?????????????

ഒരു സംഗീത യുഗം കുടിയിരുന്ന ഇതുപോലൊരു ജന്മം ഇനിയുണ്ടാകുമോ? അനേകം സംഗീതാസ്വാദകര്‍ ഇങ്ങനെ ചോദിക്കുന്നു. ലോകത്തെങ്ങും ആരാധകരുള്ള കര്‍ണാടക സംഗീതജ്ഞന്‍, രാജ്യം ഭാരതരത്ന നല്‍കാന്‍ മറന്നുപോയ ഗന്ധര്‍വഗായകന്‍, സംഗീതത്തിന്‍െറ ജീവിച്ചിരുന്ന ദൈവം; ഡോ. ബാലമുരളീകൃഷ്ണയെന്ന ആ മഹത്തായ ജീവിതത്തിന് ഇങ്ങനെ എത്ര വിശേഷണങ്ങള്‍ ചേര്‍ത്താലും പൂര്‍ണമാകില്ല. സംഗീതം ഭൂമിയില്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്‍െറ സമ്പൂര്‍ണതയില്‍ കേള്‍ക്കാന്‍ കഴിയുന്ന നാദം ബാലമുരളിയുടേതുമാത്രമാണ്. ഒരു ജീവിതത്തിന് ചെയ്യാന്‍കഴിയുന്ന എല്ലാ സംഗീത സംഭാവനയും ഒരുപോലെ ചെയ്തുതീര്‍ത്ത ഒരാള്‍, സമാനതകളില്ലാത്ത സംഗീത സപര്യയാണ് ആ മഹാജീവിതം.

ഇത്രയും വ്യാപ്തിയുള്ള അറിവ്, ഇത്രയും ഭാവനാസമ്പന്നമായ ഹൃദയം, ഇത്രയും സുദൃഢവും വിശാലവുമായ ശബ്ദം, ഇത്രയും ബുദ്ധിപരമായ സംഗീതസമീപനം, ഇത്രയും വൈവിധ്യമാര്‍ന്ന സംഗീതസൃഷ്ടികള്‍. ഒരു കര്‍ണാടക സംഗീതജ്ഞന്‍െറ പേരിലിറങ്ങിയ ആല്‍ബങ്ങളുടെ എണ്ണമെടുത്താലും ഒന്നാമത് ബാലമുരളിതന്നെയാണ്. ഇങ്ങനെ എല്ലാം ചേര്‍ന്നൊരു സംഗീതജ്ഞന്‍ ഇനിയേതു യുഗത്തില്‍ ജനിക്കും.


ശബ്ദത്തിന്‍െറ അഗാധത അറിയണമെങ്കില്‍ അദ്ദേഹത്തിന്‍െറ രാഗാലാപനം കേള്‍ക്കണം. ഏതു രാഗത്തിലും ഒരിക്കലും ചിന്തിക്കാനാവാത്ത ഭാവസീമകള്‍ കണ്ടത്തെുന്ന അദ്ദേഹം ഓരോ വേദിയിലും വിസ്മയം തീര്‍ത്തു. പത്തുമുപ്പത് വയസ്സാകുമ്പോഴേക്കും അദ്ദേഹം മഹാഗുരുവായിക്കഴിഞ്ഞു. 70കളില്‍ അദ്ദേഹം പാടിക്കേട്ട തോടിരാഗം ഇന്നും മനസ്സില്‍നിന്ന് മാഞ്ഞുപോയിട്ടില്ലാത്ത ആസ്വാദകര്‍ കേരളത്തിലുണ്ട്. അങ്ങനെ പലതും. ‘‘പിബരേ രാമരസം’’ എന്ന അതിപ്രശസ്തമായ ഭക്തിഗീതം കേള്‍ക്കുന്ന മാത്രയില്‍ ഒരാസ്വാദകനും ബാലമുരളിയെ സ്മരിക്കാതിരിക്കില്ല.

