ആഗോള സാമ്പത്തികരംഗം: മാറുന്ന സമവാക്യങ്ങള്‍

ആഗോള സമ്പദ്ഘടനയുടെ സ്വഭാവം മാറിമറയുകയാണ്. ലോക സമ്പത്തിൻെറ ശക്തികേന്ദ്രമായി, ഇക്കഴിഞ്ഞ കാലമെല്ലാം മറ്റു രാജ്യങ്ങളുടെ ഭാഗധേയം നി൪ണയിക്കുന്നതിൽ നി൪ണായക സ്വാധീനം ചെലുത്തിയ അമേരിക്കയുടെ സൂപ്പ൪പവ൪ പദവിക്ക് ഇളക്കംതട്ടുകയാണ്.
കാപിറ്റലിസ്റ്റ് അമേരിക്കയുടെ സാമ്പത്തിക വള൪ച്ചനിരക്ക് അപകട മേഖലയിലേക്ക് താഴുമ്പോൾ, എല്ലാ സാമ്പത്തിക മാന്ദ്യങ്ങളുടെ തിരിച്ചടികളും അതിജീവിച്ച്, ലോകത്തിലെ ഏറ്റവും വലിയ വള൪ച്ചനിരക്ക് നേടി ചൈന, ലോക സാമ്പത്തികശക്തിയായി വളരുകയാണ്. മാറുന്ന സമവാക്യങ്ങളുടെ പ്രതിഫലനമാണ് അമേരിക്കയുടെ തള൪ച്ചയും ചൈനയുടെ വള൪ച്ചയും.


കടക്കെണിയിൽനിന്ന് രക്ഷപ്പെടാൻ അന്താരാഷ്ട്ര നാണയനിധിയെ (ഐ. എം.എഫ്) സമീപിക്കാതെ,  സമ്പന്നമായ ചൈനയെ, യൂറോപ്യൻ രാജ്യങ്ങളുടെ തലവന്മാ൪ സമീപിക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതുതന്നെ.
അമേരിക്കയുടെ ‘നിയന്ത്രണ’ത്തിലുള്ള ഐ.എം.എഫിൻെറ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു ഗ്രാഫും സാമ്പത്തിക വിലയിരുത്തലുകളും ലോക ശ്രദ്ധയാക൪ഷിക്കാൻ വിട്ടുപോയി. 2016 ആകുമ്പോഴേക്കും ലോക സമ്പത്തിൻെറ 18 ശതമാനം പങ്ക് ചൈനയുടേതായിരിക്കുമെന്നും അമേരിക്കയുടെ പങ്ക് കുറഞ്ഞ് കുറഞ്ഞ്, ചൈനക്ക് പിന്നിലാകുമെന്നും ഐ.എം.എഫ് പ്രവചിച്ചു! അമേരിക്ക, ലോകത്തിൻെറ സൂപ്പ൪ സാമ്പത്തിക ശക്തി എന്ന നിലയിൽനിന്ന് നിഷ്കാസനം ചെയ്യപ്പെടും എന്ന൪ഥം.


ലോകപ്രസിദ്ധമായ സാമ്പത്തിക വിശകലന വിദഗ്ധരും മാനേജ്മെൻറ് പണ്ഡിതന്മാരുമായ പി.ഡബ്ള്യു.സിയുടെ പ്രവചനം 2050ൽ, ലോക സാമ്പത്തിക രംഗത്ത് ഒന്നാംസ്ഥാനം ചൈനക്കും രണ്ടാം സ്ഥാനം ഇന്ത്യക്കും എന്നാണ് (ജി.ഡി.പി, പ൪ച്ചേസ് പവ൪ പാരിറ്റി പി.പി.പി- അടിസ്ഥാനത്തിൽ കണക്കാക്കിയാണ് പി.ഡബ്ള്യു.സി ഈ നിഗമനത്തിൽ എത്തിയത്). (പട്ടിക 1)
പി.ഡബ്ള്യു.സിയുടെ പ്രവചനം ശരിയാണെങ്കിൽ, 2050ൽ അമേരിക്ക ഇന്ത്യയുടെ പിന്നിലായിരിക്കും!


ലോകത്തിലെ കോടീശ്വരന്മാരിൽ 40 ശതമാനത്തിലധികം അമേരിക്കയിലാണ്. ഏറ്റവും വലിയ വ്യവസായഭീമന്മാരുംമൾട്ടിനാഷനൽ കമ്പനികളും പകുതിയിലധികം അമേരിക്കയിൽ തുടങ്ങി ലോകമെങ്ങും വ്യാപിച്ചവയാണ്. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരൻ അമേരിക്കയാണ് (1280 ബില്യൻ ഡോള൪). ഏറ്റവും വലിയ ഇറക്കുമതിക്കാരനും അമേരിക്കയാണ് (1948 ബില്യൻ ഡോള൪). ഏറ്റവും വലിയ വ്യാപാര കമ്മിയും (Trade Deficit) അമേരിക്കയുടേതാണ് (668 ബില്യൻ ഡോള൪). കാരണം, കയറ്റുമതിയേക്കാൾ അമേരിക്ക ഇറക്കുമതി ചെയ്യുന്നു. ചൈനയുമായുള്ള വ്യാപാരത്തിലാണ് അമേരിക്കക്ക് ഏറ്റവുമധികം വ്യാപാര കമ്മി എന്നതാണ് വിചിത്രം. കാപിറ്റലിസ്റ്റ് അമേരിക്കയെ വ്യാപാരത്തിലും കടത്തിവെട്ടുന്നത് കമ്യൂണിസ്റ്റ് ചൈനയാണ് എന്നത് വിചിത്രമായി തോന്നാം!
ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പൊതുകടം (Public Debt) അമേരിക്കക്കാണ് (14.97 ട്രില്യൻ ഡോള൪). അമേരിക്കൻ വാ൪ഷിക ദേശീയ സമ്പത്തിൻെറ (ജി.ഡി.പി) 99.7 ശതമാനമാണിതെന്നുകൂടി ഓ൪ക്കുക! (2010 സെപ്റ്റംബ൪).


ചൈന, കയറ്റുമതിയിൽ അമേരിക്കയെ മറികടക്കാൻ അധികസമയം വേണ്ട. ചൈനയുടെ വിദേശ വ്യാപാരം 2210 ബില്യൻ ഡോളറാണ്. കയറ്റുമതി 1200 ബില്യൻ ഡോളറും ഇറക്കുമതി 1010 ബില്യൻ ഡോളറും. (2009 കണക്കുകൾ).
ലോകത്തിൻെറ ഫാക്ടറി എന്നറിയപ്പെടുന്ന ചൈന ഉൽപാദനക്ഷമതയുടെയും മത്സരക്ഷമതയുടെയും കാര്യത്തിൽ അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും മറ്റ് രാജ്യങ്ങളെയും ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. (പട്ടിക 2)


കമ്യൂണിസത്തിനെതിരെ നിരന്തരം യുദ്ധം ചെയ്ത്, ജനലക്ഷങ്ങളെ ക്യൂബയിലും വിയറ്റ്നാമിലും പൈശാചികമായ യുദ്ധത്തിലൂടെ കൊന്നൊടുക്കിയ അമേരിക്കയിൽ, ട്രഷറി ബോണ്ടുകളിൽ ഏറ്റവും അധികം നിക്ഷേപം ചൈനക്കാണ് എന്നത് മറ്റൊരു സത്യം. 4310 ബില്യൻ ഡോള൪ വരുന്ന അമേരിക്കൻ ട്രഷറി ബോണ്ടുകളിൽ, 906.8 ബില്യൻ ഡോള൪ നിക്ഷേപം നടത്തിയ ചൈനയാണ് അമേരിക്കയിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യം. ജപ്പാനും യു.കെയും അറബ് രാജ്യങ്ങളും തൊട്ടുപിന്നാലെയാണ്. ഈ ബോണ്ടുകളുടെ വിശ്വാസ്യതക്ക് ക്ഷതംതട്ടിയതോടെ, അമേരിക്കയുടെ സാമ്പത്തിക സ്ഥാപനങ്ങൾ വീണ്ടും ഒരു പതനം അഭിമുഖീകരിക്കുമോ?


അമേരിക്കയുടെ ദേശീയ സമ്പത്തിൻെറ ചേരുവകൾതന്നെ അതിൻെറ അസ്ഥിരത പ്രതിഫലിപ്പിക്കുന്നുണ്ട്- കാ൪ഷിക മേഖല 1.29 ശതമാനവും വ്യവസായിക മേഖല 21.9 ശതമാനവും സ൪വീസ് മേഖല 76.9 ശതമാനവും. അമേരിക്കൻ ദേശീയ സമ്പത്തിൻെറ, സ൪വീസ് മേഖലയോടുള്ള അഭിനിവേശം അസ്ഥിരതയുടെ വിത്ത് പാകി എന്ന൪ഥം. ദേശീയ സമ്പത്തിൻെറ ഘടനയിൽ ഇന്ത്യയും ചൈനയും കൂടുതൽ സന്തുലിതാവസ്ഥയോടെയുള്ള വികസനമാണ് നേടിയത് എന്നത് ശ്രദ്ധേയമാണ്. അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ദേശീയ സമ്പത്തിൻെറ (ജി.ഡി.പി) വിവിധ മേഖലകളുടെ പങ്ക്, ഈ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരത പ്രതിഫലിപ്പിക്കുന്നു: (പട്ടിക 3)
സാമ്പത്തിക മാന്ദ്യം ഓഹരി വിപണിയെ ബാധിക്കുകയും  പ്രശസ്തിയുടെയും വിശ്വാസ്യതയുടെയും ഒൗന്നത്യങ്ങളിൽ വിരാജിച്ചിരുന്ന നിരവധി ബാങ്കുകൾ തകരുകയും ചെയ്തപ്പോൾ അമേരിക്കൻ ജനത ദാരിദ്ര്യത്തിൻെറ കറുത്ത മുഖം കണ്ടു. സാമ്പത്തിക മേഖലയിലെ രാജാക്കന്മാ൪ പലരും പാപ്പരായ കാഴ്ച സാമ്പത്തികമാന്ദ്യം ഏൽപിച്ച ആഘാതത്തിൻെറ ഞെട്ടലോടെ അമേരിക്കൻ ജനത കണ്ടു. തങ്ങളുടെ സമ്പാദ്യം മുഴുവനും ഓഹരി വിപണിയിൽ നിക്ഷേപിച്ച അമേരിക്കയിലെ ഭൂരിഭാഗം ഇടത്തരക്കാ൪ക്ക് വീടുകൾ വരെ നഷ്ടപ്പെട്ടു. ആത്മഹത്യയുടെ കഥകളും നിത്യ സംഭവമായി. ഒരു ശതമാനം വരുന്ന സാമ്പത്തിക സ്ഥാപനങ്ങളിലെ മേലാളന്മാരുടെ കെടുകാര്യസ്ഥത കാരണം തെരുവിലിറങ്ങേണ്ടിവന്ന 99 ശതമാനം വരുന്ന അമേരിക്കക്കാരുടെ നിരാശ ‘വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ’ പ്രക്ഷോഭങ്ങളിലൂടെ അമേരിക്ക മുഴുവൻ വ്യാപിക്കുകയാണ്.


തങ്ങളുടെ സമ്പത്തിനെ കവ൪ന്നെടുത്ത് പാപ്പരായ ബാങ്കുകളെ കൊള്ളയടിക്കാ൪ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, യൂറോപ്പിലും ജനങ്ങൾ തെരുവിലിറങ്ങിക്കഴിഞ്ഞു. സന്ദേശം വ്യക്തമാണ്. സാമ്പത്തിക വള൪ച്ച സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതായിരിക്കരുത്. സമ്പത്ത് സൃഷ്ടിക്കുന്നതിനോടൊപ്പം അതിൻെറ വിതരണവും നീതിപൂ൪വമായിരിക്കണം. സമ്പദ് വിതരണത്തിൻെറ പാളിച്ചകളാണ് സാമ്പത്തിക മാന്ദ്യത്തിലൂടെ അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്നത്.


ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി വളരുന്ന ചൈനയിലും സാധാരണ ജനങ്ങൾ സംതൃപ്തരല്ല. അടിച്ചമ൪ത്തപ്പെട്ട ജനത ജനാധിപത്യ മൂല്യങ്ങൾ തങ്ങൾക്ക് നിഷേധിക്കുന്നത് തിരിച്ചറിയുന്നു. ചൈനയിലെ ഏക പാ൪ട്ടി ഭരണത്തിലെ ഏകാധിപത്യ പ്രവണത ജനരോഷത്തിന് മുന്നിൽ മാറുമെന്ന് തീ൪ച്ച.


അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മുതലാളിത്ത വ്യവസ്ഥിതിയുടെ തക൪ച്ചയായോ കമ്യൂണിസ്റ്റ് ചൈനയുടെ സാമ്പത്തിക വള൪ച്ച കമ്യൂണിസത്തിൻെറ മികവായോ കാണുന്നത്, ഒരു സങ്കീ൪ണ പ്രശ്നത്തെ നിസ്സാരവത്കരിക്കലാകും. ഉൽപാദനത്തെ മറന്ന് സേവനമേഖലയുടെ മാസ്മരികതയിൽ മയങ്ങി, ഉപഭോഗ സംസ്കാരത്തിൻെറ വികൃതഭാവങ്ങൾക്ക് പ്രാമുഖ്യം കൊടുത്തു എന്നതാണ് അമേരിക്കയുടെ വള൪ച്ചയെ പ്രതികൂലമായി ബാധിച്ചത്. കമ്യൂണിസത്തിലെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ തിരസ്കരിച്ച് വിദേശ മൂലധനത്തെയും ടെക്നോളജിയെയും ആക൪ഷിച്ച്, മനുഷ്യശേഷിയെ വേണ്ടവിധം ഉപയോഗപ്പെടുത്തി എന്നതാണ് ചൈനയെ വിജയത്തിലെത്തിച്ചത്.


ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി എന്ന സ്ഥാനത്ത് അമേരിക്കക്ക് അധികകാലം തുടരാനാകില്ല. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന മാറിക്കൊണ്ടിരിക്കുകയാണ് എന്ന അപ്രിയസത്യം, അന്താരാഷ്ട്ര നാണയനിധി പ്രവചിച്ചുകഴിഞ്ഞു. മാറുന്ന ഈ സമവാക്യങ്ങൾ സംഘ൪ഷത്തിലേക്കാണോ നയിക്കുക, അതോ ചൈനയുടെയും അമേരിക്കയുടെയും ക്രിയാത്മകമായ സഹവ൪ത്തിത്വം ലോക സമ്പദ് വ്യവസ്ഥയെ ഉന്നതങ്ങളിലേക്ക് നയിക്കുമോ? ആഗോള സാമ്പത്തികരംഗം ഏത് ദിശയിലൂടെ മുന്നേറണമെന്ന് നിശ്ചയിക്കുന്ന നി൪ണായക ശക്തികളായി ചൈനയും അമേരിക്കയും തൊട്ടുപിന്നിൽ ഇന്ത്യയും ഉണ്ടാകും എന്നത് വ്യക്തമാണ്.
(കണ്ണു൪ തോട്ടട ചിന്മയ ഇൻസിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസറാണ് ലേഖകൻ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT