രാഗം ശ്രീരാഗം..

പാട്ടിന് ഈണം കൊടുക്കുമ്പോള്‍ അനുയോജ്യമായ രാഗം തെരഞ്ഞെടുക്കുക എന്നത് സംഗീതസംവിധായകന്‍െറ ഒൗചിത്യബോധവും സ്വാതന്ത്ര്യവും ഭാവനയും അറിവുമൊക്കെ അനുസരിച്ചുള്ള കാര്യമാണ്. വാക്കുകളോ വികാരങ്ങളോ ഭാവതലങ്ങളോ ഒക്കെ ഈണങ്ങളായി പരിണമിക്കാറുണ്ട്. രാഗഭാവങ്ങളില്‍ നിന്നും ഈണം സ്വാംശീകരിക്കാറുണ്ട് സംഗീതസംവിധായകര്‍. പാട്ടിന്‍െറ സാഹിത്യത്തിനിണങ്ങുന്ന, വികാരഭാവത്തിനിണങ്ങുന്ന രാഗം ഉപയോഗിക്കുകയും അതിന്‍െറ വിവിധ ഭാവങ്ങള്‍ പാട്ടുകളിലുപയോഗിക്കാറുമുണ്ട്. അതില്‍ ഗാനരചയിതാക്കള്‍ക്ക് ഒരു പങ്കുമില്ല. എന്നാല്‍ ചില ഗാനങ്ങളില്‍ പാട്ടിന്‍െറ വരികള്‍ ഒരു മൂഡ് എന്നതിനെക്കാളുപരി ഒരു രാഗഭാവം തന്നെ സംഗീതസംവിധായകന് പകര്‍ന്നു നല്‍കാറുണ്ട്. 

രാഗത്തിന്‍െറ പേരില്‍തന്നെ ആരംഭിക്കുന്ന നിരവധി ഗാനങ്ങള്‍ മലയാളത്തിലുണ്ട്. ഒരു രാഗത്തിന്‍െറ പേര് എഴുത്തുകാരന്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ആ രാഗത്തില്‍തന്നെ ചെയ്യുക എന്ന ഒരു പൊതുരീതിയും സംഗീതസംവിധായകര്‍ പിന്തുടരാറുണ്ട്. കൈതപ്രത്തെപ്പോലെയുള്ള സംഗീതജ്ഞര്‍ പാട്ടെഴുതുമ്പോള്‍ അത്തരം കാര്യങ്ങള്‍ക്ക് സംഗീതസംവിധായകര്‍ക്കെളുപ്പമാണ്. അതിന് നല്ല ഉദാഹരണമാണ് ‘ഹിസ് ഹൈനസ് അബ്ദുള്ളയിലെ ‘ദേവസഭാതലം രാഗിലമാകുവാന്‍..’ എന്ന ഗാനം. സംഗീതശാസ്ത്രത്തെ വിവരിക്കുന്ന ഗാനം പരമാവധി ശാസ്ത്രീയമാക്കാന്‍ കൈതപ്രത്തിന്‍െറ സാന്നിധ്യം ആ ഗാനത്തില്‍ സഹായിച്ചിട്ടുണ്ട്. രാഗമാലികയായാണ് ഈ ഗാനം രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതായത് ഒന്നിലേറെ രാഗങ്ങള്‍ കോര്‍ത്തിണക്കി.

രാഗമാലിക എന്നനിലയില്‍ വളരെ ഉദാത്തമാണ് എം.ബി.ശ്രീനിവാസനും ഒ.എന്‍.വിയും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ‘ബന്ധനം’ എന്ന ചിത്രത്തിലെ ‘രാഗം ശ്രീരാഗം ഉദയശ്രീരാഗം..’ എന്ന ഗാനം. ജയചന്ദ്രന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തതുമാണ് ഈ ഗാനം.  ‘രാഗം ശ്രീരാഗം’ എന്നാരംഭിക്കുന്ന വരികള്‍ ‘ശ്രീരാഗ’ത്തില്‍തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. പിന്നീട് ഗാനത്തില്‍ പരാമര്‍ശിക്കുന്ന ഓരോ രാഗത്തിലുമാണ് അനുപല്ലവിയും ചരണങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരുപക്ഷേ കവിയോട് രാഗങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടാവണം പാട്ടൊരുക്കിയത്. ശ്രീരാഗത്തിനുശേഷം ഗാനം ഹംസധ്വനിയിലത്തെുന്നു. ‘ദാഹം സംഗമദാഹം.. ജീവനിലാളും ഇണയരയന്നങ്ങള്‍ പാടും മദകരരാഗം’ എന്നാണ് ഒ.എന്‍.വി ഹംസധ്വനിയെ വിശേഷിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് വസന്തരാഗത്തിലേക്ക് മാറുന്നു. പ്രപഞ്ചമധുവന വസന്ത രാഗമെന്ന് ഇതിന് വിശേഷണം. തുടര്‍ന്ന് ‘മലയമാരുത’ രാഗത്തിലേക്ക്. ‘മലയാനിലകരലാളിതരാഗം’  എന്ന് കവിയുടെ കൂട്ടിച്ചേര്‍ക്കല്‍. ‘വിടപറയും ദിനവധുവിന്‍ കവിളില്‍ വിടരും കുങ്കുമരാഗം..’ എന്നാണ് പാട്ട് അവസാനിക്കുന്നത്. പ്രഭാതരാഗമായ ശ്രീരാഗത്തില്‍ തുടങ്ങുന്നതിനാല്‍ ഉദയശ്രീരാഗം എന്ന് ഗാനമാരംഭിക്കുന്ന ഒ.എന്‍.വി അവസാനിപ്പിക്കുന്നത് സന്ധ്യയുടെ വര്‍ണനയോടെയാണ്. 

‘ശ്രീരാഗം..’ എന്നാരംഭിക്കുന്ന മറ്റൊരു ഗാനം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതമൊരുക്കിയ ‘ശ്രീരാഗം’ എന്ന സിനിമയിലുണ്ട്; ‘ശ്രീരാഗം ആയിരമിതളാര്‍ന്ന താമരമലരായുണര്‍ന്നു’ എന്ന ഗാനം. ഗാനം ആ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതേ ചിത്രത്തില്‍തന്നെ ‘കനകാംഗി സ്വരവാഹിനി വരവര്‍ണ്ണിനി കുടജാദ്രിനിവാസിനി’ എന്നൊരു ഗാനവുമുണ്ട്. മേളകര്‍ത്താരാഗങ്ങളിലെ ആദ്യ രാഗമായ ‘കനകാംഗി’യില്‍ ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. മലയാളത്തില്‍ വളരെക്കുറച്ച് ഗാനങ്ങളേ ഈ രാഗത്തില്‍ ഉണ്ടായിട്ടുള്ളൂ എന്നതും പ്രത്യേകതയാണ്. ‘ഹംസധ്വനി രസവാഹിനി’ എന്നാരംഭിക്കുന്ന യേശുദാസും ചിത്രയും പാടിയ ഗാനം എഴുതിയത് യൂസഫലി കേച്ചേരി. വര്‍ണ്ണക്കാഴ്ചകള്‍ എന്ന ചിത്രത്തിലെ ഈ ഗാനം ഹംസധ്വനിയില്‍ ചിട്ടപ്പെടുത്തിയത് മോഹന്‍ സിതാര. ഹംസധ്വനിയെ ‘ഹര്‍ഷസുധാദായിനീ..’ എന്നാണ് യൂസഫലി വിശേഷിപ്പിക്കുന്നത്. 

എന്നാല്‍ ഗാനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന രാഗത്തില്‍തന്നെ പാട്ട് ചെയ്യണം എന്നും ഇല്ല. അതിനുദാഹരണമാണ് ഒ.എന്‍.വിയുടെതന്നെ ‘മലയമാരുതഗാനാലാപം ഹൃദയം കവരുന്നു’ എന്ന ഗാനം (ചിത്രം: നമ്മുടെ നാട്). മലയമാരുതം എന്ന രാഗം ഉണ്ടായിരിക്കെ മോഹനരാഗത്തിലാണ് വിദ്യാധരന്‍ പാട്ട് ചിട്ടപ്പെടുത്തിയത്. അതുപോലെ ‘ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി.. എന്ന പ്രശസ്തമായ ജോണ്‍സണ്‍ ഗാനവും ആരംഭിക്കുന്നത് രാഗത്തിന്‍െറ പേരോടെയാണ്. എന്നാല്‍ പാട്ട് ആ രാഗത്തിലല്ല ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശങ്കരാഭരണത്തിലാണ് തുടക്കം. ‘പവിത്രം’ എന്ന ചിത്രത്തില്‍ ഒ.എന്‍.വി എഴുതി ശരത് ഈണമിട്ട ‘ശ്രീരാഗമോ തേടുന്നു നീയീ’ എന്ന ഗാനം ആരംഭിക്കുന്നതും ശ്രീരാഗം എന്ന വാക്കിലാണെങ്കിലും ഗാനം ചിട്ടപ്പെടുത്തിയത് ‘ഖരഹരപ്രിയ’യിലാണ്. 

രാഗത്തിന്‍െറ പേരിനോട് സാമ്യമുള്ളതുകൊണ്ടും അത് സംഗീതസംവിധായകന് പ്രചോദനമരുളാം. അതിനുദാഹരണമാണ് ‘സരസ്വതീയാമം കഴിഞ്ഞു..’എന്ന ഗാനം. സരസ്വതീയാമം എന്ന വാക്കിലാണ് വയലാര്‍ ഗാനം തുടങ്ങിയത്. രാഗം ഉദ്ദേശിച്ചായിരിക്കില്ല അത്. എന്നാല്‍ ആ വാക്കില്‍ നിന്നുതന്നെ ആ ഗാനം ‘സരസ്വതി’ എന്ന രാഗത്തില്‍ ചിട്ടപ്പെടുത്താന്‍ ദേവരാജന്‍ മാഷ് തീരുമാനിച്ചത് എത്ര ഒൗചിത്യബോധത്തോടെയായിരുന്നു. ഏതായാലും ഇതിനേക്കാള്‍ നല്ളൊരീണം ആ ഗാനത്തിന് സങ്കല്‍പിക്കുവാനേ വയ്യ. ഇതുപോലെയാണ് ‘ഗൗരീമനോഹരി മാരവൈരീ..’ എന്ന ‘വേനല്‍കിനാവുകളി’ലെ ഗാനം. പാര്‍വതീ ദേവിയുടെ അംഗപ്രത്യംഗവര്‍ണന നടത്തുന്ന ഗാനം ‘ഗൗരീ മനോഹരീ’ എന്ന് ഒ.എന്‍.വി ആരംഭിച്ചത് ഇരട്ട അര്‍ത്ഥത്തിലാണ്.  

ദേവിയുടെ വര്‍ണനയാണ് പാട്ടിലുടനീളം എന്നതിനാലും ഗൗരി സുന്ദരിയാണെന്നതിനാലും തീര്‍ത്തും അനുയോജ്യമായ ഈ വാക്ക് ഇതേ പേരില്‍ ഒരു രാഗം ഉള്ളതിനാലും തീര്‍ത്തും അനുയോജ്യമാണ്. അതിനോട് നീതിപുലര്‍ത്തി പണ്ഡിതനായ സംഗീതസംവിധായകന്‍ എല്‍.വൈദ്യനാഥന്‍ ഗാനം ‘ഗൗരീമനോഹരി’ എന്ന രാഗത്തില്‍തന്നെ ചിട്ടപ്പെടുത്തി. യേശുദാസ് മനോഹരമായി പാടിയ ഈ ഗാനം ഒരു കീര്‍ത്തനംപോലെ നമുക്കാസ്വദിക്കാം. യൂസഫലി കേച്ചേരി എഴുതി എം.ബി ശ്രീനിവാസന്‍ ഈണമിട്ട്  ജയചന്ദ്രന്‍ പാടിയ ‘കല്യാണീ അമൃതതരംഗിണി..’എന്ന ഗാനം പ്രശസ്തതമാണ്. കല്യാണി എന്നാരംഭിക്കുന്നതുകൊണ്ടുതന്നെ എം.ബി.എസ് തെരഞ്ഞെടുത്തത് കല്യാണി രാഗം. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT