അമ്പെയ്ത്തിന്‍െറ ഒളിമ്പിക്സ് സ്വപ്നങ്ങളില്‍ കണ്ണുനട്ട് നെടുങ്കണ്ടത്ത് 17 കുട്ടികള്‍

നെടുങ്കണ്ടം: ഒളിമ്പിക്സ് അമ്പെയ്ത്തിൽ ദീപികാ കുമാരിയും സംഘവും മെഡൽ പ്രതീക്ഷ ഉയ൪ത്തുമ്പോൾ,  മത്സരത്തിനായി കണ്ണുനട്ടു കാത്തിരിക്കുകയാണ് ഒരു കൂട്ടം ഭാവി താരങ്ങൾ.
2010 ൽ  സ്പോ൪ട്സ് കൗൺസിൽ നെടുങ്കണ്ടത്താരംഭിച്ച സെൻട്രലൈസ്ഡ് സ്പോ൪ട്സ് ഹോസ്റ്റലിലെ പതിനേഴ് കുട്ടികളാണ് അമ്പെയ്ത്ത് മത്സരം കാത്തിരിക്കുന്നത്. തങ്ങൾക്കു മുമ്പേ നടന്ന താരങ്ങൾ ഒളിമ്പിക്സിൽ നേട്ടങ്ങൾ കൊയ്യട്ടെ എന്നാണ് ഇവരുടെ പ്രാ൪ഥന.
  സംസ്ഥാന സ൪ക്കാ൪ ഉടമസ്ഥതയിൽ കേരളത്തിലുള്ള രണ്ട് ആ൪ച്ചറി പരിശീലന കേന്ദ്രത്തിൽ ഒന്നാണ് നെടുങ്കണ്ടത്തേത്.
മറ്റൊന്ന് വയനാട്ടിലാണ്. സംസ്ഥാന തലത്തിൽ നടത്തിയ തെരഞ്ഞെടുപ്പിലൂടെ   വിവിധ ജില്ലകളിൽ നിന്ന് എത്തിയവരാണ് ഇവിടത്തെ താരങ്ങൾ.
11 ആൺകുട്ടികളും ആറ് പെൺകുട്ടികളുമാണ് നെടുങ്കണ്ടത്തുള്ളത്.
എട്ടാം ക്ളാസ് മുതൽ ബിരുദ തലം വരെ വിവിധ ക്ളാസുകളിൽ പഠനം നടത്തുന്നവരാണിവ൪. നെടുങ്കണ്ടം എം.ഇ.എസ് കോളജ്, നെടുങ്കണ്ടം ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂൾ, ഹോളിക്രോസ് സീനിയ൪ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ഇവരുടെ പഠനം.
ഇതിൽ ദേശീയ താരങ്ങളായ പത്തനംതിട്ട സ്വദേശി അഖിൽ.പി.അശോക്, ഇടുക്കിക്കാരൻ മുഹമ്മദ് ഷഫീഖ് എന്നിവ൪ ആൺകുട്ടികളിലും എട്ടാം ക്ളാസുകാരായ ശ്രീലക്ഷ്മി, കെസിയ റെയ്സൺ, ഡാനിയ ജിജി, സാന്ദ്ര ബെന്നി എന്നിവ൪ പെൺകുട്ടികളിലും ഭാവി വാഗ്ദാനങ്ങളാണെന്ന്  സംസ്ഥാന സ്പോ൪ട്സ് കൗൺസിൽ നിയോഗിച്ച കോച്ച് എം.ആ൪. ചന്ദ്രൻ പറഞ്ഞു.
 അടുത്ത മേയിൽ വയനാട്ടിൽ നടത്താനിരുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പ് സ്പോൺസറുടെ പിന്മാറ്റത്തോടെ മാറ്റിവെച്ചത് ഈ താരങ്ങളെ തെല്ല് നിരാശപ്പെടുത്തിയെങ്കിലും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കരുതലോടെ കാത്തിരിക്കുകയാണിവ൪.
പരമ്പരാഗത ഇന്ത്യൻ റൗണ്ട് കൂടാതെ ആധുനിക രീതിയിലുള്ള അമ്പും വില്ലും ഉപയോഗിച്ചുള്ള ഫീറ്റാ റൗണ്ട് (റീക൪വ് ബോ), കോമ്പൗണ്ട് ബോ എന്നിവയിലും ഇന്ന് മത്സരങ്ങൾ നടക്കുന്നുണ്ട്. അമ്പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ വില വരുന്ന അമ്പും വില്ലുമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. എന്നാൽ, ഇന്ത്യൻ റൗണ്ട് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന അമ്പിനും വില്ലിനും അയ്യായിരത്തിൽ താഴെയാണ് വില.
സ്പോ൪ട്സ് കൗൺസിൽ നൽകിയിട്ടുള്ളതും കുട്ടികൾ സ്വന്തമായി വാങ്ങിയതുമായ ഉപകരണങ്ങളാണ് നെടുങ്കണ്ടത്ത് ഉപയോഗിക്കുന്നത്. അന്ത൪ദേശീയ മത്സരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിദേശ നി൪മിത അമ്പും വില്ലും സ൪ക്കാ൪ നൽകിയിട്ടില്ല.  
കേരളത്തിൽ ആ൪ച്ചറിക്ക് മത്സരവേദി ലഭിക്കാത്തതാണ് കായിക താരങ്ങൾ നേരിടുന്ന  പ്രധാന പ്രശ്നമെന്ന് ഗ്രാമ സ്പോ൪ട്സ് കൗൺസിൽ കോ ഓഡിനേറ്ററും കായിക പരിശീലകനുമായ റെയ്സൺ.പി.ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സംസ്ഥാന-ജില്ലാ ആ൪ച്ചറി അസോസിയേഷനുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി പുല൪ത്തുന്നില്ലെന്നും റെയ്സൺ ചൂണ്ടിക്കാട്ടി. ദേശീയ ‘പൈക്ക’ മത്സരങ്ങളിൽ ആ൪ച്ചറി മത്സരയിനമാണെങ്കിലും കേരളത്തിൽ മത്സരയിനമല്ലാതാക്കി മാറ്റിയ സ്പോ൪ട്സ് കൗൺസിലിൻെറ തീരുമാനം നിരാശാജനകമാണെന്നും അടിയന്തരമായി സംസ്ഥാന സ്കൂൾ ഗെയിംസിൽ ആ൪ച്ചറി മത്സര ഇനമായി ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.