കോണ്‍ഗ്രസിന്‍െറ ഘര്‍ വാപസി

ഉമ്മൻ ചാണ്ടിയുടെ കൂടെ കുറെനാൾ ട്രെയ്നിങ്ങിന് വിട്ടാൽ രാഹുൽഗാന്ധി രക്ഷപ്പെടുമെന്നുവരെ ആളുകൾ പറഞ്ഞുതുടങ്ങി. ആന-മയിൽ-ഒട്ടകങ്ങളും പലവിധ ഉഡായിപ്പുകളുമായി എങ്ങനെ ഞാണിന്മേൽ കളിക്കാമെന്നു മാത്രമല്ല, വിവാദങ്ങൾക്കിടയിൽ ഭരണം ഒരു സംഭവമല്ളെന്നുകൂടി ഉമ്മൻ ചാണ്ടി തെളിയിച്ചു കഴിഞ്ഞതിൽനിന്നുണ്ടായ ഫലിതമാണത്. മദ്യമുക്ത കേരളത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുന്ന സുധീരന്മാരെ വെല്ലുവിളിച്ച് ‘ബാ൪ വാപസി’യും മറ്റ് അജണ്ടകളും അദ്ദേഹം കൂളായി നടപ്പാക്കുന്നു. അങ്ങനെയെങ്കിൽ, ബി.ജെ.പിയുടെ കോൺഗ്രസ് മുക്ത ഭാരത മുദ്രാവാക്യത്തിനു മുന്നിൽ പതറിനിൽക്കുന്ന രാഹുൽഗാന്ധിക്കും അനുചരന്മാ൪ക്കും ക്ളാസെടുക്കാൻ പ്രഫ. ഉമ്മൻ ചാണ്ടി സ൪വഥാ യോഗ്യൻ.
കോൺഗ്രസിൻെറ 130ാം സ്ഥാപന ദിനമായിരുന്നു ഞായറാഴ്ച. പാ൪ട്ടിയുടെ അടിക്കല്ലിളക്കുന്ന ബി.ജെ.പിക്കാരുടെ ക൪സേവക്കു മുന്നിൽ കോൺഗ്രസ് ഇനിയെന്തുവേണം? അതാണ് പിറന്നാൾദിന ചോദ്യം. ഒരു വയസ്സുപോലും പ്രായമില്ലാത്ത ആം ആദ്മി പാ൪ട്ടിയോട് തോറ്റ് ഡൽഹിയിൽ അധികാരത്തിൽനിന്ന് മൂന്നാം സ്ഥാനത്തേക്ക് തെറിച്ചുവീണ ഘട്ടത്തിലാണ് കഴിഞ്ഞവ൪ഷം സ്ഥാപക ദിനാഘോഷം നടത്തേണ്ടിവന്നതെങ്കിൽ, കേന്ദ്രാധികാരവും നഷ്ടപ്പെട്ട് മോദിത്വത്തിൻെറ വാൾത്തലപ്പിനു മുന്നിലാണ് കോൺഗ്രസ് ഇപ്പോൾ മുടന്തുന്നത്. ഇന്ത്യയെ കണ്ടത്തൊനും നയിക്കാനും വഴിയാലോചിച്ച് കുറെക്കാലമായി താടിയുഴിഞ്ഞ് ഒരേയിരിപ്പിരിക്കുന്ന രാഹുൽഗാന്ധിയുമായി ഇനിയെന്തു വേണമെന്നാണ് നേതാക്കളുടെയും പ്രവ൪ത്തകരുടെയും ഒരേ ചിന്ത.
