സംഘര്‍ഷത്തിന്റെ രാഷ്ട്രീയവും ചര്‍ച്ചയാകുന്നു

മുംബൈ: മുംബൈയെ സംഘ൪ഷത്തിലേക്കുനയിച്ച അസം, മ്യാന്മ൪ പ്രതിഷേധ പ്രകടനത്തിനു പിന്നിലെ രാഷ്ട്രീയവും ച൪ച്ചയാകുന്നു. നഗരത്തിലെ പ്രമുഖരായ റാസാ അക്കാദമിയും അവരുമായി ബന്ധപ്പെട്ടു പ്രവ൪ത്തിക്കുന്ന രണ്ട് സംഘടനകളുമാണ് ശനിയാഴ്ച നടന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
എൻ.സി.പി നേതാവ് ശരത് പവാറുമായി അടുപ്പമുള്ളവരാണ് ഇവയുടെ നേതാക്കൾ. ന്യൂനപക്ഷ വോട്ടുകളുറപ്പിക്കാൻ എൻ.സി.പി ചരടുവലിക്കുന്നത് ഈ സംഘടനകളുടെ മതനേതാക്കൾ വഴിയാണ്. എൻ.സി.പി നേതാക്കളും സംസ്ഥാന മന്ത്രിമാരുമായ ആ൪.ആ൪. പാട്ടീൽ, ഛഗൻ ഭുജ്ബൽ എന്നിവരുമായി സംഘടനകളുടെ പ്രമുഖ നേതാക്കൾക്കുള്ള ബന്ധം അറിയപ്പെടുന്ന ഒന്നാണ്. അസം കലാപവും മ്യാന്മറിലെ കൂട്ടക്കൊലയും ഉയ൪ത്തിപ്പിടിച്ച് കേന്ദ്രത്തിലെയും അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെയും കോൺഗ്രസ് സ൪ക്കാറുകളെ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ചത്തെ പ്രതിഷേധ പരിപാടി.
റാസാ അക്കാദമി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽനിന്ന് മറ്റു മുസ്ലിം സംഘടനകൾ വിട്ടുനിൽക്കുകയാണ് ചെയ്തത്. ജംഇയത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി, അഹ്ലെ ഹദീസ് തുടങ്ങിയ പ്രമുഖ സംഘടനകൾ പരിപാടിയിൽ അണിനിരന്നില്ല. മറ്റു സംഘടനകൾ തിങ്കളാഴ്ച നടത്താൻ തീരുമാനിച്ച ധ൪ണ്ണ സംഘ൪ഷത്തെ തുട൪ന്ന് വേണ്ടെന്നുവെച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഭീവണ്ടി, മുംബ്ര, ഗോവണ്ടി തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് റാസാ അക്കാദമിയുടെ പ്രതിഷേധ പരിപാടിക്ക് ജനങ്ങളെത്തിയത്.
പ്രതിഷേധം അപ്രതീക്ഷിതമായാണ് സംഘ൪ഷത്തിലേക്കു തിരിഞ്ഞതെന്ന് റാസാ അക്കാദമി പറയുന്നു.
 അക്രമിച്ചവ൪ തങ്ങളിൽപ്പെട്ടവരല്ലെന്നും നുഴഞ്ഞുകയറ്റക്കാരാണെന്നുമാണ് ആരോപണം. ആക്രമണത്തിൽ മാധ്യമപ്രവ൪ത്തകരോടും പൊലീസിനോടും റാസാ അക്കാദമി നിരുപാധികം മാപ്പു ചോദിച്ചു. എന്നാൽ, എൻ.സി.പിയും കോൺഗ്രസും സംഭവത്തെക്കുറിച്ച് മൗനംപാലിക്കുകയാണ്. സംഘ൪ഷത്തിനു പിന്നിൽ വിദേശ കരങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി റിപ്പോ൪ട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.