വരുന്നു, ശരീഅ മ്യൂച്വല്‍ ഫണ്ട്

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി സ൪ക്കാറിനു കീഴിലുള്ള ധനകാര്യ സ്ഥാപനം ശരീഅ ഇക്വിറ്റി ഫണ്ട് സമാഹരിക്കാൻ തീരുമാനിച്ചതോടെ ഇന്ത്യ ഒൗദ്യോഗികമായി പലിശരഹിത ഇസ്ലാമിക് ഫിനാൻസിലേക്ക്. സ൪ക്കാറിനു കീഴിലുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് എസ്.ബി.ഐ ശരീഅ ഇക്വിറ്റി ഫണ്ട് എന്ന പേരിൽ പ്രത്യേക മ്യൂച്വൽ ഫണ്ടിന് തുടക്കം കുറിച്ചത്.

ഇസ്ലാമിക ശരീഅത്തിൻെറ അടിസ്ഥാനത്തിൽ നിക്ഷേപം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഡിസംബ൪ ഒന്നിനാണ് ആദ്യമായി എസ്.ബി.ഐ ഒരു ഇസ്ലാമിക് ഫിനാൻസ് ഉൽപന്നം ഓഹരി വിപണിയിലിറക്കുന്നത്. ഇന്ത്യൻ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്ര സ൪ക്കാ൪ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോ൪ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരത്തോടെയാണ് എസ്.ബി.ഐയുടെ ചുവടുവെപ്പ്. ഡിസംബ൪ ഒന്നിന് ഇന്ത്യൻ ഓഹരി വിപണിയിലിറക്കുന്ന ശരീഅ ഇക്വിറ്റി ഫണ്ട് ഡിസംബ൪ 15ന് ക്ളോസ് ചെയ്യും. തുട൪ന്ന്  ഡിസംബ൪ 26 മുതൽ വീണ്ടും ശരീഅ ഇക്വിറ്റി ഫണ്ടിൽ നിക്ഷേപം സ്വീകരിച്ചുതുടങ്ങുമെന്ന് എസ്.ബി.ഐ അറിയിച്ചു.

ശരീഅ അടിസ്ഥാനമാക്കി നിക്ഷേപമിറക്കുന്നവ൪ക്ക് മാത്രമല്ല, സാമൂഹിക തിന്മകളില്ലാത്ത നിക്ഷേപങ്ങളിൽ പണമിറക്കാൻ ആഗ്രഹിക്കുന്ന മറ്റു ദീ൪ഘകാല നിക്ഷേപക൪ക്കും അനുയോജ്യമാണ് ശരീഅ ഇക്വിറ്റി ഫണ്ട് എന്ന് എസ്.ബി.ഐ വ്യക്തമാക്കി. ഈ നിക്ഷേപം ഹൈ റിസ്ക് ഗണത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണ മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിലെന്ന പോലെ നിക്ഷേപക൪ തങ്ങളുടെ ധനകാര്യ ഉപദേശകരുമായി കൂടിയാലോചിച്ചാണ് നിക്ഷേപം ഇറക്കേണ്ടതെന്നും എസ്.ബി.ഐ ഉപദേശിച്ചു. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സമാഹരിച്ച് ഓഹരി വിപണിയിലിറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപവത്കരിച്ച എസ്.ബി.ഐ ഫണ്ട് മാനേജ്മെൻറ് പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും  നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുക.

സമാഹരിക്കുന്ന നിക്ഷേപം ഇന്ത്യൻ ശരീഅ ബോ൪ഡിൻെറ അംഗീകാരമുള്ള കമ്പനികളിലായിരിക്കും നിക്ഷേപിക്കുക. ഏത് കമ്പനിയാണ് ശരീഅ നിയമങ്ങൾക്ക് അനുസൃതമായി നിക്ഷേപിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്താൻ ഇസ്ലാമിക പണ്ഡിത൪ അടങ്ങുന്ന ശരീഅ ബോ൪ഡ് ഫത്വ പുറപ്പെടുവിക്കും. നിക്ഷേപങ്ങൾ ശരീഅ നിയമങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അവലംബിക്കും. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോ൪ഡ് സെക്രട്ടറിയും ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി സെക്രട്ടറി ജനറലുമായ മൗലാന ഖാലിഖ് സൈഫുല്ലാ റഹ്മാനി, ബംഗളൂരുവിലെ ജാമിഅ ഇസ്ലാമിയ മസീഹുൽ ഉലൂം റെക്ട൪  മുഫ്തി മുഹമ്മദ് ശുഐബുല്ലാ ഖാൻ എന്നിവരാണ് നിലവിൽ ഇന്ത്യൻ ശരീഅ ബോ൪ഡിൻെറ ഫത്വ നൽകുക. ഡയറക്ട് പ്ളാൻ, റെഗുല൪ പ്ളാൻ എന്നീ പേരുകളിൽ രണ്ട് പദ്ധതികൾ ഫണ്ടിന് കീഴിലുണ്ടാകും. രണ്ട് പദ്ധതികളും മൂലധനവ൪ധനയും ലാഭവിഹിതവും വാഗ്ദാനം ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.