നോവിന്റെ വെയിൽപ്പിറാവുകൾ

ജീവിതത്തിന്റെ തീപിടിച്ച വേനൽഭൂമികകളെ ഗിരീഷ് പുത്തഞ്ചേരി തന്റെ ഗാനങ്ങളിലേക്ക് കൊണ്ടുവന്നു. വേനലിൽ  സ്വയമുരുകുന്ന ബോധവും ബോധ്യവും ആ ഗാനങ്ങളിൽ കാണാം. ഉരുകുന്ന വേനൽപ്പാടങ്ങൾ ഗിരീഷിന്റെ ഗാനങ്ങളിൽ നിരന്നുകിടക്കുന്നുണ്ട്. വ്യസനങ്ങളുടെ വെയിൽനാളങ്ങൾ ഈ ഗാനങ്ങളിൽ ആളിക്കൊണ്ടേയിരിക്കുന്നു 

ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുസ്വരൂപത്തിന് അഗാധമായ നോവിന്റെ സൗന്ദര്യസ്പർശമുണ്ടായിരുന്നു. നോവിന്റെ അനുഭവസ്ഥലികളെ പാട്ടിൽ നിലനിർത്താൻ വേനലും വെയിലും പകലുമെല്ലാം ഗിരീഷിന് തുണയായിവന്നു. നോവനുഭവങ്ങളുടെ വേനൽച്ചൂടിൽ പിടയുന്ന ഒരാളുടെ കനവുകളായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ. വ്യസനങ്ങളുടെ വെയിൽനാളങ്ങൾ ഈ ഗാനങ്ങളിൽ ആളിക്കൊണ്ടേയിരുന്നു. ജീവിതത്തിന്റ തീപിടിച്ച വേനൽഭൂമികകളെ അദ്ദേഹം തന്റെ ഗാനങ്ങളിലേക്ക് കൊണ്ടുവന്നു. വേനലിൽ സ്വയമുരുകുന്ന ബോധവും ബോധ്യവും ആ ഗാനങ്ങളിലുണ്ടായിരുന്നു. ഇത് ദുഃഖിതമായ ഒരു ഭാവുകതയുടെ അടയാളങ്ങൾ കൊണ്ടുവരുന്നു. ഉരുകുന്ന വേനൽപ്പാടങ്ങൾ ഗിരീഷിന്റെ ഗാനങ്ങളിൽ നിരന്നുകിടക്കുന്നുണ്ടായിരുന്നു.

എരിവേനലിൽ ഒരു സൂര്യനും ഈ ഞാനും എൻ നോവും എരിഞ്ഞുതീരും യാമം എന്നൊരു പാട്ടിൽ എഴുതിയിട്ടുണ്ട് അദ്ദേഹം. ‘വേനലാണ് ദൂരെ വെറുതെ പറഞ്ഞ് മറയല്ലെ നീ, വാടിപ്പോകും കനവുകൾ’ എന്ന് ‘നീയുറങ്ങിയോ നിലവാവേ’ എന്ന പാട്ടിലെ നായക കഥാപാത്രം സന്ദേഹം പങ്കിടുന്നുണ്ട്. വേനലിന്റെ എത്രയെത്ര ഭാവാന്തരങ്ങളാണ് ഗിരീഷിന്റെ ഗാനങ്ങളിൽ വൈകാരിക തീവ്രതകൾ ഒരുക്കുന്നത്. വേനൽനിലാവും വേനൽക്കാറ്റും വേനൽ നിലാച്ചുമരും വേനലിൻ വീഥിയും വേനൽച്ചൂടും വേനൽപ്പാടവും വേനൽക്കിളിയും വേനൽക്കിനാവും വേനൽത്തീയും അങ്ങനെ വെയിലിന്റെ വെളിച്ചം വീണുകിടക്കുന്ന പാട്ടുകളുടെ ഒരു നീണ്ട നിര ബന്ധുരമാം വിഷാദത്തെ വരവേൽക്കുന്ന വെയിൽനേരങ്ങളാണിവ.

വേദനയുടെ ദുഃഖം പാട്ടിൽ പകരുന്നത് വേനലും വെയിലും പകലുമെല്ലാമാണ്. ജീവിതത്തിന്റെ മഷിയിൽ വരച്ചെടുക്കുന്ന നേർച്ചിത്രങ്ങളാണീ പാട്ടുകൾ. സങ്കടസഞ്ചാരങ്ങളുടെ സംഗീതമായി പാട്ടിൽ കടന്നുവരികയാണ് ഈ വെയിൽനേരങ്ങൾ. പ്രണയാനുഭവത്തിന്റെ നോവും വ്യഥയും വേനൽബിംബങ്ങളിൽ പുനർനിർവചിക്കുകയായിരുന്നു ഇവ. നിലനിൽപിന്റെ വേദനയും ദൗരന്തികതയും ചേർന്നുണ്ടായ വെയിൽ/വേനൽ സാന്നിധ്യങ്ങൾ. അനിവാര്യ വിയോഗങ്ങളുടെയും അനന്തവേദനകളുടെയും ഗീതികൾ ആയിരുന്നു ഗിരീഷി​ന്റേത്. വിഷാദ കാൽപനികതയുടെ ഉച്ചനേരങ്ങൾ. നോവിന്റെ വെയിൽപ്പിറാവുകൾ ചിറകടിച്ചു പറക്കുകയാണ് ഈ പാട്ടുകളിൽ.

കനലിന്റെ കലയാണ് ഗിരീഷിന്റേത്. അതിൽ ഒരു സൂര്യൻ കത്തിയെരിയുന്നുണ്ടായിരുന്നു. ‘വിൺകോണിലുരുകുന്ന ഒരു പകൽസൂര്യൻ’, ‘മൂവന്തിത്താഴ്വരയിൽ വെന്തുരുകുന്ന ഒരു വിൺസൂര്യൻ ഉണ്ടായിരുന്നു. ‘വേനലിൽ വീഥിയിൽ വിഫലാം യാത്രയിൽ എരിയുന്ന സൂര്യനെപ്പോലെ താന്തമാം, കടലിൽ തലോടൽ തിരഞ്ഞു നീ തനിയേ നടക്കുന്നു വീണ്ടും’ എന്നൊരു പാട്ടിൽ എരിയുന്ന ഒരു സൂര്യനുണ്ടായിരുന്നു. കഥാപാത്രത്തിന്റെ ഉള്ളിലെരിയുന്ന സൂര്യനായിരുന്നു അത്.

മായുന്ന പകൽസൂര്യനും തിരിതാഴുന്ന സന്ധ്യാസൂര്യനുമൊക്കെ ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളിലെ നിരന്തര സാന്നിധ്യമായിരുന്നു.

വെണ്ണിലാവുപോലും എരിയുന്ന വേനലാവുകയാണ് ഗിരീഷിന്റെ പാട്ടിൽ. വേനൽ വെന്തുരുകും കനൽനൊമ്പരമായി മാറുന്ന ഓർമകൾ ഗിരീഷിന്റെ പാട്ടിൽ വേദനകൾ കൊണ്ടുവരുന്നു. ‘ഒരു വേനൽക്കാറ്റി​െന്റ ശാപാഗ്നിയിൽ നീറുന്ന ജന്മങ്ങൾ ആ ഗാനങ്ങളിലുണ്ടായിരുന്നു. പാതി മാഞ്ഞൊരു പ്രണയവസന്തം ശാപവേനലിന്റെ പിടയുന്ന നേരങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട് ഗിരീഷ് പുത്തഞ്ചേരി. വേനൽക്കൂടിനുള്ളിൽ നീറിപ്പൊള്ളും നേരത്താരേ പീലിത്തൂവൽ വീശുന്നു’ എന്ന് ജീവിത പരാങ്മുഖത്തെ മറികടക്കുന്ന പ്രത്യാശയുടെ കിരണങ്ങൾ അവിടവിടെയായി തിളങ്ങുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളിൽ. ആഹ്ലാദവിഷാദങ്ങൾ ചേർന്ന് നിർമിക്കുന്ന ഒരു സമതുലനത്തിന്റെ ചിത്രം ഗിരീഷിന്റെ പാട്ടുകളിലുണ്ട്.

ജീവിതപ്രകാശത്തിലേക്കുള്ള സംക്രമണം എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. വിതുമ്പുന്ന വേനലിന്റെ ഓർമകൾ ഗിരീഷ് ഗാനങ്ങളിൽ ഇളവേൽക്കുന്നു. ‘​െപയ്യാമുകിലുകൾ വിങ്ങും മനസ്സുമായി മാനത്തെ സൂര്യനെപ്പോലെ, കനൽപ്പോലെ’ എന്ന വരിയിൽ കഥാപാത്ര മനസ്സിന്റെ നൊമ്പരം ഊറിക്കൂടിയിരിക്കുന്നുണ്ട്. കന്നിവെയിൽപ്പാടത്ത് കനലെരിഞ്ഞു എന്ന ഒറ്റവരിയിൽ എരിയുന്നത് വേദനയുടെ കനലാണെന്ന് ആർക്കാണറിയാത്തത്? വെയിൽ മായുന്ന ഒരു നേരമുണ്ട് ഗിരീഷിന്റെ ഗാനങ്ങളിൽ. വെയിലൊരു തൂവലായ് വന്ന് ഒരു താരാട്ടായ് തുളുമ്പുന്നുണ്ട് ഒരു പാട്ടിൽ.

വെയിലിന്റെ രാഗവിസ്താരമാണ് ഗിരീഷിന്റെ ഗാനം. ഒരു വേനലിന്റെയോ വെയിലിന്റെയോ തുടർച്ചയിലേക്ക് പടരുന്നതായിരുന്നു ആ പാട്ട്. വെയിൽക്കിളികളും വേനൽപ്പക്ഷികളും പറക്കുന്നുണ്ടായിരുന്നു ആ ഗാനങ്ങളിൽ. അനന്തമായി നീളുന്ന ദുഃഖത്തിന്റെ വേനൽ, വിഷാദമഗ്നതയുടെ മുഹൂർത്തങ്ങളെ സ്ഫുടം ചെയ്യുന്ന വെയിൽ എന്നിങ്ങനെ വേനൽപ്പകലിന്റെ സൗന്ദര്യഭദ്രമായ സാക്ഷാത്കാരമായിത്തീരുകയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ.

കവിയുടെ മനസ്സിന്റെ സാക്ഷ്യങ്ങളായി നിലകൊള്ളുകയാണ് ഈ വെയിലും വേനലും. വെയിലിന്റെയും വേനലിന്റെയും കേളികൾ നിറയെയുണ്ടായിരുന്നു ആ ഗാനങ്ങളിൽ. ‘പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ ചിറകായ് തളർന്നതും ദുഃഖം’ എന്ന് ഗിരീഷ് ഒരു പാട്ടിൽ ദുഃഖിതനാകുന്നു. ആരോടും പറയാതെ പറന്നുപോകുന്ന ഒരു പകൽപക്ഷിയുണ്ടായിരുന്നു ഗിരീഷിന്റെ ഒരു പാട്ടിൽ. ‘മറയുമോരോ പകലിലും നീ കാത്തുനിൽക്കുന്നു’ എന്ന് കാതരനാകുന്ന ഒരു പ്രണയി അദ്ദേഹത്തിന്റെ ഗാനത്തിൽ കാത്തുനിന്നു.

പകൽപോലെ മായുന്ന ഒരു പരിഭവ നിലാവുണ്ടായിരുന്നു അതിൽ. വേനൽ വിതുമ്പുന്നോരോർമയുണ്ടായിരുന്നു. കരയുന്നൊരു പകൽക്കിളിയുണ്ടായിരുന്നു. വേനൽക്കാറ്റൂതുന്ന തീരങ്ങളുണ്ടായിരുന്നു. പനിനീരുമായ് വന്നുനിൽക്കുന്ന ഒരു പകലുണ്ടായിരുന്നു. ഏതോ വേനൽക്കിനാവുണ്ടായിരുന്നു. പരിഭവമോടെ നിറമിഴിയോടെ പൊലിയുന്നൊരു പകലിന്റെ ചിത്രമുണ്ടായിരുന്നു. തിരിതാഴുന്ന ഒരു സന്ധ്യാസൂര്യനുണ്ടായിരുന്നു. എരിയുന്ന സൂര്യന്റെ കിരണമുണ്ടായിരുന്നു. വെയിൽ ചായുന്ന കുന്നിന്റെ താഴ്വരയുണ്ടായിരുന്നു.

പുലർവെയിൽപ്പൊന്നിന്റെ മോതിരമുണ്ടായിരുന്നു. വേനൽക്കിനാവിന്റെ ചെപ്പുണ്ടായിരുന്നു. നോവനുഭവങ്ങളുടെയും അനുഭൂതികളുടെയും അസാധാരണമായ ആരോഹണങ്ങളെ ഗിരീഷ് പുത്ത​ഞ്ചേരി പാട്ടിലെഴുതിയത് വേനൽവെളിച്ചങ്ങളുടെ വികാരസ്ഥായികളിലായിരുന്നു. പ്രണയവും വിരഹവും വിയോഗവുമെല്ലാം ഗിരീഷിന്റെ ഗാനങ്ങളിൽ പലവിധം പുനർനിർമിക്കപ്പെട്ടത് ഈ വേനൽച്ചിത്രങ്ങളിലായിരുന്നു. വിതുമ്പുന്ന മൗനം ഉള്ളിൽനിന്നും വേനൽത്തീക്കാറ്റിന്റെ താളമെന്ന് അദ്ദേഹം പാട്ടിലെഴുതി.

വെയിലും വേനലും പകലുമൊക്കെ ഗിരീഷിന്റെ ഗാനങ്ങളിലെ സവിശേഷങ്ങളായ അഭിജ്ഞാനങ്ങളായി തുടർന്നു. വ്യഥിത സന്ദേഹങ്ങളു​െട വെയിൽനേരങ്ങൾ ആ ഗാനങ്ങളിൽ ജ്വലിച്ചുനിന്നു. വേനലിന്റെ വെയിൽനാളങ്ങൾ വീണുകിടക്കുന്ന ഗിരീഷിന്റെ ഗാനങ്ങളിൽ വിതറുന്ന വെളിച്ചം ദുഃഖത്തിന്റെയും വ്യവസനത്തിന്റേതുമായിരുന്നു. ജീവിതത്തിന്റെ അക്ഷരങ്ങളിൽ ചാലിച്ചെടുത്ത ഈ വേനൽച്ചിത്രങ്ങൾ ഗിരീഷിന്റെ ഗാനങ്ങളിലെ ഘനസാന്ദ്രതയുള്ള മുഹൂർത്തങ്ങളെ പകർന്നുതരുന്നു.

അനിവാര്യമായ ജീവിതനിയോഗങ്ങളെ പാട്ടിലെ പ്രമേയാധിഷ്ഠിതമായ സൗന്ദര്യബോധവുമാക്കുവാൻ ഗിരീഷിനെ സഹായിച്ചത് ഒരുപക്ഷേ, ഈ വെയിൽനേരങ്ങളാകാം. വെളിച്ചത്തിന്റെ വിശാലവിസ്തൃതിയിൽ പാട്ടിനെ കലാത്മകമാക്കുന്ന കാഴ്ച കൂടിയായിരുന്നു അത്.

Tags:    
News Summary - Girish Puthanchery- music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.