ജഗ്ജിത് സിംഗ് ഗസല്‍ സാമ്രാജ്യത്തിന്റെ അവസാന ചക്രവര്‍ത്തിയോ ?

ജഗ്ജിത് സിംഗ്.. ഗസല്‍ എന്നു കേള്‍ക്കുമ്പോഴെ ഉള്ളിന്റുളളില്‍ ഓടിയെത്തുന്ന പേര്. ജഗ്ജിത് എന്നാല്‍ ലോകത്തെ ജയിച്ചവന്‍ എന്നര്‍ത്ഥം. ലോകമെമ്പാടുമുളള ഗസല്‍ പ്രേമികളുടെ മനസ്സുകള്‍ ജഗ്ജിത് ദില്‍ജിത് സിംഗായി മാറിയതും. പ്രണയവും വിരഹവും ശോകവും ലയിപ്പിച്ചും നേര്‍പ്പിച്ചും അദ്ദേഹം ആസ്വാദകരിലേക്ക് ഗസലുകളൊഴുക്കി. പാടിയാലും പാടിയാലും കേട്ടാലും കേട്ടാലും മതിവരാത്ത മനുഷ്യ ഗന്ധമുളള വരികള്‍. പാടി തീരരുതെന്നാണ് ആസ്വാദകര്‍ ആഗ്രഹിച്ചതെങ്കിലും ജ്ഗ്ജിത് കടന്നു പോയി. എങ്കിലും ഗൃഹാതുരമായ ഒരു നല്ല കാലത്തെ കുറിച്ചുളള ഓര്‍മ്മകളില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. കാതോര്‍ത്താല്‍ ആ ശബ്ദം കേള്‍ക്കാം, മണ്ണിന്റെ മണമുളള നൊമ്പരങ്ങളുടെ ഇളം ചൂടുളള ഒരു പിടി ഗസലുകള്‍.

ജഗ്ജിതിനു മുമ്പും പിമ്പും ഗസല്‍ ഗായകര്‍ ഏറെയുണ്ടായിരുന്നെങ്കിലും ഗസല്‍ രാജാവായി ആസ്വാദകരുടെ മനസ്സിലെത്തിയതും ജീവിക്കുന്നതും അദ്ദേഹം മാത്രമാണ്. 1976ല്‍ പുറത്തിറക്കിയ 'ദി അണ്‍ ഫോര്‍ഗെറ്റബിള്‍സ്' എന്ന ആല്‍ബത്തിലൂടെയാണ് ഈ അനശ്വര ഗായകന്‍ സ്വന്തം സാമ്രാജ്യത്തിന് അടിത്തറയിടുന്നത്. പത്‌നി ചിത്ര സിംഗിനൊപ്പമാണ് ഈ ആല്‍ബം തയ്യാറാക്കിയത്. പിന്നീട് 'ക്ലോസ് ടു മൈ ഹാര്‍ട്ട്‌സ്', സം വണ്‍ സം വേര്‍',' ടുഗതര്‍' എന്നിവ ഗസല്‍ സാമ്രാജ്യത്തെ അടിയുറപ്പിച്ചു. വമ്പന്‍ ഹിറ്റുകളായിരുന്നു ഈ ആല്‍ബങ്ങളൊക്കെ. അതുവരെ ഗസലുകള്‍ കേട്ടിരുന്നവര്‍ ജഗ്ജിതിന്റെ സ്വരമാധുരിയില്‍ സ്വയം മറന്നു. ജഗ്ജിത് ഓരോ തവണയും പാടുമ്പോള്‍ ആസ്വാദകരുടെ കാതുകളില്‍ അവ സംഗീത മഴ പെയ്തു കൊ്ണ്ടിരുന്നു. ആ സ്‌നേഹത്തുളളികള്‍ ഹൃദയത്തിലേക്ക് ഇരച്ചിറങ്ങുന്നത് ആസ്വാദകര്‍ പോലും അറിയാതെയായിരുന്നു. അതു വരെ കേട്ടതൊന്നും ഗസലുകളാണോ എന്നു പോലും സംശയിച്ച നാളുകള്‍. ഇക്കാരണം കൊണ്ടു തന്നെ ഗസലുകള്‍ക്ക് ഒരു രാജാവേ അന്നും ഇന്നും ഉണ്ടായിട്ടുളളൂ. അത് ജഗ്ജിത് മാത്രമായിരുന്നു. പിന്നീട് ഗസലുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചു കൊണ്ടേയിരുന്നു.  ഉപകരണങ്ങളുടെ ഉപയോഗത്തിലും ആലാപന ശൈലിയിലും സ്വന്തമായ ശൈലി ഉണ്ടാക്കിയായിരുന്നു ജഗ്ജിതിന്റെ മുന്നേറ്റം. പാശ്ചാത്യ  സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ആലാപനത്തില്‍ ഹിന്ദുസ്ഥാനി ശൈലി കൈമോശം വന്നിരുന്നില്ല. ഒപ്പം ഗസലുകളെ ജനകീയമാക്കുകയെന്ന വിപ്ലവകരമായ മാറ്റത്തിന് തിരികൊളുത്തി. സമ്പന്ന വര്‍ഗ്ഗത്തിന് മാത്രം ആസ്വദിക്കാനുളള ഒന്നല്ല ഗസലുകളെന്ന് ജഗജിത് തെളിയിച്ചു. 


സ്വന്തം പുത്രന്‍ അപകടത്തില്‍ പെട്ട് മരിച്ചപ്പോള്‍ ആ ദുഖം ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജഗ്ജിത് ഏറെക്കാലം മൗനിയായി. പിന്നീട് അദ്ദേഹം ഗസലുകളിലൂടെ തന്നെ ഉയര്‍ത്തെഴുന്നേറ്റു, മൗനം വെടിഞ്ഞു. അങ്ങിനെയാക്രൈ ഫോര്‍ ക്രൈ എന്ന ആല്‍ബത്തിന് തിരി തെളിഞ്ഞത്. മകന്റെ വേര്‍പാട് ഉളളിലൊതുക്കി ആ ആല്‍ബത്തിലൂടെ ജഗ്ജിത് വീണ്ടും ഗസലുകളുടെ ലോകത്തേക്ക് തിരിച്ചെത്തുകയായിരുന്നു. 

1941 ഫിബ്രവരി 8 ന് രാജസ്ഥാനിലെ ഗംഗാനഗറില്‍ അമര്‍സിംഗ് ദാമന്റെയും ബച്ചന്‍ കൌറിന്റെയും മകനായാണ് ജഗ്ജിതിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംഗീതം തന്നെയായിരുന്നു പഥ്യവും. സംഗീത പഠനം നടത്തിയത് പണ്ഡിറ്റ് ചംഗന്‍ലാല്‍ ശര്‍മയുടെയും ഉസ്താദ് ജമാല്‍ ഖാന്റെയും കീഴിലായിരുന്നു. 1965 ല്‍ ഗംഗാനഗറില്‍ നിന്നും മുംബൈയിലെത്തി. പരസ്യങ്ങള്‍ക്ക് വേണ്ടി പാട്ടുകള്‍ പാടിയാണ് സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്. ഇക്കാലത്ത് ഏറെ ദരിദ്രമായിരുന്നു ജീവിതം. ദൈനംദിന ചിലവുകള്‍ നടത്താന്‍ പോലും കഴിയാതെ അന്യനഗരത്തില്‍ അന്യനായി കഴിയേണ്ടിയും വന്നു. അങ്ങനെയിരിക്കുമ്പോഴാണ് വിവാഹ സല്‍ക്കാരങ്ങളില്‍ സംഗീത സദസ്സുകള്‍ അവതരിപ്പാക്കാന്‍ ക്ഷണം കിട്ടുന്നത്. പഴയ ഒരു ഹാര്‍മോണിയവുമായി ജഗ്ജിത് അങ്ങനെ വിവാഹ സല്‍ക്കാരങ്ങളില്‍ ശുദ്ധ സംഗീതം പൊഴിച്ചുകൊണ്ടിരുന്നു. രൂക്ഷമായ ദാരിദ്രത്തില്‍ നിന്നും അല്‍പ്പമെങ്കിലും കരകയറാന്‍ കഴിഞ്ഞത് ഈ സദസ്സുകളിലെ വരുമാനം കൊണ്ടായിരുന്നു. 


