുന്നത്. രണ്ടാംനാൾ 14 ഇനങ്ങൾ പൂർത്തിയായി. മഴമൂലം രാവിലെ സദസ്സിൽ ആളുകൾ കുറഞ്ഞിരുന്നെങ്കിലും നൃത്തയിനങ്ങളുടെ വരവോടെ സദസ്സ് ഉണർന്നു. മത്സരയിനങ്ങളിൽ ഓരോ വേദിയിലും തങ്ങളുടെ സമയം ആയോ എന്ന് ഓടി നടന്നു പരിശോധിക്കുന്ന രക്ഷിതാക്കളും മക്കളും അതോടൊപ്പം ഒരു മത്സരംപോലും അറിയാതെ പോലും നഷ്ടപ്പെടാതെ കരുതലോടെ നോക്കുന്ന സി.ഡി.എസ് പ്രതിനിധികളും കലോത്സവത്തിന്റെ മനോഹര കാഴ്ചയായിരുന്നു. ജില്ലയിലെ 111 സി.ഡി.എസുകൾ ആറു ക്ലസ്റ്ററുകളിലായി നടത്തിയ അരങ്ങ് സർഗോത്സവത്തിൽ വിജയികളായ കലാപ്രതിഭകളാണ് ജില്ലതലത്തിൽ മാറ്റുരക്കുന്നത്. രണ്ടാംദിനം അവസാനിക്കുമ്പോൾ 19 പോയിന്റുമായി എടവണ്ണ സി.ഡി.എസ് മുന്നിട്ടുനിൽകുന്നു. പുളിക്കൽ, മങ്കട സി.ഡി.എസുകളാണ് 15 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. കുടുംബശ്രീ യൂനിറ്റിന്റെ ചൂടുചായയും നെയ്യപ്പവും പരിപ്പുവടയും മഴയുടെ തണുപ്പിന് ആശ്വാസവും, പരിപാടി കൂടുതൽ ആസ്വാദ്യകരമാക്കി. ബുധനാഴ്ച കലോത്സവത്തിന് തിരശ്ശീല വീഴും.
മലപ്പുറം: കുടുംബശ്രീ അരങ്ങ് അയൽക്കൂട്ട ഓക്സിലറി കലോത്സവത്തിൽ കേരളനടനം അയൽക്കൂട്ടത്തലം ഒന്നാം സ്ഥാനം നേടി ഷീല സത്യൻ. ചുങ്കത്തറ സി.ഡി.എസ് ‘അമ്മ’ അയൽക്കൂട്ട അംഗമായ ഷീല, ഏതാനും വർഷമേ ആയിട്ടുള്ളു അയൽക്കൂട്ടത്തിൽ അംഗമായിട്ട്. സ്കൂൾ പഠനകാലത്തിനുശേഷം ആദ്യമായിട്ടാണ് ഷീല അരങ്ങത്തേക്ക് വരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി വാതരോഗ സംബന്ധമായി ചികിത്സയിലായിരുന്ന ഷീല, ഈയടുത്താണ് രോഗത്തിൽനിന്നും വിമുക്തി നേടിയത്. ഹൃദ്രോഗബാധിതയായ മകളുടെ മരണശേഷം ഏറെ മാനസിക സംഘർങ്ങളിലൂടെ കടന്നുവന്ന ഷീലയെ സ്കൂൾ സഹപാഠിയായ സരോജമാണ് അരങ്ങത്തേക്ക് വരാനുള്ള പ്രചോദനമായത്. ജില്ലതല മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവതിയാണെന്നും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും പൂർണ പിന്തുണകൊണ്ടുകൂടിയാണ് 60 വയസ്സിൽ ഇത്തരം ഒരു വേദിയിൽ നൃത്തംചെയ്യാൻ സാധിച്ചതെന്നും ഷീല പറയുന്നു.
കുടുംബശ്രീ ജില്ല കലോത്സവത്തിന്റെ കേരളനടനം വേദിയിൽ ഷീല സത്യൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.