സെഞ്ച്വറി തികച്ചു; ഐ.എസ്.ആര്‍.ഒ ദൗത്യം വിജയം

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആ൪.ഒ വിക്ഷേപണ ദൗത്യത്തിൽ സെഞ്ച്വറി തികച്ചു. 100ാം ബഹിരാകാശ ദൗത്യമായ പി.എസ്.എൽ.വി-21 റോക്കറ്റിൻെറ വിക്ഷേപണം വിജയകരമായിരുന്നെന്ന് ഐ.എസ്.ആ൪.ഒ വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച രാവിലെ 9.53ന്, നേരത്തേ നിശ്ചയിച്ചതിലും രണ്ടു മിനിറ്റ് വൈകിയാണ്  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽനിന്ന് പി.എസ്.എൽ.വി-സി21ൻെറ വിക്ഷേപണം നടന്നത്. രാജ്യത്തിൻെറ ബഹിരാകാശ ദൗത്യങ്ങളിൽ നഴികക്കല്ലായ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങുമെത്തിയിരുന്നു. റോക്കറ്റ് ഭ്രമണപഥത്തിലെത്തി ഐ.എസ്.ആ൪.ഒ പുതിയ ചരിത്രം സൃഷ്ടിച്ച ആഹ്ളാദനിമിഷത്തിൽ ഗവേഷക൪ക്കൊപ്പം പ്രധാനമന്ത്രിയും പങ്കാളിയായി.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ വൻശക്തിയായെന്നും ഈ വിജയത്തിൽ ഓരോ പൗരനും അഭിമാനിക്കാൻ വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ ‘പകിട്ടാ൪ന്ന വിജയ’മെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഫ്രഞ്ച് കമ്പനിയായ ആസ്ട്രിയം എസ്.എ.എസ് നി൪മിച്ച സ്പോട്ട്-6, ജപ്പാൻെറ പ്രോയിറ്റേഴ്സ് എന്നീ രണ്ട് ഭൂനിരീക്ഷണ  കൃത്രിമോപഗ്രഹങ്ങളെയും വഹിച്ചാണ് 100ാം ദൗത്യത്തിൽ പി.എസ്.എൽ.വി-സി21 കുതിച്ചുയ൪ന്നത്. വിക്ഷേപണം നടന്ന് 18 മിനിറ്റുകൾക്കകം തന്നെ  രണ്ട് ഉപഗ്രഹങ്ങളെയും കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചതോടെ  90കോടി രൂപ ചെലവിട്ട ദൗത്യം  വിജയിച്ചതായി ഐ.എസ്.ആ൪.ഒ കേന്ദ്രം അറിയിച്ചു. ഏതാനും സമയത്തിന് ശേഷം സ്പോട്ട്-6 ഭൂമിയിലേക്ക് ചിത്രങ്ങളയച്ചു തുടങ്ങുകയും ചെയ്തു. വാണിജ്യ വിക്ഷേപണങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ പരസ്പരം മത്സരിക്കുന്ന രണ്ട് ഏജൻസികളുടെ സഹകരണത്തിനുകൂടിയാണ് ഞായറാഴ്ചത്തെ ദൗത്യം സാക്ഷ്യംവഹിച്ചത്. 2008 സെപ്റ്റംബറിൽ എ.എസ്.ആ൪.ഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് കോ൪പറേഷനും ആസ്ട്രിയം എസ്.എ.എസും ഒപ്പുവെച്ച ദീ൪ഘകാല സഹകരണ കരാറിൻെറ ഭാഗമായാണ് സ്പോട്ട്-6  ഇന്നലെ വിക്ഷേപിച്ചത്. സ്പോട്ട്  ശ്രേണിയിലെ അടുത്ത ഉപഗ്രഹമായ സ്പോട്ട്-7 അടുത്തുതന്നെ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആ൪.ഒ ചെയ൪മാൻ ഡോ. കെ.രാധാകൃഷ്ണൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഇന്ത്യ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ഭാരമേറിയ വിദേശഉപഗ്രഹം കൂടിയാണ് സ്പോട്ട്. 712 കിലോഗ്രാമാണ് ഇതിൻെറ ഭാരം.
1963 നവംബ൪ 21ന്  തുമ്പയിലെ  റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പരീക്ഷണ റോക്കറ്റ് വിക്ഷേപിച്ചാണ് ഇന്ത്യ ദൗത്യങ്ങൾക്ക് തുടക്കമിടുന്നത്.   പിന്നീട് ആറ് വ൪ഷം കഴിഞ്ഞാണ് ഐ.എസ്.ആ൪.ഒ രൂപവത്കരിക്കുന്നത്.
1975 ഏപ്രിൽ 19നാണ് ഇന്ത്യയുടെ പ്രഥമ കൃത്രിമോഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്. അതിന് ശേഷം  62 കൃത്രിമോപഗ്രഹങ്ങളും 37 റോക്കറ്റുകളുമാണ് ഐ.എസ്.ആ൪.ഒ വിക്ഷേപിച്ചത്. 37 വ൪ഷത്തെ ചരിത്രത്തിനിടെ, ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ‘ചാന്ദ്രയാൻ’ ആണ് ഐ.എസ്.ആ൪.ഒയുടെ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. 2008ൽ ചാന്ദ്രയാൻ വിജയകരമായി വിക്ഷേപിക്കപ്പെട്ടതോടെയാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതികൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയാക൪ഷിച്ചത്.

ചൈനയുമായി ബഹിരാകാശ ഏറ്റുമുട്ടലിനില്ല -രാധാകൃഷ്ണൻ

ബംഗളൂരു: ചൈനയുമായി ബഹിരാകാശ ഏറ്റമുട്ടലിനില്ലെന്നും ശാസ്ത്ര സമൂഹത്തിന് അമൂല്യമായ പാഠങ്ങൾ നൽകുന്നതിൻെറ ചവിട്ടുപടിയായാണ് ചൊവ്വാ ദൗത്യമെന്നും ഐ.എസ്.ആ൪.ഒ ചെയ൪മാൻ ഡോ. കെ. രാധാകൃഷ്ണൻ. ശ്രീഹരിക്കോട്ടയിൽ ഐ.എസ്.ആ൪.ഒയുടെ നൂറാമത് ദൗത്യമായ സാറ്റലൈറ്റ് വിക്ഷേപണത്തിനു ശേഷം മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 ബഹിരാകാശത്ത് ആരുമായും മത്സരത്തിനില്ലെന്നും അവിടെ സാങ്കേതിക മുന്നേറ്റത്തിനും അതുവഴിയുണ്ടാകുന്ന വികസനത്തിനുമാണ് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാ ദൗത്യത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നും പല പ്രശ്നങ്ങളും മനസ്സിലാക്കാനുണ്ടെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേ൪ത്തു. മന്ത്രിസഭ അംഗീകരിച്ച ദൗത്യം ഐ.എസ്.ആ൪.ഒ വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. സമയബന്ധിതമായ ദൗത്യമാണിത്. 2013 നവംബറോടെ ഇതിനുള്ള ഉപഗ്രഹം തയാറാകും. ഭൂമിയുമായി ചൊവ്വ ഏറ്റവുമടുത്തുവരുന്ന സമയമാണത്. വിക്ഷേപണത്തിനുള്ള യോജിച്ച സമയവും ഇതാണ്. ഇതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതും വിശ്വസനീയ വിക്ഷേപണ വാഹനം ഒരുക്കുന്നതും വെല്ലുവിളിയാണ്. ഭ്രമണപഥത്തിൽനിന്ന് വിക്ഷേപണ വാഹനം വിട്ടതിനു ശേഷം 300 ദിവസത്തെ യാത്രയാണ് ദൗത്യത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചാന്ദ്രയാൻ 2 ദൗത്യത്തിന് റഷ്യൻ സഹായം ആവശ്യമാണ്. ചന്ദ്രനിൽ ഇറക്കേണ്ട വാഹനം (റോവ൪) അവരാണ് നൽകേണ്ടത്. എന്നാൽ, റഷ്യയുടെ ഗ്രഹാന്തര ദൗത്യം പരാജയപ്പെട്ടത്  ഇക്കാര്യത്തിൽ അവരെ മാറ്റിചിന്തിപ്പിച്ചിട്ടുണ്ട്. എങ്കിലും 2014ഓടെ ചാന്ദ്രയാൻ 2 യാഥാ൪ഥ്യമാകുമെന്നാണ് കരുതുന്നതെന്നും ഡോ. രാധാകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.