എമര്‍ജിങ് കേരള സമാപിച്ചു; 44,750 കോടിയുടെ പദ്ധതി നിര്‍ദേശം

കൊച്ചി: കേരളത്തിൻെറ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച എമ൪ജിങ് കേരള നിക്ഷേപക സംഗമത്തിൽ പൊതു- സ്വകാര്യ മേഖലകളിലായി 44,750 കോടിയുടെ പദ്ധതി നി൪ദേശം. 45 പദ്ധതികളിലായാണ് ഇത്രയും തുകയുടെ നിക്ഷേപത്തിനുള്ള നി൪ദേശം ലഭിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും  വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, ലഭിച്ച പദ്ധതികൾ സംബന്ധിച്ച് സ൪ക്കാ൪ ഔദ്യാഗിക സ്ഥിരീകരണം നൽകില്ലെന്നും നി൪ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുന്നിൽ അവതരിപ്പിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്നും ഇരുവരും വ്യക്തമാക്കി.
 പദ്ധതി നി൪ദേശം സംബന്ധിച്ച് 30 മുതൽ 90 ദിവസത്തിനകം തുട൪ നടപടി ഉണ്ടാവും. പരിസ്ഥിതിക്ക് ദോഷകരമാവുന്ന പദ്ധതികൾ സംബന്ധിച്ച് വീണ്ടും ച൪ച്ച നടത്തും. അതേ സമയം 45,000 കോടിയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചതായി മുഖ്യമന്ത്രിയും പി.ആ൪.ഡി മുഖേന സ൪ക്കാറും ഔദ്യാഗിക പത്രക്കുറിപ്പ് പുറത്തിറക്കിയെങ്കിലും വാ൪ത്താസമ്മേളനത്തിൽ ഇത് സ്ഥിരീകരിക്കാൻ മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ തയാറായില്ല. ഇതോടെ വാ൪ത്താസമ്മേളനത്തിൽ എത്ര കോടിയുടെ പദ്ധതി എന്നത് സംബന്ധിച്ച് മന്ത്രിമാ൪ക്കിടയിലും ആശയക്കുഴപ്പം രൂപപ്പെട്ടു. പദ്ധതികൾ വ്യക്തമായ പരിശോധനക്ക് വിധേയമാക്കാതെ ഔദ്യാഗിക പ്രഖ്യാപനം നടത്തുന്നത് ഉചിതമല്ലാത്തതിനാലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് വ്യവസായ മന്ത്രി വിശദീകരിച്ചു.
45 പദ്ധതികളിൽനിന്നായി 46,002 കോടിയുടെ നിക്ഷേപത്തിന് സാധ്യത വന്നതായി നിക്ഷേപക സംഗമത്തിൻെറ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെ, മൊത്തം 2.56 ലക്ഷം കോടിയുടെ നിക്ഷേപങ്ങൾക്ക് സാധ്യത തെളിഞ്ഞതായി ധനമന്ത്രി കെ.എം. മാണി വാ൪ത്താലേഖകരെ അറിയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ വാ൪ത്താസമ്മേളനത്തിൽ അദ്ദേഹമത് നിഷേധിച്ചു. ഇതും വാ൪ത്താസമ്മേളനം കൂടുതൽ വിവാദമാകാൻ ഇടയായി. 45 നി൪ദേശങ്ങൾക്ക് പുറമെ ഭാരത് പെട്രോളിയം കോ൪പറേഷനുമായി 20,000 കോടിയുടെയും വോക്സ്വാഗൺ എൻജിൻ അസംബ്ളി യൂനിറ്റിന് 2000 കോടിയുടെയും സോളാ൪ എന൪ജി പ്ളാൻറിന് 500 കോടി രൂപയുടെയും ഹോസ്പിറ്റൽ ആൻഡ് പ്രീ കാസ്റ്റ് കോൺക്രീറ്റ് സ്ട്രെക്ച൪ നി൪മാണ യൂനിറ്റിന് 570 കോടിയുടെയും ധാരണാപത്രം ഒപ്പുവെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര പദ്ധതിയായി കൊച്ചിൻ ഷിപ് ബോഡി ബിൽഡിങ് യൂനിറ്റിന് 750 കോടിയുടെ പദ്ധതിക്കും അനുമതി ആയിട്ടുണ്ട്. 13 പദ്ധതി നി൪ദേശങ്ങളിലായി കൊച്ചി കേന്ദ്രീകരിച്ച് 6004 കോടിയുടെ പദ്ധതികളാണ് ലഭിച്ചിട്ടുള്ളത്. കേരളത്തിൻെറ അകത്തുനിന്നും പുറത്തുനിന്നുമായാണ് 27,000 കോടിയുടെ പദ്ധതി നി൪ദേശങ്ങൾ ലഭിച്ചിട്ടുള്ളത്. ഇതിൽ ഉൽപ്പാദന മേഖലയിൽ 12,867 കോടിയുടെ പദ്ധതികൾ ഉൾപ്പെടും.
ഇതര മേഖലകളിൽ 14,405 കോടിയുടെ പദ്ധതി നി൪ദേശങ്ങളും ഉണ്ട്. കേരള മിനറൽസ് ആൻഡ് മെറ്റൽസിൻെറ സ്പോഞ്ച് നി൪മാണ യൂനിറ്റിനുള്ള 4000 കോടിയുടെ പദ്ധതിയും ഉൾപ്പെടെയാണ് 44,750 കോടിയുടെ പദ്ധതി നി൪ദേശമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബിസിനസ് ടു ബിസിനസ് (ബി.ടു.ബി) സെഷനിൽ 413 ഉം ബിസിനസ് ടു സ൪ക്കാ൪ (ബി.ടു.ജി) സെഷനിൽ 142 പദ്ധതി നി൪ദേശങ്ങളാണ് വന്നത്. ബി ടു ബിയിൽ വന്ന  നി൪ദേശങ്ങൾ ബന്ധപ്പെട്ട  വകുപ്പുകളും ബി ടു ജി യിൽ വന്ന പദ്ധതികളെ സംബന്ധിച്ച് വ്യവസായ വകുപ്പിൻെറ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ എല്ലാം സംയുക്തമായി പരിശോധിച്ച ശേഷം എത്രയും വേഗം നിക്ഷേപകരെ അറിയിക്കും. കൊച്ചി കേന്ദ്രമായി ആരംഭിക്കുന്ന സീ പ്ളെയിൻ പദ്ധതിക്ക് 58 കമ്പനികൾ രംഗത്തുവന്നു. കേരളത്തിൻെറ ടൂറിസം സാധ്യതകളുടെ അംഗീകാരമാണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി നി൪ദേശങ്ങളെ സംബന്ധിച്ച് എല്ലാ തലത്തിലും വ്യക്തമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. എമ൪ജിങ് കേരള ഭുമി വിൽപ്പനയാണെന്ന് പറഞ്ഞവ൪  ജനങ്ങളോട് മാപ്പ് പറയണമെന്നും  ഒരു സെൻറ്ഭുമി പോലും   വിൽപ്പന നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നി൪ദേശങ്ങൾക്ക് അനുമതി  നൽകുന്നതിനും പദ്ധതികൾ പരിശോധിക്കുന്നതിനുമായി ഇൻവെസ്റ്റ്മെൻറ് ക്ളിയറൻസ് ബോ൪ഡ്  രൂപവത്കരിക്കുന്നതിനുള്ള തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
 പത്തു രാജ്യങ്ങളിൽനിന്ന് വ്യക്തമായ പദ്ധതി ലഭിച്ചു. 36 രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ പങ്കെടുത്തു. എമ൪ജിങ് കേരളയുടെ വിജയത്തിനായി പ്രവ൪ത്തിച്ച വ്യവസായവകുപ്പിലെ ഉദ്യേഗസ്ഥ൪ക്ക് പ്രത്യേക ഇൻക്രിമെൻറ് നൽകും. സംസ്ഥാനത്ത് വ്യവസായത്തിനായി സ൪ക്കാ൪ ഭൂമി വാങ്ങിയിട്ടും ഉപയോഗിക്കാത്ത എല്ലാ ഭൂമിയും ആറുമാസത്തിനകം ഏറ്റെടുക്കും. ഈ സമയപരിധിക്കുള്ളിൽ നി൪മാണം തുടങ്ങുന്നില്ലെങ്കിൽ ക൪ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മുൻ സ൪ക്കാ൪ കൊടുത്ത ഭൂമിയാണ് ഇതിലേറെയും. രണ്ട് വ൪ഷത്തിലധികമായി ഇത്തരത്തിൽ ഭൂമി പലരും കൈവശം വെച്ചിരിക്കുകയാണണ് മുഖ്യമന്ത്രി പറഞ്ഞു.  മൂന്ന് ദിവസമായി നടന്ന സംഗമത്തിൽ രാജ്യത്തിൻെറ പുറത്തുനിന്നും അകത്തുനിന്നും എത്തിയ നിക്ഷേപക൪ സമ൪പ്പിച്ച 210 പദ്ധതികളിൽ നിന്ന് തെരഞ്ഞെടുത്ത അനുയോജ്യമായ 53 പദ്ധതികളിലാണ് നിക്ഷേപം എത്തുന്നതെന്ന് പിന്നീട് ഉമ്മൻചാണ്ടി വ്യക്തമാക്കി.
36 രാജ്യങ്ങളിൽ നിന്നായി 4676 പേ൪ എമ൪ജിങ് കേരളയിൽ രജിസ്റ്റ൪ ചെയ്തു. 2512 പ്രതിനിധികളാണ് എത്തിച്ചേ൪ന്നത്. ബി ടുബിയിൽ 2183 പേ൪ പങ്കെടുത്തു. 52 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തുമെന്ന് പറഞ്ഞെങ്കിലും ലാറ്റിനമേരിക്കയിൽ നിന്നും കരീബിയൻ രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ എത്തിയിരുന്നില്ല. കേരളത്തിൽ വ്യവസായം തുടങ്ങാൻ താൽപ്പര്യമുള്ളവ൪ക്ക് മുൻഗണന നൽകാൻ സ൪ക്കാ൪ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരായ തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, കെ. ബാബു, കെ.എം. മാണി എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു. നിക്ഷേപക സംഗമം കഴിഞ്ഞ ഉടൻ മന്ത്രിസഭായോഗം ചേ൪ന്ന ശേഷമാണ്  പദ്ധതികൾ സംബന്ധിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും വാ൪ത്താസമ്മേളനത്തിന് എത്തിയത്.
 കേരളത്തിൽ വ്യവസായം തുടങ്ങാൻ താൽപ്പര്യമുള്ള യുവാക്കൾക്കും വിദ്യാ൪ഥികൾക്കും ഇതിനായി പ്രത്യേക സംവിധാനം സ൪ക്കാ൪ ഒരുക്കിയിട്ടുണ്ട്. അഞ്ച് കൊല്ലം കൊണ്ട് രണ്ടായിരത്തോളം പുതിയ വ്യവസായ യൂനിറ്റുകൾ തുടങ്ങുകയാണ് ലക്ഷ്യം. സംസ്ഥാനത്തിൻെറ താൽപ്പര്യം സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിക്ക് മാത്രമേ അനുമതി നൽകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.