പാട്ടിന്റെ പൗർണ്ണമി ചന്ദ്രിക

മലയാള ചലച്ചിത്രഗാനശാഖയിലെ കാൽപനികതയുടെ രാജശിൽപികളിലൊരാളായിരുന്നു എം.കെ. അർജുനൻ മാഷ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ അതിന്റെ വിസ്മയകരമായ ഉയരങ്ങൾ പ്രാപിച്ചത് അതിലടങ്ങിയ മെലഡിയുടെ ക്ലാസിക്കൽ സ്പർശത്തിലായിരുന്നു. കേൾക്കുന്നവരുടെ ശ്രദ്ധയുടെ ഒരു സൗന്ദര്യശാസ്ത്രത്തെ അറിഞ്ഞാദരിക്കുന്നവയായിരുന്നു അത്. അവയിലുണ്ടായിരുന്നു കേരളീയമായ സംഗീതപദ്ധതിയുടെ സരളമായ ചേർച്ചകൾ. അർജുനൻ മാഷിന്റെ ഗാനങ്ങളിൽ അനുരാഗത്തിന്റെയും ദുഃഖത്തിന്റെയും വിരഹത്തിന്റെയും കനം അക്കാലത്തെ മറ്റു ഗാനങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു. സങ്കടത്തിന്റെ മധുരിമയായിരുന്നു ആ ഗാനങ്ങളുടെ കാതൽ.

വൈകാരികതയിൽ അലിഞ്ഞുചേർന്ന പാട്ടിന്റെ പ്രയോഗഭാവങ്ങളായിരുന്നു അവയെല്ലാം. നമ്മിലെ അനുരാഗിയെ അത്രത്തോളം അടുത്തറിയുന്നവയായിരുന്നു ആ ഗാനങ്ങൾ. ഏതു വരിയിലെ വൈകാരികതയിലും സംഗീതത്തിന്റെ അർഥമുണർത്തി സാക്ഷാത്കരിക്കുകയായിരുന്നു അർജുനൻ മാഷ്. രൂപത്തിലും ഭാവത്തിലും അത് ദേവരാജൻ മാഷിന്റെ ഗാനങ്ങളിൽനിന്ന് പ്രകട വ്യത്യാസം കാണിക്കുകയുണ്ടായി. ഏകാന്തവും സൗമ്യവും ആർദ്രവുമായിരുന്നു അതിന്റെ അകങ്ങൾ. ഹാർമോണിയത്തിന്റെ ആത്മാവിൽ വിരലുകൾ തഴുകിയുണർത്തുന്ന നേർമയുള്ള ഈണത്തിന്റെ ശുദ്ധിയുണ്ടായിരുന്നു അവക്ക്. ആ ഗാനങ്ങൾ ഒരേസമയം പാരമ്പര്യത്തെ പരിപാലിക്കുമ്പോൾതന്നെ തികച്ചും ആധുനികവുമായിരുന്നു. വരികളിലെ കാവ്യസാധ്യതകളെ പാട്ടിൽ മാഷ് സംഗീതാത്മകമായി വിവർത്തനം ചെയ്തു. ഒരേസമയം കാൽപനികവും ക്ലാസിക്കലുമാകുന്ന ഗാനങ്ങൾക്കായിരുന്നു മാഷ് ജന്മം നൽകിയത്. അതിൽ അനുരാഗത്തിന്റെയും അനുപതാപത്തിന്റെയും ആരോഹണാവരോഹണങ്ങൾ ഉണ്ടായിരുന്നു. അതുതന്നെയാണ് മാഷിന്റെ പാട്ടിലെ ലീനധ്വനികൾ. പാട്ടിലെ അനുരാഗമെന്ന ശാശ്വതസങ്കൽപത്തിനെ ശിൽപപ്പെടുത്തുകയായിരുന്നു അർജുനൻ മാഷ്.

സൂക്ഷ്മശ്രുതിയുടെ ലയബോധം, തീക്ഷ്ണതക്കപ്പുറമുള്ള സൗമ്യത, രാഗഘടനയിൽനിന്നുയരുന്ന ലയഭംഗികൾ, ക്ലാസിക്കൽ ഛായകൾ, പദസംഗീതത്തിൽ പുലർത്തുന്ന ധ്യാനസമാനതകൾ, വികാരപരതയുടെ ആവിഷ്കാരം, അനുരാഗകൽപനകളെ ഭാവാത്മകമായി പാട്ടിൽ കൊത്തിയെടുക്കൽ, മികവുറ്റ രീതിയിൽ ഉൾത്താളങ്ങളെ ഇണക്കിച്ചേർക്കൽ... ഇങ്ങനെ പോകുന്നു അർജുനൻ മാഷിന്റെ പാട്ടുകളുടെ സവിശേഷതകൾ. പാട്ടിലെ എക്കാലത്തെയും പ്രസാദാത്മകമായ ശൈലിയായിരുന്നു മാഷിന്റേത്. ''ഹാർമോണിയത്തിന്റെ മുന്നിലിരിക്കുമ്പോൾ പലപ്പോഴും എനിക്ക് തോന്നാറുണ്ട്, ഒരു അദൃശ്യശക്തിയുടെ സാന്നിധ്യം, ഓരോ പാട്ടിനെയും ധ്യാനത്തെപ്പോലെയാണ് കാണുന്നത്. കവിതയിൽ സംഗീതംകൊണ്ട് നടത്തുന്ന കൊത്തുപണികളാണ് എനിക്കിഷ്ടം'' -മാഷിന്റെ വാക്കുകൾ. ആദ്യ സിനിമയായ 'കറുത്ത പൗർണമി'യിൽ നാടകശൈലിയിലായിരുന്നു മാഷ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.

'മാനത്തിൻ മുറ്റത്ത്', 'പൊന്നിലഞ്ഞിച്ചോട്ടിൽ', 'ഹൃദയമുരുകിനീ' എന്നീ ഗാനങ്ങളിലെല്ലാം ഇത്തരമൊരു ശൈലി ദൃശ്യമായിരുന്നു. എന്നാൽ, രണ്ടാമത്തെ സിനിമയായ 'റസ്റ്റ് ഹൗസി'ലെ ഗാനങ്ങളെയെല്ലാം അദ്ദേഹം സിനിമാറ്റിക് ആക്കി മാറ്റി. ശ്രീകുമാരൻ തമ്പിയും മാഷുമാണ് മലയാളികൾക്ക് ഹൃദയാർദ്ര പ്രണയത്തിന്റെ പൊരുൾ പറഞ്ഞുതന്നത്. 'കസ്തൂരി മണക്കുന്നല്ലോ', 'വാൽക്കണ്ണെഴുതി', 'ഓടിപ്പോകും വസന്തകാലമേ', 'പഴയൊരു രജനിതൻ' -അങ്ങനെ നൂറുകണക്കിന് ഗാനങ്ങൾ. ആ ഗാനങ്ങളിൽനിന്ന് കാൽപനികാംശം നിറഞ്ഞ മുന്തിയ ചലച്ചിത്രമുഹൂർത്തങ്ങൾ ഉണ്ടായി. പ്രണയത്തിന്റെ ഏകാന്തവിചാരങ്ങളായി മാറി അർജുനഗീതികൾ.

പാട്ടിലെ ബഹുസ്വരതയാണ് അർജുനൻ മാഷിനെ വ്യത്യസ്തനാക്കുന്നത്. ദേവരാജൻ മാഷിന്റെ മെലഡിയും ദക്ഷിണാമൂർത്തിയുടെ സെമി ക്ലാസിക്കലും സമന്വയിച്ച പാതയിലൂടെയാണ് താൻ സഞ്ചരിച്ചതെന്ന് മാഷ് പറഞ്ഞിരുന്നു. തത്ത്വചിന്താപരമായ എത്രയെത്ര ഗാനങ്ങളാണ് മാഷിന്റേതായുള്ളത്. ദുഃഖമേ നിനക്ക്, മോഹം മുഖപടമണിഞ്ഞു, സുഖമൊരു ബിന്ദു, അള്ളാവിൻ തിരുസഭയിൽ അങ്ങനെയങ്ങനെ... സെമി ക്ലാസിക്കൽ ശൈലിയിൽ സൃഷ്ടിച്ച സന്ധ്യതൻ കവിൾ തുടുത്തോ, ചന്ദ്രകിരണങ്ങൾ രാഗങ്ങളായി, അനുരാഗമേ, അരയാൽ മണ്ഡപം, രവിവർമച്ചിത്രത്തിൻ, ഇന്ദീവരങ്ങൾ ഇമ തുറന്നു, സ്വയംവര കന്യകേ, കളിവിളക്കിൻ ആദത്തിൻ അചുംബിത... എന്നിവയെല്ലാം ശ്രദ്ധേയങ്ങളാണ്. ഗസൽ മാതൃകയിൽ ചിട്ടപ്പെടുത്തിയ ചമ്പകതൈകൾ പൂത്ത, ശ്രാവണ പൗർണമിപ്പന്തലിട്ട് എന്നിങ്ങനെയുള്ള ഗാനങ്ങൾ ആ ശൈലിയിൽ അനന്യമായിരുന്നു. ശോകഗീതികളിൽ കാണാം അർജുനസംഗീതത്തിന്റെ അനഘമുദ്രകൾ. ഒരു സ്വപ്നത്തിൻ, വാസനച്ചെപ്പു തുറന്നു, സന്ധ്യ താരകേ, പഴയൊരു രജനിതൻ, എല്ലാ ദുഃഖവും എനിക്ക് തരൂ, ചന്ദ്രകിരണത്തിൻ, സന്ധ്യാപുഷ്പങ്ങൾ, തിരയും തീരവും (മലയാളത്തിൽ ഏറ്റവും ഓർക്കസ്ട്രേഷൻ കുറഞ്ഞ ഗാനങ്ങളിലൊന്ന്), രാധാകൃഷ്ണസങ്കൽപത്തിൽ തീർത്ത യദുകുലരതിദേവനെവിടെ, ദ്വാരകേ, അംഗാര സന്ധ്യേ... ആകാശഗീതികളായ ചന്ദ്രോദയം കണ്ട്, ആ ത്രിസന്ധ്യതൻ നക്ഷത്രകിന്നരന്മാർ, പൗർണമി ചന്ദ്രിക... ഭക്തിരസമുള്ള 'ആയിരം കാതമകലെയാണെങ്കിലും', ഹബ്ബിറബ്ബി... താളക്കൊഴുപ്പിൽ നിർമിച്ച പൂവിന് കോപം, ചുംബനവർണ, 'സിന്ദൂരം തുടിക്കുന്ന', 'ചാലക്കമ്പോളത്തിൽ വെച്ച്...' അങ്ങനെ പോകുന്നു പാട്ടിന്റെ വൈവിധ്യമാർന്ന ചേലുകൾ.

അർജുനൻ മാഷിന്റെ സംഗീതത്തിൽ യേശുദാസ് ആലപിച്ച പാട്ടുകൾ അവയുടെ സ്വരഭംഗികളിൽ മികച്ചുനിന്നു. കുയിലിന്റെ മണിനാദം, വിധു മുഖി, പ്രിയതമേ പ്രഭാതമേ, രത്നരാഗമുണർന്നു, സ്നേഹഗായികേ, വസന്തമിന്നൊരു ഉദയദീപിക, വനരാജമല്ലികൾ, പുഷ്പമഞ്ജീരം, ശാഖാനഗരത്തിൽ, തളിർവലയോ, സ്വയംവര കന്യകേ, ഇനിയുമീ ഭൂമി... അങ്ങനെ നീളുന്നു നീണ്ടനിര. മല്ലികപ്പൂവിൻ മധുരഗന്ധം, നിൻമണിയറയിലെ, മുത്തുകിലുങ്ങി, നന്ത്യാർവട്ടപ്പൂചിരിച്ചൂ, മംഗലപ്പാലതൻ (പി. ജയചന്ദ്രൻ), യമുനേ, കായൽക്കരയിൽ (എസ്. ജാനകി), സീമന്തരേഖയിൽ, തേടിത്തേടി, തിരുവോണപ്പുലരിതൻ, സപ്തസ്വരങ്ങളാടും (വാണി ജയറാം), മല്ലീസായക, രണ്ടു നക്ഷത്രങ്ങൾ, ചന്ദ്രരശ്മിതൻ (പി. സുശീല), നീലനിശീഥിനി (ബ്രഹ്മാനന്ദൻ), ജയിക്കാനായ് ജനിച്ചവൻ (ജോളി എബ്രഹാം), കാണാനഴകുള്ള (ജി. വേണുഗോപാൽ), കണ്ണെഴുതി പൊട്ടുംതൊട്ട് (സുജാത), ചെല്ലച്ചെറു വീട് തരാം (ചിത്ര)... അങ്ങനെ എല്ലാ ഗായകർക്കും മികച്ച ഗാനങ്ങൾ നൽകുന്നതിൽ അദ്ദേഹം ശ്രദ്ധപുലർത്തിയിരുന്നു.

'ഞാൻ ജീവിതം തുടങ്ങിയത് വെറുംകൈയോടെയായിരുന്നു. വിശപ്പ് മാത്രമായിരുന്നു അന്ന് തുണ. പിടിച്ചുനിൽക്കാൻ വേണ്ടിയാണ് സംഗീതരംഗത്തേക്ക് വന്നത്. ജീവിതമാണ് എന്നിലെ പാട്ടുകാരനെ രൂപപ്പെടുത്തിയത്. ആ സംഗീതം എനിക്ക് എല്ലാം തന്നു'- അർജുനൻ മാഷിന്റെ വാക്കുകൾ. തികഞ്ഞ ജനകീയതയും ലാളിത്യവും നിറഞ്ഞ സംഗീതത്തിന്റെ തുടർച്ചകൾ സൃഷ്ടിക്കാനായതുകൊണ്ടാണ് അർജുനൻ മാഷിനെ നാമിന്നും ഓർക്കുന്നത്...

Tags:    
News Summary - Memory of M.K Arjunan master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.