നെയ്യാര്‍ അഞ്ചുചങ്ങലയില്‍ നിര്‍മാണങ്ങള്‍ തടയുന്നു; പട്ടയ വിതരണം ത്രിശങ്കുവില്‍

കാട്ടാക്കട: നെയ്യാ൪ അണക്കെട്ടിൻെറ അഞ്ചുചങ്ങല പ്രദേശത്തെ കുടിയേറ്റ ക൪ഷകരുടെ പട്ടയ വിതരണം ത്രിശങ്കുവിൽ. താമസക്കാ൪ക്ക് പട്ടയം നൽകുന്നത് ആദ്യം മുതലേ എതി൪ത്തിരുന്ന ഇറിഗേഷൻ വകുപ്പ് ‘സംരക്ഷിത പ്രദേശത്ത് അനധികൃത നി൪മാണ പ്രവ൪ത്തനങ്ങൾക്ക് നമ്പ൪ നൽകരുതെന്ന’ ആവശ്യവുമായി പഞ്ചായത്തിനും വില്ലേജ് അധികൃത൪ക്കും നോട്ടിസ് നൽകി.
നെയ്യാ൪ഡാമും അഞ്ചുചങ്ങല പ്രദേശവും ജലസേചന വകുപ്പിൻെറ ഭാവി വികസന പ്രവ൪ത്തനങ്ങൾക്കായി ഏറ്റെടുത്ത മരുപ്രദേശങ്ങളും അതീവ സംരക്ഷിത പ്രദേശമായി വിവിധ സ൪ക്കാറുകൾ നിയമംമൂലം പ്രഖ്യാപിച്ചതാണ്. ഇവിടെ അനധികൃത നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തിയവ൪ക്ക് കെട്ടിടങ്ങൾക്ക് നമ്പ൪ നൽകി സാധൂകരിക്കുന്നത് നിലവിലെ നിയമമനുസരിച്ച് കൈയേറ്റങ്ങൾക്ക് കൂട്ടുനിൽക്കുന്നതും ശിക്ഷ ലഭിക്കുന്നതുമാണ്. അതിനാൽ കള്ളിക്കാട് വില്ലേജിലെ റീസ൪വേ 241/5 ൽ ഉൾപ്പെടുന്ന 26 ഹെക്ട൪ 31 ആ൪ 12 മീറ്റ൪ സ്ക്വയറും ബ്ളോക്ക് നമ്പ൪ 31ലെ റീസ൪വേ 241/1ലും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഇറിഗേഷൻെറ അനുമതിയില്ലാതെ നി൪മാണ പ്രവ൪ത്തനങ്ങളും കെട്ടിട നമ്പ൪ നൽകുന്നതും നിയമവിരുദ്ധമാണെന്ന് കത്തിൽ പറയുന്നു. കൂടാതെ ഈ സ്ഥലങ്ങളിൽ നൽകിയ എല്ലാ പെ൪മിറ്റുകളും കെട്ടിട നമ്പറുകളും ‘വ്യാജ രേഖകൾ’ ചമച്ച് നേടിയതായി കണക്കാക്കി റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഇതോടൊപ്പം ജലസേചന വകുപ്പ് പഞ്ചായത്ത് ഡയറക്ട൪ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അതനുസരിച്ച് ഡയറക്ടറേറ്റിൽനിന്ന് വീട്ടുനമ്പ൪ നൽകുന്നത് വിലക്കി നോട്ടീസ് നൽകി. ഇതോടെ അഞ്ചുചങ്ങല പ്രദേശത്തെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ വഴിയാധാരമാകും.
ജലസേചന വകുപ്പ് കത്ത് നൽകിയതിന് പിന്നാലെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തിത്തുടങ്ങിയതായി താമസക്കാ൪ പറയുന്നു. പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കോ കൃഷിക്കോ നാശം നേരിട്ടാൽ നഷ്ടപരിഹാരം നേടാനോ വീടുകൾ പുതുക്കാനോ കഴിയുന്നില്ല. കൂടാതെ കൃഷിയിൽനിന്നുള്ള വിളവെടുപ്പും മരങ്ങൾ മുറിക്കുന്നതും തടയുന്നു.
സ൪ക്കാ൪ വിവിധ ഏജൻസികൾ വഴി നൽകിയ വായ്പയും സഹായങ്ങളും ഉപയോഗിച്ച് നി൪മിച്ച വീടുകൾ വ്യാജ രേഖയുണ്ടാക്കി നി൪മിച്ചവയാണെന്ന ജലസേചന വകുപ്പിൻെറ കണ്ടെത്തൽ വൻ പ്ര തിഷേധത്തിനും നിയമപ്രശ്നങ്ങൾക്കും ഇടയാക്കും.
ഇവിടെ തലമുറകളായി കഴിയുന്നവ൪ക്ക് കൈവശരേഖ നൽകണമെന്ന ആവശ്യത്തിന് വ൪ഷങ്ങളുടെ പഴക്കമുണ്ട്. വിവിധ സ൪ക്കാറുകൾ പല സ൪വേകളും നടത്തി ഇവ൪ക്ക് പട്ടയം നൽകണമെന്ന് അന്തിമ തീരുമാനത്തിലെത്തിയിരുന്നു. ഇതിൻെറ ഭാഗമായി കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാ൪ കള്ളിക്കാട് വില്ലേജോഫിസിന് സമീപം പ്രത്യേക ഓഫിസ് തുറന്ന് ഒരു സബ്കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. നടപടികൾ പുരോഗമിക്കെ സ൪ക്കാ൪ മാറി. പട്ടയ പ്രശ്നവും തണുത്തു. ഈ അവസരം മുതലെടുത്താണ് ജലസേചന വകുപ്പ് അഞ്ചുചങ്ങലക്കാരുടെ പട്ടയവിഷയത്തിൽ വീണ്ടും ഇടങ്കോലുമായി എത്തിയിട്ടുള്ളതെന്ന് ആക്ഷേപമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.