അക്കാലത്ത് സിനിമാ നിര്‍മ്മാതാവായ സുരേഷ് അമാനെ പരിചയപ്പെട്ടതോടെ ജഗ്ജിത് ചലച്ചിത്രലോകത്തും എത്തി.  ഗുജറാത്തി ചിത്രത്തിലാണ് ആദ്യമായി പാടുന്നതും. ഒപ്പം ചില ചിത്രങ്ങളില്‍ സംഗീത സംവിധായകന്റെ വേഷവും അണിഞ്ഞു. പഞ്ചാബി, ഹിന്ദി, ഉര്‍ദു, ഗുജറാത്തി, സിന്ധി, നേപ്പാളി എന്നീ ഭാഷകളിലും ജഗ്ജിത് ഗാനങ്ങള്‍ അവതരിപ്പിച്ചു. പിന്നീട് ബീഗം അക്തര്‍, മെഹ്ദി ഹസ്സന്‍ എന്നിവരുടെ സ്വാധീനത്തില്‍ ജഗ്ജിത് സിംഗ് അസ്സല്‍ ഗസല്‍ ഗായകനായി മാറി. 1969 ലാണ് ഗസല്‍ ഗായിക കൂടിയായ ചിത്രാ സിംഗിനെ വിവാഹം ചെയത്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രയുമായി ചേര്‍ന്നുളള ആല്‍ബം പുറത്തിറക്കുന്നത്. അതിനു ശേഷം ജഗ്ജിതിനു ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

മെഹ്്ദി ഹസ്സനെ ഒരിക്കലും മറക്കാന്‍ ജഗ്ജിതിന് കഴിഞ്ഞിരുന്നില്ല. നല്ല മനുഷ്യന്‍ കൂടിയായ ഈ അനശ്വര ഗായകന്‍ തന്റെ മാനവികത ലോകത്തിന്റെ മുമ്പിലേക്ക് കൊണ്ടുവന്ന ശ്രദ്ധേയമായ സംഭവമുണ്ട്. കറാച്ചിയില്‍ നടത്തിയ ഒരു ഗാനമേളയില്‍ നിന്നും ലഭിച്ച 15 ലക്ഷം രൂപ മെഹ്ദി ഹസ്സന്റെ ചികിത്സാ ചെലവുകള്‍ക്കായാണ് ജഗ്ജിത് കൈമാറിയത്. മെഹ്ദിയുടെ സ്വാധീനത്തില്‍ ഗസലിന്റെ ലോകത്തേക്ക് എത്തിയ ജഗ്ജിതിന്റെ എളിയ നന്ദി പ്രകടനം കൂടിയായിരുന്നു അത്.


ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഗസലും ഗൗരവമായ മാറ്റത്തിന് വിധേയമാകുന്നുണ്ട്. മറ്റ് സാഹിത്യ രൂപങ്ങളെപ്പോലെ തന്നെ ഗസലിനും  മാറ്റത്തെ മാറ്റി നിര്‍ത്താനായില്ല. ഗസലിന്റെ ചിട്ടകളും ചട്ടക്കൂടും പൊളിച്ചെഴുതാന്‍ ചില കവികള്‍ മുന്നോട്ടു വന്നു. ഗസലുകള്‍ക്ക് പ്രണയവും വിരഹവുമെന്ന വരേണ്യ കാഴ്ചപ്പാടും തച്ചുടക്കപ്പെട്ടതിനും സാക്ഷ്യം വഹിക്കേണ്ടി വന്നു.  മുമ്പ് സൂചിപ്പിച്ച ജഗ്ജിതിന്റെ മൗനത്തിനു ശേഷം പുറത്തു വന്ന ക്രൈ ഫോര്‍ ക്രൈ എന്ന ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയ ഒരു ഗസലും അടിസ്ഥാനപരമായ ഗസല്‍ വിഷയത്തെ പൊളിച്ചെഴുതി. റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്ന ഒരു കൃഷിക്കാരന്റെ ദയനീയമായ ചിന്തകളിലൂടെയാണ് ഗസല്‍ കടന്നു പോകുന്നു. ഇപ്പോള്‍ റേഷന്റെ വരിയില്‍ എന്നെ കാണാന്‍ കഴിയുമെന്നും വയല്‍ ഉപേക്ഷിച്ച് ഓടിയതിന്റെ ശിക്ഷ എന്താണെന്ന് ഞാന്‍ അറിയുന്നു .. എന്നൊക്കെയാണ് ആ മനോഹരമായ വരികള്‍. ചെലവേറിയ അങ്ങാടിയില്‍ നിന്ന് കുറച്ചെന്തോ വാങ്ങി മക്കള്‍ക്കായി പങ്ക് വെയ്ക്കുമ്പോള്‍ നാണം കൊണ്ടെന്റെ മുഖം കുനിയുന്നു .. ഇങ്ങിനെയാണ് കര്‍ഷകന്‍ പറഞ്ഞു വെയ്ക്കുന്നത്. വലിയൊരു സാമൂഹ്യ പ്രതിസന്ധിയേയും മാറ്റത്തെയും മനസ്സില്‍ വരഞ്ഞ് പോകാന്‍ ജഗ്ജിത് സിംഗിനു കഴിയുന്നുമുണ്ട്. മണ്ണിന്റെ മണമുളള ഈ വരികളിലൂടെ അദ്ദേഹം വലിയ പ്രതിസന്ധിയെ മുന്നിലേക്കിട്ടു തരുന്നു, പ്രണയത്തിന്റെയും വിരഹത്തിന്റെയും തടവില്‍ നിന്ന് ഗസലുകളെ മോചിപ്പിക്കാന്‍ നടത്തിയ ഒരു ജനകീയ ശ്രമം. നവോത്ഥാന പ്രസ്ഥാനങ്ങളെപ്പോലെ ഗസലുകളിലെ വരികളിലൂടെ തീവ്രമായ ആശയത്തെ ജനകീയമായി അവതരിപ്പിക്കാനും ജഗ്ജിതിനു കഴിയുകയും ചെയ്തു. ഗസലിന് സുശക്തമായ ഘടന ഉണ്ട്. 'മട്ല' എന്ന ആദ്യത്തെ ഈരടിയില്‍ തുടങ്ങി, 'മക്ത' എന്ന ഈരടിയില്‍ അവസാനിക്കുന്നതാണ് ഒരു ശുദ്ധ ഗസല്‍. അവസാനിക്കുന്ന ഈരടി വ്യക്തിപരമായ പ്രസ്താവനയുമായിരിക്കും.  ഇടയിലുള്ള ഈരടികള്‍ പ്രാസരൂപത്തിലായിരിക്കും അവസാനിക്കുക. ഇടയില്‍ വരുന്ന വരികള്‍ ആശയവുമായി ഒത്തു പോകണമെന്നോ സാമ്യം വേണമെന്നോ നിര്‍ബ്ബന്ധവുമില്ല. ജഗ്ജിത് സിംഗ് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകനായിരുന്ന രെഹന്‍ അന്‍സാരി തന്റെ ഉര്‍ദു ബ്ളോഗില്‍ കുറിച്ചതിങ്ങനെ.

'ഗസലിന് ഒരു പുതിയ ശബ്ദം കൊടുത്ത് കടന്നുപോയീ ജഗ്ജിത് 
കാത്തിരിപ്പാണ് ഗസല്‍, ഒരു കൂട്ടുകാരനെ അദ്ദേഹത്തെപ്പോല്‍'


യഥാര്‍ഥത്തില്‍ വലിയൊരു സത്യമാണ് അന്‍സാരി പങ്കുവെച്ചത്. ജഗ്ജിതിനു മുമ്പും സമകാലികരായും ഒട്ടേറെ ഗസല്‍ ഗായകര്‍ ഉണ്ടായിരുന്നു. എങ്കില്‍ തന്നെയും ഗസല്‍ രാജാവ് എന്നു വിളിക്കാന്‍ ഭാരതത്തിന് ഒന്നാകെയുളള അനശ്വര ഗായകന്‍ ജഗ്ജിത് സിംഗ് മാത്രമേയുളളൂ. ഗസലുകളുടെ ലോകത്ത് സ്വന്തമായ ഇടം കണ്ടെത്തിയ ജഗ്ജിതിന്റെ മരണം സൃഷ്ടിച്ചത്  വലിയൊരു ശൂന്യതയാണ്. അനന്യമായ ഹിന്ദുസ്ഥാനി മാധുരിക്ക് പകരം വെയ്്ക്കാന്‍ ആര്‍ക്കാണ് കഴിയുക. മനുഷ്യത്വത്തിലും ആലാപനത്തിലും ആരാധകര്‍ 'ഗസല്‍ രാജാവ്'എന്ന് വിളിച്ച ജഗ്ജിതിനെ  2003 ല്‍ പദ്മഭൂഷന്‍ ബഹുമതി നല്‍കിയാണ് രാഷ്ട്രം ആദരിച്ചത്.


 

Tags:    
News Summary - jagjit singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT