ആറളം ഫാം തൊഴിലാളി സമരം ഒത്തുതീര്‍ന്നു

കേളകം: ആറളം ഫാമില്‍ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ഒന്നര മാസമായി നടക്കുന്ന തൊഴിലാളി സമരം പിന്‍വലിക്കാന്‍ ധാരണ. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് കൃഷി മന്ത്രി കെ.പി. മോഹനന്‍െറ ചേംബറില്‍ നടന്ന മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും സംയുക്ത യോഗത്തിലാണ് ഒത്തുതീര്‍പ്പ് തീരുമാനമുണ്ടായത്.ഫാമിലെ മുഴുവന്‍ സ്ഥിരം തൊഴിലാളികള്‍ക്കും 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രതിമാസം 2000 രൂപ വീതം ഇടക്കാലാശ്വാസം അനുവദിക്കും. തൊഴിലാളികളുടെ മുഖ്യ പ്രശ്നമായ ശമ്പള പരിഷ്കരണം 2015 ജനുവരി മുതല്‍ നടപ്പാക്കും. മുമ്പ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ 20 ശതമാനം ഇടക്കാലാശ്വാസം നല്‍കാനുള്ള തീരുമാനം തൊഴിലാളികള്‍ തള്ളിയിരുന്നു. കൃഷി, മൃഗ സംരക്ഷണ വകുപ്പുകളുടെയും പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്‍െറയും മേല്‍നോട്ടത്തില്‍ ആറളം ഫാമിന്‍െറ പുരോഗതിക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കും. ഫാമിലെ വളര്‍ച്ച നിലച്ച വൃക്ഷങ്ങള്‍ മുറിച്ചുനീക്കാനും പുതിയ കൃഷികള്‍ ഇറക്കാനും യോഗം തീരുമാനിച്ചു. ഫാം ഭൂമിയില്‍ ചെങ്കല്‍ ഖനനം, നീര ഉല്‍പാദനം, തീറ്റപുല്‍ കൃഷി, കന്നുകാലി വളര്‍ത്തല്‍, നഴ്സറി വിപുലീകരണം തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനമായതായി ചര്‍ച്ചക്ക് മുന്‍കൈയെടുത്ത അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ‘മാധ്യമ’ത്തോട് പറഞ്ഞു. കൃഷിമന്ത്രി കെ.പി. മോഹനന്‍, പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ബാലകിരണ്‍, അഗ്രികള്‍ചര്‍ പ്രൊഡക്ഷന്‍ കമീഷണര്‍, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് സെക്രട്ടറി ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, പട്ടികജാതി ക്ഷേമ വകുപ്പ് സെക്രട്ടറി സുബ്രതോ വിശ്വാസ്, തൊഴിലാളി സംഘടനാ നേതാക്കളായ ആര്‍.ബി. പിള്ള, എന്‍.ഐ. സുകുമാരന്‍ (സി.ഐ.ടി.യു), പി.ടി. ബേബി, സിബി മാത്യൂസ് (എ.ഐ.ടി.യു.സി) തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും ചര്‍ച്ചയില്‍ പങ്കെടുത്തു.13 മാസം മുമ്പ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ശമ്പള പരിഷ്കരണം തീരുമാനിച്ചെങ്കിലും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. ഫാമിന്‍െറ പ്രധാന വരുമാന സ്രോതസ്സായ നഴ്സറി നടീല്‍ വസ്തുക്കളുടെ വില്‍പന തടഞ്ഞുകൊണ്ടായിരുന്നു സമരം. ഇന്ന് സമരം പിന്‍വലിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.