പിണറായിയുടെ ക്ഷണം മഹാശ്വേതാ ദേവി സ്വീകരിച്ചു

ന്യൂദൽഹി: തന്റെ വീടിനെക്കുറിച്ചുള്ള പ്രചാരണത്തിന്റെ സത്യമറിയാൻ തന്റെ വീട് സന്ദ൪ശിക്കാനുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ക്ഷണം ജ്ഞാനപീഠം ജേതാവ് ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി സ്വീകരിച്ചു. പിണറായി വിജയന് ചൊവ്വാഴ്ച എഴുതിയ തുറന്ന കത്തിലാണ് അവ൪ ഇക്കാര്യം അറിയിച്ചത്. ജൂൺ ഒന്നിന് മഹാശ്വേതാ ദേവി എഴുതിയ ആദ്യ തുറന്ന കത്തിൽ പിണറായി വിജയന്റെ മാളികക്ക് അടുത്തേക്കുപോലും കേരളത്തിലെ ആ൪ക്കും പോകാൻ സാധിക്കുന്നില്ലെന്നും ചന്ദ്രശേഖരന് ജീവൻ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ മാളിക കാണിക്കാൻ കൂട്ടിക്കോണ്ടുപോയതാണെന്നും പരാമ൪ശിച്ചിരുന്നു. ഇതിന് നൽകിയ മറുപടി കത്തിലാണ് പിണറായി വിജയൻ തന്റെ വീട് കാണാൻ മഹാശ്വേതാ ദേവിയെ ക്ഷണിച്ചത്.  
പിണറായിയുടെ മറുപടിക്കത്ത് ഹൃദയത്തിൽ തൊടുന്നതാണെന്ന് പറഞ്ഞാണ് മഹാശ്വേതാ ദേവിയുടെ പുതിയ കത്ത് തുടങ്ങുന്നത്. പുസ്തകങ്ങളേക്കാൾ ജനങ്ങളിൽനിന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.  മാഫിയയെക്കുറിച്ചാണ് മജീന്ദ്രൻ എന്നോട് പറഞ്ഞത്. 2005 ഏപ്രിൽ 14ന്റെ ഒരു മലയാള പത്രം എന്റെ പക്കലുണ്ട്. ഒരു പത്രപ്രവ൪ത്തകനു നേരെ മാഫിയ  വധഭീഷണി മുഴക്കിയത് എനിക്കറിയാം. എന്നാൽ, ഈ പ്രായത്തിൽ എനിക്ക് അത്തരം ഭയമില്ല. അടുത്ത തവണ കേരളത്തിൽ വരുമ്പോൾ താങ്കളുടെ വീട്ടിൽ തീ൪ച്ചയായും വരും. അതിനു മുമ്പ് എഴുത്തുകാരും മാധ്യമപ്രവ൪ത്തകരും ആക്ടിവിസ്റ്റുകളുമുൾപ്പെട്ട സംഘത്തെ വീട്ടിലേക്ക് കൊണ്ടുപോകാൻ താങ്കൾ തയാറാകണം. താങ്കളുടെ കത്തിനൊപ്പം വീടിന്റെ ഒരു ഫോട്ടോകൂടി ഉണ്ടായിരുന്നുവെങ്കിൽ വിഷയം എളുപ്പത്തിൽ മനസ്സിലാക്കാമായിരുന്നു. താങ്കളുടെ വീടിന്റെ വലുപ്പമല്ല, അതിനെ ചൂഴ്ന്നുനിൽക്കുന്ന ഭയമാണ് കാതലായ പ്രശ്നം.
കൂടങ്കുളം ആണവനിലയം തിരുനൽവേലി മുതൽ കന്യാകുമാരി വരെയും തിരുവനന്തപുരം മുതൽ കൊല്ലം വരെയുമുള്ള തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ജീവിതോപാധിയെ സാരമായി ബാധിക്കുന്നതാണ്. കൂടുങ്കുളം പദ്ധതി തമിഴ്നാട് സി.പി.എമ്മിന്റെ മാത്രം പ്രശ്നമാക്കി താങ്കൾ വിട്ടുകളഞ്ഞത് എന്തുകൊണ്ടാണ്. ഞാൻ പിണറായിയിൽ വരാം. നിങ്ങൾ കൂടങ്കുളം സന്ദ൪ശിച്ച് സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിക്കുമോ. പാ൪ട്ടി ജനങ്ങളിൽനിന്ന് അകലുന്നുവെന്ന കാര്യമാണ് ഞാൻ ഉന്നയിച്ചത്. ബംഗാളിൽ പാ൪ട്ടി ജനങ്ങൾക്കൊപ്പമായിരുന്നപ്പോഴാണ് ഞാൻ അവ൪ക്കൊപ്പം നിന്നത്. ഇന്ന് ബംഗാളിൽ എന്നപോലെ കേരളത്തിലും പാ൪ട്ടി ജനങ്ങളിൽനിന്ന് അകന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ടി.പി. ചന്ദ്രശേഖരൻ വധത്തെ അപലപിച്ചതുകൊണ്ടുമാത്രം കാര്യമില്ല.
കുറ്റവാളികളെ പിടിക്കാൻ പൊലീസിനെ തടസ്സപ്പെടുത്താതെ സഹായിക്കുകയാണ് വേണ്ടത്. ടി.പി വധത്തിന്റെ പശ്ചാത്തലത്തിൽ കെ.ജി. ശങ്കരപ്പിള്ള എഴുതിയ വെട്ടുവഴി എന്ന കവിതയും കത്തിനൊപ്പം ചേ൪ത്തിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതീകാത്മക പ്രതിഷേധമായി ഈ കവിത നമുക്കൊന്നിച്ച്  ആലപിക്കാമെന്ന വരിയോടെയാണ് കത്ത് അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.