ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രൂയിസ് മിസൈല്‍ പരീക്ഷണം പാളി

ബാലസോ൪ (ഒഡീഷ): തദ്ദേശീയ സങ്കേതികവിദ്യയിലൂടെ ഇന്ത്യ വികസിപ്പിച്ച ആദ്യ ദീ൪ഘദൂര സബ് സോണിക്  ക്രൂയിസ് മിസൈലായ ‘നി൪ഭയി’ൻെറ പരീക്ഷണ വിക്ഷേപണം പാളി. ഒഡീഷയിലെ ബാലസോ൪ ജില്ലയിലെ ചാന്ദിപ്പൂ൪ വിക്ഷേപണത്തറയിൽനിന്ന് കുതിച്ച മിസൈൽ പാതിദൂരം പിന്നിട്ടശേഷം ഗതി മാറിയെന്നും തുട൪ന്ന് സുരക്ഷയെ കരുതി  നി൪വീര്യമാക്കിയെന്നും ഡിഫൻസ് റിസ൪ച്ച് ആൻഡ് ഡവലപ്മെൻറ് ഓ൪ഗനൈസേഷൻ (ഡി.ആ൪.ഡി.ഒ) അറിയിച്ചു.
രാവിലെ 11.45ന് വിക്ഷേപിച്ച സബ് സോണിക് മിസൈൽ  ആദ്യ 15 മിനിറ്റ് കൃത്യമായ പാതയിലൂടെയാണ് മുന്നേറിയത്. ബംഗാൾ ഉൾക്കടലിന്  മുകളിൽവെച്ചായിരുന്നു ദിശാമാറ്റം. വിക്ഷേപണത്തറയുടെ രണ്ടു കിലോമീറ്റ൪ ചുറ്റളവിലുള്ള 453 കുടുംബങ്ങളെ താൽക്കാലികമായി മാറ്റിപ്പാ൪പ്പിച്ചിരുന്നു.അതേസമയം, മിസൈലിന്റെവിക്ഷേപണം കൃത്യമായിരുന്നുവെന്നും  പരീക്ഷണത്തിലൂടെ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ ഏറെക്കുറെ പൂ൪ത്തീകരിച്ചുവെന്നും ശാസ്ത്രജ്ഞ൪ അവകാശപ്പെട്ടു.  
ഡി.ആ൪.ഡി.ഒ.യുടെ കീഴിൽ ബംഗളൂരുവിലുള്ള എയ്റോനോട്ടിക്കൽ ഡവലപ്മെൻറ് എസ്റ്റാബ്ളിഷ്മെൻറിലെ (എ.ഡി.ഇ.) 25 ഓളം ശാസ്ത്രജ്ഞ൪ ചേ൪ന്നാണ് 1000 കിലോമീറ്റ൪ പ്രഹരശേഷിയുള്ള മിസൈലിൻെറ ഗവേഷണവും രൂപകൽപനയും പൂ൪ത്തിയാക്കിയത്. ഇപ്പോൾ റഷ്യൻ നി൪മിത ക്രൂയിസ് മിസൈലുകൾ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്തിന് സ്വന്തമായൊരെണ്ണം വികസിപ്പിക്കാനായി 2004ൽ ഡി.ആ൪.ഡി.ഒ. തുടക്കമിട്ട ഗവേഷണമാണ്  ‘നി൪ഭയിൽ’ എത്തിയത്.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച് ഇന്ത്യൻ സേനയുടെ ഭാഗമായ സബ് സോണിക് മിസൈലായ ബ്രഹ്മോസിന് 290 കിലോമീറ്റ൪ ദൂരപരിധിയാണുള്ളത്. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് ക്രൂയിസ് മിസൈൽ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്വന്തമായുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.