എസ്.എച്ച്. റാസ ഇനി ഓര്‍മചിത്രം

ന്യൂഡല്‍ഹി: തത്വചിന്തയിലും പ്രപഞ്ച ശാസ്ത്രത്തിലും ചാലിച്ച് അസാമാന്യ ചിത്രങ്ങള്‍ രചിച്ച വിഖ്യാത കലാകാരന്‍ സയ്യദ് ഹൈദര്‍ റാസ (എസ്.എച്ച്. റാസ-94) അന്തരിച്ചു.   ഇന്ത്യന്‍ ചിത്രകലാരംഗത്തെ പുരോഗമന രചനാ രീതികളിലേക്ക് നയിച്ച പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്‍െറ തുടക്കകാരനായ റാസ രണ്ടുമാസമായി രോഗബാധിതനായിരുന്നു. മരണം സംഭവിച്ച വിവരം ശനിയാഴ്ച രാവിലെ 11 മണിയോടെ സുഹൃത്തും കവിയുമായ ഡോ. അശോക് വാജ്പേയിയാണ് അറിയിച്ചത്. 

1922 ല്‍ മധ്യപ്രദേശിലെ മണ്ളയില്‍ ജനിച്ച അദ്ദേഹം നാഗ്പൂര്‍ സ്കൂള്‍ ഒഫ് ആര്‍ട്ട്, മുംബൈയിലെ സര്‍ ജെ.ജെ. സ്കൂള്‍ ഒഫ് ആര്‍ട്ട് എന്നിവിടങ്ങളിലെ കലാപരിശീലനത്തിനു ശേഷം ഉന്നത പഠനത്തിനായി 1950ല്‍ ഫ്രാന്‍സിലേക്ക് പോയി. പാരിസിലെ സഹപാഠിയും പില്‍കാലത്ത് ലോക പ്രശസ്ത ശില്‍പിയുമായി മാറിയ ജനീന്‍ മോന്‍ഗില്ലറ്റ് ജീവിത സഖിയായി. അവരുടെ മരണം വരെ ഫ്രാന്‍സില്‍ തുടര്‍ന്നു. അന്‍പതു വര്‍ഷത്തിലേറെ യൂറോപ്പില്‍ ജീവിച്ച് കലാപ്രവര്‍ത്തനം നടത്തുമ്പോഴും ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്തി. യുവ കലാകാരെ പ്രോത്സാഹിപ്പിക്കുന്നതിന് റാസാ ഫൗണ്ടേഷനും തുടക്കമിട്ടു.

ഫ്രഞ്ച് സര്‍ക്കാറിന്‍െറ പരമോന്നത കലാ ബഹുമതിയായ പ്രിക്സ് ദെ ലാ ക്രിട്ടിക് നേടിയ ആദ്യ വിദേശിയാണ്. പത്മ ഭൂഷണും വിഭൂഷണും ലളിതകലാ അക്കാദമി വിശിഷ്ടാംഗത്വവും നല്‍കി ഇന്ത്യയും ആദരിച്ചു.  ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരില്‍ ഒരാളായ റാസയുടെ സൗരാഷ്ട്ര എന്ന ചിത്രം ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 16.42 കോടി രൂപക്കാണ് ലേലത്തില്‍ പോയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.