അലൈഡ് ആശുപത്രി ലിക്വിഡേറ്റര്‍ ഏറ്റെടുത്തു

കുന്നംകുളം: സാമ്പത്തിക കെടുകാര്യസ്ഥതയും ധൂ൪ത്തും മൂലം ആ൪ത്താറ്റ് അലൈഡ് ആശുപത്രി കോടതി നി൪ദേശപ്രകാരം  പൂട്ടി  ലിക്വിഡേറ്റ൪ ഏറ്റെടുത്തു.
 ഈ മാസം 25നാണ് ആശുപത്രിയിലെ അവസാന ജീവനക്കാരെയും പുറത്താക്കിയ ശേഷം ലിക്വിഡേറ്റ൪ ആശുപത്രി ഏറ്റെടുത്തത്. ഡോ. ഭാസ്കരനുണ്ണി മാനേജിങ് ഡയറക്ടറും ഭാര്യ ഡോ. ഭാ൪ഗവി ഉണ്ണി ജോയൻറ് മാനേജിങ് ഡയറക്ടറായും 1992ലാണ് ആശുപത്രി ആരംഭിച്ചത്.
വ്യക്തികളിൽനിന്ന് ഓഹരി പിരിച്ച് കൊണ്ടായിരുന്നു മൂലധനം കണ്ടെത്തിയത്. സാമ്പത്തിക ഞെരുക്കത്തെത്തുട൪ന്ന് കേരള ഫിനാൻഷ്യൽ കോ൪പറേഷനിൽ നിന്ന് വായ്പയെടുത്താണ് സ്ഥലം വാങ്ങിയത്. ഈ സ്ഥലം ഈടുവെച്ച് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോ൪പറേഷനിൽനിന്ന് ഒരു കോടി രൂപ വായ്പയെടുത്തു. ഇതിൽനിന്ന് അരക്കോടി  ചെലവഴിച്ച് ഓഹരിയുടമകളെ ആക൪ഷിക്കാൻ ദേശീയ പത്രങ്ങളിൽ പരസ്യങ്ങൾ നൽകി. എന്നാൽ, വെറും 50,000 രൂപ മാത്രമാണ് ഓഹരി നിക്ഷേപമായി ലഭിച്ചത്.
 ഇതിനിടെ ഇന്ത്യൻ ഓവ൪സീസ് ബാങ്കിൻെറ തൃശൂ൪ ശാഖയിൽനിന്ന് രണ്ട് കോടി രൂപ വായ്പയെടുത്തു. ഇതിൽ ഒരു കോടിയുടെ കണക്ക് മാത്രമാണ് ആശുപത്രി രേഖകളിലുള്ളത്. ഒരു കോടിയുടെ കണക്ക് വ്യക്തമാക്കാഞ്ഞതിനെത്തുട൪ന്ന് ഡോ. ഭാസ്കരനുണ്ണിക്കെതിരെ സാമ്പത്തിക ആരോപണം ഉയ൪ന്നിരുന്നു.
ദൽഹിയിലുള്ള ഒരു മലയാളി ഒരു കോടി രൂപ നൽകിയതിനെത്തുട൪ന്ന് 2000 നവംബറിൽ ആശുപത്രി ഉദ്ഘാടനം നടന്നു. ആക൪ഷകമായ ശമ്പളം വാഗ്ദാനം ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഡോക്ട൪മാ൪ക്കും മറ്റ് ജീവനക്കാ൪ക്കും വേതനം നൽകാൻ പോലും കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
ശമ്പളം മുടങ്ങുമെന്ന അവസ്ഥയായതോടെ ഡോക്ട൪മാരും ജീവനക്കാരും ആശുപത്രി ഉപേക്ഷിച്ച് പോയി.ഇതിനിടെ ചെക്ക് കേസിനെത്തുട൪ന്ന് ഡോ. ഭാസ്കരനുണ്ണിയെയും ഭാ൪ഗവി ഉണ്ണിയെയും കോടതി ശിക്ഷിച്ചു.
 കെട്ടിട നികുതി, വൈദ്യുതി ബിൽ എന്നിവ കുടിശ്ശികയായതോടെ സാമ്പത്തിക ഞെരുക്കം രൂക്ഷമായി. ഇതിനിടെ ചില സിനിമകളുടെ ഷൂട്ടിങ്ങിന് ആശുപത്രി വിട്ടുകൊടുത്ത് പണം കണ്ടെത്താനും ശ്രമമുണ്ടായി. വായ്പാസംഖ്യയും കുടിശ്ശികയും ലഭിക്കാത്തതിനെത്തുട൪ന്ന് ബാങ്കുകൾ കോടതിയെ സമീപിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.