ഇന്ന് കോൺഗ്രസിന് ഒരു ഡസൻ മുഖ്യമന്ത്രിമാ൪ പോലുമില്ല. രാജ്യത്താകെ 1,058 എം.എൽ.എമാ൪ ബി.ജെ.പിക്കുണ്ടെങ്കിൽ, കോൺഗ്രസിന് 949 പേ൪ മാത്രം. അടിയന്തരാവസ്ഥക്കു പിന്നാലെ മാത്രമാണ് ഇത്തരമൊരു ദു$സ്ഥിതി കോൺഗ്രസ് അനുഭവിച്ചത്. ജയവും തോൽവിയുമൊക്കെ സ്വാഭാവികമാണെന്നും കോൺഗ്രസിനെ  ജനം തിരിച്ചുകൊണ്ടുവരുകതന്നെ ചെയ്യുമെന്നും ‘ഹൈകമാൻഡ്’ ആവ൪ത്തിക്കുന്നുണ്ട്. എന്നാൽ, മുൻകാലങ്ങളിൽനിന്ന് ഭിന്നമായി മിക്ക സംസ്ഥാനത്തും പാ൪ട്ടി തോൽക്കുക മാത്രമല്ല, മൂന്നാം കക്ഷിയോ നാലാം കക്ഷിയോ മാത്രമായി മാറുന്ന ദു൪ഗതി ഡൽഹിയിൽ മാത്രമല്ല, ഏറ്റവുമൊടുവിൽ ജമ്മു-കശ്മീരിലും ഝാ൪ഖണ്ഡിലുമൊക്കെ കണ്ടു. കിങ്ങും കിങ്മേക്കറുമാകാൻ കെൽപില്ലാതെ, ബി.ജെ.പിക്കും പ്രാദേശിക കക്ഷികൾക്കും പിന്നിലേക്ക് ദേശീയകക്ഷി തള്ളപ്പെട്ടു.
അതിൻെറ കാരണങ്ങളെക്കുറിച്ച നീണ്ട പഠനം അവസാനിക്കുന്നില്ല. വിവിധ ജനവിഭാഗങ്ങളിൽപെട്ട കോൺഗ്രസുകാരുമായി ‘ചായപ്പുറ ച൪ച്ച’ നടത്തിയാണ് രാഹുൽഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രകടനപത്രിക തയാറാക്കിയത്. തെരഞ്ഞെടുപ്പിനു മുമ്പത്തെ സഖ്യത്തിന് പ്രത്യേക കമ്മിറ്റി; തെരഞ്ഞെടുപ്പു കഴിഞ്ഞാലത്തെ സഖ്യത്തിന് വേറെ കമ്മിറ്റി. ഇതെല്ലാം കഴിഞ്ഞ്, എം.പിമാരുടെ എണ്ണം 206ൽനിന്ന് 44ലേക്ക് കൂപ്പുകുത്തി പ്രതിപക്ഷ നേതൃപദവിപോലും കിട്ടാതെപോയപ്പോൾ, അതിൻെറ കാരണങ്ങൾ അന്വേഷിക്കാൻ എ.കെ. ആൻറണിയുടെ നേതൃത്വത്തിലൊരു കമ്മിറ്റി. ആൻറണി കമ്മിറ്റി കൊടുത്ത റിപ്പോ൪ട്ടിന്മേൽ ഹൈകമാൻഡ് സ്വീകരിച്ച നടപടി എന്താണെന്ന് പൊതുജനങ്ങൾക്കോ കോൺഗ്രസുകാ൪ക്കോ അറിയില്ല. എല്ലാം കഴിഞ്ഞിട്ടും, ഇനിയെന്തു വേണമെന്ന രാഹുൽഗാന്ധിയുടെ സംശയം തീരുന്നുമില്ല.
പാ൪ട്ടിയിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് എന്താണ്, കോൺഗ്രസ് എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങൾ ബ്ളോക്, ജില്ലാ ഭാരവാഹികളോട് അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോ൪ട്ടു തയാറാക്കി സമ൪പ്പിക്കാനാണ് കഴിഞ്ഞദിവസം എ.ഐ.സി.സി സെക്രട്ടറിമാരോട് രാഹുൽഗാന്ധി ആവശ്യപ്പെട്ടത്. രാഷ്ട്രീയനേതാവ് ജനബന്ധത്തിലൂടെ രാഷ്ട്രീയ സ്പന്ദനം അളക്കേണ്ടവനത്രേ. കോഴിക്കോട്ടെ പെട്ടിക്കടയിൽനിന്ന് ചായകുടിച്ചിട്ടോ കലാവതിയുടെ കുടിലിൽ അന്തിയുറങ്ങിയിട്ടോ എണ്ണമറ്റ റിപ്പോ൪ട്ടുകൾ വായിച്ചുനോക്കിയിട്ടോ ജനത്തിൻെറയും കോൺഗ്രസിൻെറതന്നെയും നാഡിമിടിപ്പ് അളക്കാൻ രാഹുലിന് കഴിയുന്നില്ല. ഇനിയെന്തുവേണമെന്ന വലിയ ചോദ്യം കണ്ടുനിൽക്കുന്നവരോടാണ് കോൺഗ്രസുകാ൪ ഇപ്പോൾ ഉന്നയിക്കുന്നത്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻെറ കൊട്ട് വീണ്ടും കേട്ടുതുടങ്ങുമ്പോൾ മൂന്നാം സ്ഥാനവും കഴിഞ്ഞ തവണ കിട്ടിയ 70ൽ എട്ടു സീറ്റും എങ്ങനെ നിലനി൪ത്തിക്കിട്ടാനുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. പുതിയ തന്ത്രവും പുതിയ മുദ്രാവാക്യവുമായി ആം ആദ്മി പാ൪ട്ടിയും ബി.ജെ.പിയും വലിയ മുന്നൊരുക്കങ്ങളിലാണ്. നല്ളൊരു മുദ്രാവാക്യംപോലും കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടില്ല. നല്ളൊരു മുദ്രാവാക്യം പാ൪ട്ടിക്കുവേണ്ടി നി൪ദേശിക്കാൻ ഒടുവിൽ ഫേസ്ബുക് വഴി അഭ്യ൪ഥന നടത്തി. ഇനിയുള്ള ദിവസങ്ങളിൽ ഡൽഹിയിൽ ‘കഹോ ദിൽസേ, കോൺഗ്രസ് ഫി൪സേ’ എന്ന മുദ്രാവാക്യം ഉയരുമെങ്കിൽ അതിൻെറ ഉടമ കോൺഗ്രസുകാരല്ല, 12 വയസ്സുള്ള പയ്യനാണെന്നേ പൊതുജനം ഓ൪ക്കേണ്ടൂ. 15 വ൪ഷം ഡൽഹി ഭരിച്ച കോൺഗ്രസിന് ഇന്ന് ബൂത്തുതലത്തിൽ പ്രവ൪ത്തനം നടത്താൻപോലും ആളില്ല.
പാ൪ട്ടിയെ നയിക്കാൻ പറ്റിയ യുവനേതാക്കളെ കണ്ടത്തൊൻ രാഹുൽഗാന്ധി നടത്തിയ പ്രതിഭാന്വേഷണത്തിൻെറ കഥ ചാലക്കുടിയിൽ മത്സരിച്ച കെ.ടി. ബെന്നിയിൽനിന്നാണ് തുടങ്ങേണ്ടത്. പ്രതിഭകൾക്ക് സ്ഥാനമാനങ്ങളിലും വേഷവിധാനങ്ങളിലുമാണ് കമ്പം. ഹൈകമാൻഡിനോട് ഭക്തി കാണിക്കുന്നതിനപ്പുറം ‘ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ’ മനസ്സില്ല; അണികളെ അടുപ്പിക്കില്ല. നെഹ്റു കുടുംബം പാ൪ട്ടിയെ നയിക്കുന്ന കാര്യം നിൽക്കട്ടെ. ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ച് പോഷകസംഘടനകളിൽ തെരഞ്ഞെടുപ്പു നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻറായി അമരിന്ദ൪ സിങ് ബ്രാറിനെ കഴിഞ്ഞദിവസം നോമിനേറ്റ് ചെയ്തേടത്ത്, യുവരാജൻെറ പ്രഖ്യാപനത്തിന് എന്തു സംഭവിച്ചുവെന്നതിൻെറ സാരാംശം മുഴുവനുണ്ട്. 35 കഴിഞ്ഞതിൻെറ പേരിൽ പാ൪ട്ടിയിലും യൂത്ത് കോൺഗ്രസിലും മാന്യമായ ഇടംകിട്ടാതെ വഴിയാധാരമായ യൂത്ത് നേതാക്കൾ ക്ഷമിക്കുക: പുതിയ അഖിലേന്ത്യാ പ്രസിഡൻറിന് പ്രായം 37.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ എ.ഐ.സി.സി പുന$സംഘടിപ്പിക്കുമെന്ന് കേട്ടതാണ്. ദയനീയ തോൽവിയിൽനിന്ന് പാ൪ട്ടിയെ കെട്ടിപ്പടുക്കാൻ പാകത്തിൽ പുന$സംഘടിപ്പിക്കാൻ പോകുന്നുവെന്നാണ് പിന്നീട് കേട്ടത്. രണ്ടുമുണ്ടായില്ല. എ.ഐ.സി.സി ഇപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി. സെക്രട്ടറിമാരും അനുചരന്മാരുമൊക്കെ വേറെ പണികളിലാണ്. ഡിസംബ൪ 31നു മുമ്പ് മെമ്പ൪ഷിപ് വിതരണം പൂ൪ത്തിയാക്കി കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ സമയക്രമം പ്രഖ്യാപിച്ചതിൻെറ കാര്യമോ? അംഗത്വവിതരണം ഫെബ്രുവരി 28 വരെ നീട്ടിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകാര്യം പിന്നീട് നിശ്ചയിക്കും. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച ആൻറണി കമ്മിറ്റി റിപ്പോ൪ട്ടുപോലെ, മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന തെരഞ്ഞെടുപ്പ് അതോറിറ്റിക്കും ഇനി സുഖനിദ്ര. പാ൪ട്ടിക്ക് ഉത്തേജനം നൽകാനുള്ള ബുദ്ധിയാലോചിക്കാൻ മാ൪ച്ചിൽ എ. ഐ.സി.സി സമ്മേളനം ചേരുമെന്നാണ് ഇനിയിപ്പോൾ കേൾക്കുന്നത്.
തമിഴ്നാട്ടിൽനിന്നു മാത്രം ജയലളിത പിടിച്ച സീറ്റിനേക്കാൾ ഏഴു സീറ്റാണ് എല്ലാ സംസ്ഥാനത്തും മത്സരിച്ച കോൺഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ അധികം കിട്ടിയത്. പശ്ചിമബംഗാളിൽ മമത നേടിയതിനേക്കാൾ 10 സീറ്റ് എന്നും പറയാം. ഇത്തരത്തിൽ തക൪ന്ന ഹൈകമാൻഡിൻെറ ആജ്ഞാശക്തിയും നേതൃശക്തിയും ഒലിച്ചുപോയിരിക്കുന്നു. പാ൪ട്ടിക്ക് ഏറ്റവും കൂടുതൽ എം.പിമാരുള്ള കേരളത്തിലെയും ക൪ണാടകത്തിലെയും മുഖ്യമന്ത്രിമാ൪ക്ക് ‘ഏതു ഹൈകമാൻഡ്?’ എന്ന് എതി൪ഗ്രൂപ്പുകാരോട് ചോദിക്കാവുന്ന സ്ഥിതി. പാ൪ലമെൻറിൽ പ്രധാന പ്രതിപക്ഷ പാ൪ട്ടിയേക്കാൾ ബി.ജെ.പിയെ നേരിടാനുള്ള കരുത്തുകാണിച്ചത് തൃണമൂൽ കോൺഗ്രസാണ്. മല്ലികാ൪ജുൻ ഖാ൪ഗെയെ ഉത്തരവാദിത്ത ഭരമേൽപിച്ച് ലോക്സഭയിൽ സോണിയഗാന്ധിയും രാഹുൽഗാന്ധിയും മൗനത്തിൻെറ പുതപ്പിൽ ഒളിച്ചിരിക്കുന്നു.
സംഘടനാ സംവിധാനത്തിലെ ദൗ൪ബല്യങ്ങൾ ഹൈകമാൻഡ് എന്ന സംവിധാനത്തിൻെറ കരുത്തുകൊണ്ട് മറികടക്കുകയാണ് കോൺഗ്രസിലെ പതിവ്. ഹൈകമാൻഡ് ദു൪ബലമായ ഘട്ടത്തിൽ കോൺഗ്രസുകാ൪ തമ്മിൽത്തല്ലി പാ൪ട്ടി എല്ലുംതോലുമാവുമെന്നും ചരിത്രം കാണിച്ചുതരുന്നു. നെഹ്റു കുടുംബത്തിലെ പുതിയ അവതാരങ്ങളിലൂടെയാണ് അത്തരം പ്രതിസന്ധികൾ മറികടക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇവിടെ സംഭവിച്ചിരിക്കുന്നത്, പുതിയ അവതാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ്. വിശ്വാസം നഷ്ടപ്പെട്ട നേതാവിന് പാ൪ട്ടിയെ വീണ്ടെടുക്കാനാവില്ല എന്ന കാതലായ പ്രശ്നമാണ് സ്ഥാപന വാ൪ഷിക വേളയിൽ കോൺഗ്രസിനെ തുറിച്ചുനോക്കുന്നത്. രാഹുലിനെ തള്ളിമാറ്റി പ്രിയങ്കയെ അവതരിപ്പിക്കണമെന്ന് കോൺഗ്രസുകാ൪ വാദിക്കുന്നുണ്ട്. പക്ഷേ, ഒരമ്മക്ക് അതിന് പ്രയാസങ്ങളുണ്ട്.
ഉത്തരവാദിത്തവും വെല്ലുവിളികളും ഏറ്റെടുക്കുന്നവരാണ് നേതാക്കൾ. ഭരണം മൻമോഹൻസിങ്ങിനെ ഏൽപിച്ചതിൻെറ കെടുതി നേരിട്ടവ൪, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിയിരിക്കുന്നതിൻെറ കെടുതിയും ഏറ്റുവാങ്ങാതെ തരമില്ല. കോൺഗ്രസ് സ്വയം പിന്തള്ളുമ്പോൾ പ്രാദേശിക കക്ഷികളാണ് പ്രതിപക്ഷത്തിൻെറ ചുമതല നി൪വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിനേക്കാൾ ബി.ജെ.പിക്ക് വെല്ലുവിളി ഉയ൪ത്തുന്നത് പ്രാദേശിക കക്ഷികളാണ്. മമത ഒറ്റക്ക് പോരടിക്കുന്നു. ശത്രുത അവസാനിപ്പിച്ച് ലാലുവും നിതീഷും മുലായവുമൊക്കെ തോളിൽ കൈയിടുന്നു. ഇതിനെല്ലാമിടയിൽ, ഇനിയെന്തുവേണമെന്ന സംശയം തീരാത്ത കോൺഗ്രസിനെ വകഞ്ഞുമാറ്റി പ്രാദേശിക കക്ഷികൾ ദേശീയ രാഷ്ട്രീയത്തിൽ വഴിത്തിരിവുകൾ സൃഷ്ടിച്ചെന്നുവരാം. അതെല്ലാം കണ്ടിരിക്കുന്ന ഹൈകമാൻഡിനു മുന്നിൽ കോൺഗ്രസുകാ൪ എന്തുചെയ്യാൻ-മോദിത്വാനന്തരം, ജനങ്ങളിൽ രാഷ്ട്രീയമായൊരു ‘ഘ൪ വാപസി’ നടക്കുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT