ഗോധ്ര അനുബന്ധ കലാപം: ഏഴുപേര്‍ക്ക് ജീവപര്യന്തം

 അഹ്മദാബാദ്: ഗുജറാത്ത് കലാപത്തിന്‍െറ ആദ്യദിനങ്ങളില്‍ ഗോധ്രയില്‍ ഹൗസിങ് കോളനി ആക്രമിച്ച് മൂന്ന് മുസ്ലിംകളെ കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം തടവ്. മൂന്നുപേരെ കുറ്റമുക്തരാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി, മറ്റ് നാല് പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ച് ജീവപര്യന്തവുമാക്കി.  കേസിലുള്‍പ്പെട്ട മറ്റ് രണ്ട് പ്രതികളുടെ  ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു.

 നരന്‍ ഭായ് ബര്‍വാഡ്, വല്ലഭായ് ഗേലഭായ് ബര്‍വാഡ്, ഉദാജി രഞ്ജോദ് ഭായ് താകുര്‍, ഹൈദര്‍ ഗേല ബര്‍വാഡ്, മേരഭായ്, മുലാഭായ്, വിത്ത്ലാല്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ഹര്‍ഷ ധവാനി, ബീരേന്‍ വൈഷ്ണവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2011ലാണ് വിചാരണ കോടതി മൂന്നുപേരെ വെറുതെ വിട്ടത്. നാല് പേര്‍ക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള കുറ്റം മാത്രമാണ് വിചാരണക്കോടതി കണ്ടത്തെിയത്. ഹൈകോടതി ഇത് കൊലപാതക കുറ്റമാക്കി ഉയര്‍ത്തി. ശിക്ഷ ജീവപര്യന്തവുമാക്കി.  നേരത്തേ, സാക്ഷികളില്‍ ചിലര്‍  ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി  പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

2002 ഫെബ്രുവരി 28ന് 40ഓളം പേര്‍ വല്‍ന റെയില്‍വേ ക്രോസിങ്ങിന് സമീപത്തെ മുസ്ലിം വീടുകളില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. ദര്‍ഗ പൊളിക്കാനുള്ള ശ്രമം തടഞ്ഞ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. അയോധ്യയില്‍നിന്നുള്ള സബര്‍മതി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ ആക്രമണത്തില്‍ വെന്തുമരിച്ചതിന്‍െറ അടുത്ത ദിവസമാണ് സംഭവം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.