?????? ????? ???????? ?????? ?????????????????.. ??????? ?????????????????...

ചിതയിലും എരിഞ്ഞുതീരാത്തൊരു പാട്ട്​

കാട്ടു പടർപ്പുകളും, കരിമ്പനക്കൂട്ടങ്ങളുമുള്ള ഏറെക്കുറെ, വിജനമായ ഒരു സ്ഥലത്തെ കുട്ടിക്കാല വസതിയുടെ പരിസരങ്ങളിൽ നിന്നാണ് എന്റെ പാട്ടോർമകൾ തുടങ്ങുന്നത്. ആ വീടിന് മീതേയുള്ള ആകാശം എല്ലായ്പ്പോഴും മഴക്കാർ വിങ്ങി നിൽക്കുന്നതു പോലെ ഇരുണ്ടതായിരുന്നു. വീട്ടു മേൽക്കൂരയിലേക്ക് തെല്ലു ചാഞ്ഞൊരു അമ്പഴമരം പന്തലിച്ചു നിന്നിരുന്നു. വീട്ടുമുറ്റത്ത് നിന്നു നോക്കിയാൽ ഓരോ ഋതുവിലും വെള്ളച്ചാലുകൾ കുത്തിയൊലിപ്പിച്ചു നിൽക്കുന്ന ചെങ്കുത്തായ കുടയത്തൂർ മലകളുടെ വിദൂര ദൃശ്യം കാണാം. വീടിന് പിന്നിലായി തൊടുപുഴയാർ പതഞ്ഞും, ചുഴിഞ്ഞും, പരന്നും ഒഴുകിപ്പോയി. ആ വീട്ടിലേക്കുള്ള നാട്ടുവഴിക്കരുകിൽ ഇടുങ്ങിയ അരക്കെട്ടുള്ള ഒരു ദേവിയുടെ പ്രതിഷ്ഠയുള്ള അമ്പലം ഉണ്ടായിരുന്നു. ആ ഒറ്റപ്പെട്ട വീടും വിഷാദം പോലെന്തോ ഘനത്തിൽ തങ്ങിനിൽക്കുന്ന അവിടുത്തെ അന്തരീക്ഷവും എ​​​​​െൻറ കുഞ്ഞു മനസ്സിനെ ഭീതി പോലൊരു വാടിയ വികാരത്തിൽ ഇറുക്കി ഞെരിച്ചിരുന്നു.

വീടിന്റെ മുൻവശത്തെ വിശാലമായ വയലുകൾക്കപ്പുറം റോഡാണ്. അതിന്റെ ഓരത്തായി ഓല മേഞ്ഞതും, പനമ്പുമറകൾ കൊണ്ട് ചുമരുകൾ  മറച്ചതുമായ ഒരു സിനിമാകൊട്ടകയുണ്ടായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും അവിടുത്തെ ഉച്ചഭാഷിണി ഉറക്കെ സിനിമാ ഗാനങ്ങൾ വെച്ചിരുന്നു. ഗ്രാമ്യ നിശബ്ദതയിൽ മിക്കവാറും ആദ്യം മുഴങ്ങിക്കേൾക്കുന്ന ഒരു പാട്ട്  ‘സഞ്ചാരി’ എന്ന സിനിമയിലെ ‘റസൂലേ നിൻ കനിവാലേ, റസൂലേ നിൻ വരവാലേ.... പാരാകെ പാടുകയായ്​.. വന്നല്ലോ റബ്ബിൻ ദൂതൻ....’ എന്നു തുടങ്ങി  യേശുദാസ് ഗംഭീരമായി പാടിതകർക്കുന്ന യൂസഫലി കേച്ചേരി രചിച്ച്​ യേശുദാസ്​ തന്നെ സംഗീതം നൽകിയ അന്നത്തെ ഒരു ഹിറ്റു ഗാനമാണ്. ആ പാട്ടും, അതിന്റെ പ്രൗഢഗാംഭീര്യമുള്ള ഈണവും, പശ്ചാത്തല വാദ്യവുമൊക്കെ എന്റെ മനസിൽ പക്ഷേ, ഏതോ അജ്ഞാത നിഗൂഢവും  ഏകാന്തവുമായ ഒരു വികാരം ജനിപ്പിച്ചിരുന്നു.

ജയ​​​​​െൻറ മരണത്തിലേക്ക്​ നയിച്ച ‘കോളിളക്ക’ത്തിലെ ക്ലൈാമാക്​സ്​ സീൻ
 

സന്ധ്യയായി എന്നറിയിക്കാൻ വീശുന്നൊരു കാറ്റ്, രാത്രിയെ പേടിയുള്ള കുട്ടിമനസ്സിലേക്ക് ആ പാട്ടിനൊപ്പം ഇലകളും പൂക്കളും കൊഴിച്ചിട്ട് പോയിരുന്നു. നടൻ ജയൻ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട വാർത്ത  പപ്പ നിറകണ്ണുകളോടെ എന്റെ കൈയ്യിൽ പിടിച്ചു പറഞ്ഞതും, അത് കേട്ട് ഭാവവ്യതിയാനങ്ങളില്ലാത്ത  കുട്ടിത്തത്തിന്റെ നിഷ്ക്കളങ്കതയോടെ ഞാൻ വെറുതെ നിന്നതും അത്തരമൊരു സന്ധ്യയിൽ ,ആ വീട്ടിൽ വെച്ചായിരുന്നു...!

അതിവിദൂര ഭൂതകാലത്തിന്റെ മങ്ങി മായുന്ന കാഴ്ചകളിലേക്ക് ഒരു മൾബറി മരം വന്ന് ചില്ലകൾ  വീശി മാടി വിളിച്ചു നിൽക്കുന്നുണ്ട്. ആ മരത്തിന് ചാരെ മൺചുവരുകളുള്ളൊരു വീട്​. വീട്ടിലേക്കുള്ള വഴി ഒതുക്കുകല്ലുകൾ കയറിച്ചെല്ലുന്ന ഒന്നായിരുന്നു. മൾബറി മരത്തോട് ചേർന്നൊരു വെള്ളച്ചെത്തിപ്പൂഞ്ചെടി ഗമയിൽ നിന്നിരുന്നു. വീട്ടുമുറ്റത്ത് മുല്ലയും, കൊഴുത്ത ഇലകളുള്ള ഒരു കുടമ്പുളിമരവും, തൈ തെങ്ങുകളും ഉണ്ടായിരുന്നു. എല്ലാ അവധിക്കാലവും ഞാൻ ചിലവഴിച്ചിരുന്ന എന്റെ സുമതി അപ്പച്ചിയുടെ വീടായിരുന്നു അത്. ആ വീട്ടിലെത്തിയാൽ എന്റെ താവളം ആ മൾബറി മരച്ചുവട് ആയിരുന്നു. മൂത്ത് പഴുത്ത പോളകളിൽ മധുര നീർ വിങ്ങുന്ന പഴങ്ങൾ ചോട്ടിൽ മുഴുത്ത കട്ടുറുമ്പുകളെപ്പോലെ കിടന്നിരുന്നു.. പെറ്റിക്കോട്ടിന് മുകളിൽ വീട്ടിലെ ചേച്ചിമാരുടെ ഒരു ഹാഫ് സാരി ചുറ്റി, തലയിൽ തോർത്തുകൊണ്ട് മുടി മെടഞ്ഞു കെട്ടി ഒറ്റയ്ക്ക് സിനിമാപാട്ടുകൾ പാടി അഭിനയിക്കുന്ന ഒരു കളി കളിയ്ക്കാൻ എനിക്കിഷ്ടമായിരുന്നു...

തേനും വയമ്പും - ബിച്ചുതിരുമല രചിച്ച്​ രവീന്ദ്രൻ സംഗീതം പകർന്ന മനോഹര ഗാനങ്ങൾ
 

അക്കാലത്തിറങ്ങിയ ‘തേനും വയമ്പും’ എന്ന ചിത്രത്തിലെ നായിക സുമലതയായിരുന്നു. സുമലതയുടെ ആദ്യകാല മലയാള ചിത്രങ്ങളിലൊന്നായിരുന്നു ആ ചിത്രം.  ‘തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ....’ എന്ന പാട്ട്  തോന്നിയ ഈണത്തിൽ, യേശുദാസി​​​​​െൻറയും ജയചന്ദ്ര​​​​​െൻറയും, എസ്. ജാനകിയുടെയുമൊക്കെ വർണച്ചിത്ര കവറുള്ള പാട്ടുപുസ്തകം  നോക്കി ഞാൻ കർണകഠോരമായി മേൽ വിവരിച്ച കോസ്റ്റ്യൂറ്റ്യൂമിൽ മൾബറി മരത്തെ ചുറ്റിപ്പിടിച്ചു നിന്ന് ആവർത്തിച്ചു പാടിയിരുന്നു. ‘സുമതല’ എന്നായിരുന്നു ഞാൻ ധരിച്ചിരുന്നത്. അല്ല, സുമലതയാണെന്ന് തിരുത്തിത്തന്ന ചേച്ചിമാരോട് പിണങ്ങിപ്പോയി കരഞ്ഞുകൊണ്ട് മൾബറി മരത്തോട് മുഖം ചേർത്തു നിന്നത് ഓർമയുണ്ട്.. ഇന്നും ആ പാട്ടുകേൾക്കുമ്പോൾ, സ്നേഹ പരിഗണനകൾ കൊണ്ടും ഗ്രാമ്യാനുഭവങ്ങൾ കൊണ്ടും എ​​​​​െൻറ കുട്ടിക്കാലം വിലപ്പെട്ടതാക്കിത്തീർത്ത മൾബറി മരങ്ങളുടെ ആ വീടിനെ ഗൃഹാതുരത്വത്തോടെ ഞാൻ പ രതിയെടുത്ത് നെഞ്ചിൽ ചേർത്തു പിടിക്കാറുണ്ട്....!

ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രം ‘മൈ ഡിയർ കുട്ടിച്ചാത്തൻ’
 

1984ൽ പുറത്തിറങ്ങിയ നവോദയായുടെ സൂപ്പർ ഹിറ്റ് ത്രീഡി ചിത്രം ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഇന്ത്യൻ സിനിമയിൽപ്പോലും ഒരു അത്ഭുതമായിരുന്നു. . പടത്തിലെ മാസ്​റ്റർ അരവിന്ദി​​​​​െൻറ കുട്ടിച്ചാത്തനെപ്പോലൊരു പഹയൻ കൂട്ടു വേണമെന്ന് കൊതിച്ചു പോയ കാലം. കുട്ടിച്ചാത്ത​​​​​െൻറ കുറുമ്പിനൊപ്പം വർണച്ചിറകുകൾ തത്തിക്കളിക്കുന്ന പൂമ്പാറ്റകളെപ്പോലെ ബേബി സോണിയയും മാസ്റ്റർ ടിങ്കുവും.! കെ.പി കൊട്ടാരക്കരയെന്ന മഹാനട​​​​​െൻറ പ്രതിഭയെ തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല.. എന്നാൽ അദ്ദേഹത്തി​​​​​െൻറ ആ മന്ത്രവാദി കഥാപാത്രം ഉറക്കത്തിൽ പേടിപ്പിച്ചിട്ടുള്ളതിന് കണക്കില്ല..

കെ.പി കൊട്ടാരക്കരയെന്ന മഹാനടനെ സ്വപ്​നത്തിൽ കണ്ടുപോലും നിലവിളിക്ക കാലമായിരുന്നു അത്​
 

അക്കാലമൊക്കെ അങ്ങനായിരുന്നു. ടി.വി ഒന്നും അത്ര പ്രചാരത്തിലായിട്ടില്ല. പക്ഷേ, വല്ലപ്പോഴും കാണുന്ന സിനിമകളും അതിലെ കഥാപാത്രങ്ങളും പാട്ടുകളുമൊക്കെ കാണാപാഠമായിരിക്കും. ആ സിനിമയിലെ ബിച്ചു തിരുമല രചിച്ച്  ഇളയരാജ സംഗീതം പകർന്ന എസ്. ജാനകിയും, എസ്.പി ശൈലജയും ചേർന്ന് പാടിയ ‘ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി....’ എന്ന പാട്ട് അക്കാലത്ത് പാടി നടക്കാത്തവരില്ല. സ്ക്കൂളിൽ ഇന്റർവെൽ സമയത്ത് ഞങ്ങൾ തോളോട് തോൾ ചേർന്ന് ആ പാട്ട് പാടി അഭിനയിക്കും. അതിൽ കുട്ടിച്ചാത്തനും കൂട്ടുകാരും സീലിങ്ങിലും ചുവരിലുമൊക്കെ നടക്കുന്ന സീനുകളുണ്ട്.. അതിന് നമുക്ക് പറ്റില്ലല്ലോ... പകരം കൈകോർത്ത്ഓടി വന്ന് ഭിത്തിയിൽ ചവിട്ടി ബാലൻസ് ചെയ്ത് നിൽക്കും. ഒരിക്കൽ അതു കണ്ടു വന്ന മേരിക്കുട്ടി ടീച്ചർ ‘പെണ്ണുങ്ങക്കിത്ര അഹമ്മതിയോ...’ എന്ന് ചോദിച്ച് നിരത്തി നിർത്തി അടി തന്നത് കുസൃതിയോടെ ഓർക്കുന്നു.

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി
 

ഈയിടെ ഒരു വൈകുന്നേരം, ഒറ്റയ്ക്കു ഇലപൊഴിച്ചു നിൽക്കുന്ന മരച്ചില്ല പോലെ, തിടുക്കപ്പെട്ട് , സൂപ്പർ മാർക്കറ്റിൽ നിന്ന് മടുപ്പോടെ വീട്ടിലേക്ക് അരി സാമാനങ്ങൾ വാങ്ങുകയാണ്.. ഈ പാട്ട് അവിടെ വെച്ചിരിക്കുന്നു..... ഒരൊറ്റ നിമിഷമേ വേണ്ടി വന്നുള്ളു... ഇല കൊഴിഞ്ഞ മരച്ചില്ലയിൽ തളിരുകൾ വരുവാനും, അവ പിഞ്ചു കാലുകൾ നീട്ടി ശൂന്യതയിലൂടെ ആകാശ മേലാപ്പിലേക്ക് നൃത്തം ചവിട്ടി പടരുവാനും. ചില പാട്ടുകൾക്ക് മാത്രം തരാൻ കഴിയുന്ന ഊർജ്ജം...!

‘സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം
ദുഖഭാരങ്ങളും പങ്കുവെയ്ക്കാം
ആശതൻ തേനും നിരാശതൻ കണ്ണീരും
ആത്മദാഹങ്ങളും പങ്കുവെയ്ക്കാം...’


വീടിന് തൊട്ടടുത്തുള്ള ഭാർഗവീനിലയം പോലൊരു പഴയ വീട്ടിൽ നിന്നും അജ്ഞാതനായ ചെറുപ്പക്കാരൻ ഭാവ സാന്ദ്രമായി പാടുകയാണ്... എനിക്ക് ദുഃഖങ്ങളും, സ്വപ്നങ്ങളും ആശകളുമൊക്കെയറിയാം.. ആത്മദാഹം എന്ത് ദാഹമാണെന്നറിയാനുള്ള ഒരു പ്രായം അത്രയ്ക്കങ്ങട്ട് ആയിട്ടില്ല.... ആ വീട്ടിൽ അക്കാലത്ത് തൊടുപുഴ ന്യൂമാൻ​ കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് താമസിക്കുന്നത്... അക്കൂട്ടത്തിൽ സുന്ദരനും, മാന്യനുമായ ഒരു വിദ്യാർത്ഥിയെ പ്രത്യേകം ഓർമിക്കുന്നു. രാവിലെ ഞങ്ങളുടെ വീട്ടിൽ വന്ന് ദിനപ്പത്രം വായിച്ചു പോയിരുന്ന അദ്ദേഹം അക്കാലത്തെ ന്യൂമാൻ കോളേജ് ചെയർമാനായിരുന്നു. പേര്​ ടി.സി മാത്യു.  ഈ മാത്യുച്ചേട്ടനാണ് പിൽക്കാലത്ത് കേരള ക്രിക്കറ്റ്​ അസോസിയേഷ​​​​​െൻറ പ്രസിഡൻറും ബി.സി.സി.​െഎയ​ുടെ വൈസ് പ്രസിഡൻറുമായിരുന്ന അതേ ടി.സി മാത്യു. നന്നായി ഡിസ്ക്കോ ഡാൻസ് കളിച്ചിരുന്ന ഡിസ്ക്കോ ഷാജി, സത്യൻ ചേട്ടൻ എന്നിവരേയും ഓർമയുണ്ട്. അത്രയേറെ അന്തർമുഖി ആയിരുന്നത് കൊണ്ടും ആൺകുട്ടികൾ താമസിക്കുന്ന വീട്ടുപരിസരത്തേക്ക് നോക്കാൻ പോലും പപ്പ സമ്മതിക്കാതിരുന്നത് കൊണ്ടും ആ പാട്ട് പാടിയിരുന്നയാൾ ആരെന്നറിയാൻ ഒരു വഴിയുമില്ലായിരുന്നു. ആ പാട്ട് എനിക്കു വേണ്ടിയൊന്നും പാടിയതല്ല എങ്കിൽപ്പോലും കൗമാരത്തിന്റെ പൂവനങ്ങളിലേക്ക് അറച്ചും പകച്ചും എത്തി നോക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ കുതൂഹലം നിറഞ്ഞ കാൽപനിക മനസ്, ഇന്നും ഈ പ്രായത്തിലും ആ പാട്ടുകേൾക്കുമ്പോൾ എന്നിൽ ആവേശിക്കാറുണ്ട്. ദുരൂഹനായ ആ ഗായകൻ ആരായിരുന്നിരിക്കും എന്നോർത്ത് ഒന്നിനുമല്ലാതെ ആകുലപ്പെടാറുണ്ട്.. കാരണം അത്രയേറെ ആകർഷണീയമായിരുന്നു അയാളുടെ സ്വയം മറന്നുള്ള ആലാപനം..... ഭാസ്​കരൻ മാസ്റ്ററുടെ വരികളുടെ മാസ്മരികതയാണ് ആ ഗാനത്തി​​​​​െൻറ വശ്യത  എന്നതും മറക്കുന്നില്ല....

ഞാൻ  മൈസൂരിൽ പഠിക്കുന്ന തൊണ്ണൂറ്റി അഞ്ച് കാലത്തോ മറ്റോ ഇറങ്ങിയ ആദിത്യ ചോപ്രയുടെ സൂപ്പർ ഹിറ്റ് സിനിമയായിരുന്ന ‘ദിൽവാലേ ദുൽഹനിയ ലേ ജായേ ഗേ’യിൽ ഷാരൂഖ് ഖാനും, കജോലും, അമരീഷ് പുരിയും, അനുപം ഖേറുമൊക്കെ തകർത്തഭിനയിച്ചിരുന്നു. താരതമ്യേന ഹിന്ദി നിരക്ഷരയാണെങ്കിലും ആ ചിത്രം കൂട്ടുകാരികളുമായി ആർത്തർമാദിച്ചു പോയി കണ്ടത് ഓർക്കുന്നു. ‘ഖാമോ ഷി’, ‘തേരേ മേരേ സപ്​ന’ ‘1942 ലവ് സ്റ്റോറി’ ഒക്കെ അങ്ങനെ കണ്ട പടങ്ങളാണ്. കുവമ്പു നഗറിലാണ് കോളേജ് എങ്കിലും താമസം മാനന്തവാടി റോഡിനും ഇൻഡസ്ട്രിയൽ സബർബിനും നടുവിലുള്ള സ​​​​െൻറ്​ ബ്രിജിത്സ് കോൺവെന്റിലാണ്. കോൺവ​​​​െൻറ്​ മതിലിന് പിറകുവശം എൻ.എച്ച്.പാളയ എന്ന സ്ഥലമാണ്. ഇടുങ്ങിയതും, ഈച്ചയാർക്കുന്നതുമായ തെരുവുകളും, ചാള വീടുകളും, ചെറുകടകളും അസംഖ്യം ആളുകളും ഒക്കെയുള്ള ഒരു ചേരിപ്രദേശം. മുകൾനിലയിലെ ഞങ്ങളുടെ ഹോസ്റ്റലി​​​​​െൻറ ജനാലയ്ക്കൽ ഇരുന്നാൽ താഴെ ചേരിയിലെ പച്ചയായ ജീവിത ദൃശ്യങ്ങൾ കാണാം. പൈപ്പിൽ നിന്നും വെള്ളം പിടിക്കുകയും തല്ലുകൂടുകയും ചെയ്യുന്നവർ...  വഴിയോരത്ത് വെളിക്കിറങ്ങുന്ന ചെമ്പുനിറമുള്ള കുട്ടികൾ... അലഞ്ഞു നടക്കുന്ന നായകൾ.. മുഷിഞ്ഞ ഷർട്ടും പാൻറ്​സും ധരിച്ച് ചെളിയിൽ നിന്നുയിർത്ത പോലുള്ള പുരുഷന്മാർ... തമ്മിൽ ചേരാത്ത അയഞ്ഞചുരിദാറും ദുപ്പട്ടയും, പിഞ്ഞിയ സാരിയുമുടത്ത്, ദിനങ്ങളോളം കുളിക്കാത്ത സ്ത്രീകൾ ഒരു ജീവിതകാലം മുഴുവൻ അഴുക്കിൽ ജീവിച്ചൊടുങ്ങാൻ വിധിക്കപ്പെട്ട ഒരു ജനത....

ദിൽവാലേ ദുൽഹനിയ ലേ ജായേ ഗേ - കജോൾ, ഷാറൂഖ്​ ഖാൻ
 

മതിലിനപ്പുറത്തെ വീട് കുറച്ച് ഭേദപ്പെട്ടതായിരുന്നു. ജ്യേഷ്ഠാനുജന്മാരും ഭാര്യമാരും മക്കളുമായിരുന്നു അവിടെ താമസം. എ സറു ഏനു? (പേരെന്താ), ഊട്ടാ മാട്ത്താ? ( ഭക്ഷണം കഴിച്ചോ ) തുടങ്ങിയ ചില്ലറ സ്നേഹ ഭാഷണങ്ങൾ ആ സ്ത്രീകളും ഞങ്ങളും തമ്മിൽ നടന്നിരുന്നു. ഒരിക്കൽ ആ വീട്ടിൽ അവർ ഞങ്ങളെ വിളിച്ച് കേസരിയും, ഗുലാബ് ജാമും ഒക്കെത്തന്ന് സൽക്കരിച്ചത് ഓർക്കുന്നു. ആ വീട്ടിൽ നിന്നും സദാ, ദിൽ വാലയിലെ ഒക്കെ പാട്ടുകൾ കേൾക്കാം. ഇന്നത്തെപ്പോലെ മൊബൈലോ, ഐപ്പാഡോ ഒന്നും അത്ര പ്രചാരത്തിൽ ഇല്ലാത്ത കാലമാണ്... അവിടുന്നും ‘തു ജേ ദേഖാ തോ യേ ജാനാ സന’വും, ‘ഹോ ഗയാ ഹെ തുജ് സേ തോ പ്യാർ ഹോ ഗയ’യും, ഒക്കെ കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. ഈ പാട്ടുകൾ ഇന്നും കേൾക്കുമ്പോൾ എനിക്ക് ആ കുടുംബത്തെ എന്തുകൊണ്ടോ ഓർമ വരും.... ഈ ജന്മത്ത് ഇനിയൊരിക്കലും അവരെയൊന്നും കാണാൻ സാധിക്കില്ല, കണ്ടാൽ തിരിച്ചറിയില്ല എന്ന നിർവികാരത മനസിൽ നിറയും.

ആ സിനിമയിലെ തന്നെ ‘സാരാ സാ ജൂമ് ലൂം മേം...’ എന്ന ആശാ ഭോസ്​ലേ പാടിയ അടിപൊളിപ്പാട്ട് വേദന തരുന്നൊരു ഓർമയാണ്. ഞങ്ങളുടെ കോൺവ​​​​െൻറ്​ ഹോസ്റ്റലിൽ ആസ്പെരൻറ്​സ്​ എന്നാണ് കന്യാസ്ത്രീ ട്രെയിനികളെ വിളിച്ചിരുന്നത്.. അവർ ഞങ്ങളുടെ പ്രായമൊന്നുമില്ലാത്ത ചെറിയ പെൺകുട്ടികൾ ആവും. മിക്കവരും സാധു കുടുംബങ്ങളിൽ നിന്നും വന്നവരും ആയിരിക്കും. ട്രയിനിങ്ങിന്റെ ഭാഗമായി അവർക്ക് മഠത്തിന്റെ തോട്ടത്തിലും ഗാർഡനിലും പാർലറിലും, ഹോസ്റ്റൽ മെസ്സിലും ഒക്കെ ജോലി ചെയ്യേണ്ടതുണ്ട്. അതിൽ ഒരു കന്നഡപ്പെൺകുട്ടിയെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മറ്റു ആസ് പെരന്റുകളിലെല്ലാം, ആഗതമാകുന്ന സന്യാസജീവിതത്തിന്റെ ശാന്തത കണ്ടിരുന്നു. എന്നാൽ ഈ കുട്ടിയാവട്ടെ സദാ ജീവിത പ്രണയിയായി തോന്നിച്ചിരുന്നു. മുഖക്കുരു മുളച്ച സുന്ദരമായ മുഖത്ത് പുഞ്ചിരിതത്തിക്കളിച്ചിരുന്നു..... മെസ്സിൽ ഭക്ഷണം വിളമ്പുമ്പോഴും, ഗാർഡനിൽ ചെടികൾ കത്രിച്ചു നിർത്തുമ്പോഴും അവൾ കൂട്ടുകാരോട് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു. ഒരിക്കൽ ‘സാരാ സാ ജുമുലൂ മേം....’ പാടി ആരും കാണാതെ പാവാട വട്ടംചുറ്റിക്കറങ്ങുന്നവളെ ഇഷ്ടത്തോടെ നോക്കി നിന്നിട്ടുണ്ട്... എന്തിനാണ് ഈ പെൺകുട്ടിയെ വീട്ടുകാർ മഠത്തിൽ അയച്ചതെന്ന് ഓർത്തിട്ടുണ്ട്.... ഒരിക്കൽ അവൾ കോൺവെന്റിൽ നിന്ന് ഒളിച്ചു പോയി എന്നു കേട്ടു... ഒരാഴ്ചക്കുള്ളിൽ അവളുടെ മൃതദേഹം മൈസൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഏതോ ചേരിയിൽ നിന്നും കണ്ടെടുത്തു എന്നും ഞെട്ടലോടെ കേട്ടു. അതൊക്കെ കഴിഞ്ഞൊരു ദിവസം കോൺവെന്റിൽ നിന്നും ഒരു പെട്ടിയും താങ്ങി, നടന്നു പോകുന്ന ഗ്രാമീണ വൃദ്ധനെ ചൂണ്ടി ആരോ അത് അവളുടെ പിതാവാണെന്ന് പറഞ്ഞു.. പുളിമരങ്ങൾക്കപ്പുറം, ബൊഗൈൻ വില്ല പടർപ്പുകൾക്കതിരിലേക്ക്   കുനിഞ്ഞ ശിരസ്സോടെ നടന്നു മറയുന്ന പരാജിതനും ദുഃഖിതനുമായ ആ പിതാവിനെ നിറകണ്ണുകളോടെ നോക്കി നിന്നത് ഓർമ്മിക്കുന്നു..

സിന്ധുവിനെപ്പറ്റി പറയാതെ എന്റെ പാട്ടോർമ്മകൾക്ക് ഒരിക്കലും കടന്നു പോവാൻ കഴിയില്ല. ഒരു വർഷം ഞങ്ങളുടെ ജൂനിയറായ ആ കണ്ണൂരുകാരി സുന്ദരിക്കുട്ടി വലിയ ഗായികയും പ്രണയിനിയും ആയിരുന്നു. ഒഴിവു സമയം കിട്ടുമ്പോഴെല്ലാം ഞങ്ങൾ സിന്ധുവിനെക്കൊണ്ട് ‘വരുവാനില്ലാരും..., ‘കണ്ണാളനേ...’ , ‘രാജാ കോ റാണീ...’ ഒക്കെ പാടിക്കും. പക്ഷേ എപ്പോൾ പാടാൻ പറഞ്ഞാലും സിന്ധു പ്രാർത്ഥന പോലെ ആദ്യം തുടങ്ങുക ‘നദി’ എന്ന സിനിമയിൽ വയലാർ രചിച്ച ‘പഞ്ചതന്ത്രം കഥയിലെ.... പഞ്ചവർണ്ണക്കുടിലിലെ...’ എന്ന പാട്ടു തൊട്ടാകും. ഒരു വെറുംവയറു വേദനയുമായി വീട്ടിൽപ്പോയ സിന്ധു പിന്നെ ഹോസ്റ്റലിലേക്ക് വന്നതേയില്ല... കാൻസർ എന്ന മഹാ വ്യാധി വയറുവേദനയുടെ രൂപത്തിൽ വന്ന് നിർമലയായ ആ പെൺകുട്ടിയേയും അവളുടെ പാട്ടുകളേയും പ്രണയത്തേയും ഈ ലോകത്തു നിന്നു തന്നെ മായ്ച്ചു കളഞ്ഞു. ഭക്ഷണം കഴിച്ചു മെസ്സിൽ നിന്നും വരുമ്പോൾ പെട്ടെന്ന് വീർത്തു വരുന്ന സിന്ധുവിന്റെ വയർ തൊട്ട്, പെൺകുട്ടിക്കാല രസത്തോടെ ഗർഭിണി എന്ന് തമാശിച്ചിരുന്നു. ഒരു, രാത്രി പെട്ടെന്ന് ഉണർന്നപ്പോൾ തൊട്ടടുത്ത കട്ടിലിലുള്ള അവൾ വയറുവേദനയുമായി കുനിഞ്ഞിരിക്കുന്നത് കണ്ടു.. മോശം ഹോസ്റ്റൽ ഭക്ഷണമല്ലേ.. ഗ്യാസ് ആവുമെന്ന് ഞങ്ങൾ രണ്ടാളും നിഗമിച്ചു. മറ്റു കൂട്ടുകാരെ ഉണർത്താതെ ജെലൂസിൽ ഒക്കെ കൊടുത്ത് അവളെ തട്ടി ഉറക്കി. ഉറങ്ങുന്ന നേരം വരെ വേദനയിലും അവൾ തന്റെ പ്രണയിയുടെ വിശേഷവും, കോഴ്സ് കഴിഞ്ഞാൽ നടക്കേണ്ട വിവാഹത്തെപ്പറ്റിയും സന്തോഷത്തോടെ പറഞ്ഞു കൊണ്ടിരുന്നു..... ഒരു ഗദ്ഗദത്തോടെ അല്ലാതെ സിന്ധുവിനെ ഇന്നും ഓർമ്മിക്കാൻ കഴിയില്ല. ‘പഞ്ചതന്ത്രം കഥയിലെ.... പഞ്ചവർണ്ണക്കുടിലിലെ...’ എന്ന പാട്ട്​ വേദനയോടെയല്ലാതെ ഇപ്പോഴും കേൾക്കാനുമാവില്ല.

ഇത്തരം ചിലവേദനകൾ ഉണ്ടായെങ്കിലും ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിച്ച പെൺകുട്ടിക്കാലം കൂടിയായിരുന്നു മൈസൂർ പഠനകാലം തന്നത്. എരുക്ക് പൂത്ത് പടർന്ന് പൊടിപിടിച്ചു കിടക്കുന്ന ഇൻഡസ്ട്രിയൽ സബർബ് വഴികളിലൂടെ, ചില വൈകുന്നേരങ്ങളിൽ സംഘം നടക്കാനിറങ്ങും. കൂട്ടുകാരിയെ ആരാധിക്കുന്ന സീനിയർ ചേട്ടൻ ആ വഴിയിൽ എവിടെയെങ്കിലും ഹാജരുണ്ടാവും. എല്ലാ ദിവസവും പച്ച ബനിയൻ ധരിച്ച് എത്തുന്ന ഇയാളെ കാണുന്നത് തന്നെ അവൾക്ക് കലിപ്പാണ്.  ഇയാളെക്കടന്നു പോകുമ്പോൾ
‘നീലക്കണ്ണാ,നിന്നെക്കണ്ടു
ഗുരുവായൂർ നടയിൽ
ഓടക്കുഴലിൻ നാദം കേൾക്കെ
സ്നേഹക്കടലായ് ഞാൻ ..’ എന്ന, ജഗദീഷും വിന്ദുജയും അഭിനയിച്ച ‘വെണ്ടർ ഡാനിയേലി’ലെ കെ.എസ്​. ചിത്ര പാടിയആ പാട്ട് ഞങ്ങൾ ആ വൺവേ കാമുകന്റെ വേർഷനിൽ ഇങ്ങനെ പാരഡി പാടും
‘ഉണ്ടക്കണ്ണീ, നിന്നെക്കണ്ടു,
............... ലോക്കോളേജിൽ
പച്ച ബനിയൻ മാറിൽ ചാർത്തി
സ്നേഹക്കടലായ് ഞാൻ........’

ഇത്തരം കോമഡികളൊക്കെയായി ജെ.പി നഗറിലെ ബേക്കറിയിൽ പോയി പഫ്സ്സ് ഒക്കെ വാങ്ങിത്തിന്ന് ചിരിച്ച് കുടലുമറിഞ്ഞ് തിരിച്ചു പോവുമ്പോൾ സമയം സന്ധ്യ കഴിഞ്ഞിരിക്കും. അകലെ ചാമുണ്ഡിക്കുന്നുകൾ സന്ധ്യാ ദീപം തെളിച്ചിരിക്കും. മേഘപാളികൾ മിന്നുന്ന നക്ഷത്രപ്പൊട്ടുകൾ തൊട്ടു തുടങ്ങും. നനുത്ത കാറ്റ് വീശും. ഞങ്ങൾ പൊടുന്നനെ  നിശബ്ദരാകും. കാരണം അപ്പോൾ ചോട്ടു എന്ന ഷീബ
‘താളം മറന്ന താരാട്ട് കേട്ടന്റെ....
തേങ്ങും മനസ്സിന് ഒരാന്ദോളനം...’
‘ശ്യാമ സുന്ദര പുഷ്പമേ...’
‘കാതിൽ തേന്മഴയായ്...’ തുടങ്ങിയ മെലഡികൾ അതി മനോഹരമായി  മൂളുകയായിരിക്കും....! അന്ന് കോർത്തു പിടിച്ച്, ചേർന്നു നടന്നിരുന്ന, ഓരോ ഹൃദ്സ്പന്ദനം പോലും പരസ്പരം പകർന്നിരുന്ന ആ നേർത്ത വിരലുകളുടെ ഉടമകൾ ഒക്കെ ഇന്ന് എവിടെയൊക്കെ ആണ്.??..
ജീവിതത്തിന്റെ പ്രളയപ്പാച്ചിലുകളിൽ, കാലം ചിതറിപ്പിച്ചവർ ചെന്നടിഞ്ഞ മലയിടുക്കുകളും, മണൽത്തിട്ടകളും, ഒരിക്കലെങ്കിലും കൂട്ടിവെച്ചു ഒന്നിച്ചു കൂടുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്  നിഷ്ഫലമായി മോഹിക്കാറുണ്ട്.

 

പക്ഷേകാലത്തിന് മുന്നോട്ടു പോകാതെ വയ്യല്ലോ. നമ്മൾക്ക് ഒറ്റയ്ക്ക് കാട്ടുചോലകളും, കയങ്ങളും താണ്ടാതെയും കഴിയില്ല... ജലപ്പരപ്പുകളുടെ സ്ഫടിക സ്പർശത്തിൽ, ആത്മാവ് ഈറനാക്കുന്ന അനുഭവങ്ങൾക്കൊപ്പം തന്നെ, അത്, ആഴങ്ങളിൽ മുങ്ങാംകുഴിയിട്ടു കിടക്കുന്ന നീർനായകളേയും, തിമിംഗലങ്ങളേയും കണ്ട് പകച്ചു പോകുന്നു. പടുകൂറ്റൻ മരച്ഛായകളിൽ തണൽ മോഹിച്ചു ചേർന്നു നിൽക്കുന്നു. കറയും കലയും വീണ് കര ളുകളുടെ നിറം മാറുന്നു..... ഓരോ പെൺകുട്ടിയും നിഷ്ക്കളങ്കത കൊഴിച്ചു കളഞ്ഞ്  പരിണാമപ്പെട്ട് സ്ത്രീയായി മാറുകയാണ്. പക്ഷേ, ഭാര്യയായാലും, അമ്മയായാലും മുത്തശ്ശി ആയാലും അവൾക്ക് ഭൂതകാലത്തിൽ നിന്നും ആരും കാണാതെ കടത്തിക്കൊണ്ടുവന്ന് മനസിൽ സൂക്ഷിക്കുന്ന ഒരു പിടി തണ്ടുലഞ്ഞ സൗഗന്ധികങ്ങളെ വാരിക്കളയാൻ വയ്യ. നെഞ്ചിനുള്ളിൽ തത്തിക്കളിക്കുന്ന പറവകളേയും, പാടിപ്പതിഞ്ഞ ചില പാട്ടുകളേയും പറത്തി വിടാൻ പറ്റില്ല..... ഒരു സ്ത്രീയിൽ എല്ലായ്പ്പോഴും ഒളിച്ചിരിക്കുന്ന സദാ കുതുകിയായ ഒരു പെൺകുട്ടിയുണ്ടെന്ന് സാരം. ചില കൗമാര ഈണങ്ങൾ എല്ലായ്പ്പോഴും അവളിൽ അലയടിച്ചു കൊണ്ടേയിരിക്കും. ‘ധ്വനി’യിലെ യൂസഫലി കേച്ചേരി രചിച്ച് നൗഷാദിന്റെ ഈണത്തിൽ യേശുദാസ് പാടിയ ‘ഒരു രാഗമാല കോർത്തൂ സഖീ ബാഷ്പധാരയിൽ...’ എന്ന പാട്ട്, എനിക്ക് അത്തരത്തിലൊന്നാണ്. ആ വരികളിൽ ‘പറയാതറിഞ്ഞു ദേവി ഞാൻ നിൻ രാഗ വേദന......
അലയായ് വരും വിചാരമെഴും മൗനചേതന...’ എന്ന ഭാഗത്തെത്തുമ്പോൾ ഉള്ളിൽ നിന്നൊരു പേമാരി പൊട്ടിച്ചീറും. എവിടുന്നോ വീശുന്നൊരു കാറ്റിൽ നദിയിലേക്കൊരു പൂമരം താനേ പിഴുത പോലെ ചാഞ്ഞു വീഴുകയാണ്. നദി മരത്തേയും ചേർത്തു പിടിച്ചു കൊണ്ട് കടലിലേക്ക് ഒഴുകുകയാണ്. പൂക്കൾ, ഇതൾ മുറിഞ്ഞും മൊട്ടുകളും ഇലകളും കൊഴിച്ചും പുഴയിലേക്ക് സുഗന്ധം ചേർക്കുന്നുണ്ട്... അലകളാകട്ടെ, ഓളം തല്ലിമരത്തെ ചുംബിച്ചു വശം കെടുത്തുന്നുണ്ട്...

ധ്വനി
 

വിവാഹം കഴിഞ്ഞ് 2002ൽ, കുന്ദംകുളത്തെത്തിയ ആദ്യ നാളുകളിലൊന്നിൽ, ഞാൻ തൃശൂർ കോടതിയിൽപ്പോയി നട്ടുച്ചക്ക് വിശന്ന് തളർന്ന്, ഒരു ബസിൽ ചാവക്കാട്ടുള്ള സീനിയറുടെ ഓഫീസിലേക്ക് പോകുകയാണ്..... ബസിലെ പ്ലേയറിൽ ഈ പാട്ടാണ്.. വണ്ടി കേച്ചേരിയിലെ ബ്ലോക്കിൽപ്പെട്ടു നിർത്തിയിട്ടിരിക്കുന്നത് ഇതെഴുതിയ യൂസഫലി കേച്ചേരിയുടെ വീട്ടുപടിക്കൽ! കവി അവിടെ ചാരുകസേരയിൽ നീണ്ടു നിവർന്ന് കിടന്ന്  റോഡിലേക്ക് നോക്കി   പകൽക്കിനാവ് കാണുന്നുണ്ടായിരുന്നു. നിർത്തിയിട്ട ബസിലെ പ്രിയ ഗാനം ആത്മഹർഷത്തോടെ, ഒരുവൾ അതെഴുതിയ കവിയെ കണ്ടു കൊണ്ട് കേൾക്കുന്നു...! കവിയാകട്ടെ, ബസിലെ മറ്റുള്ളവരാകട്ടെ, ഇതൊന്നും അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല.....! ഇന്നും ഇത്രമേൽ കൗതുകം പകരുന്ന അത്ഭുതം തോന്നുന്ന അപൂർവമായ വേറൊരു പാട്ടോർമ ഇല്ല......!

യൂസഫലി കേച്ചേരി
 

എത്രയോ വർഷങ്ങൾ മുൻപായിരുന്നു അത്.. അവിചാരിതമായ ഒരു അപകടത്തിൽ തോളെല്ലൊടിഞ്ഞ് കൂട്ടുകാരിയോടൊപ്പം താമസിക്കുന്ന ഒരു കാലം.... മനസ് വിഷാദത്തിന്റേയും വിഭ്രമത്തിന്റേയും ചുഴികളിലേക്ക് ഇടയ്ക്കിടെ കൂപ്പുകുത്തിപ്പോകുന്ന അവസ്ഥ.  മേഘങ്ങളും, സൂര്യനും, മരങ്ങളുമെല്ലാം, നിന്റെ നിന്റെ എന്ന് പറഞ്ഞ് എത്തി നോക്കി കൊതിപ്പിക്കുകയും പിന്നീട് കളിയാക്കുന്നത് പോലെ കാറ്റിലേക്ക്​, കാണാത്തിടങ്ങളിലേക്ക് മറിഞ്ഞു പൊയ്ക്കൊണ്ടിരുന്ന പോലെ...വിഷാദം പാട കെട്ടിയ മനസിന് ഒന്നിലും ഉറപ്പില്ലായിരുന്നു.. അക്കാലത്ത് ആരാണ് ബോണി എം ന്റെ ‘റിവേഴ്സ് ഓഫ് ബാബിലോൺ’ ഫോണിലേക്ക് അയച്ചു തന്നതെന്ന് ഓർമ്മയില്ല....!, പലായനം ചെയ്യപ്പെട്ടവർ, യൂഫ്രട്ടീ സോ, ടൈഗ്രീസോ, ബാബിലോൺ നദീതീരത്തിരുന്ന് നഷ്ടഭൂമികയെ ഓർത്ത് വിലപിക്കുകയാണ്....!
By the riverട of Babylon
There we sat down
Yeah we wept
When we lamented... Zion..

റിവേഴ്​സ്​ ഒാഫ്​ ബാബിലോൺ - ബോണി എം
 


എം.പി 3 യിൽ കോപ്പി ചെയ്ത് എത്രയോ പ്രാവശ്യം ഈ പാട്ട് കേട്ട് ഞാൻ കരയുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട്..വിഷാദത്തിന്റെ നരച്ച കുപ്പായം ഊരിയെറിയുകയും, അതിജീവനത്തിന്റെ പുതുവസ്ത്രം വാരിയണിയുകയും ചെയ്തിട്ടുണ്ട്... ബാൻഡ് താളത്തിൽ പാടുമ്പോൾ എക്കൽ മണ്ണടിഞ്ഞ, 'ബാബിലോൺ തടങ്ങളിലൂടെ, നദിയിലെ നീല ജലത്തിലൂടെ, അഭയാർത്ഥികളായ ഒരു ജനതയ്ക്കൊപ്പം വെണ്ണ നിറമുള്ള കുപ്പായമിട്ട്, മുടി പരത്തിയിട്ട് ഈ പാട്ട് പാടി ഒപ്പം ഞാനും കരഞ്ഞും ചിരിച്ചും,  നടന്നിട്ടുണ്ട്... ചുവട് വെച്ചിട്ടുണ്ട്... വീടും, നാടും, സ്നേഹ ഗൃഹങ്ങളും നഷ്ടസ്വപ്നമായ ഒരു ജനത കാലത്തോട്  പാടുകയാണ്...

Now how shall we sing
the lords song in a strange
land,????????

ചില പാട്ടുകൾ ഒരു കാലത്തെ ആണ് പുഴ കടത്തി കരളിലേക്കിട്ടു തരുന്നത്....!
എന്റെ മകൻ രണ്ടു വയസാകുന്നതിന് മുന്നേ പാടിയിരുന്ന ഒരു പാട്ടാണ് ‘കളിമണ്ണ്’ എന്ന സിനിമയിലെ ‘ലാലീ ലാലീലേ ലോ...’ എന്ന ഗാനം. ഈ പാട്ട് മുലപ്പാൽ ഗന്ധത്തോടെയല്ലാതെ എനിക്ക് ഓർമിക്കുവാൻ വയ്യ...!

പാട്ടോർമകളിൽ പറഞ്ഞ പാട്ടുകളിൽ ഇഷ്ടഗാനങ്ങൾ അധികം പറഞ്ഞിട്ടില്ല. മനസിന്റെ ഓരോ ചില്ലയിലും നിരവധി മുഖങ്ങൾ കൂടുകെട്ടിയിട്ടുണ്ട് എന്ന പോലെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും, എന്തിന് നിമി ഷങ്ങൾ പോലും ഏതെങ്കിലും ഗാനവുമായി ബന്ധിപ്പിക്കാതെ വയ്യ.......!
ഓരോ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഓർമ്മിക്കുന്ന ഒരു ഗാനമുണ്ട്. അത് ‘ബാലേട്ടൻ’ എന്ന സിനിമയിലെ ‘ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺ വിളക്കൂതിയില്ലേ.....’ എന്ന പാട്ടാണ്. ആത്മാവിൽ ഇന്നും ആ ചിത എരിഞ്ഞു തീരാതെ നിൽക്കുകയാണ്. അത് എന്റെ പപ്പയുടെ ചിതയാണ്.... പപ്പ കടന്നു പോയ നിമിഷം മുതൽ മഴയത്ത് നിൽക്കുന്നവളുടെ ആത്മാലാപമാണ്.
‘ഉള്ളിന്നുള്ളിൽ അക്ഷരപ്പൂട്ടുകൾ
ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പോൾ
കൈ തന്നു കൂടെ വന്നു
ജീവിതപ്പാതകളിൽ
എന്നിനിക്കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ
പുണ്യം പകർന്നിടുമോ.....?’
യശ: ശരീരനായ അതുല്യഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയെ പ്രണമിക്കുന്നു. അദ്ദേഹം ആ വരികൾ എഴുതിയത് എനിക്കു വേണ്ടിയെന്നു കൂടി വിശ്വസിക്കുന്നു. ഇതാണ് എന്റെ പാട്ട്.. കൂരിരുൾക്കാവിന്റെ മുറ്റത്തെ മുല്ലപോൽ ഒറ്റയ്ക്കു നിൽക്കുന്ന അച്ഛനില്ലാത്തവളുടെ പാട്ട്........!

Tags:    
News Summary - memories of songs by smitha gireesh- Pattorma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT