ലളിത് മോദി കേസ്: സിംഗപ്പൂരിന്‍െറ സഹായം തേടി ഇന്ത്യ കത്തയച്ചു

മുംബൈ: മുന്‍ ഐ.പി.എല്‍ മേധാവി ലളിത് മോദിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സഹകരണം ആവശ്യപ്പെട്ട് പ്രത്യേക കോടതി സിംഗപ്പൂരിന് കത്തയച്ചു. ലളിത് മോദിക്കെതിരായ തുടര്‍ അന്വേഷണത്തില്‍ സിംഗപ്പൂരിന്‍െറ സഹകരണം ഇത് ഉറപ്പുവരുത്തുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഏതെങ്കിലും കേസില്‍ സഹകരണം ആവശ്യപ്പെട്ട് വിദേശ കോടതിക്ക് അയക്കുന്ന ലെറ്റേഴ്സ് റൊഗേറ്ററി ആഭ്യന്തരമന്ത്രാലയം വഴിയാണ് സിംഗപ്പൂരിന് അയച്ചത്. കഴിഞ്ഞ വര്‍ഷം കള്ളപ്പണം തടയല്‍ നിയമപ്രകാരം സ്ഥാപിച്ച പ്രത്യേക കോടതി സിംഗപ്പൂരിനും മൊറീഷ്യസിനും കത്തയച്ചിരുന്നു.

2008ലാണ് കേസിന് ആസ്പദമായ സംഭവം. ഐ.പി.എല്ലിന്‍െറ മീഡിയ റൈറ്റ്സ് 10 വര്‍ഷത്തേക്ക് വേള്‍ഡ് സ്പോര്‍ട്സ് ഗ്രൂപ്പിന് നല്‍കി  ബി.സി.സി.ഐ കരാര്‍ ഒപ്പിട്ടിരുന്നു. 918 മില്യണ്‍ ഡോളറിനാണ് കരാര്‍ ഒപ്പിച്ചത്. സോണിക്ക് ഒൗദ്യോഗിക വിതരണാവകാശം നല്‍കിക്കൊണ്ട് മള്‍ട്ടി സ്ക്രീന്‍ മീഡിയയുമായും (എം.എസ്.എം) കരാറുണ്ടാക്കിയിരുന്നു. അടുത്ത വര്‍ഷം 1.63 ബില്യണ്‍ ഡോളറിന് ഒമ്പത് വര്‍ഷത്തേക്ക് കരാര്‍ പുതുക്കി.

2009ല്‍ സിംഗപ്പൂര്‍ എം.എസ്.എമ്മിന് ഡബ്ള്യു.എസ്.ജി മൊറീഷ്യസ് നല്‍കിയ 425 കോടി രൂപ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് നിയമ പ്രകാരമാണോയെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സംഭവസമയത്ത് ഐ.പി.എല്‍ മേധാവിയും വിവാദ വ്യവസായിയുമായ ലളിത് മോദിക്കെതിരെയും എന്‍ഫോഴ്സ്മെന്‍റ് കേസ് എടുത്തിട്ടുണ്ട്. ഇപ്പോള്‍ വിദേശത്ത് കഴിയുന്ന ലളിത് മോദി 2008 മുതല്‍ 2010 വരെ ബി.സി.സി.ഐ ചെയര്‍മാനും കമീഷണറുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.