‘സ്ഥാനാര്‍ഥി സാറാമ്മ’ക്ക് അമ്പത് വയസ്സ് 

കൊച്ചി:  ‘കുരുവിപ്പെട്ടി, നമ്മുടെ പെട്ടി, കടുവാ പെട്ടിക്കോട്ടില്ല...’ പഴയ തലമുറയുടെ മനസ്സില്‍ ഇപ്പോഴും രസച്ചരട് വിളക്കിച്ചേര്‍ക്കുന്ന ഗാനം. ഈ  ആക്ഷേപഹാസ്യഗാനത്തിനും തെരഞ്ഞെടുപ്പ് പ്രമേയമാക്കിയ ആദ്യ മലയാള സിനിമ ‘സ്ഥാനാര്‍ഥി സാറാമ്മ’ക്കും 50 വയസ്സ്. സിനിമയില്‍ സ്ഥാനാര്‍ഥി സാറാമ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാടുന്നതായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നതെങ്കിലും നടപ്പാക്കാനാകാത്ത, ആകാശംമുട്ടുന്ന വാഗ്ദാനങ്ങള്‍ കോരിച്ചൊരിയുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികകളെയാണിത് കളിയാക്കുന്നത്. 1966ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഗാനവും സുവര്‍ണ ജൂബിലിയിലത്തെിയ വര്‍ഷത്തില്‍ മറ്റൊരു തെരഞ്ഞെടുപ്പ് കടന്നുവന്നു എന്നത് യാദൃച്ഛികം. 
പ്രേംനസീറും ഷീലയും നായികാനായകന്മാരായ ചിത്രത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും അനുബന്ധ വിഷയങ്ങളുമാണ് പ്രമേയം. എക്കാലത്തും പ്രസക്തമായ പാട്ടിലെ പല പരാമര്‍ശങ്ങളും നിലവിലെ രാഷ്ട്രീയ-കാലിക സംഭവങ്ങളുമായി സാമ്യമുണ്ടായതും യാദൃച്ഛികമാവാം. ‘...വനം പതിച്ചുകൊടുക്കും, ആര്‍ക്കും വനം പതിച്ചുകൊടുക്കുമെന്നതും എന്‍.ജി.ഒമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി’ എന്നതും ഉദാഹരണം. 
പഞ്ചായത്തില്‍ കുരുവി ജയിച്ചാല്‍ പൊന്നോണം നാടാകെ, പാലങ്ങള്‍, വിളക്കുമരങ്ങള്‍, പാടങ്ങള്‍, കലുങ്കുകള്‍, പാര്‍ക്കുകള്‍, റോഡുകള്‍-അങ്ങനെ പഞ്ചായത്തൊരു പറുദീസ; അരിയുടെ കുന്നുകള്‍ നാടാകെ, നികുതി വകുപ്പ് പിരിച്ചുവിടും, തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും...’ എന്നിങ്ങനെ പോകുന്നു വരികള്‍. അടൂര്‍ ഭാസിയുടെ ശാസ്ത്രികള്‍ എന്ന കഥാപാത്രമാണ് സിനിമയില്‍ ഗാനരംഗത്ത് അഭിനയിക്കുന്നത്. പിന്നണി പാടിയിരിക്കുന്നതും അദ്ദേഹംതന്നെയാണ്. 
ഇന്നും ആസ്വാദകരെ ഹരംകൊള്ളിക്കുന്നതാണ് ഭാസിയുടെ ആലാപനശൈലിയും പാട്ടും. വയലാറിന്‍െറ വരികള്‍ക്ക് എല്‍.പി.ആര്‍. വര്‍മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജയമാരുതി പ്രൊഡക്ഷന്‍സിനുവേണ്ടി ടി.ഇ. വാസുദേവന്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് കെ.എസ്. സേതുമാധവനാണ്. മുട്ടത്തു വര്‍ക്കിയുടെ കഥക്ക് തിരക്കഥ തയാറാക്കിയതും സേതുമാധവന്‍ തന്നെ. 
അയല്‍ക്കാരും കമിതാക്കളുമായ ജോണിക്കുട്ടിയും (പ്രേംനസീര്‍) സാറാമ്മയും (ഷീല) പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രത്യേക സാഹചര്യത്തില്‍ എതിരാളികളായി മത്സരിക്കുന്നു. 11 വോട്ടുകള്‍ക്ക് സാറാമ്മ ജയിക്കുന്നു. ജോണിക്കുട്ടി 100 വോട്ടുകള്‍ക്ക് ലീഡ് ചെയ്തുകൊണ്ടിരിക്കെ വിജയാഹ്ളാദങ്ങള്‍ക്ക് തുടക്കംകുറിക്കവെയാണ് അപ്രതീക്ഷിത തിരിച്ചടി. ഇതേ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയില്‍. 
അടൂര്‍ ഭാസിയുടെ ശാസ്ത്രി എന്ന കഥാപാത്രം പാര്‍ട്ടിക്കാര്‍ക്ക് പ്രസ്താവനകളും തെരഞ്ഞെടുപ്പ് ഗാനങ്ങളും എഴുതിക്കൊടുക്കുന്ന ആളാണ്. പാര്‍ട്ടികളുടെ വേദികള്‍ കൊഴുപ്പിക്കുന്ന പ്രസംഗം ജോലിയായി സ്വീകരിച്ചയാളുമാണ്. രണ്ടു പാര്‍ട്ടികള്‍ക്കുവേണ്ടിയും ഗാനവുമായി രംഗത്തുവരുന്നതും ഭാസിയുടെ കഥാപാത്രംതന്നെയാണ് എന്നതാണ് പ്രേക്ഷകരെ കൂടുതല്‍ രസിപ്പിക്കുന്നത്. പഴയ കാലത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകാലത്ത് ആളെ കൂട്ടാന്‍ മേദിനിയെപ്പോലുള്ള ഗായകരെ ഉപയോഗിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT