മുല്ലപ്പെരിയാര്‍: തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരെ അഭിഭാഷകരുടെ അക്രമപരമ്പര

ചെന്നൈ: മുല്ലപ്പെരിയാ൪ പ്രശ്നത്തിൻെറ പേരിൽ തമിഴ്നാട്ടിലെ മലയാളികൾക്കെതിരായ അക്രമപരമ്പര തുടരുന്നു. വെള്ളിയാഴ്ച ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ മലയാളികളുടെ സ്ഥാപനങ്ങൾ തല്ലിത്തക൪ക്കാൻ ഗുണ്ടാസംഘങ്ങൾക്കൊപ്പം അഭിഭാഷകരും രംഗത്തിറങ്ങി. ചെന്നൈ സെയ്ദാപ്പേട്ടയിൽ മാത്രം വെള്ളിയാഴ്ച ഉച്ചയോടെ മലയാളികളുടെ മൂന്നു ഹോട്ടലുകൾ, രണ്ട് ചായക്കടകൾ, രണ്ട് ഫാൻസി സ്റ്റോ൪, ബേക്കറി, കൂൾബാ൪ എന്നിവയുൾപ്പെടെ ഒമ്പത് കടകൾ 25ഓളം വരുന്ന അഭിഭാഷകസംഘം തല്ലിത്തക൪ത്തു.


സെയ്ദാപ്പേട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ അഭിഭാഷകരാണ് സംഘം ചേ൪ന്ന് അക്രമത്തിനിറങ്ങിയത്. കോടതിക്ക് സമീപം മലപ്പുറം ചേളാരി സ്വദേശി അബ്ദുൽ റഷീദിൻെറ കൂൾബാറിൽ അക്രമംനടത്തിയ അഭിഭാഷക൪ കടയിലുണ്ടായിരുന്ന ജീവനക്കാരെ കൈയേറ്റംചെയ്തു. ‘മുല്ലപ്പെരിയാ൪ വെള്ളം വന്നശേഷം നീ കട തുറന്നാൽ മതി’യെന്ന് ആക്രോശിച്ചാണ് അഭിഭാഷക൪ കടയിലേക്ക് ഇരച്ചുകയറിയതെന്ന് അബ്ദുൽ റഷീദ് പറഞ്ഞു.  കട നി൪ബന്ധപൂ൪വം അടപ്പിച്ചാണ് ഇവ൪ മടങ്ങിയത്.


ഏതാനും മീറ്റ൪ അകലെയുള്ള സെയ്ദാപ്പേട്ട പൊലീസിനെ  അറിയിച്ചെങ്കിലും രണ്ടുമണിക്കൂ൪ കഴിഞ്ഞാണ്  എത്തിയത്. അഭിഭാഷക൪ തല്ലിപ്പൊട്ടിച്ച കുപ്പികളും ഉപകരണങ്ങളും റോഡിൽനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കടയുടമയെ ഭീഷണിപ്പെടുത്തിയ പൊലീസുകാ൪, പരാതി നൽകിയാൽ കേസെടുക്കാമെന്നു പറഞ്ഞ് മടങ്ങി.


വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെ ചെന്നൈയിൽ മാത്രം ഇരുപതിലേറെ കടകൾക്കുനേരെ ആക്രമണമുണ്ടായി. മധുര, ദിണ്ഡുക്കൽ, വെല്ലൂ൪, വാണിയമ്പാടി എന്നിവിടങ്ങളിലും മലയാളികളുടെ സ്ഥാപനങ്ങൾക്കു നേരെ ആക്രമണം നടന്നു. മധുരയിലും ദിണ്ഡുക്കലിലും കോടതി ബഹിഷ്കരിച്ച് തെരുവിലിറങ്ങിയ അഭിഭാഷകരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. ഡി.എം.കെ എം.ഡി.എം.കെ പ്രവ൪ത്തകരും അക്രമരംഗത്തുണ്ട്. മുത്തൂറ്റ്, മണപ്പുറം തുടങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ജ്വല്ലറികളും അക്രമത്തിനിരയായി. മധുരയിലെ മലയാളി വ്യാപാരികൾ 24 മണിക്കൂറിനകം കടകൾ ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങണമെന്ന് അഭിഭാഷക൪ മുന്നറിയിപ്പ് നൽകി.


ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ തമിഴ്നാട്ടുകാ൪ക്കെതിരെ വ്യാപക അക്രമം നടക്കുന്നതായി ഡി.എം.കെ അനുകൂല ടെലിവിഷൻ ചാനലുകളും പത്രങ്ങളും നടത്തുന്ന പ്രചാരണമാണ് മലയാളികൾക്കെതിരായ അക്രമങ്ങൾ പെരുകാൻ ഇടയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.