അത്രത്തോളം അത് പാടി അദ്ദേഹം അനുഭവിപ്പിച്ചിട്ടുണ്ട്. ഇതല്ല, ഇങ്ങനെ അനേകായിരം കൃതികള്‍. ത്യാഗരാജ സ്വാമികളുടെ ഉത്സവസാമ്പ്രദായ കൃതികള്‍ രണ്ട് കാസറ്റുകളിലായി അദ്ദേഹം പാടി ഇറക്കിയിട്ടുണ്ട്. ഓരോ കീര്‍ത്തനത്തിന്‍െറയും അര്‍ഥം വ്യക്തമാക്കി ആകാശവാണിക്കുവേണ്ടി അദ്ദേഹമൊരു പ്രോഗ്രാം ചെയ്തിരുന്നു, പത്തിരുപത്തഞ്ച് വര്‍ഷം മുമ്പ്. ഇത് കേട്ടിട്ടുള്ളവര്‍ക്ക് സംഗീതാസ്വാദനത്തിന്‍െറ അഭൗമതലം എന്തെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയും. തലമുറകളിലൂടെ കൈമാറി വന്ന ത്യാഗരാജന്‍െറ സാന്നിധ്യം അദ്ദേഹം ശബ്ദംകൊണ്ട് നമുക്ക് അനുഭവിപ്പിച്ചുതരും. തിരുവയ്യാറിലെ കാറ്റും കാവേരിയുടെ താളഗതിയും വിജയനഗരത്തിലെ ക്ഷേത്രശില്‍പങ്ങള്‍ പകരുന്ന ദിവ്യസാന്നിധ്യവുമെല്ലാം സംഗീതത്തിലൂടെ അനുഭവിപ്പിക്കാന്‍ ബാലമുരളിയുടെ സംഗീതം കേള്‍ക്കുകയേ വേണ്ടൂ. 


ഉയ്യാലലൂകവയ്യാ, മേലു കോവയ്യ, ശോഭാനേ... സീതാകല്യാണ വൈഭോഗമേ... തുടങ്ങിയ ഉത്സവസാമ്പ്രദായ കൃതികള്‍ അദ്ദേഹം പാടുന്നത് കേള്‍ക്കുമ്പോള്‍ അവ സൃഷ്ടിച്ച രാഗത്തെ അതിന്‍െറ ഏറ്റവും ഹൃദ്യമായ ഭാവങ്ങളെ പിഴിഞ്ഞെടുത്ത് നമുക്ക് രുചിക്കാന്‍ തരുന്നതുപോലെയാണ് തോന്നുക. ഘനരാഗങ്ങളില്‍ ത്യാഗരാജന്‍ തീര്‍ത്ത പഞ്ചരത്ന കീര്‍ത്തനങ്ങളും ഇത്ര ഘനഗംഭീരമായി മറ്റാര് പാടിയിട്ടുണ്ട്. എട്ടാം വയസ്സില്‍ അരമണിക്കൂര്‍ പാടാന്‍ അവസരംകിട്ടിയ കുട്ടി വിജയവാഡയിലെ വേദിയില്‍ മൂന്നുമണിക്കൂര്‍ നീണ്ട കച്ചേരി അവതരിപ്പിച്ചപ്പോള്‍ അരിയക്കുടി രാമാനുജ അയ്യങ്കാരും ഗുരു പാരുപ്പള്ളി രാമകൃഷ്ണ പന്തലുവും ഉള്‍പ്പെടെയുള്ള മഹാന്മാര്‍ കേള്‍ക്കാനുണ്ടായിരുന്നു. മുരളീകൃഷ്ണ എന്ന ആ കുട്ടിക്ക് അന്ന് ബാലമുരളി എന്ന് പേരുനല്‍കിയത് പ്രമുഖ ഹരികഥാ വിദഗ്ധനായിരുന്ന മുസന്നൂരി ഭാഗവതരായിരുന്നു. ഇവന്‍ ലോകമറിയുന്ന സംഗീതജ്ഞനാകുമെന്ന് അന്നദ്ദേഹം പ്രവചിച്ചു. മനോധര്‍മ സംഗീതത്തിലെ മഹാഗുരുവായ ബാലമുരളിയുടെ ഭാവന ചിറകുവിരിക്കുന്നത് വേദികളിലായിരുന്നു.

