ജഡ്ജിമാരുടെ നിയമനം; പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശപ്പെടുത്തിയെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ജഡ്ജിരുടെ നിയമനം സംബന്ധിച്ച വിഷയം പാരാമര്‍ശിക്കാതിരുന്നത് നിരാശപ്പെടുത്തിയെന്ന്  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍.

സ്വാതന്ത്രദിനാഘോഷത്തില്‍ പ്രധാനമന്ത്രി ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം കേട്ടു. ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ അദ്ദേഹം എന്തെങ്കിലും പരാമര്‍ശം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ളെന്ന്ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. സുപ്രീംകോടതിയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി വേദി പങ്കിട്ട അവസരത്തിലാണ് ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചത്.

ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് പലതവണകേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. ലക്ഷക്കണക്കിന് കേസുകളാണ് കോടതികളില്‍ കെട്ടികിടക്കുന്നത്. പ്രധാനമന്ത്രിയോട് ഒരു കാര്യമാണ് വ്യക്തമാക്കാനുള്ളത്. ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പുതിയ പദ്ധതികള്‍ നടപ്പാക്കല്‍ എന്നിവയെല്ലാം കാര്യക്ഷമമായി നടത്തിയുണ്ട്. എന്നാല്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് ലഭിക്കേണ്ട നീതിയെ കുറിച്ചും പ്രധാനമന്ത്രി ചിന്തിക്കണം- ചീഫ് ജസ്റ്റിസ് പറഞ്ഞു.
 ജ്ഡജിമാരുടെ നിയമനം സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മൂന്നു മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍ അടങ്ങിയ കൊളീജിയമാണ് സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. കൊളീജിയം നല്‍കുന്ന നിയമനപട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തി അംഗീകാരം നല്‍കുകയും ഒടുവില്‍ രാഷ്ട്രപതി ഒപ്പിടുകയും ചെയ്താലേ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവൂ.

കഴിഞ്ഞ ഫിബ്രവരിയില്‍ രാജ്യത്തെ വിവിധ കോടതികളിലേക്കായി 75 ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശ കൊളീജിയം കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ ഇതുവരേയും ഈ പട്ടികയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല.
അതേസമയം, ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദസര്‍ക്കാറിന് കൂടുതല്‍ അധികാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശ സുപ്രീംകോടതി കൊളീജിയത്തില്‍ നല്‍കിയിരുന്നു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് നേരത്തെ രംഗത്തുവന്നിരുന്നു. ദേശീയസുരക്ഷ മുന്‍നിര്‍ത്തി ജഡ്ജിമാരുടെ നിയമനത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാറിന് അവകാശമുണ്ടെന്നാണ് കരടില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് സുപ്രീംകോടതി കൊളീജിയം തള്ളിയേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.