മാധ്യമങ്ങളും പൊലീസും സി.പി.എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നു -എം.വി. ജയരാജന്‍

കൊടുവള്ളി: ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് ഒരുപറ്റം മാധ്യമങ്ങളും പൊലീസും സി.പി.എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നതായും ഏറ്റവും കൂടുതൽ പ്രവ൪ത്തകരെ നഷ്ടപ്പെട്ട പാ൪ട്ടിയെ കൊലപാതകികളായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ ആരോപിച്ചു. സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ജയരാജൻ മാധ്യമങ്ങൾക്കും പൊലീസിനുമെതിരെ രൂക്ഷവിമ൪ശം ഉന്നയിച്ചത്.
സി.പി.എം മാധ്യമസ്വാതന്ത്ര്യത്തിന് എതിരല്ല. എന്നാൽ, വ്യാജവാ൪ത്ത കൊടുക്കുന്നതും ‘പെയ്ഡ് ന്യൂസും’ അംഗീകരിക്കാനാവില്ല. മാധ്യമങ്ങൾ പറയുന്നതിനനുസരിച്ച് സി.പി.എം പ്രവ൪ത്തക൪ക്കെതിരെ കേസെടുക്കുന്നത് തുട൪ന്നാൽ കേരളത്തിലെ മുഴുവൻ ജയിലുകളും സി.പി.എം പ്രവ൪ത്തകരെക്കൊണ്ട് നിറക്കേണ്ടിവരും. പ്രാകൃതരീതിയിൽ മൂന്നാംമുറ പ്രയോഗിക്കുന്ന പൊലീസ് ഇനി പരാതി സ്വീകരിക്കാൻ വീട്ടിലേക്ക് വരാൻപോവുകയാണ്.
ഇവ൪ക്കായി എല്ലാ വീടുകളിലും മുളകുപൊടിയും കത്തിയും ഉലക്കയും കരുതണമെന്നും ജയരാജൻ പരിഹസിച്ചു.
പാ൪ട്ടി വിട്ടവരെ കൊലപ്പെടുത്തിയ ചരിത്രം സി.പി.എമ്മിനില്ല. എം.എം. മണിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങളോട് പാ൪ട്ടിക്ക് യോജിക്കാൻ കഴിയില്ല. മണിയുടെ പ്രസംഗത്തിനെതിരെ കേസെടുത്ത യു.ഡി.എഫിൻെറ പൊലീസ് മുസ്ലിംലീഗ് എം.എൽ.എ പി.കെ. ബഷീറിനെതിരെ കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാ൪ എടുത്ത സമാന കേസ് പിൻവലിച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്നും എം.വി. ജയരാജൻ ആവശ്യപ്പെട്ടു. പി.സി. വേലായുധൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു.
പി.ടി.എ. റഹീം എം.എൽ.എ, പി.കെ. പ്രേംനാഥ്, കെ. ബാബു, കെ.സി.എൻ. അഹമ്മദ്കുട്ടി എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.