യു.പിയില്‍ ബി.ജെ.പി–പൊലീസ് സംഘര്‍ഷം; ഒരു മരണം

ബല്ലിയ (യു.പി): പൊലീസ് സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തിയ ബി.ജെ.പിക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. നര്‍ഹി പൊലീസ് സ്റ്റേഷനുമുന്നില്‍ വെള്ളിയാഴ്ച രാത്രി ബി.ജെ.പിക്കാരും പൊലീസുമായി ഉണ്ടായ സംഘര്‍ഷത്തിലാണ് വിനോദ് റായ് (38) മരിച്ചത്.
പശുവിനെ മോഷ്ടിച്ച കേസില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി എം.എല്‍.എ ഉപേന്ദ്ര തിവാരിയുടെ നേതൃത്വത്തില്‍ ധര്‍ണ. അറസ്റ്റുചെയ്തവരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. അറസ്റ്റിലായവരുടെ ബന്ധുക്കളോട് പൊലീസ് അപമര്യാദമായി പെരുമാറിയതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് തിവാരി പറഞ്ഞു. രാത്രി വൈകിയിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് എത്തി ചര്‍ച്ച ചെയ്തെങ്കിലും പ്രശ്നപരിഹാരമായില്ല. ഇതിനെതുടര്‍ന്ന് പിരിഞ്ഞുപോകാന്‍ പൊലീസ് അന്ത്യശാസനം നല്‍കുകയായിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കല്ളേറുണ്ടാകുകയും പൊലീസ് വെടിവെക്കുകയുമായിരുന്നുവെന്നാണ് വിവരം.
തിവാരി അടക്കം 300 പേര്‍ക്കെതിരെ കേസെടുത്തു. പൊലീസിനുനേരെ കല്ളേറുണ്ടായപ്പോള്‍ പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് വെടിവെച്ചതായി തിവാരി ആരോപിച്ചു. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റുതല അന്വേഷണം പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.