ഇസ്രായേലിനകത്തു നിന്നുള്ള എതിര്‍ശബ്ദങ്ങള്‍

ഇത്തവണ ഈ കോളത്തിൽ മറ്റൊരു വിഷയം എഴുതാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഗസ്സ, പക്ഷേ അന്താരാഷ്ട്ര വാ൪ത്തകളുടെ മുൻനിരയിൽതന്നെ ഇപ്പോഴും നിലനിൽക്കുന്നതിനാലും സമാനതകളില്ലാത്ത നൃശംസതകൾക്കിടയിലും ഹമാസ് ചെറുത്തുനിൽപിൻെറ പുതുരൂപങ്ങൾക്ക് മുന്നിൽ ഇസ്രായേലിനു വിയ൪ക്കേണ്ടിവരുന്ന ചിത്രങ്ങൾ അനാവരണം ചെയ്യേണ്ടതിനാലും ഗസ്സയുടെ പ്രസക്തി തുടരുന്നുണ്ട്. കഴിഞ്ഞ ഈദ് ദിനത്തിൽപോലും കൂട്ടക്കുരുതിയിൽനിന്ന് മാറിനിൽക്കാൻ ഇസ്രായേലിന് സന്മനസ്സുണ്ടായില്ല. കാൽപന്തു കളിക്കുന്ന കുരുന്നുകളെ കശാപ്പുചെയ്തും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ വീടടക്കം വൈദ്യുതിനിലയങ്ങളിലും ടി.വി-റേഡിയോ നിലയങ്ങളിലും ബോംബു വ൪ഷിച്ചുമാണ് ഇസ്രായേൽ ലോകമന$സാക്ഷിയെ വെല്ലുവിളിച്ചത്.

ടണൽ യുദ്ധതന്ത്രം

പുലിയും എലിയും തമ്മിലുള്ള യുദ്ധമാണ് വാസ്തവത്തിൽ ഗസ്സയിൽ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആയുധക്കച്ചവടരാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. ആയുധശക്തിയിൽ അവരെ വെല്ലാനുള്ള കോപ്പുകളൊന്നും ഹമാസിനില്ല. എന്നിട്ടും ടിൻ കഷണങ്ങളാൽ നി൪മിതമെന്ന പരിഹാസപ്പേര് വഹിക്കുന്ന ഹമാസിൻെറ റോക്കറ്റുകൾ ഇസ്രായേൽ യുദ്ധഭ്രാന്തന്മാരുടെ ഉറക്കംകെടുത്തുന്നു എന്നതാണ് വിസ്മയം. ആളില്ല ആകാശപേടകങ്ങൾ നി൪മിക്കുന്നിടത്തോളം ഇസ്സുദ്ദീൻ ഖസ്സാം ബ്രിഗേഡിൻെറ ‘സാങ്കേതിക വിദ്യ’ വികസിച്ചതായും ഈ യുദ്ധം തെളിയിക്കുകയുണ്ടായി. ഹമാസ് കേവല ‘ഭീകരസംഘടന’യിൽനിന്ന് സുസംഘടിതവും വ്യവസ്ഥാപിതവുമായ സൈന്യമായി മാറിയിരിക്കുകയാണെന്നാണ് ഇതിനെക്കുറിച്ച് ഒരു ഇസ്രായേലി കോളമിസ്റ്റ് എഴുതിയത്. പഴയ കണക്കുകൂട്ടലുകൾ ഇനിയങ്ങോട്ട് പ്രായോഗികമാകില്ളെന്നും ഈ കോളമിസ്റ്റ് ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഇത്തവണത്തെ ‘ഓപറേഷൻ പ്രൊട്ടക്ടിവ് എഡ്ജി’ൽ ഇസ്രായേലിനെ ഏറ്റവുമധികം വലച്ചത് ഹമാസിൻെറ ‘ടണൽ യുദ്ധതന്ത്ര’മായിരുന്നു. ഹമാസിൻെറ റോക്കറ്റ് ആക്രമണം പ്രതിരോധിക്കാൻ വൻ ബജറ്റും ആസൂത്രണ പരിശ്രമങ്ങളും ഇസ്രായേലിന് വേണ്ടിവന്നു. അതിൻെറ ഫലമായിരുന്നു ‘അയേൺ ഡോം ഡിഫൻസ് സിസ്റ്റം’. പക്ഷേ, അതിനെ മറികടക്കാൻ അതിനകം ഹമാസ് നാടൻ പ്രത്യാക്രമണവഴികൾ കണ്ടത്തെിയിരുന്നു. അതാണ് ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് ഭൂഗ൪ഭതുരങ്കങ്ങൾ നി൪മിച്ചുള്ള രക്തസാക്ഷി ആക്രമണ സ്ക്വാഡുകളുടെ രൂപവത്കരണം. ഇസ്രായേൽ പട്ടാള യൂനിഫോമിൽ ഇസ്രായേലിനകത്തത്തെുന്ന ഈ ഹമാസ് ഭടന്മാരെ തിരിച്ചറിയുക അത്ര എളുപ്പമായിരുന്നില്ല. അതിസൂക്ഷ്മമായ ഈ ഹമാസ് ടണൽ നെറ്റ്വ൪ക് ഇസ്രായേലി നേതൃത്വത്തെ ഞെട്ടിക്കുകയുണ്ടായി. ഇത് മുൻകൂട്ടി കാണാൻ കഴിയാതിരുന്നത് ഇസ്രായേൽ സേനയുടെ ഇൻറലിജൻസ് പരാജയമാണെന്നാണ് കോളമിസ്റ്റ് ബെൻ കാസ്പിറ്റ് എഴുതിയത്. ‘ഒരു വൻസുരക്ഷാ പരാജയ’മെന്ന്  ഇസ്രായേലി മന്ത്രിസഭ വിശേഷിപ്പിച്ച ഈ പ്രതിഭാസത്തെക്കുറിച്ച് ‘ഓപറേഷൻ പ്രൊട്ടക്ടിവ് എഡ്ജ്’ അവസാനിക്കുമ്പോൾ ഒരു അന്വേഷണ കമീഷനെ  നിയമിക്കുന്നത് ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്ന് കാസ്പിറ്റ് അഭിപ്രായപ്പെടുകയുണ്ടായി. മൂന്നു ചോദ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കണം കമീഷൻെറ അന്വേഷണമെന്നാണ് അദ്ദേഹത്തിൻെറ ആവശ്യം. ടണലുകളെക്കുറിച്ച് സുരക്ഷാസേനക്ക് ഇൻറലിജൻസ് വിവരങ്ങൾ ലഭിച്ചിരുന്നോ? ലഭിച്ചിരുന്നെങ്കിൽ അത് രാഷ്ട്രീയ നേതൃത്വത്തിന് കൈമാറുകയുണ്ടായോ? കൈമാറിയിരുന്നെങ്കിൽ രാഷ്ട്രീയനേതൃത്വം എന്തുകൊണ്ട് ഉചിതമായ നടപടികൾ സ്വീകരിച്ചില്ല? ഹമാസ് ഈജിപ്ഷ്യൻ വെടിനി൪ത്തൽ നി൪ദേശം തള്ളിക്കളഞ്ഞിരുന്നില്ളെങ്കിൽ ഈ ടണലുകളെക്കുറിച്ച് ഇസ്രായേലിന്  ഒരു പിടിത്തവും കിട്ടുമായിരുന്നില്ളെന്നാണ് ബെൻ കാസ്പിറ്റിൻെറ വേവലാതി.
സുഫാകിബുട്സിന് സമീപം രഹസ്യ തുരങ്കങ്ങളിലൂടെ  13 ഹമാസ് കമാൻഡോകൾ ഇസ്രായേലി സുരക്ഷാ ഭടന്മാരുടെ വേഷത്തിൽ  പുറത്തുവരുന്നത് ഇസ്രായേലി നിരീക്ഷണ പോസ്റ്റിലെ സ്ക്വാഡുകളുടെ ദൃഷ്ടിയിൽ പെട്ടതോടെയാണ് ഹമാസിൻെറ ടണൽ യുദ്ധതന്ത്രം പുറത്താകുന്നത്. പിറ്റേന്ന് എല്ലാ ഇസ്രായേലി ടി.വി ശൃംഖലകളും അതിൻെറ വിഡിയോ ചിത്രങ്ങൾ സംപ്രേഷണം ചെയ്തു. ഇതോടെയാണ് ഇസ്രായേൽ കരയുദ്ധത്തിലേക്ക് എടുത്തു ചാടിയത്. പി.എൽ.ഒവിനെ മുമ്പ് ബൈറൂതിൽനിന്ന് തുനീഷ്യയിലേക്ക് കെട്ടുകെട്ടിച്ചപോലെ ഹമാസിനെ ഗസ്സയിൽനിന്ന് തുടച്ചുനീക്കുകയായിരുന്നു നെതന്യാഹുവിൻെറ ലക്ഷ്യം. മൂന്നു ദിവസത്തിനകം ടണലുകൾ തൂത്തുവാരുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടത് മൂന്നാഴ്ചകളെന്നായി. ഹമാസിന് മൂന്നു സ്ട്രാറ്റജിക് ടണലുകളുണ്ടെന്നായിരുന്നു ആദ്യ കണക്കുകൂട്ടൽ. അത് തെറ്റി 30ലത്തെി. ആക്രമണം അവസാനിപ്പിക്കാത്തതിൽനിന്ന് മനസ്സിലാകുന്നത് കാണാതുരങ്കങ്ങൾ അതിലേറെ വരുമെന്നാണ്. ഇസ്രായേലി ആക്രമണം ഇനിയും ഉദ്ദിഷ്ട  ഫലപ്രാപ്തിയിലത്തെിയിട്ടില്ളെന്ന് ബെൻ കാസ്പിറ്റ് നിരീക്ഷിക്കുന്നു. വായാടിയായ നെതന്യാഹു ഇസ്രായേലി ഭടന്മാരുടെ ജീവൻ കൂടുതൽ ബലി കൊടുത്ത് ഗസ്സ കീഴടക്കാൻ  ഒരുങ്ങുകയില്ളെന്നും മുമ്പ് പിൻവാങ്ങിയപോലെ, ജോൺ  കെറിയുടെ വെടിനി൪ത്തൽ നി൪ദേശത്തിനു വഴങ്ങി ഒടുവിൽ ഗസ്സയിൽനിന്ന്  സൈന്യത്തെ പിൻവലിക്കാനാണ് സാധ്യതയെന്നു കൂടി അഭിപ്രായപ്പെടുന്നുണ്ട് കാസ്പിറ്റ്. ‘മധ്യപൗരസ്ത്യദേശത്തെ ഏറ്റവും സുശക്തവും സുസജ്ജവുമായ സൈന്യം പൂ൪ണമായും ഇപ്പോൾ ഗസ്സയിൽ  കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒളിച്ചിരിക്കാൻ അതീവ സമ൪ഥരായ, നന്നായി പരിശീലനം സിദ്ധിച്ച ഒരു ഗറിലാ സേനയുമായി പ്രതീക്ഷയില്ലാത്ത യുദ്ധത്തിലാണവ൪’-അദ്ദേഹം എഴുതുന്നു. കിഴക്കൻ ജറൂസലമടക്കം അധിനിവിഷ്ട പ്രദേശങ്ങൾ വിട്ടുകൊടുത്ത്, എന്നാൽ അഭയാ൪ഥികളെ തിരിച്ചുവരാൻ അനുവദിക്കാതെയുള്ള ഒരു ഒത്തുതീ൪പ്പുമാത്രമേ പ്രശ്നത്തിന് പരിഹാരമുള്ളൂവെന്നതാണ് ഈ കോളമിസ്റ്റിൻെറ കാഴ്ചപ്പാട്.

ഇസ്രായേലിലെ എതി൪ശബ്ദങ്ങൾ

ബെൻ കാസ്പിറ്റിൻേറത് ഒറ്റപ്പെട്ട ശബ്ദമല്ല. യുദ്ധവെറിയന്മാരുടെ ആക്രോശങ്ങൾക്കിടയിലും കാസ്പിറ്റിൻെറ കാഴ്ചപ്പാട് പങ്കുവെക്കുന്നവ൪ ഇസ്രായേലി രാഷ്ട്രീയ പാ൪ട്ടികൾക്കിടയിൽ തന്നെയുമുണ്ട്. ഇസ്രായേൽ ഗസ്സയിലേക്ക് പോകരുതായിരുന്നെന്നാണ് മെറെറ്റ്സു പാ൪ട്ടി ചെയ൪പേഴ്സൻ സെഹാവാ ഗാൽഓൻ ‘അൽ മോണിറ്റ൪’ പ്രതിനിധി മസാൽ മുഅല്ലമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഫലസ്തീൻ ഐക്യസ൪ക്കാറിന് ഒരു അവസരം നൽകുകയാണ് വേണ്ടിയിരുന്നതെന്നാണ് അവരുടെ അഭിപ്രായം. എങ്കിൽ  ഇപ്പോഴത്തെ ഏറ്റുമുട്ടൽ ഒഴിവാക്കാമായിരുന്നവെന്ന് അവ൪ പറയുകയുണ്ടായി. ഇടതുപക്ഷ പാ൪ട്ടിയായ മെറെറ്റ്സിൻെറ മുൻ നേതാക്കളായ യോസി ബെല്ലിനും ഷായീം ഒറോനും 2006ലും 2008ലും സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് സെഹാവയുടെ നിലപാട്. 2006ൽ ഒൽമെ൪ട്ടിൻെറ ഭരണകാലത്ത് നടന്ന രണ്ടാം ലബനീസ് യുദ്ധത്തെ ബെല്ലിനും 2008ലെ ഓപറേഷൻ കാസ്റ്റ് ലെഡിനെ ഒറോണും പിന്തുണച്ചിരുന്നു. ഒന്നാമതായി ഹമാസും രണ്ടാമതായി മന്ത്രിമാരായ ബെന്നറ്റിൻെറയും ലിബ൪മാൻെറയും സമ്മ൪ദവും കാരണമാണ് നെതന്യാഹു യുദ്ധത്തിലേക്ക് എടുത്തുചാടിയതെന്ന് സെഹാവ ചൂണ്ടിക്കാണിക്കുന്നു. ‘ശക്തി ഉപയോഗിച്ച് ഭീകരതയെ തുടച്ചുനീക്കാൻ കഴിയില്ളെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയും. യുദ്ധം എവിടെയും ഭീകരതയെ പരാജയപ്പെടുത്തിയിട്ടില്ല’-അവ൪ പറയുന്നു.  

ഹമാസ് എന്തുകൊണ്ട് വഴങ്ങിയില്ല

ഈജിപ്തിൻെറ വെടിനി൪ത്തൽ നി൪ദേശത്തിന് വഴങ്ങാത്തതിൻെറ പേരിൽ ഹമാസിനെ പഴിപറയുന്നവരുണ്ട്. ഹമാസ് നിരപരാധികളെ കൊലക്കളത്തിലേക്ക് എറിഞ്ഞുകൊടുക്കുകയാണെന്നാണ് ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി ആക്ഷേപിച്ചത്. ടോണിബ്ളെയറും വാഷിങ്ടണും പിന്നാമ്പുറത്ത്  കളിച്ച പ്രസ്തുത വെടിനി൪ത്തൽ നി൪ദേശം ഇസ്രായേൽതന്നെ ഡ്രാഫ്റ്റ് ചെയ്തതായിരുന്നുവെന്ന് ‘ഫോറിൻ പോളിസി’ യിൽ എഡിറ്റ൪ ഡേവിഡ് റോത്കോഫ്  എഴുതിയ ലേഖനത്തിൽ ഇസ്രായേലി പത്രമായ ഹാരെറ്റ്സിനെ ഉദ്ധരിച്ചു വെളിപ്പെടുത്തിയത് സ്മരണീയമാണ്. ഹമാസിനെ അടിയറവുപറയിച്ച് ഗസ്സയുടെ മേലുള്ള ഉപരോധം നിലനി൪ത്തുകയായിരുന്നു ഇതിൻെറ പിന്നിലെ ഉദ്ദേശ്യം. വെടിനി൪ത്തൽ നി൪ദേശം നിരാകരിച്ചാൽ ഹമാസ് ഒരിക്കലും സമാധാനം ഉണ്ടാക്കാൻ കഴിയാത്ത ഭീകര സംഘടനയാണെന്ന ഇസ്രായേലി  ഭാഷ്യത്തിന് സ്ഥിരീകരണമുണ്ടാക്കുകയുമാകാം. ഇസ്രായേൽ തയാറാക്കിയ വെടിനി൪ത്തൽ നി൪ദേശത്തിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി കെറിയുടെ പ്രേരണയിൽ ഈജിപ്ഷ്യൻ ഏകാധിപതി സീസി സ്വന്തംപേര് ചാ൪ത്തുകയായിരുന്നെന്നാണ് ഹാരെറ്റ്സ് പത്രം റിപ്പോ൪ട്ട് ചെയ്തത്. ഹമാസുമായി ബന്ധപ്പെടാതെ തയാറാക്കിയതിനാലാണ് ആ നീക്കം അൽപായുസ്സായി പോയതെന്ന് ഹാരെറ്റ്സ് ചൂണ്ടിക്കാട്ടുകയുണ്ടായി. കീഴടങ്ങുന്നതിനു പകരം ആത്മാഭിമാനത്തെ തെരഞ്ഞെടുക്കുകയായിരുന്നു അവ൪. ഹമാസിനെ കുറ്റപ്പെടുത്തുന്നവ൪ കാണാത്ത യാഥാ൪ഥ്യമാണ്, ദീ൪ഘകാലമായി  ഗസ്സക്കുമേൽ തുടരുന്ന ഇസ്രായേലിൻെറ ഉപരോധം.  യുദ്ധസമാനമായ ഈ ഉപരോധം എടുത്തുകളയാനുള്ള ഒരു നി൪ദേശവുമില്ലാത്തതിനാലാണ് ഈജിപ്ഷ്യൻ പദ്ധതി പൊളിഞ്ഞുപോയത്.

ഗസ്സക്ക് പിന്തുണ കൂടുന്നു

ഇസ്രായേലിൻെറ യുദ്ധമുഖം തുറന്നുകാട്ടപ്പെടുകയും ലോകവ്യാപകമായി ഫലസ്തീന് പിന്തുണ കൂടുകയും ചെയ്തുവെന്നതാണ് ഗസ്സ യുദ്ധത്തിൻെറ ഫലമായി സംഭവിച്ചത്. ഇസ്രായേലിനകത്ത് തന്നെ ഗസ്സ കുരുതിക്കെതിരെ വൻ പ്രതിഷേധ റാലികൾ നടന്നു. കഴിഞ്ഞ ശനിയാഴ്ച പൊലീസിൻെറ എതി൪ ആഹ്വാനത്തെ അവഗണിച്ച് 5000ത്തിലേറെ യുദ്ധവിരുദ്ധ പ്രവ൪ത്തകരാണ് റബിൻ സ്ക്വയറിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. ‘കുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്നതിനു പകരം തോക്കുകൾ കുഴിച്ചുമൂടുക’, ‘അധിനിവേശം അവസാനിപ്പിക്കുക’, ‘ഗസ്സ കുരുതി നി൪ത്തുക’ തുടങ്ങിയ ബാനറുകൾ അവ൪ ഉയ൪ത്തിപ്പിടിച്ചിരുന്നു. ബി.ഡി.എസ് (ബോയ്കോട്ട് ഡിവസ്റ്റ്മെൻറ് സാങ്ഷൻ) എന്ന ബഹിഷ്കരണ പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നു. സൂപ്പ൪ മാ൪ക്കറ്റുകളിലെ അലമാരകളിൽനിന്ന് ദക്ഷിണാഫ്രിക്കൻ ആക്ടിവിസ്റ്റുകൾ ഇസ്രായേലി ഉൽപന്നങ്ങൾ നീക്കംചെയ്യുന്നത് അവിടത്തെ പത്രങ്ങൾ റിപ്പോ൪ട്ട് ചെയ്യുകയുണ്ടായി.
തുറമുഖത്തൊഴിലാളികൾ  ഇസ്രായേലി ചരക്കുകപ്പലുകൾ ബഹിഷ്കരിക്കുന്ന റിപ്പോ൪ട്ടുകളുമുണ്ട്. ജൂലൈ 19ന് വൻ ഇസ്രായേലിവിരുദ്ധ റാലിക്ക് ലണ്ടൻ തെരുവുകൾ സാക്ഷിയായി. അക്കാദമിക് ബഹിഷ്കരണ പ്രചാരണത്തിൻെറ ഭാഗമായി പ്രമുഖ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് ഇസ്രായേൽ സന്ദ൪ശനം റദ്ദു ചെയ്തത്  അനുസ്മരണീയമാണ്. കനേഡിയൻ നഗരങ്ങളായ ഓട്ടവ, ടൊറൻേറാ എന്നിവിടങ്ങളിലും പാരിസിലും എഡിൻബ൪ഗിലുമെല്ലാം പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയുണ്ടായി.
ജ്യൂവിഷ് വോയ്സ്പീസും ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ മിഡിലീസ്റ്റ് അണ്ട൪സ്റ്റാൻഡിങ്ങും കൂടി ഫലസ്തീനി മനുഷ്യാവകാശങ്ങൾക്കുവേണ്ടി സംസാരിക്കുന്ന കലാകാരന്മാരുടെയും ആക്ടിവിസ്റ്റുകളുടെയും സെലിബ്രിറ്റികളുടെയും ഒരു വിഡിയോ ഫിലിം നി൪മിക്കുകയുണ്ടായി. ‘ഗസ്സ നെയിംസ് പ്രോജക്ട്’ എന്ന പേരിലറിയപ്പെടുന്ന ഈ വിഡിയോ ചിത്രത്തിൽ മീരാ നായ൪, ചക് ഡി ജൊനാഥൻ, ഗ്ളോറിയ സ്റ്റെയ്നം, വല്ലാസ് ഷോൺ,ടോണി കുഷ്ണ൪ തുടങ്ങി നിരവധി കലാകാരന്മാരും ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്നു. ഗസ്സ ആക്രമണത്തിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ   പേരും വയസ്സും പിടിച്ചുനിൽക്കുന്ന രീതിയിലാണ് വിഡിയോ ചിത്രീകരണം. അങ്ങനെ ഇസ്രായേലിനെ ലോകം പല നിലക്കും വിചാരണചെയ്തുകൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്വത്തിൻെറ ‘പെഴ’യായ ഈ തെമ്മാടി രാജ്യം ചരിത്രത്തിൻെറ ന്യായവിചാരണ കാത്തിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT