ഒരാളുണ്ടെങ്കില്‍ പോലും ഞാന്‍ പാടും...

മരുഭൂമി ശൈത്യത്തിൽ ഉറയുന്നതിനു മുമ്പ്​ ഒര​ു രാവ്​ ഞങ്ങൾക്കായി ഒരുക്കിത്തന്നിരുന്നു ഉമ്പായി എന്നത്​ ഇപ്പോൾ ഒാർക്കുമ്പോൾ ​ഒരു നേർത്ത ഗസൽ കണക്കെ നീറിപ്പിടിക്കുന്നു. മരുഭൂമി മഞ്ഞി​​​​​​​െൻറ കൈകളിലേക്ക്​ ചായു​ന്നത്​ മെല്ലെ മെല്ലെയാണ്​.. സുഖകരമായ ഒരു അന്തരീക്ഷം. അങ്ങനെയൊരു ശിശിരകാല സന്ധ്യയിൽ സുഹൃത്ത്​ ഷക്കീബാണ്​ അത്​ ചോദിച്ചത്​.
 ‘‘ഉമ്പായി വന്നിട്ടുണ്ട്, നമുക്ക് പാട്ട് കേള്‍ക്കാന്‍ പോകണ്ടേ...?’’
‘‘ഉംബായിയോ, ഇവിടെയോ?’’ എന്ന അവിശ്വസനീയതായിരുന്നു എനിക്കപ്പോൾ

ഒ.എന്‍.വിയുടെ ഭാവാത്മക വരികള്‍ ഉമ്പായിയുടെ താഴ്ന്ന സ്ഥായിയില്‍ ശാന്തമായ അരുവി കണക്കെ മനസ്സിൽ ഒ​​ഴുകിക്കൊണ്ടിരുന്ന കാലമായതിനാല്‍ വലിയ താല്‍പര്യം തോന്നി. അദ്ദേഹത്തെ കാണാന്‍, ആ ചുണ്ടുകളില്‍ നിന്നുതിരുന്ന പാട്ട് നേരിട്ട് കേള്‍ക്കാന്‍ വല്ലാതെ ആശ തോന്നി.
‘‘രാത്രിയിലാണ് പരിപാടി, കുറച്ചകലെയായതിനാല്‍ ഇപ്പോഴെ പോകാം..’’ ഷക്കീബ് ചോദിച്ചു.
ഞങ്ങള്‍ അപ്പോള്‍ തന്നെ പുറപ്പെട്ടു. അന്ന് സൗദിയില്‍ മുത്തവ്വമാരെ (മതകാര്യ വകുപ്പിന് കീഴിലുള്ള സദുപദേശക സംഘം) പേടിച്ച് ഇത്തരം സംഗീത പരിപാടികളൊക്കെ അവരുടെ നോട്ടം എത്താത്ത സ്ഥലങ്ങളിലേ വെക്കുമായിരുന്നുള്ളു..

റിയാദ് നഗരത്തില്‍ നിന്ന് 40 കിലോമീറ്ററകലെ ഒരു കൃഷിത്തോട്ടത്തോട്​ ചേര്‍ന്ന വിശ്രമസങ്കേതത്തിലാണ് (ഇസ്തിറാഹ എന്ന് അറബിയിൽ) പരിപാടി. വൈകുന്നേരത്തെ നഗരത്തിരക്കുകൾ മുറിച്ചുകടന്ന്​ സമയത്തിന്​ അവിടെയെത്താൻ എന്നിട്ടും ഞങ്ങള്‍ വൈകി. ഇസ്തിറാഹയുടെ മതില്‍ക്കെട്ടിനുള്ളില്‍ മുറ്റത്തെ പുൽമെത്തെയില്‍ ഒരു കാര്‍പ്പറ്റ് വിരിച്ച് കച്ചേരി വേദിയൊരുക്കിയിട്ടുണ്ട്. സദസ്യര്‍ക്ക് അതിന് മുന്നില്‍ ബാക്കി പൂൽമെത്തയില്‍ ഇരിക്കാം.
ഗേറ്റില്‍ തന്നെ സംഘാടകന്‍ നില്‍പുണ്ട്. അയാളുടെ മുഖം വിവര്‍ണമാണ്. ആകെ ഒരു പരിഭ്രമത്തിലാണെന്ന് മനസ്സിലായി.
അയാള്‍ ഞങ്ങളെ മാറ്റി നിറുത്തി പറഞ്ഞു: ‘‘ഉമ്പായിയെ ദമ്മാമിലെ ഒരു സംഘടന കൊണ്ടുവന്നതാണ്. ഇവിടെയും ആളുകള്‍ക്ക് താല്‍പര്യമുണ്ടാകുമെന്ന് കരുതി ഇങ്ങോട്ടേക്ക് വിളിച്ചതാണ്. എന്നാല്‍ ആളുകള്‍ വളരെ കുറച്ചേ വന്നിട്ടുള്ളൂ.’’
‘‘നിങ്ങള്‍ ആരെയും അറിയിച്ചില്ലേ...?’’ ഞങ്ങള്‍ ചോദിച്ചു.
‘‘അങ്ങനെ അധികം പേരോടൊന്നും പറയാന്‍ സമയം കിട്ടിയില്ല. പിന്നെ മുത്തവ്വ വരുമോന്നുള്ള പേടിയുമുണ്ട്.’’
വീണ്ടും അയാള്‍ ഞങ്ങളെ പിടിച്ചുനിറുത്തി മടിച്ചുമടിച്ചു പറഞ്ഞു:
‘‘ദമ്മാമില്‍ നിന്ന് വന്നുപോകാനുള്ള വിമാന ടിക്കറ്റിനും ഈ ഇസ്തിറാഹയുടെ വാടകയ്ക്കുമായി അല്‍പം പണച്ചെലവുണ്ട്. ഒരു ചെറിയ ടിക്കറ്റുണ്ട്.’’
‘‘എത്രയാണെന്ന് പറഞ്ഞോളൂ, തരാമല്ലോ..’’ എന്ന് ഞങ്ങള്‍ സന്തോഷത്തോടെ പറഞ്ഞു.

ഒമ്പത് മണി വരെ കാത്തിരുന്നിട്ടും ആളുകള്‍ കൂടുതലൊന്നും വന്നില്ല. വന്നവരെയെല്ലാം കൂടി എണ്ണി നോക്കിയപ്പോള്‍ പതിനാല് പേരുണ്ട്. ഉമ്പായി ഹാര്‍മോണിയവുമായി അവിടെ വന്നിരുന്നു. മുന്നിലുള്ള വിരലുകൊണ്ടെണ്ണാന്‍ മാത്രമുള്ള സദസ്യരെ കണ്ടിട്ടും അദ്ദേഹത്തി​​​​​​െൻറ മുഖത്തെ സ്ഥായിയായ ആ ചിരി മാഞ്ഞില്ല. അത് കൂടുതല്‍ തിളങ്ങിയതേയുള്ളൂ. കുറച്ചുനേരം അദ്ദേഹം സംസാരിച്ചു. ഓരോരുത്തരേയും പരിചയപ്പെട്ടു. പിന്നെ ഗസലുകളെ കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന്‍െറ ജീവിതത്തെ കുറിച്ച് പറഞ്ഞു. ഒ.എന്‍.വിയുടെ വരികളെ കുറിച്ചു പറഞ്ഞു. അതിനിടയില്‍ വിരലുകള്‍ ഹാര്‍മോണിയത്തിലെ കട്ടകളില്‍ ഒഴുകിനീങ്ങാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
 
പിന്നെ പാട്ട്​ ഒഴുകുകയായിരുന്നു. ശിശിര രാവിന്‍െറ കുളിര്‍മയുള്ള കൈകള്‍ ഞങ്ങളെ തൊടുമ്പോൾ ഉമ്പായിയുടെ ഗസല്‍ വീചികള്‍ ഞങ്ങളെ നിലാവത്ത് പാടിയുറക്കുകയും ഉണര്‍ത്തുകയും ചെയ്തു. എത്ര നേരമെന്നറിയാതെ അദ്ദേഹം പാടികൊണ്ടേയിരുന്നു.
അവിടെ നിന്ന് മടങ്ങുമ്പോള്‍ മാത്രമാണ് വാച്ച് നോക്കിയത്, അപ്പോള്‍ സമയം പുലര്‍ച്ചെ മൂന്നിനോട് അടുത്തിരുന്നു.

പിരിയുമ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു: ‘‘ഇത്രയും കുറഞ്ഞ സദസ്സിന് മുന്നിൽ ഇങ്ങനെയൊര​ു കച്ചേരി ആദ്യമായിരിക്കും അല്ലേ...?’’
അപ്പോഴും മുഖത്താ പുഞ്ചിരി അങ്ങനെ തന്നെ ഉദിച്ചുനിന്നിരുന്നു:
എന്‍െറ തോളില്‍ കൈവെച്ച് അദ്ദേഹം പറഞ്ഞു: ‘‘ഒരാളുണ്ടെങ്കില്‍ പോലും ഞാന്‍ പാടും.... കേള്‍ക്കുന്നയാള്‍ക്ക് ഹൃദയമുണ്ടാകണമെന്ന് മാത്രം...’’

റിയാദിലെ പരിപാടിക്കിടയിൽ ഉമ്പായി
 

മനസ്സിൽ അറിയാതെ പറഞ്ഞുപോയി, എത്ര നല്ല ഹൃദയമുള്ള പാട്ടുകാരന്‍
അവിടെ നിന്ന് മടങ്ങുമ്പോഴും മനസിലൊരു ഗ്രാമഫോണ്‍ ഉണര്‍ന്നുതന്നെയിരുന്നു..
‘പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ
പാടിപ്പാടിയുറക്കൂ...
സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ
മുഗ്​ധസൗന്ദര്യത്തെ ഉണര്‍ത്തരുതേ
ആരും ഉണര്‍ത്തരുതേ...’’
ഒ.എന്‍.വിയുടെ സുന്ദര വരികള്‍... ഉമ്പായിയുടെ മധുര ശബ്ദം...
ഉമ്പായി പാതിയിൽ മുറിഞ്ഞ ഒരു പാട്ടുകണക്കെ മാഞ്ഞുപോക​ു​േമ്പാൾ പെടുന്നനെ മരുഭൂമിയിൽനിന്ന്​ കുളിർ കാലം അകന്നു പോക​ുന്ന പോലെ തോന്നുന്നു..
ഒറ്റയ്​ക്കായ ഒരു വേദിയിൽ അങ്ങകലെ അദൃശ്യരായ ആർക്കൊക്കെയോ വേണ്ടി ഉമ്പായി പാടുന്ന പോലെ..
അപ്പോഴും ആ വാക്കുകൾ ഒരു പാട്ടി​​​​​​െൻറ ഇത്തിരിക്കീറുപോലെ മനസ്സിൽ പതിയുന്നു...
‘ഒരാളുണ്ടെങ്കിൽ പോലും ഞാൻ പാടും..

Tags:    
News Summary - Dammam memmory of Gazal singer Umbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT