വൈക്കോയുടെ മാര്‍ച്ച് ഇന്ന്; നേരിടാന്‍ സര്‍ക്കാര്‍ സന്നാഹം

അടിമാലി: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ എം.ഡി.എം.കെ നേതാവ് വൈക്കോയുടെ നേതൃത്വത്തിൽ ബുധനാഴ്ച നടക്കുന്ന മാ൪ച്ച് നേരിടാൻ ഇരുസംസ്ഥാനത്തും പടയൊരുക്കം.
കേരളത്തിലേക്കുള്ള മുഴുവൻ റോഡുകളും ഉപരോധിച്ചാണ് മാ൪ച്ച്.രാവിലെ 10ന് തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിൽ നിന്ന് കേരള അതി൪ത്തി ചെക്പോസ്റ്റായ ബോഡിമെട്ടിലേക്ക് മാ൪ച്ച് നടത്താനാണ് വൈക്കോയുടെ തീരുമാനം.


സ്ത്രീകളും കുട്ടികളുമടക്കം അരലക്ഷം പേ൪ മാ൪ച്ചിൽ പങ്കെടുക്കുമെന്നാണ് എം.ഡി.എം.കെ നേതാക്കൾ പറയുന്നത്. ഇതോടൊപ്പം തേനി,മധുര,കമ്പം ഉൾപ്പെടെ നാല് ജില്ലകളിൽ ഹ൪ത്താലിനും ആഹ്വാനമുണ്ട്. ഈ ജില്ലകളിൽപ്പെട്ട ദേശീയപാതയടക്കം 23 പ്രധാന റോഡുകളും ഉപരോധിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.മേഖലയിൽ സംഘ൪ഷം ഉണ്ടാകുമെന്ന റിപ്പോ൪ട്ടിനെത്തുട൪ന്ന് അക്രമങ്ങൾ തടയാൻ സായുധ സേനയടക്കം വൻപൊലീസ് സേനയെ തമിഴ്നാട് സ൪ക്കാ൪ വിന്യസിച്ചിട്ടുണ്ട്. തേനിയുടെ കവാടമായ പൂപ്പാറയിലും ബോഡിമെട്ട് ചെക്പോസ്റ്റിലും കേരള പൊലീസ് ശക്തമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.കേരളത്തിൽ പൂപ്പാറ മേഖലയിലുള്ള തമിഴ൪ക്കിടയിൽ ഭാഷാ ചേരിതിരിവ് ഉണ്ടാക്കാൻ വൈക്കോയുടെ പ്രക്ഷോഭം ഇടയാക്കുമെന്ന് ആശങ്കയുണ്ട്.


തമിഴ് പത്രങ്ങളിൽ കഴിഞ്ഞ ദിവസം നൽകിയ പരസ്യം തെറ്റായി ചിത്രീകരിച്ച് രംഗത്ത് വന്നവ൪ തമിഴ്നാട്ടിൽ വ്യാപകമായി പരസ്യം വന്ന ദിനപത്രങ്ങൾ അഗ്നിക്കിരയാക്കി പ്രതിഷേധിച്ചു. ഇതോടൊപ്പം കമ്പം, തേനി, ബോഡിനായ്ക്കന്നൂ൪ എന്നിവിടങ്ങളിൽ മലയാളികൾക്കും മലയാളികളുടെ സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. തമിഴ്നാട്ടിൽ മലയാളികളെ യാത്ര ചെയ്യാൻ അനുവദിക്കുന്നില്ല.
ക്രിസ്മസ് ആഘോഷിക്കാൻ സ്വന്തം നാട്ടിലെത്താൻ കഴിയാതെ ആയിരങ്ങളാണ് തമിഴ്നാട്ടിൽ കുടുങ്ങിയത്. തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാ൪ഥികളെ നാട്ടിലെത്തിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ഇടപെടലുണ്ടായിട്ടില്ല. വിദ്യാ൪ഥികളിൽ ഭൂരിഭാഗവും ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.