‘‘നാദം ശ്യൂനതയിങ്കലാദ്യമമൃതം വര്‍ഷിച്ച നാളില്‍...’’ എന്ന് വയലാര്‍ എഴുതിയതുപോലെ ശൂന്യതകളില്‍ വിരിഞ്ഞ അമൃത സ്ഫുരണങ്ങളായിരുന്നു അദ്ദേഹത്തിന്‍െറ സംഗീതം. അതിനാല്‍തന്നെ സാമ്പ്രദായികതയുടെ ചട്ടക്കൂടില്‍ ബാലമുരളി ഒതുങ്ങിയില്ല. സാധകം ചെയ്ത് കൃത്യതയിലൊതുക്കി വെക്കേണ്ടതല്ല പാട്ടെന്നും അദ്ദേഹം കരുതിയിരുന്നു. അതുകൊണ്ട് ചില കീര്‍ത്തനങ്ങള്‍ മറ്റൊരു രാഗത്തിലേക്ക് പകര്‍ത്തിപ്പാടാനും അദ്ദേഹം ശ്രമിച്ചു. ഒരു രാഗം പല വേദികളില്‍ വ്യത്യസ്തമായി പാടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ത്യാഗരാജനെ മാത്രമല്ല, ദീക്ഷിതരെയും അന്നമാചാര്യയെയും ഭദ്രാചലം രാമദാസിനെയും കൃഷ്ണലീലാ തരംഗിണി എഴുതിയ നാരായണ തീര്‍ഥരെയുമെല്ലാം അനേകം കീര്‍ത്തനങ്ങള്‍ പാടി ജനഹൃദയങ്ങളിലത്തെിച്ചതില്‍ ബാലമുരളിയുടെ പങ്ക് വലുതാണ്. മഹതി, ലവംഗി, സര്‍വശ്രീ, ഗണപതി തുടങ്ങി പല രാഗങ്ങളും അദ്ദേഹം സൃഷ്ടിച്ചെടുത്തു. കേവലം നാലു സ്വരങ്ങളും മൂന്നു സ്വരങ്ങളും മാത്രം കൊണ്ട് രാഗങ്ങള്‍ സൃഷ്ടിച്ചുവെന്നതും അദ്ഭുതമാണ്. അദ്ദേഹത്തിന്‍െറ ‘ലവംഗി’ രാഗം രവീന്ദ്രന്‍ ഒരു ഗാനത്തിലൂടെ നമുക്ക് മനസ്സിലാക്കിത്തന്നു; കിഴക്കുണരും പക്ഷിയിലെ ‘അരുണകിരണമണിയും’ എന്ന ഗാനത്തിലൂടെ.


‘സ്വാതി തിരുനാള്‍’ എന്ന മലയാള ചലച്ചിത്രത്തിന് പ്രൗഢി നിറച്ചത് ബാലമുരളീകൃഷ്ണയുടെ ശബ്ദസാന്നിധ്യമാണ്. ‘‘മോക്ഷമുഗല’’ എന്ന സ്വാതി കൃതി അതിന്‍െറ തീക്ഷ്ണതയില്‍ അനുഭവപ്പെടുന്നത് അദ്ദേഹത്തിന്‍െറ ആലാപനത്തിലൂടെയാണ് ‘‘ദേവന് കേപതി ഇന്ദ്ര’’ എന്ന സ്വാതി കൃതിയും അദ്ദേഹം അനശ്വരമാക്കി. ജയദേവ കവിയുടെ അഷ്ടപദി ഇത്ര വൈവിധ്യത്തോടെ ആലപിച്ച മറ്റൊരു ഗായകനില്ല. കൂടാതെ, ഭഗവദ്ഗീതയും ശങ്കരാചാര്യര്‍, രമണമഹര്‍ഷി തുടങ്ങിയവരുടെ കൃതികളും മറ്റനേകം സ്തുതിഗീതങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തി പാടിയിട്ടുണ്ട്.

25,000ത്തിലധികം വരുന്ന കച്ചേരികളിലൂടെ ലോകമെങ്ങും സംഗീതം വിളമ്പിയ സംഗീതപ്രഭാവമായിരുന്നു ബാലമുരളീകൃഷ്ണ. വര്‍ണങ്ങളും തില്ലാനകളും ഇത്രയും ആധികാരികതയോടെ രചിച്ച വാഗേയകാരന്മാര്‍ കഴിഞ്ഞ അരനൂറ്റാണ്ടില്‍ അത്യപൂര്‍വം. സംഗീതത്തിന്‍െറ പ്രഫുല്ല വേദികയില്‍ സാര്‍വഭൗമനായി വിരാജിച്ചപ്പോഴും താഴ്മയുടെ പ്രതീകമായിരുന്നു ബാലമുരളി. ഇതൊരു ഭംഗിവാക്കായല്ല അദ്ദേഹത്തെ അടുത്തറിയുന്നവര്‍ കരുതുന്നത്. അങ്ങനെ സമ്പൂര്‍ണാര്‍ഥത്തില്‍ മംഗലംപള്ളി ബാലമുരളീകൃഷ്ണ ദേവസംഗീതത്തിന്‍െറ ദിവ്യസ്പര്‍ശമായിരുന്നു.

Tags:    
News Summary - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT