വി.എം. കുട്ടി

കല്യാണ വീട്ടിൽ വളർന്ന പാട്ടിന്റെ 'കുട്ടി'

ചെറുപ്പം തൊട്ടെ ഞാൻ പാട്ടുമായി ബന്ധപ്പെടാൻ തുടങ്ങിയിരുന്നു. ഒരു ഗ്രാമപ്രദേശമായിരുന്നു എന്റേത്. അക്കാലത്ത് മുസ്​ലിം കല്യാണ വീടുകളിൽ പാട്ട് വളരെ നിർബന്ധമായിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലയിലും മുസ്​ലിംകൾക്ക് പാട്ടുണ്ടായിരുന്നു. ഒരു പ്രസവം വീട്ടിൽ നടക്കുകയാണെങ്കിൽ പോലും പാട്ട് ഒഴിച്ചു കൂടാനാവാത്ത ഒന്നായിരുന്നു. നഫീസത്ത് മാല, മുഹ് യുദ്ദീൻ മാല, മമ്പുറം മാല, രിഫാഈ മാല തുടങ്ങിയ മാലപ്പാട്ടുകൾ പ്രസവ സമയത്ത് സ്​ത്രീകൾ പാടും. പ്രസവസമയത്ത് തൊട്ടയൽപക്കത്തുള്ള വീടുകളിലും എെൻ്റ വീട്ടിലും ഇങ്ങനെയുള്ള പാട്ടുകൾ പാടുന്ന പതിവ് ഉണ്ടായിരുന്നു.


വീട്ടിൽ വൈകുന്നേരമായാൽ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ച് സബീനപ്പാട്ടുകൾ പാടുമായിരുന്നു. സബീനപ്പാട്ട് പുസ്​തകത്തിന്റെ വിൽപനക്കാർ ആഴ്ചയിലൊരിക്കൽ വീട്ടിൽവരുകയും പാട്ടുപാടുകയും ചെയ്യുമായിരുന്നു. പുതിയ പുസ്​തകങ്ങളിലെ പാട്ടുകേട്ട് അയൽപക്കത്തുള്ള വീടുകളിൽ നിന്നും സ്​ത്രീകളെല്ലാം ഓടിയെത്തി അവർ ശേഖരിച്ചുവെച്ച പൈസ നൽകി പുസ്​തകം വാങ്ങിക്കും. എന്റെ മൂത്ത സഹോദരിമാരും പാട്ടുകേട്ട് പുതിയ പുസ്​തകങ്ങൾ വാങ്ങും. വൈകുന്നേരം ഖുർആൻ ഓതിയതിന് ശേഷം സഹോദരിമാർ സബീനപ്പാട്ടുകൾ പാടാറുണ്ടായിരുന്നു. കല്ല്യാണപ്പാട്ട്, മംഗലാലങ്കാരം, ചന്ദിരസുന്ദരി മാല, തസ്​രിഫ് ഒപ്പന തുടങ്ങിയ ഒപ്പനപ്പാട്ടുകളും മുഹ്യുദ്ദീൻ മാല, മമ്പുറം മാല, പക്ഷിപ്പാട്ട്, തുടങ്ങിയ മാലപ്പാട്ടുകളായിരുന്നു പാടാറുള്ളത്. ആ മാപ്പിളപ്പാട്ടുകളായിരുന്നു ഞാൻ ചെറുപ്പം തൊട്ടേ കേട്ടിരുന്നത്.

ഗുരു

പാണ്ടികശാല ഫാത്തിമ കുട്ടിയാണ് ആദ്യഗുരു. അവരിൽ നിന്നാണ് ഞാൻ മാപ്പിളപ്പാട്ടിനെ കൂടുതൽ അറിഞ്ഞത്. ഉപ്പയുടെ മാതാവിെൻറ അനുജത്തിയുടെ മകളാണ് ഫാത്തിമകുട്ടി അമ്മായി. അവർ കല്ല്യാണ വീടുകളിൽ പാടുമായിരുന്നു. ഇടക്ക് എന്റെ വീട്ടിൽ വിരുന്നുവരികയും കുറേ ദിവസം താമസിക്കുകയും ചെയ്യും. അവർ വീട്ടിൽ വന്നാൽ സന്ധ്യക്ക് ശേഷം കൊലായിൽ പായവിരിച്ച് ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ കല്ല്യാണപ്പാട്ടുകളും സബീനപ്പാട്ടുകളും പാടുമായിരുന്നു. അഞ്ചാമത്തെ വയസിൽ ഞാൻ പാട്ടുപഠിക്കുന്നത് അമ്മായിയുടെ പാട്ടുകൾ കേട്ടാണ്.

ആദ്യകാല കല്ല്യാണ വീടുകളിൽ സ്​ത്രീകൾക്കും പുരുഷന്മാർക്കും വേറെ പന്തലുകളായിരുന്നു. അന്നത്തെ വീടുകളെല്ലാം ചെറുതായിരുന്നു. ഓരോ വീടിനും മുൻഭാഗത്തും പിറകിലുമായി രണ്ട് മുറ്റമുണ്ടാകും. ആ രണ്ട് മുറ്റങ്ങളിലായിട്ടാണ് കല്യാണത്തിന് പന്തലിട്ടിരുന്നത്. ഇന്നത്തെ പോലെ ഒരു പന്തലിൽ സമ്മിശ്രമായിരിക്കുന്ന പതിവ് അന്നുണ്ടായിരുന്നില്ല. സ്​ത്രീകൾ സത്രീകളുടെ പന്തലിലും പുരുഷന്മാർ അവരുടെ പന്തലിലുമാണ് ഇരുന്നിരുന്നത്. അന്ന് വിവാഹങ്ങളൊന്നും വലിയ ആർഭാടങ്ങളായിരുന്നില്ല. കട്ടിലിൽ പായ വിരിച്ചോ അല്ലെങ്കിൽ ബെഞ്ചിലൊക്കെയാണ് ഇരുന്നിരുന്നത്. ഓത്ത് പള്ളിക്കൂടങ്ങളിൽ നിന്നാണ് ബെഞ്ച് സംഘടിപ്പിക്കുന്നത്. ഒരു വീട്ടിൽ ഒരു കസേരയാണ് ആകെ ഉണ്ടായിരുന്നത്. വലിയ കല്ല്യാണമൊക്കെ ആണെങ്കിൽ കല്ല്യാണത്തലേന്ന് ആളുകളെ അയച്ച് അടുത്തുള്ള വീടുകളിൽ നിന്നും കസേരകൾ സംഘടിപ്പിക്കുകയാണ് പതിവ്. അതാകട്ടെ ആ നാട്ടിലെ പ്രമാണിമാർക്ക് ഇരിക്കാൻ വേണ്ടിയുള്ളതായിരുന്നു.


കല്യാണരാവിലെ പാട്ടുസംഘങ്ങൾ

എല്ലാ കല്യാണത്തിനും പാട്ട് സംഘങ്ങൾ നിർബന്ധമാണ്. കല്യാണ ദിവസം നിശ്ചയിക്കുന്നത് പാട്ട് സംഘങ്ങളുടെ ഒഴിവനനുസരിച്ചാണ്. വട്ടപ്പാട്ട് സംഘങ്ങൾ എന്നാണ് ആ സംഘങ്ങൾ അറിയപ്പെട്ടിരുന്നത്. സ്​ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വട്ടപ്പാട്ട് സംഘങ്ങളുണ്ടായിരുന്നു. എടവണ്ണപ്പാറ കദീശക്കുട്ടി, കൊണ്ടോട്ടി മാളുത്താത്ത എന്നിവരുടെ സംഘങ്ങളായിരുന്നു നാട്ടിലെ പ്രശസ്​ത പാട്ടുകാരി സംഘങ്ങൾ. എന്റെ നാടിന് തൊട്ടടുത്ത പ്രദേശങ്ങളായ വലിയപറമ്പത്ത്, ആന്തിയൂർക്കുന്ന് തുടങ്ങിയ സ്​ഥലങ്ങളിൽ ആണുങ്ങളുടെ പാട്ട് സംഘങ്ങളുമുണ്ടായിരുന്നു. ഇവരുടെയൊക്കെ കല്ല്യാണപ്പാട്ടുകൾ കേട്ടാണ് എന്റെ വളർച്ച.


പാട്ടും ഒപ്പനയും

കല്യാണത്തിന് പുതുമാപ്പിള ചമഞ്ഞ് വധൂഗൃഹത്തിലേക്ക് പോകുമ്പോൾ അദ്ദേഹത്തെ മുറ്റത്ത് കസേരയിലോ അല്ലെങ്കിൽ ഒരു പീഠത്തിലോ ഇരുത്തി മണവാളന്റെ കൂട്ടുകാരും പാട്ട് സംഘങ്ങളും ഒരുമിച്ച് ഒപ്പന കളിക്കും. തസ്​രിഫ് ഒപ്പന എന്നായിരുന്നു അതറിയപ്പെട്ടിരുന്നത്. തസ്​രിഫ് ഒപ്പന എല്ലാർക്കും കളിക്കാൻ അറിയാമായിരുന്നു. ഉച്ചത്തിൽ പാട്ടുപാടിയാണ് തസ്​രിഫ് ഒപ്പന കളിക്കുക. അതിന് ശേഷം പുതിയാപ്പിളയെ ഇറക്കി വഴിനീളെ പാട്ടുപാടിയാണ് വധൂഗൃഹത്തിലേക്ക് ആനയിക്കുന്നത്. രാത്രിയാണ് പുതിയാപ്പിള പുറപ്പെടുക. പെേട്രാമാക്സ്​ തലയിൽ വെച്ച് അതിന്റെ വെളിച്ചത്തിൽ എല്ലാവരും കൂടി പുതിയാപ്പിളയെയും കൊണ്ട് നടന്നുപോകും. അഞ്ച് മൈലൊക്കെ അന്ന് പാട്ടും പാടി പുതിയാപ്പിളയും സംഘവും പോകുമായിരുന്നു. വധുവിന്റെ വീട്ടിലും ഇതുപോലെ പാട്ട് സംഘക്കാർ ഉണ്ടാകും.


അവർ അവിടെ പാടിക്കൊണ്ടിരിക്കുന്ന സമയത്തായിരിക്കും പുതിയാപ്പിളയും സംഘവും വധുഗൃഹത്തിലെത്തുക. പുതിയാപ്പിളയും കൂട്ടരും പടിവാതിലിൽ എത്തുമ്പോൾ വധുവിന്റെ സംഘം ഇവരെ എതിരേറ്റ് കൊണ്ടുപോയി പന്തലിൽ ഇരുത്തും. വധുഗൃഹത്തിൽ പാട്ടുകാർ ഒരുപാട്ട് പാടും. അത് കഴിഞ്ഞാൽ വരന്റെ കൂടെ വന്നവർ അതിന് മറുപടി പാടും. തുടർന്ന് ഇരുസംഘങ്ങളും പാട്ടുപാടി അതൊരു മത്സരമായി മാറ്റും. ആ മത്സരം ഏറെ സമയം നീണ്ടു നിൽക്കും. പുലർച്ചെവരെ ഇങ്ങനെ മത്സരിച്ച് പാടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാട്ട് നീണ്ടുപോകുന്നത് കല്യാണ വീട്ടുകാരനും വളരെ സൗകര്യമാണ്. മിക്ക വീടുകളും സാമ്പത്തികമായി വളരെ പിന്നാക്കമാണ്. പുതിയാപ്പിളയുടെ കൂടെ വന്നവരുടെ എണ്ണമെടുത്തിട്ടാണ് ഭക്ഷണത്തിന് അരിയിട്ടിരുന്നത്. ആ അരി വെന്ത് ചോറാവാനുള്ള സമയം വരെ പാട്ട് സംഘങ്ങൾ മത്സരിച്ച് പാടിക്കൊണ്ടിരിക്കും.

നിക്കാഹിനു ശേഷമാണ് പാട്ട് ആരംഭിക്കുക. പിന്നീട് ചോറ് വേവുന്നതുവരെ പാട്ട് പാടി മത്സരമായിരിക്കും. ചോറ് തിന്നുകഴിയുമ്പോഴേക്കും നേരം പുലരും. ഒരിക്കൽ വലിയപറമ്പിൽ ഒരു കല്യാണ വീടിൽ മത്സരം നീണ്ടുപോയി. നേരം പുലരാനായിട്ടും പാട്ട് സംഘങ്ങൾ നിർത്തുന്നില്ലെന്ന കണ്ടപ്പോൾ ഒരു കാരണവർ ഇടപെട്ട് പാട്ട് നിർത്തിക്കുകയായിരുന്നു. വെറുതെ കൂറേ പാട്ട് മത്സരിച്ചു പാടുകയായിരുന്നില്ല. മത്സരത്തിന് കുറേ നിബന്ധനകളുണ്ട്. ഏത് ഗ്രന്ഥത്തിൽ നിന്നാണോ പാടുന്നത്. അതേ ഗ്രന്ഥത്തിൽ നിന്നായിരിക്കണം എതിർകക്ഷികളും പാടേണ്ടത്. പുതിയാപ്പിളയുടെ വീട്ടുകാർക്ക് വധുവിനെയും കൊണ്ടു പോകാനുള്ള തിരക്കുള്ളതിനാൽ അവർ ചോറ് കഴിച്ച് വേഗം അവിടെ നിന്നിറങ്ങും. വരന്റെ കക്ഷികൾ പുറത്തിറങ്ങിയതിന്റെ ശേഷമാണ് വധുവിനെ തേടിവരുന്ന സ്​ത്രീകൾ പന്തലിലേക്ക് പ്രവേശിക്കുക. ഒരിക്കൽ പുതിയാപ്പിള ഇറങ്ങുന്ന സമയത്ത് വധുഗൃഹത്തിലെ പാട്ടുകാർ അവരെ പരിഹസിച്ചുപാടി. അതുകേട്ട ഉടൻ ഇറങ്ങിപ്പോകുന്നവർ ക്ഷുഭിതരായി വീണ്ടും പന്തലിലേക്ക് കയറി. അത് കാരണവർ വന്ന് ഇടപെട്ട് ഒത്തുതീർപ്പാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. സംഗീത ഉപകരണങ്ങളൊന്നുമില്ലാതെയാണ് അന്ന് പാട്ടുപാടിയിരുന്നത്. വെറുതെ കയ്യടിച്ച് പാടും. കൂടെ "കുഴിത്താളം" എന്ന ഒരു ഉപകരണം മാത്രമാണ് ഉണ്ടായിരുന്നത്.


ഇന്ന്

ഇന്നതെല്ലാം മാറി. സംഗീത ഉപകരണങ്ങൾ വന്നു. ഗാനമേള സംഘങ്ങളും ഒപ്പനസംഘങ്ങളുമായി മാറി. പഴയ ഒപ്പന സംഗീതവും ഇന്നത്തെ ഒപ്പന സംഗീതവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ആദ്യകാലത്തെ ഒപ്പനസംഘങ്ങൾ പാട്ടുസംഘങ്ങൾ തന്നെയായിരുന്നു. വട്ടപ്പാട്ടുകാർ, ഒപ്പനപ്പാട്ടുകാർ, കല്യാണപ്പാട്ടുകാർ, മക്കാനിപ്പാട്ടുകാർ എന്നിങ്ങനെ വ്യത്യസ്​ത പേരുകളിലായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ കാണുന്ന ഒപ്പനയിൽ നിന്നും അന്നത്തെ ഒപ്പനക്ക് വളരെ വ്യത്യാസങ്ങളുണ്ട്. ഇന്നതിന് നൃത്തത്തിന്റെ രൂപമുണ്ട്. അന്ന് എഴുന്നേറ്റ് നിന്നോ ഇരുന്നോ ഒക്കെയാണ് ഒപ്പനപ്പാട്ട് പാടിയിരുന്നത്. നിന്ന് പാടുമ്പോൾ ചാഞ്ഞും ചെരിഞ്ഞും കുറച്ച് വട്ടം ചുറ്റിയൊക്കെയായിരുന്നു കളിച്ചിരുന്നത്. പക്ഷേ ഇന്ന് കളിക്കുന്നതുപോലെ ദ്രുതഗതിയിലുള്ള കളിയായിരുന്നില്ല അന്ന് ഒപ്പന.

പിന്നീട് സംഗീത ഉപകരണങ്ങൾ ധാരാളം ഉപയോഗിക്കാൻ തുടങ്ങി. മാപ്പിളപ്പാട്ടിന്റെ കൂടെ സിനിമാഗാനങ്ങളും ഗസലുകളും കവാലിയും ഉൾപെടുത്തി. മാപ്പിളപ്പാട്ടിന്റെ തനിമ നഷ്ടപ്പെടുത്താതെയുള്ള ഒരു സംഗീതസംഘമായിരുന്നു ഞാൻ വാർത്തെടുത്തത്. ആദ്യമെല്ലാം മാപ്പിളപ്പാട്ടുകൾ കല്യാണവീടുകളിൽ മാത്രമാണ് ഒതുങ്ങി നിന്നത്. അത് പൊതു വേദിയിലേക്ക് വന്നിരുന്നില്ല. പിന്നീട് 1957ൽ ഞാൻ ഒരു ട്രൂപ്പുണ്ടാക്കി മപ്പിളപ്പാട്ട് ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ചു. 'വി.എം കുട്ടി–വിളയിൽ ഫസില സംഘം' എന്ന പേരിലാണ് ഞങ്ങളുടെ ട്രൂപ്പ് അറിയപ്പെട്ടത്.



 


മറക്കാനാവാത്ത അനുഭവം

ഒരിക്കൽ ഒരു കല്ല്യാണ വീടിൽവെച്ച് മറക്കാനാവാത്ത ഒരു സംഭവമുണ്ടായി. കൊല്ലത്ത് ഗഫൂറണ്ണൻ എന്ന ഒരാളുണ്ടായിരുന്നു. മാട്ടിറച്ചി കച്ചവടമുള്ള അദ്ദേഹത്തിന് മാപ്പിളപ്പാട്ടിനോട് നല്ല ഇഷടമായിരുന്നു. തെക്കൻഭാഗങ്ങളിൽ എവിടെ പരിപാടി ഉണ്ടെങ്കിലും അദ്ദേഹവും കുടുംബവും ഒരുമിച്ച് വരും. അദ്ദേഹത്തിേൻറത് ഒരു വലിയ കുടുംബമായിരുന്നു. നാട്ടിൽ ഇടക്ക് സമൂഹ വിവാഹമൊക്കെ അദ്ദേഹം നടത്തി കൊടുക്കാറുണ്ടായിരുന്നു. ആ സമൂഹ വിവാഹത്തിലേക്ക് എന്റെ പരിപാടി ബുക്ക് ചെയ്യുകയും ഞാൻ അവതരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ പേരമകന്റെ കല്യാണത്തിന് എന്റെ പരിപാടി ബുക്ക് ചെയ്യുകയും പരിപാടി അവതരിപ്പിക്കാനായി ഞാൻ പോകുകയും ചെയ്തു. രാവിലെ പരിപാടി തുടങ്ങി വൈകുന്നേരം പരിപാടി നിർത്താൻ സമയമായപ്പോൾ കടലിൽ പോയ തൊഴിലാളികൾ പരിപാടി കേൾക്കാനായി വന്നു. അവർ പരിപാടി നിർത്തരുതെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. അവരെല്ലാം പരിപാടി കേൾക്കാനായി ജോലി ഒഴിവാക്കി വന്നതായിരുന്നു. രാവിലെ മുതൽ വി.എം കുട്ടി പാടുകയാണെന്നും ഇനി അദ്ദേഹത്തെ കൊണ്ട് പാടിക്കുന്നത് ശരിയല്ലെന്നും ഗഫൂറണ്ണൻ അവരോട് പറഞ്ഞു. എന്നാൽ, അവരതിന് സമ്മതിക്കാതെ വന്നപ്പേൾ തൊട്ടടുത്ത ദിവസവും ഒരു പരിപാടി നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം വൈകുന്നേരം ഞങ്ങൾ പരിപാടി ആരംഭിച്ചു. ഏറ്റവും പിറകിൽ ചെറിയ ഉന്തു തള്ളുമുണ്ടാകുകയും ചെറിയരീതിയിൽ പരിപാടി തടസ്സപ്പെടുന്ന അവസ്​ഥ വരെയെത്തി. എന്നാൽ ഗഫൂറണ്ണൻ അവരെ ശാന്തരാക്കി. പാട്ട് തുടരാൻ പറഞ്ഞു. ആദ്യത്തെ പാട്ടുകേട്ട് അദ്ദേഹം വളരെ സന്തോഷത്തിലായി. 100 രൂപയുമായി വേദിയിൽവന്ന് വിളയിൽ വത്സലക്ക് കൊടുത്ത് തിരിച്ചുപോയി കസേരയിൽ ചെന്നിരുന്നു. പെട്ടെന്ന് അദ്ദേഹം ഭാര്യയുടെ മടിയിലേക്ക് വീണ് മരണത്തിന് കീഴടങ്ങി. ആ രംഗങ്ങൾ ഇപ്പോഴും എനിക്ക് മറക്കാനാവാത്ത ഓർമ്മയാണ്.

ഇന്ന് കല്ല്യാണ വീടുകളുടെ അവസ്​ഥയെല്ലാം മാറി. വലിയ ആർഭാട വിവാഹങ്ങളാണ് നടക്കുന്നത്. കൂടാതെ മിക്ക വിവാഹങ്ങളും ഓഡിറ്റോറിയങ്ങളിൽ വെച്ചാണ്. പഴയ കാലത്തുണ്ടായിരുന്ന കൂട്ടായ്മയുടെ ഒരു വേദിയല്ലാതായി വിവാഹങ്ങൾ മാറിയിരിക്കുന്നു.

Tags:    
News Summary - vm kutty interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.