മുംബൈ ആക്രമണം: രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടും തടയാനായില്ല

ന്യൂയോ൪ക്: 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിൻെറ സൂചനകൾ നേരത്തേതന്നെ അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിട്ടും തടയാനായില്ളെന്ന് റിപ്പോ൪ട്ട്.
റഷ്യയിൽ അഭയംതേടിയ എഡ്വേഡ് സ്നോഡൻ വെളിപ്പെടുത്തിയ രേഖകളുടെയും മുൻ ഇന്ത്യൻ, അമേരിക്കൻ നയതന്ത്ര വിദഗ്ധ൪ നൽകിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ന്യൂയോ൪ക് ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോ൪ട്ട് ചെയ്തത്.

പാക് തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയുടെ സാങ്കേതിക വിഭാഗം തലവനായിരുന്ന സരാ൪ ഷാ ഗൂഗ്ൾ എ൪ത്ത് ഉപയോഗിച്ചാണ് ഭീകര൪ക്ക് ലക്ഷ്യത്തിലേക്കുള്ള വഴി നി൪ണയിച്ചുനൽകിയിരുന്നത്. തൻെറ താവളം തിരിച്ചറിയാതിരിക്കാൻ ഇൻറ൪നെറ്റ് ഫോണുകളിൽനിന്നുള്ള വിളി ഷാ ന്യൂജഴ്സിവഴി തിരിച്ചുവിട്ടിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് ആക്രമണം സാധ്യമായ സ്ഥലങ്ങൾക്കായി ഷാ ഓൺലൈനിൽ തിരച്ചിൽ നടത്തിയതായും റിപ്പോ൪ട്ട് പറയുന്നു.

സരാ൪ ഷായുടെ പല ഓൺലൈൻ പ്രവ൪ത്തനങ്ങളും സന്ദേശങ്ങളും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചിരുന്നു. ഇതുവഴി ബ്രിട്ടന് നിരവധി വിവരങ്ങൾ കിട്ടിയിരുന്നെങ്കിലും ആക്രമണം തടയാൻ കഴിയുംവിധം കൃത്യതയുള്ളതായിരുന്നില്ല ഇവയെന്നാണ് ബ്രിട്ടൻ പറയുന്നത്. ഇന്ത്യൻ ഏജൻസികളും സരാ൪ ഷായെ നിരീക്ഷിച്ചിരുന്നു. എന്നാൽ, രണ്ട് രാജ്യങ്ങളുടെയും ഈ നീക്കങ്ങളെപ്പറ്റി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരമുണ്ടായിരുന്നില്ല. എന്നാൽ, അമേരിക്കൻ ഏജൻസികൾക്ക് മറ്റു ചിലരിൽനിന്നും ഇലക്ട്രോണിക് മാധ്യമങ്ങളിൽനിന്നും സൂചനകൾ ലഭിച്ചിരുന്നു. ആഗസ്റ്റിൽതന്നെ ഇതുസംബന്ധിച്ച് അമേരിക്ക ഇന്ത്യക്ക് നിരവധി തവണ മുന്നറിയിപ്പും നൽകി.

എന്നാൽ, കിട്ടിയ വിവരങ്ങൾ ഏകോപിച്ച് പരിശോധിക്കാൻ മൂന്ന് ഏജൻസികളും തയാറായില്ല. വെടിവെപ്പ് തുടങ്ങിയ ശേഷമാണ് കിട്ടിയ വിവരങ്ങൾ പരസ്പരം കൈമാറിയത്. ഇതോടെ ആക്രമണ പദ്ധതി എളുപ്പത്തിൽ ഗ്രഹിക്കാൻ ഇത് സഹായകമായെന്ന് ഇന്ത്യയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്ക൪ മേനോനെ ഉദ്ധരിച്ച് റിപ്പോ൪ട്ട് പറയുന്നു.
മുംബൈയിലെ താജ്, ഒബ്റോയി ഹോട്ടലുകളിലും ജൂത ഹോസ്റ്റലിലും ആക്രമണം നടത്തിയ ഭീകരരെ നിയന്ത്രിച്ചിരുന്ന പാകിസ്താനിലെ മുറി തങ്ങൾ നിരീക്ഷിച്ചിരുന്നതായും ഈ രാജ്യങ്ങളിലെ മുൻ ഉദ്യോഗസ്ഥ൪ പറയുന്നു.

മുംബൈയിലെ ആക്രമണ ലക്ഷ്യങ്ങൾക്കായി ചാരപ്പണി ചെയ്ത ഡേവിഡ് കോൾമാൻ ഹെഡ്ലി ആക്രമണ ആസൂത്രകരുമായി നടത്തിയ ഇ-മെയിൽ ഇടപാടുകൾ അയാളുടെ അറസ്റ്റുവരെ അമേരിക്കൻ ഏജൻസികളുടെ ശ്രദ്ധയിലും പെട്ടില്ല.
ഇയാളുടെ ഭാര്യ ഏറെക്കാലം മുമ്പുതന്നെ ഹെഡ്ലി പാകിസ്താനി ഭീകരനാണെന്നും മുംബൈയിൽ ദുരൂഹ ദൗത്യങ്ങളുണ്ടെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നെങ്കിലും അമേരിക്കൻ ഭീകര വിരുദ്ധ ഏജൻസികൾ തുടരന്വേഷണം നടത്തിയിരുന്നില്ളെന്നും റിപ്പോ൪ട്ട് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.