മുബാറക് ബീഗം ഓര്‍മയായി

മുംബൈ: മുബാറക് ബീഗത്തിന്‍െറ വിയോഗത്തോടെ അറ്റുപോയത് ഹിന്ദി സിനിമാഗാനങ്ങളുടെ സുവര്‍ണകാലത്തെ അവസാന കണ്ണി.
50കളിലും 60കളിലും സിനിമ, ഗസല്‍ ഗാനരംഗത്തെ ശ്രദ്ധേയ ശബ്ദമായിരുന്നു മുബാറക് ബീഗത്തിന്‍േറത്. ജീവിതം സംഗീതത്തിന് സമര്‍പ്പിച്ച അവര്‍ സിനിമാഗാന രംഗത്തെ കരുനീക്കങ്ങളിലും തന്ത്രങ്ങളിലും നിന്ന് ഏറെ അകലെയായിരുന്നു. അതിനാല്‍, മറ്റുള്ളവരെ പോലെ ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയെന്ന് ഒരഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി. രോഗത്തിലേക്കും ദാരിദ്ര്യത്തിലേക്കും വീണ അവരുടെ ജീവിതം ഒടുവില്‍ നഗരപ്രാന്തമായ ജോഗേശ്വരിയിലെ ബെഹ്റാം ബാഗിലുള്ള ഒറ്റമുറി ഫ്ളാറ്റിലൊതുങ്ങുകയായിരുന്നു.
ദീര്‍ഘനാളത്തെ രോഗബാധയെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 9.30ഓടെ ഫ്ളാറ്റിലായിരുന്നു അന്ത്യം. ഓള്‍ ഇന്ത്യ റേഡിയോവിലൂടെ തുടങ്ങിയ പാട്ടു ജീവിതം 1949ല്‍ ‘ആയിയെ’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമാ മേഖലയിലേക്ക് കടക്കുന്നത്. ‘ഹമാരി യാദ് ആയെഗി’ എന്ന ചിത്രത്തിലെ ‘കബി തന്‍ഹായിയോമെ’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ അവര്‍ പ്രേക്ഷക ഹൃദയവും കവര്‍ന്നു. 115 ചിത്രങ്ങളിലായി 178ഓളം പാട്ടുകളാണ് മുബാറക് ബീഗം പാടിയത്.

സിനിമക്കു പുറമെ വേദികളിലും അവര്‍ പാടി. എന്നാല്‍, സിനിമാ മേഖലയില്‍ നിന്ന് പതിയെ അകറ്റപ്പെടുന്ന അനുഭവമാണ് പിന്നീടുണ്ടായത്. സിനിമാ രംഗത്തെ കരുനീക്കങ്ങള്‍ക്കെതിരെ തുറന്നടിച്ച മുബാറക് ബീഗം കൈയൊഴിയപ്പെട്ടു. നേരത്തെ പാടി ജനഹൃദയത്തിലിടം പിടിച്ച പാട്ടുകള്‍ പോലും പിന്നീട് മറ്റുള്ളവരെ കൊണ്ട് പാടിപ്പിച്ച് സിനിമാ മേഖല പ്രതികാരം വീട്ടുകയും ചെയ്തു. രാജസ്ഥാനില്‍ ജനിച്ച മുബാറക് ബീഗത്തിന്‍െറ ജീവിതം ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു. ഭര്‍ത്താവിനെയും മകളെയും നഷ്ടപ്പെട്ട അവര്‍ കാര്‍ഡ്രൈവറായ മകന്‍ ഹുസൈന്‍ ശൈഖിനും മരുമകള്‍ സറീനക്കും പേരമകള്‍ക്കുമൊപ്പമായിരുന്നു കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം അവശയായ മുബാറക് ബീഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ചികിത്സക്ക് പണമില്ലാതെ പ്രതിസന്ധിയിലായതും വാര്‍ത്തയായിരുന്നു.

കലാകാരന്മാര്‍ക്കുള്ള ക്വോട്ടയില്‍ മുമ്പ് സര്‍ക്കാര്‍ നല്‍കിയതാണ് വീട്. ഭര്‍ത്താവ് ജോലി ചെയ്തിരുന്ന കമ്പനി നല്‍കിപ്പോന്ന തുച്ഛമായ പെന്‍ഷന്‍ തുകയും മകന്‍െറ ദിവസക്കൂലിയുമായിരുന്നു ഏക വരുമാനം. മുബാറക് ബീഗത്തിന്‍െറ അവസ്ഥയറിഞ്ഞ ആരാധകര്‍ സഹായത്തിനത്തെിയിരുന്നു.
നടന്‍ സല്‍മാന്‍ ഖാന്‍ സ്ഥിരമായി  സഹായം എത്തിച്ച കാര്യം  മകന്‍റ ഭാര്യ സറീന പറയുന്നു. ബീഗത്തിന് ധനസഹായം നല്‍കാന്‍ വകുപ്പില്ലാത്തതിനാല്‍ സന്നദ്ധ സംഘടന വഴിയാണ് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി ധനസഹായമത്തെിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.