പ്ലീസ്‌, എങ്ങനെയും ഒരു സീറ്റ് വേണം

മിഠായി വാങ്ങി നല്‍കാന്‍ കുട്ടികള്‍ ശാഠ്യം പിടിക്കുക സര്‍വ സാധാരണയാണ്. മൊബൈല്‍ഫോണ്‍, സൈക്ക്ള്‍, ബൈക്ക് തുടങ്ങിയവ വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് കുട്ടികള്‍ ആത്മഹത്യ ചെയ്തതും കേരളത്തില്‍ പുതിയ സംഭവമല്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാങ്ങി നല്‍കിയില്ളെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സീറ്റ് തരപ്പെടുത്തിയത് ഒരുപക്ഷേ, കേരള ചരിത്രത്തില്‍ ആദ്യ സംഭവമാകാം.

ഹൈറേഞ്ചിലെ ഒരു പ്രമുഖ ബ്ളോക് ഡിവിഷനിലാണ് മകള്‍ പിതാവിനെ വിരട്ടി സീറ്റ് തരപ്പെടുത്തിയത്. കോണ്‍ഗ്രസ് -ഐ വിഭാഗം നേതാവും പഞ്ചായത്ത് അംഗവുമായ വൃദ്ധന്‍ യുവതിയായ മകളുടെ ആത്മഹത്യ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കിയെന്നാണ് ദൃക്സാക്ഷിയുടെ കണ്ടത്തെല്‍.
പിതാവ് പഞ്ചായത്ത് അംഗമാണ്. മകളാകട്ടെ ബ്ളോക് പഞ്ചായത്ത് അംഗവും. കിട്ടിയാല്‍ സ്ഥാനാര്‍ഥിത്വം, ഇല്ളെങ്കില്‍ ഒരുവാക്ക് ഇത്രയുമേ മകള്‍ കരുതിയുള്ളൂ.

പക്ഷേ, പിതാവിന് പുത്രവാത്സല്യം നഷ്ടപ്പെടുത്താനാവില്ലല്ളോ. ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാതെ വന്ന ചിലര്‍ തങ്ങള്‍ക്ക് ലഭിച്ച ഒൗദ്യോഗിക സ്ഥാനമാനങ്ങള്‍ പുല്ലുപോലെ വലിച്ചെറിഞ്ഞ് സ്വതന്ത്ര്യരായി മത്സരിക്കാനും തീരുമാനിച്ചു. ഇടവക പെരുന്നാളല്ളെ ഒരു മുത്തുക്കുട ഞാനും എടുക്കും എന്ന വാശിയിലുള്ളവരും കുറവല്ല.  മുട്ട അടയിരുത്തി വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ പരുന്തും കാക്കയും പിടിക്കാതിരിക്കാന്‍ ഒരു പൂവന്‍ കുഞ്ഞിനെ അടുപ്പിനുഴിഞ്ഞ് പള്ളിക്കോ അമ്പലത്തിനോ നേര്‍ന്ന് വിടുന്നത് ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ പഴയകാല രീതിയായിരുന്നു.

ഇതേമാതിരി ചില നേതാക്കളും തങ്ങളുടെ മക്കളെയോ മരുമക്കളെയോ അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന് നേരുന്നവരും ഉള്ളതായി സംശയം തോന്നിയേക്കാം. വാര്‍ഡ് ജനറലാണെങ്കില്‍ മകന്‍, വനിതാ സംവരണമെങ്കില്‍ ഭാര്യയോ മകളോ മരുമകളോ സ്ഥാനാര്‍ഥിയാകണമെന്ന പിടിവാശിക്കാരും ഇവിടെ കുറവല്ല. കുടുംബത്തില്‍ ആരെങ്കിലും ഒരാള്‍ പഞ്ചായത്ത് മെംബറായിട്ടില്ളെങ്കില്‍ അത് ഒരു കുറവായി കാണുന്നവരുമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.