നാടകമേ ഉലകം!

അധികാരമോഹവും പണത്തോടുള്ള ആ൪ത്തിയുംമൂലം സകലമാന കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുന്നവരുടെ നാടായി ഭാരതം മാറിക്കൊണ്ടിരിക്കുകയാണ്. വാഴുന്നവരുടെ അഴിമതിക്കഥകൾ കേട്ട് ജനം മടുത്തു. സമൂഹവും സമുദായവും ജനങ്ങളുടെ സ്വകാര്യജീവിതത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്നുണ്ടെങ്കിലും അനീതിക്കെതിരെ പ്രതികരിക്കുന്നവ൪ തുലോം കുറവാണ്. അഴിമതിക്കെതിരെ ശബ്ദമുയ൪ത്തുന്നവ൪പോലും പരിശുദ്ധരല്ളെന്ന നഗ്നസത്യവും ജനത്തെ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്. അവനവൻെറവരുമാനത്തിൽ കവിഞ്ഞുള്ള ജീവിതമാണ് ഇന്ന് ഏതൊരാളുടെയും സ്വപ്നം. ഇതിനുവേണ്ടി എന്തുചെറ്റത്തരം ചെയ്യാനും മടിയില്ല. കൊന്നും കൊല്ലിച്ചും കുന്നുകൂട്ടുന്ന സമ്പത്ത് അനുഭവിക്കാൻ യോഗമില്ലാതെ നട്ടംതിരിയുന്നവരും ഏറെയുണ്ട്. ജീവിതം ആഘോഷമാക്കാനുള്ള തത്രപ്പാടിനിടയിൽ ജീവിക്കാൻ മറന്നുപോകുന്നവരാണ് ഇന്നത്തെ യുവതലമുറ. ജോലിഭാരംമൂലം വിവാഹം നീട്ടിവെക്കുകയും കുട്ടികൾ വേണ്ടെന്നുവെക്കുകയും ചെയ്യുന്ന യുവജനങ്ങളുടെ എണ്ണവും ക്രമാതീതമായി വ൪ധിച്ചിരിക്കുകയാണെന്നാണ് പത്രറിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നത്. ഇതെല്ലാം കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾ സമൂഹത്തിലും കാര്യമായിത്തന്നെ പ്രതിഫലിക്കുന്നുണ്ട്.
അരക്ഷിതാവസ്ഥ കുടുംബത്തെ മാത്രമല്ല, സമൂഹത്തെ ഒട്ടാകെ കാ൪ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ജീ൪ണത കലാസാഹിത്യരംഗത്തും പ്രത്യക്ഷമായും പരോക്ഷമായും പ്രകടമാണ്. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള മനസ്സ് പല൪ക്കും കൈമോശം വന്നിരിക്കുന്നു. എനിക്കുകിട്ടാനുള്ളത് മറ്റുള്ളവ൪ തട്ടിയെടുക്കുമോ എന്ന ഭീതിയോടെയാണ് എഴുത്തുകാരും കലാകാരന്മാരുമൊക്കെ പരസ്പരം നോക്കുന്നത്. അതുകൊണ്ടാണല്ളോ മറ്റുള്ളവ൪ക്ക് പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ ജൂറിയെ കുറ്റംപറയുന്നതും അസഹിഷ്ണുത കാണിക്കുന്നതും. സമൂഹത്തിലെ ഇത്തരം അസഹിഷ്ണുതകൾ സാഹിത്യത്തിൻെറയും കലയുടെയും നിലവാരത്തക൪ച്ചക്കുകാരണമാകുന്നില്ളേ എന്നു വായനക്കാ൪ സംശയം പ്രകടിപ്പിക്കുമ്പോൾ മുതി൪ന്ന കലാകാരന്മാ൪ക്കുപോലും മൗനം പാലിക്കേണ്ടിവരുന്നു.
സാംസ്കാരിക കൂട്ടായ്മകൾ വിരളമാണെങ്കിലും പകിട്ടേറിയ പുസ്തകപ്രകാശനച്ചടങ്ങുകൾ ദിവസേന അരങ്ങേറുന്നുണ്ട്. എഴുതുന്ന ആളിൻെറ സാമ്പത്തികശേഷിയും പത്രപ്രവ൪ത്തക൪ക്കിടയിലുള്ള സ്വാധീനവുമനുസരിച്ച് പുസ്തകപ്രകാശനച്ചടങ്ങുകളുടെ പ്രാധാന്യം ഏറിയും കുറഞ്ഞുമിരിക്കും. എഴുതിയാൽ മാത്രം പോരാ, സ്വന്തം സൃഷ്ടികൾക്ക് വിപണി കണ്ടെത്തുകയും ചെയ്യേണ്ട ഗതികേടിലാണ് ഇന്ന് എഴുത്തുകാ൪. അതുകൊണ്ടായിരിക്കാം ഒരേ പുസ്തകം പല വേദികളിൽ പ്രകാശനം ചെയ്ത് ജനശ്രദ്ധ പിടിച്ചുപറ്റുക എന്ന പുതിയ അടവ് പലരും പയറ്റിനോക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ പ്രശസ്തരാണ് പങ്കെടുക്കുന്നതെങ്കിലും അവരിൽ പലരും ആ പുസ്തകത്തെക്കുറിച്ച് ചിലപ്പോൾ ഒന്നും പറഞ്ഞെന്നുവരില്ല. കാരണം, അവരിൽ പലരും പുസ്തകം വായിച്ചിട്ടുപോലുമുണ്ടാവില്ല. അവനവൻ എഴുതുന്നതല്ലാതെ മറ്റൊന്നും വായിക്കാൻ പല൪ക്കും മനസ്സോ സമയമോ ഇല്ല എന്നതാണ് നേര്. പൊതുവേദികൾ പല൪ക്കും വിവാദപ്രസ്താവനകൾനടത്തി മാധ്യമങ്ങളിൽ ഇടംകണ്ടെത്താനുള്ള അവസരം കൂടിയാണ്. മറ്റാരും മിണ്ടിയില്ളെങ്കിൽ സ്വന്തം രചനകളെക്കുറിച്ച് അവനവൻതന്നെ വിവാദമുണ്ടാക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. ജീവിതംതന്നെ പ്രകടനമാക്കിയവരുടെ ഇടയിൽ കഴിഞ്ഞുകൂടണമെങ്കിൽ ഇത്തരം ചില കുറുക്കുവഴികളൊക്കെ കൂടിയേതീരൂ എന്ന അവസ്ഥയിലാണ് എഴുത്തുകാ൪.
വിപണിയിൽ സ൪വേ നടത്തിയും റിസ൪ച് ചെയ്തുമൊക്കെയാണ് ഇന്ന് പലരും നോവലും കഥയുമൊക്കെ എഴുതുന്നത്. എന്നിട്ടും,  പിടിച്ചുനിൽക്കാനാവാത്തത് രചനയുടെ നിലവാരത്തക൪ച്ച കാരണമാണെന്ന് പലരും സമ്മതിക്കാറില്ല. കാലത്തിനുയോജിച്ച മാറ്റങ്ങൾ സ൪ഗാത്മക രചനകളിലും വരുത്തിയേ മതിയാകൂ. ആ മാറ്റങ്ങൾ കാലാനുചിതവും വായനക്കാരുടെ ഉള്ളിൽതട്ടുന്നതും ഉള്ളിളക്കുന്നതുമായിരിക്കണം. എങ്കിലേ ആ രചനക്ക് നിലനിൽപുള്ളൂ. ഇത് മനസ്സിലാക്കാതെ പുതിയ മാ൪ക്കറ്റടവുകൾ പരീക്ഷിച്ചതുകൊണ്ടുമാത്രം വായനക്കാരുടെ ഉള്ളിൽ ഇടംകണ്ടെത്താൻ സാധിച്ചെന്നുവരില്ല. നാം കാണുന്ന നൂറിൽ അമ്പതുപേരും എഴുത്തുകാരാണ്. കവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ദേഹത്ത് തട്ടാതെ തിരക്കേറിയ നഗരവീഥികളിലൂടെ നടക്കുക പ്രയാസമായിരിക്കുന്നു എന്ന് ഈയിടെ ഒരാൾ തമാശ പറഞ്ഞതുകേട്ടു. നാലുചിത്രം വരക്കുമ്പോഴേക്ക് എക്സിബിഷൻ. അഞ്ചോ പത്തോ കഥയോ കവിതയോ എഴുതുമ്പോഴേക്ക് പുസ്തകപ്രസിദ്ധീകരണവും വമ്പിച്ച പ്രകാശനച്ചടങ്ങുകളും. ദിവസേന സാംസ്കാരിക പരിപാടികളിലും പുസ്തകപ്രകാശനച്ചടങ്ങുകളിലും പങ്കെടുക്കാൻ സമയവും താൽപര്യവുമുണ്ടെങ്കിൽ അവ൪ അറിയപ്പെടുന്ന എഴുത്തുകാരായി. പിന്നെ അവ൪ സംസാരിക്കുന്നത് ലാറ്റിനമേരിക്കൻ സാഹിത്യത്തെക്കുറിച്ചും വിദേശ സാഹിത്യത്തെക്കുറിച്ചും മാത്രമായിരിക്കും. മലയാളത്തിലെ പ്രസിദ്ധീകരണങ്ങൾ അവ൪ കാണുന്നേയില്ല. കണ്ടാലും മിണ്ടുകയുമില്ല. കൊട്ടും ഘോഷവുമൊന്നുമില്ലാതെത്തന്നെ നല്ല രചനകൾ മലയാളത്തിൽ ഇന്നുണ്ടാകുന്നുണ്ട്. അത്തരം രചനകൾ വായനക്കാ൪ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നുമുണ്ട്. പക്ഷേ, നമ്മുടെ നിരൂപകരും പണ്ഡിതന്മാരും അതൊന്നും കാണുന്നില്ല, വായിക്കുന്നില്ല.
ആത്മാംശം ഒട്ടുമില്ലാത്ത ആത്മകഥകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇതിൽ പലതും സത്യസന്ധമായ എഴുത്തല്ളെന്ന് എഴുതുന്നയാളിനും അറിയാം. വായനക്കാ൪ക്കും അറിയാം; മാധ്യമങ്ങൾക്കുമറിയാം. അവനവൻതന്നെ എഴുതേണ്ട ആത്മകഥ മറ്റുപലരും എഴുതി ആവശ്യക്കാരുടെ പേരിൽ ചാ൪ത്തിക്കൊടുക്കുന്നു. എന്നാലും കൊട്ടിഘോഷങ്ങൾക്ക് കുറവില്ല. അന്യരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനുള്ള താൽപര്യംകൊണ്ടാകാം അത്തരം സൃഷ്ടികൾ വായിക്കാൻ മലയാളികൾക്ക് വലിയ കൗതുകമാണ്.
എല്ലാ മേഖലകളിലും കണ്ടുവരുന്ന പ്രകടനപരത സാഹിത്യത്തിലും വ്യാപകമായി പ്രചരിപ്പിച്ചതിൽ ഇവിടത്തെ മാധ്യമങ്ങൾക്ക് കാര്യമായ പങ്കുണ്ട്. എഴുത്തുകാരുടെ പരാധീനതയും രോഗാവസ്ഥയും അവരെ സംബന്ധിച്ചിടത്തോളം ആഘോഷമാണ്. വേദനകൊണ്ട് പുളയുമ്പോൾ രോഗക്കിടക്കയിൽച്ചെന്ന് അഭിമുഖംനടത്തുകയും അവരുടെ നിസ്സഹായതയും പരാധീനതയും ലോകത്തെ കാണിക്കുകയും പറകൊട്ടി അറിയിക്കുകയും ചെയ്യുന്നത് അവരോട് ചെയ്യുന്ന കൊടുംക്രൂരതയാണെന്നതിൽ സംശയമേയില്ല. അത്തരം സന്ദ൪ഭങ്ങളിൽ ഒരൽപം മനുഷ്യത്വം കാട്ടാൻ മറന്നുപോകുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല!
സാധാരണക്കാരുടെ മോഹങ്ങളും സ്വപ്നങ്ങളും ചവിട്ടിമെതിച്ചുകൊണ്ടാണ് രണ്ടായിരത്തിപ്പതിനൊന്ന് വിടപറയുന്നത്. മനസ്സിൽ കൂട്ടലും കിഴിക്കലും നടത്തിയാൽ സന്തോഷകരമായ ഓ൪മകൾ വളരെക്കുറച്ചേ ചികഞ്ഞെടുക്കാനുള്ളൂ. എന്നാൽ, മനസ്സിനെ മഥിക്കുന്ന ഓ൪മകൾ എമ്പാടുമുണ്ടുതാനും. കാസ൪കോട്ടെ എൻഡോസൾഫാൻ ദുരന്തകഥകൾ, വയനാട്ടിലെ ക൪ഷകരുടെ ആത്മഹത്യകൾ, സൗമ്യയുടെ ദാരുണമായ മരണം, ഇറോം ശ൪മിളയുടെ പോരാട്ടം, നിത്യേനെയെന്നോണം വാഹനാപകടങ്ങളിൽപെട്ടു പൊലിയുന്ന ജീവിതങ്ങൾ, നമ്മെ വിട്ടുപോയ സാഹിത്യ കലാപ്രതിഭകൾ, അഴീക്കോട് സാറിൻെറ അസുഖം -എല്ലാം പോറലുണ്ടാക്കുന്ന സംഭവങ്ങൾതന്നെ. ഇതെല്ലാം മനസ്സിനെ അസ്വസ്ഥമാക്കുമ്പോഴും പ്രത്യാശയുടെ തിളക്കവുമായി രണ്ടായിരത്തിപ്പന്ത്രണ്ട് കടന്നുവരുമെന്നുള്ള പ്രതീക്ഷ ജീവിക്കാനുള്ള പ്രേരണയാകുന്നു. മഹാഭാരതത്തിൽ ധ൪മപുത്ര൪ ലോകത്തെ മഹാദ്ഭുതത്തെക്കുറിച്ച് പറയുന്നുണ്ട് -ദിനംപ്രതി മനുഷ്യൻ മരിച്ചു മണ്ണടിഞ്ഞുകൊണ്ടിരിക്കുന്നു. എന്നാലും, ശേഷിക്കുന്നവ൪ കാലാകാലം സ്ഥിരമായി ഇവിടത്തന്നെ കഴിയാമെന്ന പ്രതീക്ഷയോടെ ജീവിക്കുന്നു. ഇതിനേക്കാൾ മഹാദ്ഭുതം എന്തുണ്ട്!
l

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.