നടി ചിത്രയുടെ ആത്മഹത്യക്ക് കാരണം ഭർത്താവെന്ന് പൊലീസ്, നടന്മാരുടെ കൂടെ അഭിനയിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല

ചെന്നൈ: നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ ആത്മഹത്യക്ക് പിന്നില്‍ ഭർത്താവ് ചെലുത്തിയ മാനസിക സമ്മർദ്ദമെന്ന് സൂചിപ്പിക്കുന്ന സംഭാഷണം പുറത്തുവന്നു. ചിത്രയുടെ മരണത്തിന് പിന്നാലെ കേസില്‍ അറസ്റ്റിലായ നടിയുടെ ഭര്‍ത്താവ് ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. ഡിസംബര്‍ 9 ന് നസ്രത്ത്‌പെട്ടിലെ ആഡംബര ഹോട്ടലിലാണ് ചിത്ര ആത്മഹത്യ ചെയ്തത്.

സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ ചോദ്യം ചെയ്‌തെന്നും ശുചിമുറിയില്‍ കയറി വാതില്‍ അടക്കുകയും കടുംകൈ ചെയ്യുമെന്നും ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഫോണ്‍ സംഭാഷണത്തില്‍ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

ചിത്രയെ ഹേംനാഥ് ശാരീരികമായി ഉപദ്രവിക്കുന്നതിന് താന്‍ സാക്ഷിയാണെന്ന് പറഞ്ഞ് നടിയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തെത്തിയിരുന്നു. ഹേംനാഥിന് ദ്വേഷ്യം വരുമ്പോൾ പൊതുസ്ഥലത്ത് വെച്ചുപോലും ഇയാൾ ചിത്രയെ നഖം കൊണ്ട് കോറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യാറുണ്ടെന്നും സെയ്ദ് രോഹിത്ത് പറഞ്ഞു. തന്‍റെ ഡോക്ടറായ ഭാര്യയോട് വെർജിനിറ്റി ടെസ്റ്റിനെക്കുറിച്ചും ഹേംനാഥ് ചോദിച്ചിരുന്നതായി സെയ്ദ് രോഹിത്ത് പറഞ്ഞു.

വിവാഹനിശ്ചയത്തിന് ശേഷം വീട്ടുകാരെ അറിയിക്കാതെ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കി. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് സീരിയലിലെ നടന്‍മാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെയും ഹേംനാഥ് എതിര്‍ത്തിരുന്നു.

ചിത്രയുടെ ഫോണില്‍ നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുത്തതിന് ശേഷം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബര്‍ 15ന് ആണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.