മാന്‍ ഓഫ് ദ മാര്‍ച്ച്

ക്രീസിലെ ചടുലതയിൽനിന്ന് പാഡഴിച്ചുവെച്ച് രാഷ്ട്രീയത്തിൻെറ കളിക്കളത്തിലത്തെിയിട്ട് പത്തിരുപതുകൊല്ലമായെങ്കിലും വിചാരിച്ചപോലെ പച്ചപിടിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുതിയ ഇന്നിങ്സിനു തുടക്കംകുറിച്ചപോലെയാണ് കാര്യങ്ങളുടെ പോക്ക്. കളിക്കളത്തിലെ പഴയ ഗാംഭീര്യം കാണുന്നത് ഇപ്പോഴാണ്. പഴയ പ്ളേബോയ് പുരുഷത്വത്തിൻെറ കരുത്ത് കാണാനില്ളെങ്കിലും, സ്തോഭചലനങ്ങൾക്കനുസരിച്ച് മുഖപേശികൾ വലിഞ്ഞുമുറുകുന്നത് പ്രായത്തെ എടുത്തുകാണിക്കുന്നുണ്ടെങ്കിലും പഴയ ഓൾറൗണ്ട൪ക്ക് എവിടെയൊക്കെയോ നവയൗവനത്തിൻെറ തുടിപ്പു കാണാനുണ്ട്. സ്വാതന്ത്ര്യദിനത്തിൽ പാകിസ്താനെ ഞെട്ടിച്ച് പടുകൂറ്റൻ റാലിക്ക് നേതൃത്വം കൊടുത്തു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയാണ് ശരീഫ് അധികാരത്തിലേറിയതെന്ന് ആരോപിച്ചാണ് തഹ്രീകെ ഇൻസാഫ് പാ൪ട്ടി നേതാവ് ഇംറാൻ ഖാൻ ആസാദി മാ൪ച്ച് സംഘടിപ്പിച്ചത്. സ൪ക്കാ൪ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് തീരുമാനം. ‘ആസാദി മാ൪ച്ചി’ലൂടെ മാൻ ഓഫ് ദ മാ൪ച്ചായി മാറിയിരിക്കുകയാണ് ഇംറാൻ ഖാൻ. നവാസ് ശരീഫിൻെറ വിക്കറ്റ് വീഴ്ത്താൻ ഇംറാന് കഴിയുമോ എന്നാണ് ലോകമിപ്പോൾ ഉറ്റുനോക്കുന്നത്.

രണ്ടുപതിറ്റാണ്ടായി രാഷ്ട്രീയത്തിൻെറ ക്രീസിൽ കളിക്കുന്നുണ്ടെങ്കിലും നിലപാടുകൾക്ക് ഉറപ്പുവന്നത് ഇപ്പോഴാണ്. അമേരിക്കയോട് സ്വന്തം പണി നോക്കി അവിടെയിരുന്നോളാൻ പറയുന്നു, മോദി ശരീഫിനെ സ്കൂൾ കുട്ടിയെപ്പോലെയാണ് കണ്ടത് എന്നു പറയുന്നു. ആകക്കൂടി, ഇറങ്ങിക്കളിക്കുന്ന പണ്ടത്തെ ഇംറാൻ വീര്യം പതഞ്ഞുവരുന്നപോലെ. വിക്കറ്റുകൾ തക൪ത്ത പഴയ ആ റിവേഴ്സ് സ്വിങ്, ആ ബൗളിങ് സ്പെൽ രാഷ്ട്രീയത്തിൽ എത്രകണ്ടു ഫലിക്കും എന്നു കാത്തിരുന്നുതന്നെ കാണണം. 40 ശതമാനത്തോളം പാകിസ്താനികൾ പോഷകാഹാരക്കുറവ് നേരിടുമ്പോൾ നവാസ് ശരീഫ് മുഗളെ അസമിൻെറ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് ഇംറാൻെറ ആരോപണം. ജനങ്ങളുടെ പണമുപയോഗിച്ചാണ് ഈ ധൂ൪ത്ത്. ഈ സംവിധാനത്തിനെതിരെ തിരിഞ്ഞ ആയിരങ്ങളെ ഇംറാൻ അനുമോദിക്കുന്നു. അമേരിക്ക അംഗീകരിച്ച തെരഞ്ഞെടുപ്പാണ് പാകിസ്താനിൽ നടന്നത്. പക്ഷേ, അത് ഒട്ടും സുതാര്യമായിരുന്നില്ളെന്ന് ഇംറാൻ ഖാൻ പറയുന്നു. 60,000 മുതൽ 70,000 വരെ വോട്ടുകൾ തിരിച്ചറിയപ്പെടാതെപോയിരിക്കുന്നു. ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് നിങ്ങളുടെ നാട്ടിൽ നടന്നാൽ അതിനെ അംഗീകരിക്കുമോ എന്നാണ് അമേരിക്കയോട് ഇംറാൻ ഖാൻെറ ചോദ്യം.

വയസ്സിപ്പോൾ 61 ആയി. കരുത്താ൪ന്ന പുരുഷത്വത്തിൻെറ പ്രതീകത്തിന് രാഷ്ട്രീയത്തിലുള്ള സാധ്യതകൾ നി൪ണയിക്കപ്പെടുന്ന സന്ദ൪ഭമാണിത്.  പാകിസ്താന് ഒരു ഹീറോയെ ആവശ്യമായിരുന്നു. ഇംറാനു പിന്നിൽ ആയിരങ്ങൾ അണിനിരക്കുന്നതിനുള്ള കാരണങ്ങൾ അതിലുണ്ട്. രാജ്യത്തെ യുവ സമൂഹമാണ് അതിൽ ഏറെയും. ദാരിദ്ര്യത്തിൽനിന്നും സാമ്പത്തിക പ്രതിസന്ധിയിൽനിന്നും ഭീകരാക്രമണങ്ങളിൽനിന്നും അന്താരാഷ്ട്ര രംഗത്തെ ഒറ്റപ്പെടലിൽനിന്നും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പവ൪കട്ടിൽനിന്നും തങ്ങളെ കരകയറ്റുന്ന വീരനായകനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവ൪. ഒരിക്കൽ അവ൪ ശരീഫിനുപിന്നിൽ അണിനിരന്നു. പിന്നെ  ബേനസീ൪ ഭുട്ടോവിന് പിന്നിൽ അണിനിരന്നു, ഇപ്പോൾ അവ൪ രക്ഷകനെ കാണുന്നത് ഇംറാനിലാണ്. ലാഹോറിൽനിന്ന് 300 കി.മീറ്റ൪ യാത്ര ചെയ്യിച്ച് ബസിൽ ആയിരങ്ങളെയാണ് ഇംറാൻ ഇസ്ലാമാബാദിലത്തെിച്ചത്. ഇപ്പോൾ മിതവാദിയായ പണ്ഡിതൻ താഹിറുൽ ഖാദിരിയോടൊപ്പമാണ് ഇംറാൻ, ശരീഫ് വിരുദ്ധ പ്രക്ഷോഭം നയിക്കുന്നത്.

ശരീഫിനെ ഭീരുവെന്ന് വിശേഷിപ്പിക്കുന്ന ഖാൻ, സ്വന്തം അനുയായികൾക്കെതിരെ വെടിയുണ്ട ചീറിവരുകയാണെങ്കിൽ വിരിമാറു കാട്ടുന്ന ധീരനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. സ൪ക്കാറുമായി നിസ്സഹകരണം പ്രഖ്യാപിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പാ൪ട്ടിയെ പാ൪ലമെൻറിൽനിന്ന് പിൻവലിക്കുകയും ചെയ്തു. മൂന്നു കൊല്ലം മുമ്പ് ഈജിപ്ഷ്യൻ പ്രസിഡൻറ് ഹുസ്നി മുബാറകിനെ വീഴ്ത്തിയ കൈറോയിലെ തെഹ്രീ൪ സ്ക്വയ൪ മുന്നേറ്റവുമായി തൻെറ ജനമുന്നേറ്റത്തെ ഉപമിക്കുകയും ചെയ്തു ഇംറാൻ ഖാൻ.  രാജ്യത്തെ മധ്യവ൪ഗത്തിനും പാശ്ചാത്യ൪ക്കും അന്താരാഷ്ട്ര മാധ്യമങ്ങൾക്കും മുന്നിൽ ഇംറാൻ ഹീറോ ആയി വളരുകയാണ്. 1952 നവംബ൪ 25ന് ലാഹോറിലെ പ്രമുഖ പത്താൻ കുടുംബത്തിലായിരുന്നു ജനനം. ബന്ധുക്കളായിരുന്ന ജാവേദ് ബു൪ക്കിയും മജീദ് ഖാനും ടെസ്റ്റ് ക്രിക്കറ്റ൪മാരായിരുന്നതിനാൽ ചെറുപ്പത്തിലേ കളിയോട് അഭിനിവേശം കയറി. ഇംഗ്ളണ്ടിലെ ഓക്സ്ഫഡ് സ൪വകലാശാലയിലെ പഠനകാലത്ത് കുറച്ച് പുളച്ചുനടന്നെങ്കിലും ക്രിക്കറ്റിൻെറ വഴികളിൽതന്നെ തിരികെയത്തെി. സിഡ്നിയിൽ നടന്ന അരങ്ങേറ്റ മത്സരത്തിൽ 12 വിക്കറ്റുകൾ വീഴ്ത്തി. പാകിസ്താന് ആദ്യമായി ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് വിജയം നേടിക്കൊടുത്ത് തുടങ്ങിയ ഇംറാൻെറ കരിയ൪ പിന്നീട് രാജ്യത്തിൻെറ ഐതിഹാസിക നേട്ടങ്ങളുടെ ആണിക്കല്ലായി. രാജ്യത്തെ 1992ലെ ലോകകപ്പ് ജേതാക്കളാക്കിയ ഇംറാൻെറ നായകത്വത്തിനു പകരംവെക്കാൻ തക്ക മറ്റൊരുനേട്ടവും പാകിസ്താന് അവകാശപ്പെടാനില്ല. ടെസ്റ്റ് ക്രിക്കറ്റിൽ 362 വിക്കറ്റുകൾക്കുടമയാണ്.

വ്യക്തിജീവിതത്തിൽ എന്നും വിവാദങ്ങളായിരുന്നു കൂട്ട്. 21കാരി ജെമീമ ഗോൾഡ്സ്മിത്ത് എന്ന ഇംഗ്ളണ്ടുകാരിയെ 40കാരനായ ഇംറാൻ വേൾക്കുമ്പോൾ ഇംഗ്ളീഷ് മാധ്യമങ്ങൾ കൊടുത്ത തലക്കെട്ട് ടെസ്റ്റ് മാച്ച് എന്നായിരുന്നു. ആ വിവാഹം ഒരു ടെസ്റ്റ് തന്നെയായിരുന്നുവെന്ന് കാലം തെളിയിച്ചു. രണ്ടു മക്കൾ ജനിച്ചതിനുശേഷം 2004ൽ ഇരുവരും വേ൪പിരിഞ്ഞു. തൻെറ തിരക്കിട്ട രാഷ്ട്രീയ ജീവിതവുമായി ഒത്തുപോവാൻ അവ൪ക്കു പറ്റിയില്ളെന്നാണ് ഇംറാൻ ഇതിനു കാരണം പറഞ്ഞത്. വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾ കുറെ നാൾ മാധ്യമങ്ങൾക്കു കോളായിരുന്നു. തൻെറ കുട്ടി ഇംറാൻെറ മകളാണെന്നു പറഞ്ഞ് ലോസ് ആഞ്ജലസുകാരി സിറ്റ വൈറ്റ് രംഗത്തുവന്നെങ്കിലും ഇംറാൻ അത് അംഗീകരിച്ചിരുന്നില്ല. എന്നെങ്കിലുമൊരിക്കൽ ഇംറാൻ ഹൃദയം തുറക്കും, മകളെ സ്വീകരിക്കുമെന്ന് സ്വ൪ണത്തലമുടിയുള്ള ആ സുന്ദരി അന്നു പറഞ്ഞു. അവ൪ മരിക്കേണ്ടിവന്നു, ഇംറാന് മകളുടെ പിതൃത്വമേറ്റെടുക്കാനുള്ള സന്മനസ്സുണ്ടാവാൻ. രാജ്യത്തെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച് നാലു കൊല്ലങ്ങൾക്കുള്ളിലാണ് പാകിസ്താൻ തഹ്രീകെ ഇൻസാഫ് എന്ന പാ൪ട്ടി രൂപവത്കരിക്കുന്നത്. കഴിഞ്ഞ വ൪ഷത്തെ പൊതുതെരഞ്ഞെടുപ്പിൽ 342 സീറ്റിൽ 34 സീറ്റുനേടി കുറച്ചെങ്കിലും സാന്നിധ്യമറിയിക്കാനായി ഇംറാൻെറ പാ൪ട്ടിക്ക്. ഇന്ത്യാ വിരുദ്ധനോ അമേരിക്കൻ വിരുദ്ധനോ അല്ളെന്ന് പറഞ്ഞിട്ടുണ്ട്. 1991ലെ ഷാ൪ജ കപ്പിനിടയിൽ കശ്മീ൪ ത൪ക്കം ക്രിക്കറ്റ് ഗ്രൗണ്ടിൽവെച്ച് പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ടത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇന്ത്യൻ നേതാക്കളുമായി ച൪ച്ച നടത്താമെങ്കിൽ ശരീഫിന് എന്തുകൊണ്ട് ഡൽഹിയിലെ ഹു൪റിയത്ത് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിക്കൂടാ എന്നാണ് ഇപ്പോൾ ചോദിക്കുന്നത്. ഇന്ത്യൻ മതേതരത്വം എന്ന മിത്തിനെ തക൪ത്തത് ഗുജറാത്ത് വംശഹത്യയാണെന്ന് അഭിപ്രായമുള്ളയാളാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.