കരുതല്‍ മേഖല നിയമം ആഴക്കടല്‍ മത്സ്യബന്ധനത്തെ സാരമായി ബാധിക്കും

വലിയതുറ: കരുതല്‍ മേഖല നിയമം ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രതിസന്ധി യാകും. ഇതിനെതിരെ മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പാണുള്ളത്. കേന്ദ്ര മത്സ്യനയത്തിന്‍െറ ഭാഗമായി രൂപം നല്‍കുന്ന കടലിലെ കരുതല്‍ മേഖല ആഴക്കടല്‍ മത്സ്യബന്ധനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആശങ്ക. മത്സ്യലഭ്യത സംസ്ഥാനത്ത് കുറഞ്ഞുവരുന്നതിനിടെ കരുതല്‍ മേഖല കൂടി നിശ്ചയിക്കുന്നത് പരമ്പരാഗത തൊഴില്‍ സാധ്യതകള്‍ തകര്‍ക്കുമെന്ന് ഈ രംഗവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 2012ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യമാണ് കേരളത്തിലെ കടലില്‍നിന്ന് ലഭിച്ചത്. എന്നാല്‍, 2013ല്‍ ഇത് 6.71 ടണ്ണായി കുറഞ്ഞു. രാജ്യത്ത് മത്സ്യലഭ്യതയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ഗുജറാത്തിനും തമിഴ്നാടിനും ഓരോ വര്‍ഷവും നല്ല രീതിയില്‍ മത്സ്യം കിട്ടുന്നുണ്ട്. കര്‍ണാടകയില്‍ മത്സ്യലഭ്യത കുറഞ്ഞപ്പോള്‍ തമിഴ്നാട് തീരത്ത് വര്‍ധിച്ചു. ഇന്ത്യന്‍ മഹാസമുദ്ര തീരത്ത് ലഭിച്ച മത്സ്യസമ്പത്ത് 37.8 ലക്ഷം ടണ്ണാണ്. 2012ല്‍ ലഭിച്ച 39.4 ലക്ഷം ടണ്ണിനെക്കാള്‍ നാലു ശതമാനം കുറവാണിത്. 7.17 ലക്ഷം ടണ്‍ മത്സ്യമാണ് ഗുജറാത്തിന് ലഭിച്ചത്. 6.88 ലക്ഷം ടണ്‍ മത്സ്യം ലഭിച്ച തമിഴ്നാട് രണ്ടാം സ്ഥാനത്താണ്. 6.71 ലക്ഷം ടണ്‍ മത്സ്യലഭ്യതയുമായി കേരളം മൂന്നാം സ്ഥാനത്താണ്. ഗുജറാത്തും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞപ്പോള്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തി. ഒഡിഷ (1.24 ലക്ഷം ടണ്‍), കര്‍ണാടക (4.37), പശ്ചിമബംഗാള്‍ (2.62), ഗോവ (1.4), ആന്ധ്ര (2.66) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മത്സ്യ ലഭ്യതയുടെ കണക്ക്. മത്സ്യലഭ്യതയില്‍ 2012ല്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2013ല്‍ മൂന്നാം സ്ഥാനത്തായി. 2014ലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആറാം സ്ഥാനവും കഴിഞ്ഞ് പോകാനാണ് സാധ്യത. ഇത്തരത്തില്‍ മത്സ്യലഭ്യത കുറഞ്ഞ് വരുന്ന തീരത്താണ് വിഭവ പരിപാലന നയം രൂപവത്കരിക്കാതെ പുതിയ മത്സ്യബന്ധന നിയമം നടപ്പാക്കാനൊരുങ്ങുന്നത്. തീരത്തിനടുത്ത് 200 മുതല്‍ 500 മീറ്റര്‍ വരെ ആഴം വരുന്ന മേഖലയെ കരുതല്‍ മേഖലയാക്കണമെന്നാണ് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ബി. മീനാകുമാരി അധ്യക്ഷയായ വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഇത് അംഗീകരിച്ച് നിയമമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളത്തിലെ ബോട്ടുകളില്‍ അധികവും മത്സ്യബന്ധനം നടത്തുന്നത് വിദഗ്ധ സമിതി നിയമമാക്കാന്‍ ശിപാര്‍ശ ചെയ്ത ഈ മേഖലയിലാണ്. 2004ലെ സൂനാമിക്ക് ശേഷം കടലില്‍ മത്സ്യസമ്പത്ത് കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവും മാലിന്യവും കാരണം തീരക്കടലില്‍ ആവാസം ഉറപ്പിച്ചിരുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ആഴക്കടലില്‍ ചേക്കേറി. ഇതോടെ മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ ആഴക്കടലിനെയാണ് ആശ്രയിക്കുന്നത്. പുതിയ പരിധി നിയമമായാല്‍ ഇവിടെ കടക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിയമ ലംഘനത്തിന്‍െറ പേരില്‍ കുറ്റവാളികളാകും. മത്സ്യങ്ങളുടെയും ജലത്തിന്‍െറയും ചലനങ്ങളുടെ അടിസ്ഥാനത്തില്‍ ദിശനോക്കി മാത്രം മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് രാജ്യത്തിന്‍െറ അതിര്‍ത്തിപോലും അറിയാതെ അന്യരാജ്യങ്ങളുടെ പിടിയിലാകുന്ന അവസ്ഥ നിലനില്‍ക്കുന്നതിനാലാണ് രാജ്യത്തെ കടലിനുള്ളില്‍ തന്നെ കരുതല്‍ മേഖല നിയമം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍, സ്വദേശികളെ ഈ മേഖലയില്‍നിന്ന് മാറ്റി നിര്‍ത്തി വിദേശ കപ്പലുകള്‍ക്ക് ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. തദ്ദേശീയ മത്സ്യത്തൊഴിലാളി സമൂഹത്തെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കൂടുതല്‍ പ്രാപ്തരാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ആവശ്യം ഉയര്‍ന്നു വരുന്നതിനിടെയാണ് ഇതിനെയെല്ലാം നിരാകരിക്കുന്ന തരത്തില്‍ പുതിയ റിപ്പോര്‍ട്ട് നിയമമാക്കാന്‍ കേന്ദ്രമൊരുങ്ങുന്നത്. ഇതിനെതിരെ സംസ്ഥാനത്തിന്‍െറ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് പിന്‍വലിക്കാനോ പുന$പരിശോധിക്കാനോ ഉള്ള നിര്‍ദേശങ്ങളൊന്നും കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.