????? ????????? ??????

സംഗീതം കൊണ്ടൊരു രാജകിരീടം

സ്വാതിതിരുന്നാൾ, വാജിദ് അലി ഷാ എന്നിവരെ പോലെ സംഗീതത്തെ തന്‍റെ പ്രാണനില്‍കൊണ്ട് നടന്നിരുന്ന രാജാവായിരുന്നു മൈസൂരിലെ ജയചാമ രാജേന്ദ്ര വൊഡയാർ. 2019 അദ്ദേഹത്തിന്‍റെ നൂറാം ജന്മവാര്‍ഷികമാണ്.

1919 ജൂലൈ 18 നാണ് ജയചാമ രാജേന്ദ്ര വൊഡയാര്‍ജനിച്ചത്. അമ്മ കെമ്പു ചെലുവജമ്മാണി, വീണയും പിയാനോയും നന്നായി വായിക്കുമായിരുന്നു. അച്ഛന്‍നരസിംഹരാജ വൊഡയാർ റോയൽ സ്​കൂളിൽ നിന്ന് പാശ്ചാത്യ ശാസ്ത്രീയ സംഗീതം പഠിച്ചിരുന്നു. ആഗ്ര ഖരാനയിലെ നഥാന്‍ഖാൻ, ഗോവിന്ദ റാവു തെമ്പേ, അബ്ദുള്‍കരീംഖാൻ, ഗൌഹാര്‍ജാന്‍, നാരായണറാവു വ്യാസ്, കെ.സി ഡെ എന്നിവരുമായുള്ള സൗഹൃദം രാജാവിന് ഹിന്ദുസ്ഥാനി സംഗീതത്തോട്​ താല്പര്യം ഉണര്‍ത്തി.

ജയചാമ രാജേന്ദ്ര വൊഡയാർ

ജയചാമ രാജേന്ദ്ര വൊഡയാര്‍ക്ക് തന്‍റെ പിതാവിന്‍റെയും അമ്മാവന്‍റെയും സംഗീത വാസന പാരമ്പര്യമായി കിട്ടിയിരുന്നു. അദ്ദേഹം ഹിന്ദുസ്ഥാനിയിലും കര്‍ണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഒരുപോലെ പ്രാവീണ്യം നേടി. മൈസൂർ വാസുദേവാചാര്യര്‍, ചെന്നകേശ്വയ്യ എന്നിവർ രാജാവിനെ സംഗീതം പഠിപ്പിച്ചു. വെങ്കിടഗിരിയപ്പയില്‍നിന്ന് വീണയും പഠിച്ചു. രാജാവ് തന്‍റെ വേനല്‍കാല കൊട്ടാരത്തിൽ സ്വകാര്യ സംഗീത കച്ചേരികള്‍നടത്തിയിരുന്നു. കൂടാതെ പക്ഷി നിരീക്ഷണത്തിലും കായിക വിനോദത്തിലും അദ്ദേഹം തൽപരനായിരുന്നു.

രാജാവിന് പാശ്ചാത്യ സംഗീതത്തിൽ താൽപര്യം ഉണ്ടാവാൻ കാരണം അദ്ദേഹത്തിന്‍റെ മാതാപിതാക്കളും അമ്മാവനുമാണ്. അമ്മാവൻ നാല്‍വാടി കൃഷ്ണരാജ വൊഡയാർ പാശ്ചാത്യ സംഗീതം പഠിപ്പിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു. 25 വയസ്സില്‍തന്നെ ലണ്ടനിലെ ട്രിനിറ്റി കോളജില്‍പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ ഫെല്ലോ ആയി. പിയാനോയും പൈപ്പ് ഓര്‍ഗനും വായിക്കുന്നതില്‍പ്രവീണ്യം നേടി. വെസ്റ്റേൺ സംഗീതത്തിന്‍റെ ഒരു വലിയ ശേഖരം അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്നു. കൂടാതെ ബിഥോവൻ, ബാക്ക്, ഗുസ്താവ് മേഹലർ, നിക്കൊളായി മേട്നർ എന്നിവരെ പ്രത്യേക ഇഷ്​ടവുമായിരുന്നു.

അമ്മ കെമ്പു ചെലുവജമ്മാണിക്കൊപ്പം ജയചാമ രാജേന്ദ്ര വൊഡയാർ

വയെഗ്ഗാരൻ എന്ന നിലയിലാണ് കര്‍ണാട്ടിക്​ സംഗീതത്തിൽ വൊഡയാർ തന്‍റെ സംഭാവനകള്‍നല്‍കിയത്. ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഒരു പാട് ഗായകര്‍ വൊഡയാറുടെ കൃതികള്‍പാടുന്നു. അധികം രാജാക്കന്‍മാര്‍ക്കൊന്നും ഇത്തരം സൗഭാഗ്യം ലഭിച്ചിട്ടില്ല. അദ്ദേഹം 97 കൃതികൾ രചിച്ചിട്ടുണ്ട്. എല്ലാം സംസ്കൃതത്തിലാണ്. വരികള്‍എഴുതിയതിനു ശേഷം മൈസൂർ വാസുദേവ ആചാര്യർ ​​​പ്രൊഫ. എസ് രാമചന്ദ്ര റാവു, പട്ടണക്കര ചന്ദ്രശേഖര ബട്ട എന്നിവരെയും മറ്റു സംസ്കൃത പണ്ഡിതരെയും കാണിച്ചു അഭിപ്രായം തേടും. അദ്ദേഹത്തിന്‍റെ കൃതികളിൽ ഭൂരിഭാഗവും ഹിന്ദുദേവതകൾ ആയ ഗണപതി, ലക്ഷ്മി, സരസ്വതി, വാമദേവ എന്നിവരെ സംബോധന ചെയ്തു കൊണ്ട് ഉള്ളതായിരുന്നു. അനുയോജ്യമായ ചന്ദസ്സില്‍എഴുതിയ അദ്ദേഹത്തിന്‍റെ കൃതികള്‍ക്ക് സംഗീതം കൊടുക്കാൻ എളുപ്പമായിരുന്നു. ഭക്തിയും പ്രാര്‍ത്ഥനയും നിറഞ്ഞുനില്‍ക്കുന്നവയായിരുന്നു വരികൾ. കാവ്യാലങ്കാരം അക്കാലത്തെ ഏത് വയെഗ്ഗാരനോടും കിടപിടിക്കുന്നതായിരുന്നു. 28 മേളകര്‍ത്താരാഗവും 69 ജന്യരാഗവും അദേഹം കൃതികളിൽ ഉപയോഗിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മേളകര്‍ത്താരാഗങ്ങളായ മായമാളവഗൌള , ഹരി കാംബോജി, ശങ്കരാഭരണം എന്നിവ കൂടാതെ അപൂർവ രാഗങ്ങളായ വിശ്വംബരി, ഹതകംബരി, ഋഷഭപ്രിയ, സൂര്യകാന്ത എന്നിവയും ഉപയോഗിച്ചു.

ജയചാമ രാജേന്ദ്ര വൊഡയാർ ഭാര്യ ത്രിപുര സുന്ദരിക്കൊപ്പം

വൊഡയാറിന്‍റെ കൃതികള്‍പലപ്പോഴും തെറ്റിധാരണക്ക് വിധേയമായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കൃതികൾ മറ്റൊരാളെ കൊണ്ട് എഴുതിച്ചതാണെന്നൊരു പരാതി ഉയര്‍ന്നിരുന്നു. ലഭ്യമായ കൈയെഴുത്ത്​ പ്രതികളില്‍നിന്നും അതിന്‍റെ റഫറൻസുകളിൽ ന്നും അത് എഴുതിയത് അദ്ദേഹം തന്നെയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. മറ്റൊന്ന് അദ്ദേഹം മുത്തുസ്വാമി ദീക്ഷിതരെ അനുകരിക്കുകയാണ്​ എന്നതായിരുന്നു. അതിനും അടിസ്ഥാനമില്ല എന്നാണ് സംഗീത നിരൂപകരുടെ പക്ഷം.

പ്രിവി പേഴ്സ് നിറുത്തലാക്കിയപ്പോള്‍ ജയചാമ രാജേന്ദ്ര വൊഡയാര്‍ കര്‍ണാടകയിലെ സംഗീതകാരന്‍മാര്‍ക്ക് കൊടുക്കുന്ന പെന്‍ഷനും രക്ഷാധികാര തുകയും വെട്ടി കുറച്ചു. എങ്കിലും 1974ൽ സെപ്റ്റംബര്‍ 23ന്​ മരിക്കുന്നതു വരെ അത് തുടര്‍ന്നു. അദ്ദേഹത്തിന്‍റെ കൃതികളുടെ ഒരു വോള്യം നോട്ടഷനുകളോടെ പ്രസിദ്ധീകരിക്കാൻ മ്യൂസിസ്​ അക്കാദമി തീരുമാനിച്ചെങ്കിലും അതിന്‍റെ കൈയെഴുത്ത് പ്രതി ലഭ്യമായില്ല. സംഗീതം ജയചാമ രാജേന്ദ്ര വൊഡയാര്‍ക്ക് സാധനയും ആത്മീയ നിര്‍വൃതിയും ആയിരുന്നു. 1962ൽ മദ്രാസ്​ മ്യൂസിക് അക്കാദമിയില്‍ ചെയ്ത ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു“എനിക്കും സംഗീതത്തെയും കലയെയും സ്നേഹിക്കുന്ന അനേകം പേര്‍ക്കും അത് പ്രപഞ്ച ശക്തിയിലേക്ക്‌ എത്താനുള്ള പല വഴികളിൽ ഒന്നാണ്”.
അദ്ദേഹത്തിന്‍റെ സംഗീത രചനകളെല്ലാം രാഗ ഭാവങ്ങൾ പേറുന്നവയായിരുന്നതുകൊണ്ട് സംഗീതാവിഷ്കാരം താരതമ്യേന എളുപ്പമായിരുന്നു. ചില രചനകൾ ഭരതനാട്യത്തിന് യോജിച്ചതായിരുന്നു.

ജയചാമ രാജേന്ദ്ര വൊഡയാർ എലിസബത്ത്​ രാജ്​ഞിക്കൊപ്പം

ജയചാമ രാജേന്ദ്ര വൊഡയാറിന്‍റെ അച്ഛന്‍നരസിംഹരാജ വൊഡയാര്‍ 1940ൽ ബോംബെയില്‍വെച്ച് അപ്രതീക്ഷിതമായി മരിച്ചപ്പോൾ ജയചാമയെ പെട്ടെന്ന് തന്നെ അനന്തരാവകാശിയായി വാഴിക്കുകയായിരുന്നു. ജയചാമ രാജേന്ദ്ര വൊഡയാർ തന്‍റെ മാതാപിതാക്കളുടെ ഒരേയൊരു പുത്രനായിരുന്നു. 1938ൽ ഒരു ചെറിയ നാട്ടുരാജ്യത്തിലെ രാജകുമാരിയായ സത്യപ്രേമകുമാരിയെ അദ്ദേഹം വിവാഹം കഴിച്ചു. കല്യാണത്തിന്‍റെ ചടങ്ങിൽ മുത്തയ്യ ഭാഗവതര്‍അഞ്ചു രാഗത്തിൽ ഒരു കൃതി പാടി. കല്യാണി, ഭൈരവി, കാംബോജി, ആനന്ദഭൈരവി, ശ്രീ എന്നീ രാഗങ്ങളിൽ. കല്യാണം ഗംഭീരമായിരുന്നെകിലും അതൊരു പരാജയമായിരുന്നു. വിവാഹമോചനം കേട്ടുകേള്‍വിയില്ലാത്ത ഒരു കാലത്ത് അവർ തമ്മിൽ വേര്‍പിരിഞ്ഞു. 1944ല്‍ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ഇത്തവണ മൈസൂരിലെ ഒരു സമ്പന്നന്‍റെ മകൾ ത്രിപുര സുന്ദരി അമ്മാനിയെ. നല്ല സുഖപ്രദമായ ദാമ്പത്യ ജീവിതമായിരുന്നു. അവര്‍ക്ക് ഒരു മകനും അഞ്ച് പെണ്‍കുട്ടികളും പിറന്നു.

ജയചാമ രാജേന്ദ്ര വൊഡയാർ

ഒരു ഭരണാധികാരി എന്നനിലയിൽ അദ്ദേഹം സംഗീതത്തിന്‍റെ വലിയൊരു രക്ഷാധികാരി ആയിരുന്നു. സംഗീതത്തെ പറ്റിയുള്ള പുസ്തകങ്ങളും പാട്ടുകളും അദ്ദേഹത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടു. ഉപദേശകനായ മൈസൂര്‍വാസുദേവ ആചാര്യര്‍ രാജാവിനെ പ്രകീര്‍ത്തിച്ചു നിരവധി സംഗീത രചനകൾ നടത്തി. . മുത്തയ്യ ഭാഗവതർ കാപ്പി രാഗത്തിലുള്ള ഒരു വര്‍ണ്ണം ഇദ്ദേഹത്തിനു വേണ്ടി സമര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന് മുത്തയ്യ ഭാഗവതരോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. മുത്തയ്യ മരിച്ചപ്പോൾ ചന്ദനമരങ്ങള്‍കൊണ്ടുള്ള ചിത ഒരുക്കാനായിരുന്നു രാജാവിൻെറ നിര്‍ദേശം.

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ മൈസൂര്‍രാജ്യം ഇന്ത്യന്‍യൂണിയനിൽ ചേര്‍ന്നു. അങ്ങനെ 1950ൽ അദ്ദേഹത്തിന്​ രാജാധികാരം നഷ്​ടമായി. 1956 വരെ അദ്ദേഹം മൈസൂര്‍ സ്റ്റേറ്റിലെ രാജ്പ്രമുഖ് എന്ന പദവി വഹിച്ചു. 1964ൽ ചാമരാജ മദ്രാസിലെ ഗവര്‍ണര്‍ആയി. മൈസൂർ, മദ്രാസ്‌, അണ്ണാമലൈ സര്‍വകലാശാലകളുടെ ചാന്‍സിലറും ആയിരുന്നു. 1971ൽ പ്രിവി പേഴ്സ് നിര്‍ത്തലാക്കിയത് അദ്ദേഹത്തിന് വലിയൊരു ആഘാതമായി. അവസാന നാളുകളിൽ മകൾ ഗായത്രി ദേവിയുടെ മരണവും രാജാവിനെ വല്ലാതെ ദുഖിപ്പിച്ചു. അദ്ദേഹത്തിന്‍റെ അവസാന പ്രൊജക്​റ്റ്​ ഒരു ലോകോത്തര ഗ്രാമഫോണ്‍ശേഖരം ഉണ്ടാക്കുന്നതിലായിരുന്നു. പക്ഷേ, അത് പൂര്‍ത്തീകരിക്കുന്നതിന് മുമ്പേ 1974 സെപ്​റ്റംബർ 23ന്​ അദ്ദേഹം വിടവാങ്ങി.

Tags:    
News Summary - A memory of Jayachamarajendra Wadiyar the king who loved music very much - Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT