കേള്‍ക്കൂ ശിവപാലതാളം; അറിയൂ ഈ പ്രതിഭാധനനെ

സകലകലാവല്ലഭനായ അച്ഛനോടുള്ള അതിരറ്റസ്നേഹവും അദ്ദേഹത്തിന് അര്‍ഹതക്കൊത്ത് ലഭിക്കേണ്ട അംഗീകരങ്ങള്‍ ലഭിക്കാത്ത ദുഖവും മനസ്സില്‍ പേറി നടന്ന ഹരിമോഹനന്‍ അച്ഛന് മരണാനന്തര ബഹുമതിയായി നല്‍കിയത് അച്ചന്‍്റെ പേരില്‍ പതിമൂന്നര അക്ഷരത്തില്‍ തീര്‍ത്ത ശിവപാല താളം. മദ്രാസില്‍ ജമിനി സറ്റുഡിയോയിലെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു ഹരിമോഹനന്‍ മാഷിന്‍്റെ അച്ഛന്‍ ശിവപാലന്‍ മാസ്റ്റര്‍.‘തെയ്യും ത തെയ്യും തത തെയ്യും തകധിമി തകതകിട..’ എന്ന് ചൊല്ലി മൃദംഗത്തില്‍ മാഷ് താളമിടുമ്പോള്‍ ഇരുകൈകളുടെയും വേഗതയിലുള്ള ചലനാത്മകതയും ഇടതുകൈ കൊണ്ടുള്ള താളപ്രയോഗവും ആസ്വാദകനെ അത്ഭുതപ്പെടുത്തും. മൃദംഗവിദ്വാന്‍ പ്രൊഫ. പാറശ്ശാല രവി തയ്യാറാക്കിയ ‘മൃദംഗ ബോധിനി’യില്‍ 175 താളങ്ങളുടെ താളചക്രമാണ് വരച്ചുവെച്ചിട്ടുള്ളത്.176 ാമത്തെ താളം കര്‍ണ്ണാടക സംഗീത താളപുസ്തകത്തില്‍ എഴുതിച്ചേര്‍ക്കാനാണ് ഹരിമോഹന യോഗം.അല്ളെങ്കില്‍ സോപാനസംഗീതത്തിലെ 16 ാമത്തെ താളം.
ലക്ഷ്മി, മര്‍മ്മം കുണ്ടച്ചി തുടങ്ങിയ നശിച്ചുകൊണ്ടിരിക്കുന്ന കേരളീയ താളങ്ങളെ ഓര്‍മ്മപെടുത്തുന്ന, അല്ളെങ്കില്‍ അത്തരം താളങ്ങള്‍ക്ക് ഒരു പ്രചാരം എന്ന രീതിയിലാണ് ഹരിമോഹനന്‍ മാഷ് ശിവപാലതാളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പതിമൂന്നര ബീറ്റ് താളം പ്രയോഗിക്കുതില്‍ ബുദ്ധിമുട്ടൊന്നും മാഷ് കാണുന്നില്ല.അനന്തമായ സംഖ്യ പോലെയാണ് താളം. സൗകര്യത്തിന് നാം മുറിച്ച് ഉപയോഗിക്കുന്നു എന്ന് മാത്രം. ശിവപാലതാളമുപയോഗിച്ച് താളമുറപ്പിക്കല്‍ കൂടുതള്‍ എളുപ്പമാണെന്നുമാണ് ഹരിമോഹനന്‍ മാഷ് പറയുന്നത്.സ്കൂളിലെ മാസ് ഡ്രില്‍ ശിവപാലതാളമുപയോഗിച്ച് കുട്ടികള്‍ക്ക് രസകരമായ രീതിയില്‍ നടത്തിയിട്ടുമുണ്ട് കായികാദ്ധ്യാപകനായിരുന്ന ഹരിമോഹനന്‍.
കര്‍ണ്ണാടിക്, ഹിന്ദുസ്ഥാനി സംഗീതധാരകള്‍ക്ക് ഒരു പുതിയ താളം സമ്മാനിച്ച പ്രതിഭയായ ഈ കലാകാരന്‍ അച്ഛന്‍ നടനം ശിവപാലന്‍ മാസ്റ്ററെ പോലെ തോമസ് ഗ്രേയുടെ വിലാപകാവ്യത്തിലെ ആരും കാണാതെ വിടര്‍ന്നു കൊഴിഞ്ഞുപോയ പുഷ്പമായി മാറുമോ? മഹാവിദ്വാന്‍ വിചാരിച്ചാല്‍ പോലും ഇങ്ങനെയൊരു താളം സൃഷ്ടിക്കാന്‍ അസാധ്യമാണെന്നും ഹരിമോഹനനെ ദൈവം ഈയൊരു കര്‍മ്മത്തിനായി വിട്ടതാണെന്നുമുള്ള ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ വാക്ക് തന്നെയാണ് ശിവപാല താളത്തിനുള്ള സത്യസാക്ഷ്യം. പ്രശസ്ത മ്യദംഗ വിദ്വാന്‍ ടി.കെ മൂര്‍ത്തി, താളവിദഗ്ധന്‍ എസ്.എന്‍ നമ്പീശന്‍ എന്നിവര്‍ ഹരിമോഹനനെ വാനോളം പുകഴ്ത്തുകയും പുതിയ കണ്ടുപിടുത്തം ലോകത്തെ എത്രയും വേഗം അറിയിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.യൂറോപ്പില്‍ 50 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഹരിമാഷും കൂട്ടരും ശിവപാലതാളം അവതരിപ്പിച്ചു.കേരളത്തിലും അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രമാനവശേഷി വികസന വകുപ്പ് 1995 ലും 1996 ലും ഒൗട്ട്സ്റ്റാന്‍ഡിങ് പെര്‍ഫൊമന്‍സിന് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. മട്ടന്നൂര്‍ ശങ്കരമാരാര്‍, വി.പി ധനഞ്ജയന്‍ കലാമണ്ഡലം ക്ഷേമാവതി എന്നിവരുടെ ആശിര്‍വാദവും ലഭിച്ചിട്ടുണ്ട്.ഇങ്ങനെയൊക്കെ മതിയോ ഈ വലിയകലാകാരനുള്ള ആദരം ? ചോദിക്കേണ്ടത് നമ്മള്‍ തന്നെയാണ്. സ്വാമി സൂചിപ്പിച്ചതുപോലെ മഹാജന്‍മസുകൃതം തന്നെയാണ്. അപൂര്‍വ്വം പേരേ ഇത്രമേല്‍  പ്രതിഭയുമായി ജനിക്കുന്നുള്ളൂ. ഹരിമോഹനന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമെ മ്യദംഗം അഭ്യസിച്ചിട്ടുള്ളൂ എന്നറിയുമ്പോഴാണ് ഈ വരപ്രസാദത്തിന്‍റെ ആഴം നാമറിയുത്.
മലബാറിന്‍്റെ വടക്കെ മൂലയിലെ കരിവെള്ളൂരിലാണ് ഹരിമോഹനന്‍ ജനിച്ചത്. പാട്ടിയം യു.പി സ്കൂള്‍ കായികാദ്ധ്യാപകനായിരുന്ന ഹരിമോഹനന് ഗണിതമായിരുന്നു കൂടുതലിഷ്ടം. ചാലാട് ചന്ദ്രനായിരുന്നു മൃദംഗം പഠിപ്പിച്ച ഗുരു.വിജയകുമാര്‍ മസ്റ്ററില്‍ നിന്നും തബലയും അഭ്യസിച്ചു. ഭാവിതലമുറക്ക് ഉപകരിക്കും വിധം ഗണിതവും സംഗീതവും തമ്മിലുള്ള ബന്ധം വിശദീകരിച്ച് താളത്തെ എളുപ്പത്തില്‍ മനസ്സിലാക്കാനുതകുന്ന ഒരു ഗ്രന്ഥം തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലും ആണ് ഹരിമോഹനന്‍ മാഷ്. ശിവപാലതാളത്തിന്‍്റെ പാറ്റേണില്‍ ഡിജിറ്റല്‍ ടെക്നോളജി ഉപയോഗിച്ച് 27 അക്ഷരത്തെ മുറിച്ച് 13.5  ബീറ്റില്‍ പുതിയ തലമുറയെ എളുപ്പത്തില്‍ താളം പഠിപ്പിക്കാന്‍ കഴിയുമെന്നും മാഷ് ഉറച്ച് വിശ്വസിക്കുന്നു. ലിംക ബുക്ക് ഒഫ് റിക്കൊര്‍ഡ്സില്‍ അടുത്ത് തന്നെ ശിവപാലതാളം കയറിപ്പറ്റുമെന്ന് അറിയിപ്പും ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്.
8+4+8+4+4+8+4+4+4+2+4 എന്ന രൂപത്തിലാണ് ശിവപാലതാളത്തിന്‍്റെ ഘടന. മൂന്നക്ഷര വ്യത്യാസത്തിലാണ് ശിവപാലതാളം ക്രമപ്പെടുത്തിയിരിക്കുന്നത്. അക്ഷരങ്ങളുടെ എണ്ണത്തിനേക്കാള്‍ വായിക്കുന്ന രീതിക്കാണ് ഇവിടെ പ്രാധാന്യം.വലത് കൈകൊണ്ട് താളം പിടിച്ച് ഇടത് കൈകൊണ്ട് അഞ്ച് ഗതികള്‍ വായിക്കുന്ന വളരെ അപൂര്‍വ്വമായ താളമാണ് ശിവപാല താളം.ഈ താളത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഓസ്ട്രേലിയ, ജര്‍മ്മനി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കേളികേട്ട താളവാദ്യക്കാര്‍ താളരാജാവിന്‍റെ വീട്ടിലത്തെുന്നു. ശിവപാലതാളം ഹരിമോഹനന്‍റെ നീണ്ട തപസ്യയുടെ മോഹഫലമാണ്. കഥകളിയിലും ഭരതനാട്യത്തിലും നിപുണനായിരുന്ന നടനം ശിവപാലന്‍റെ മകനാണ് ഹരിമോഹനന്‍. ഇദ്ദേഹത്തെ എടുത്തുയര്‍ത്തി അഭിമാനം കൊള്ളേണ്ടത് നാം കേരളീയരല്ളേ? പണത്തേക്കാള്‍ ഈ കലാകാരന്‍ ആഗ്രഹിക്കുന്നത് തന്‍റെ അച്ഛനും കിട്ടാതെ പോയ അര്‍ഹമായ അംഗീകാരം തയൊണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT