മംഗലാപുരത്ത് ഏഴു വാര്‍ഡുകള്‍ അതീവ മലേറിയ സാധ്യതാ മേഖല

മംഗലാപുരം: നഗരത്തില്‍ ഏഴു വാര്‍ഡുകള്‍ അതീവ മലേറിയ സാധ്യതാ മേഖലയായി ദേശീയ വെക്ടര്‍ബോ രോഗനിയന്ത്രണ പദ്ധതി (എന്‍.വി.ബി.ഡി.സി.പി)യുടെ വിദഗ്ധ സമിതി കണ്ടത്തെി. ആന്വല്‍ പാരസൈറ്റ് ഇന്‍ഡക്സ്് (എ.പി.ഐ) സര്‍വേയിലാണ് ഇത് കണ്ടത്തെിയത്. ഇതുപ്രകാരം ആയിരം പേരില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ മലേറിയ ബാധിതരാണ്. ദേരെബെയില്‍ വെസ്റ്റ്, ദേരെബെയില്‍ സൗത്ത്-വെസ്റ്റ്, കദ്രി നോര്‍ത്ത്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, കങ്കനാടി, അത്താവര്‍, ജപ്പു വാര്‍ഡുകളാണ് ഏറ്റവുമധികം മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും രോഗ സാധ്യത ഏറിയതുമായ സ്ഥലങ്ങള്‍. ഈ മേഖലകളില്‍ രണ്ടാഴ്ച കൂടുമ്പോള്‍ കര്‍ശന നിരീക്ഷണം അത്യാവശ്യമാണെന്ന് സമിതി അഡീഷനല്‍ ഡയറക്ടര്‍ ഡോ. പ്രകാശ് പറഞ്ഞു. 2014 ജൂലൈ വരെ ദക്ഷിണകന്നഡ ജില്ലയില്‍ 4271 മലേറിയ കേസുകളും 95 ഡെങ്കി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഡുപ്പി ജില്ലയില്‍ 947 മലേറിയയും 36 ഡെങ്കിയും റിപ്പോര്‍ട്ട് ചെയ്തു. രണ്ടിടങ്ങളിലും തീവ്രശ്രമങ്ങളിലൂടെ ഇതിന്‍െറ തോത് കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ഡോ. പ്രകാശ് പറഞ്ഞു. കൊതുകു വളരുന്ന ഏല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. കെട്ടിട നിര്‍മാണ കേന്ദ്രങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തണം. തൊഴിലാളികള്‍ക്ക് കൊതുകു വലകള്‍ നല്‍കുന്നുണ്ടെന്ന് അധികാരികള്‍ ഉറപ്പാക്കണം. വീടുകളില്‍ ജനല്‍ വലകളും കൊതുകു വലകളും ഉപയോഗിക്കണം. തീവണ്ടികളില്‍ കൊതുകിനെതിരെയുള്ള സ്പ്രേ നിര്‍ബന്ധമാക്കണം.കര്‍ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലേറിയ കേസുകളില്‍ 70 ശതമാനവും ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. മലേറിയ നിര്‍മാര്‍ജനത്തിന്‍െറ ഭാഗമായി പുതിയ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇതു പ്രകാരം സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ ക്ളിനിക്കുകള്‍ എന്നിവിടങ്ങളിലെല്ലാം എത്തുന്ന രോഗികളുടെ വിവരങ്ങള്‍ 8861866993 നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. ഇതുകൈകാര്യം ചെയ്യാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.