????? ????

1941 മേയ് 24ന് മിനിസോടയിലാണ് ബോബ് ഡിലന്‍െറ ജനനം. മാമോദീസ പേര് റോബര്‍ട്ട് അലന്‍ സിമ്മര്‍മന്‍. എല്‍വിസ് പ്രിസ്ലിയുടെയും ജെറി ലീ ലുവിസിന്‍െറയും ലിറ്റില്‍ റിച്ചാര്‍ഡിന്‍െറയും ആരാധകനായി സംഗീതരംഗത്തത്തെിയ അദ്ദേഹം, അറുപതുകളുടെയും എഴുപതുകളുടെയും ക്ഷുഭിത യൗവനങ്ങളുടെ സമരോദ്യുക്തതയെയും യുദ്ധവിരുദ്ധ വികാരങ്ങളെയും പ്രചോദിപ്പിക്കുന്നതിലും ഒരു തലമുറയെ വെറും പോപ് കള്‍ചറിന്‍െറ പിടിയില്‍പെടാതെ സംഗീതത്തെ ഒരു പ്രതിസംസ്കാരത്തിന്‍െറ ആവിഷ്കാരമാക്കുന്നതിലും മുന്നില്‍ നടന്നു. അമ്പത് വര്‍ഷത്തിലേറെയായി സജീവമായിത്തന്നെ തുടരുന്ന സംഗീത സപര്യയില്‍ വ്യത്യസ്ത സംഗീതവിഭാഗങ്ങളെ സമന്വയിപ്പിക്കുന്നതിലും ജനപ്രിയമാക്കുന്നതിലും നിസ്തുലമായ പങ്കും വഹിച്ചിട്ടുണ്ട്.

റോക്ക് ആന്‍ഡ് റോള്‍ സംഗീതത്തിലെ ഗീതങ്ങളെ കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണം സംഗീതത്തോടും അതിന്‍െറ സാഹിത്യത്തോടുമുള്ള ഗൗരവപൂര്‍ണമായ സമീപനത്തിന്‍െറ നിദര്‍ശനമാണ്. 1959ല്‍ മിനിസോട യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്ന ദിനങ്ങളിലാണ് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായി അദ്ദേഹം കവി ഡിലന്‍ തോമസിനോടുള്ള ആരാധനയില്‍ ബോബ് ഡിലന്‍ എന്ന പേരിലേക്ക് മാറുന്നത്. അറുപതുകളുടെ തുടക്കത്തില്‍ പ്രതിഷേധ ഗീതങ്ങളുടെ (protest songs) രചയിതാവായ വുഡി ഗത്രിയുമായും ഫോക് ഗായകനും ആക്റ്റിവിസ്റ്റുമായ പീറ്റ് സീഗറുമായും ഉണ്ടായ സഹവാസവും അദ്ദേഹത്തിന്‍െറ സംഗീതത്തിലെ പോരാട്ടസ്വഭാവത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

മിസിസിപ്പി യൂനിവേഴ്സിറ്റിയില്‍ പ്രവേശം നേടിയ ആദ്യ കറുത്ത വര്‍ഗക്കാരനായ ജെയിംസ് മെറിഡിത്തിന്‍െറ അനുഭവങ്ങളെ കുറിച്ചുള്ള ‘ഓക്സ്ഫഡ് ടൗണ്‍’ പോലുള്ള ഗീതങ്ങള്‍ അദ്ദേഹത്തിന്‍െറ 1963ല്‍ പുറത്തിറങ്ങിയ ‘ദ ഫ്രീവീലിങ് ബോബ് ഡിലാ’നില്‍ ഇടം പിടിച്ചത് അങ്ങനെയാണ്. അടിമകളുടെ പരമ്പരാഗത സംഗീതത്തിന്‍െറ താളത്തില്‍ രചിക്കപ്പെട്ട ‘ബ്ളോവിങ് ദ വിന്‍ഡ്’, ‘നോ മോര്‍ ഓക്ഷന്‍സ്’ തുടങ്ങിയവ അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജം ചെറുതല്ല. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ ഘട്ടത്തിലും വിയറ്റ്നാം യുദ്ധകാലത്തും ന്യൂക്ലിയര്‍ നിരായുധീകരണത്തിനു വേണ്ടിയുള്ള അമേരിക്കന്‍ യുവതയുടെ പോരാട്ടങ്ങളിലും ഐക്യപ്പെട്ട ബോബ്, ബീറ്റ്ല്‍സ് പോലുള്ള ഗായകസംഘങ്ങള്‍ക്കും അലന്‍ ഗിന്‍സ്ബര്‍ഗിനെ പോലുള്ള നിഷേധികളായ എഴുത്തുകാര്‍ക്കും പ്രിയങ്കരനായി.

പോരാട്ടങ്ങളുടെ ഉള്ളടക്കം ഗീതങ്ങളില്‍ മാത്രമായിരുന്നില്ല ബോബ് ഡിലന്. തീവ്ര വലതുപക്ഷ സംഘടനയായിരുന്ന ജോണ്‍ ബിര്‍ച്ച് സൊസൈറ്റിക്ക് അഹിതകരമാവും എന്ന ആരോപണത്തില്‍ തന്‍െറ രചന സെന്‍സറിങ്ങിന് വിധേയമാക്കുന്നതിന് നിന്നുകൊടുക്കാതെ പ്രസിദ്ധമായ എഡ്സള്ളിവന്‍ ഷോയില്‍നിന്ന് ഇറങ്ങിപ്പോയ ചരിത്രമുണ്ട് അദ്ദേഹത്തിന്. ‘ദ ടൈംസ് ദേ ആര്‍ ചെയ്ഞ്ചിങ്’ പോലുള്ള കൂടുതല്‍ തീവ്രവും മുനകൂര്‍ത്തതുമായ പ്രതിഷേധസ്വരമുയര്‍ത്തുന്ന ഗീതങ്ങളില്‍ കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളിലെ രക്തസാക്ഷിത്വമാണ് വിഷയം. എന്നാല്‍, 1963 അവസാനിക്കുമ്പോഴേക്കും പൗരാവകാശ പ്രവര്‍ത്തകരും ഫോക് സംഗീതസംഘങ്ങളും തന്നെ ഉപയോഗിക്കുകയാണെന്ന ചിന്ത അദ്ദേഹത്തില്‍ ബലപ്പെടുകയും കുറെക്കൂടി വൈയക്തികവും ലളിത വൈകാരികതയുള്ളതുമായ ഗീതങ്ങളിലേക്ക് അദ്ദേഹം തിരിച്ചുപോവുകയും ചെയ്തു.

പരസ്പരം ഏറെ താങ്ങായിരുന്ന ഗായികയും ആക്റ്റിവിസ്റ്റുമായ ജോവാന്‍ ബായെസുമായുണ്ടായിരുന്ന ഹ്രസ്വകാല ബന്ധവും ഈ കാലത്ത് ഉലഞ്ഞു. സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയുടെ ടോം പെയ്ന്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കമ്മിറ്റി കഷണ്ടികയറിയ വൃദ്ധരുടെതാണെന്നും ഇനി മുതല്‍ തനിക്ക് കറുത്തവരോ വെളുത്തവരോ ഇടതോ വലതോ ഇല്ളെന്നും കനത്ത മദ്യലഹരിയില്‍ ബോബ് വിളംബരപ്പെടുത്തി. റോക്ക് ആന്‍ഡ് റോളിലേക്കുള്ള ഒരു തിരിച്ചുപോക്കിനൊപ്പം ജീന്‍സിനും വര്‍ക് ഷര്‍ട്ടിനും പകരം സണ്‍ ഗ്ലാസും ബീറ്റ്ല്‍സ് ബൂട്ടും ധരിച്ചുതുടങ്ങുകയും ചെയ്തു ബോബ്. കനത്ത തോതിലുള്ള മയക്കുമരുന്ന് ഉപയോഗവും ഇക്കാലത്ത് ശീലമാക്കിയിരുന്നെന്നും പിന്നീടത് ഉപേക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, തന്‍െറ ശീലങ്ങളെ കുറിച്ച് ബോബ് കഥകള്‍ ചമയ്ക്കുക പതിവാണെന്ന് കരുതുന്നവരുണ്ട്.

അക്കോസ്റ്റിക് സംഗീതത്തോടൊപ്പം ഇലക്ട്രിക് ഗിത്താര്‍ കൂടി ഉപയോഗിക്കുന്ന രീതി ആരംഭിച്ചതോടെ പരമ്പരാഗത ഫോക്ക് സംഗീതത്തിന്‍െറ ഉപാസകര്‍ അദ്ദേഹത്തെ തുറന്നെതിര്‍ക്കാന്‍ തുടങ്ങി. 1966ല്‍ ഉണ്ടായ മാരകമായ ഒരു ബൈക്ക് അപകടം ഏതാണ്ട് ഒരുവര്‍ഷം അദ്ദേഹത്തെ കിടപ്പിലാക്കി. ജോണ്‍ വെസ്ലി ഹാര്‍ഡിങ് (1968), നാഷ് വില്ല സ്കൈലൈന്‍ (1970) എന്നീ ആല്‍ബങ്ങളില്‍ തന്‍െറ മനസ്സിനെ മഥിച്ചിരുന്ന പാരുഷ്യങ്ങള്‍ അദ്ദേഹം പ്രതിഫലിപ്പിച്ചിട്ടുണ്ട്. സെല്‍ഫ് പോര്‍ട്രെയ്റ്റ് (1970), ടാരാന്‍റുല (1973) എന്നിവ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട ആല്‍ബങ്ങളാണ്. അതേവര്‍ഷം സാം പെക്കിന്‍പായുടെ വിഖ്യാതമായ പാറ്റ് ഗാരെറ്റ് ആന്‍ഡ് ബില്ലി ദ കിഡ് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ച ബോബ്, ചിത്രത്തിന്‍െറ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തു.

‘നോക്കിങ് ഓണ്‍ ഹെവന്‍സ് ഡോര്‍’ എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലാണ്. അപകടത്തിനു ശേഷം ബോബ് നടത്തിയ ആദ്യ മുഴുനീള ടൂര്‍ 1974ലായിരുന്നു. പ്ളാനറ്റ് വേവ്സ് എന്ന ആല്‍ബം മ്യൂസിക് ചാര്‍ട്ടുകളില്‍ ആദ്യമായി അദ്ദേഹത്തെ ഒന്നാമതത്തെിച്ചു. ബ്ളഡ് ഓണ്‍ ദ ട്രാക്സ് (1975), ഡിസയര്‍ (1976) എന്നിവയും ഏറെ പ്രസിദ്ധമായപ്പോള്‍ ‘ഡിസയറി’ന് വേണ്ടി ബോബ് എഴുതിയ ‘ഹരിക്കെയ്ന്‍’ എന്ന ഗാനം പ്രമാദമായ ഒരു കൊലപാതകക്കേസില്‍ പുനര്‍വിചാരണക്ക് വരെ വഴിവെച്ചു. ഭാര്യ സാറ ലോണ്ടെസുമായി പിണങ്ങേണ്ടി വന്നതും മുറിവുണക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പരാജയവുമാണ് ‘സാറ’ എന്ന വിഷാദഗീതം. 1979ലാണ് താനൊരു ക്രിസ്ത്യാനിയായി പുനര്‍ജനിച്ചതായി ബോബ് പ്രഖ്യാപിച്ചത്. തുടര്‍ന്നിറങ്ങിയ സ്ളോ ട്രെയ്ന്‍ കമിങ് എന്ന ആല്‍ബം അദ്ദേഹത്തിന് ആദ്യ ഗ്രാമി അവാര്‍ഡ് നേടിക്കൊടുത്തു. 1982ല്‍ ബോബ് ഗാനരചയിതാക്കളുടെ ഹാള്‍ ഓഫ് ഫെയിമിലും 89ല്‍ റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിമിലും ചേര്‍ക്കപ്പെട്ടു.

1997ല്‍ കലാമികവിനുള്ള ഏറ്റവും വലിയ ദേശീയ പുരസ്കാരമായ കെന്നഡി സെന്‍റര്‍ ബഹുമതി അദ്ദേഹത്തെ തേടിയത്തെി. 1997ല്‍ ടൈം ഒൗട്ട് ഓഫ് മൈന്‍ഡ് എന്ന ആല്‍ബം മൂന്ന് ഗ്രാമി അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. അതേവര്‍ഷം പോപ് ജോണ്‍ പോള്‍ രണ്ടാമന് വേണ്ടി നോക്കിങ് ഓണ്‍ ഹെവന്‍സ് ഡോര്‍ ഉള്‍പ്പെടെ ഗാനങ്ങള്‍ അവതരിപ്പിച്ചു. പുതിയ നൂറ്റാണ്ടിലും തളര്‍ച്ചയില്ലാതെ, നിരൂപക പ്രശംസയും ജനസമ്മതിയും ഒരുപോലെ നേടിയെടുത്ത സ്റ്റുഡിയോ ആല്‍ബങ്ങളായ മോഡേണ്‍ ടൈംസ് (2006), ടുഗെതര്‍ ത്രൂ ലൈഫ് (2009) തുടങ്ങിയവയുമായി അദ്ദേഹം വിജയകരമായ പര്യടനങ്ങള്‍ തുടര്‍ന്നു. ഇതിനിടെ, 2005ല്‍ വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസേയുടെ നോ ഡയറക്ഷന്‍ ഹോം: ബോബ് ഡിലന്‍ എന്ന ഡോക്യുമെന്‍ററിക്കു വേണ്ടി ഇരുപതു വര്‍ഷത്തിനിടെ നല്‍കിയ ആദ്യ മുഴുനീള അഭിമുഖത്തിലും ബോബ് സ്വയം ആവിഷ്കരിച്ചു.

പുതിയ ദശകത്തിലും ശ്രദ്ധേയമായ സംഗീത സംഭാവനകളുമായി സജീവമായ ബോബിനെ തേടി ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ കൂടാതെ പ്രസിഡന്‍റിന്‍െറ മെഡല്‍ ഓഫ് ഫ്രീഡം (2012) പുരസ്കാരവും ഇപ്പോള്‍ നൊബേലും തേടിയത്തെി. 1993ല്‍ ടോണി മോറിസന് ശേഷം ആദ്യമായാണ് ഒരു അമേരിക്കക്കാരനെ സാഹിത്യ നൊബേല്‍ തേടിയത്തെുന്നത്. ‘അമേരിക്കന്‍ ഗാനരചനാ പാരമ്പര്യത്തില്‍ പുതിയ കാവ്യാവിഷ്കാരം സൃഷ്ടിച്ചതിന്’ (നൊബേല്‍ സൈറ്റേഷന്‍) നല്‍കപ്പെടുന്ന ഈ പുരസ്കാരം, ഫിലിപ്പ് റോത്തിനെ പോലുള്ള കിടയറ്റ എഴുത്തുകാര്‍ അവഗണിക്കപ്പെടവേ, വായന ലോകത്തെ ഒട്ടൊന്ന് അദ്ഭുതപ്പെടുത്തുകയും ചെയ്തേക്കാം.

Full ViewFull View
Tags:    
News Summary - Nobel Prize winner Bob Dylan american singer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT