ഇത് ധാർഷ്ട്യവും ഫ്യൂഡൽ സ്വഭാവവുമെന്ന് വിമൻ ഇൻ സിനിമ കളക്ടീവ്

ജിൻ പോൾ ലാലിനെതിരെ പരാതിയുമായി യുവ നടി രംഗത്തെത്തിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സ്ത്രീ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ്. സിനിമയിലെ സ്ത്രീകൾ പൊലീസിൽ രജിസ്റ്റർ ചെയ്ത ചില പരാതികൾ മലയാള ചലച്ചിത്ര ലോകത്തിലെ തൊഴിൽ സംസ്കാരവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ആഴവുമാണ് കാണിക്കുന്നതെന്ന് വിമൻ ഇൻ സിനിമ ഫേസ്ബുക്കിൽ കുറിച്ചു. 

സിനിമയിൽ ശരീരം അനാവൃതമാകുന്നതിൽ പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാർഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡൽ സ്വഭാവമാണെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. 

സിനിമയിൽ ശരീരം അനാവൃതമാക്കേണ്ട സന്ദർഭത്തിൽ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടി വരുമ്പോൾ അവർ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്‍റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിന് നൽകുന്ന കരാറിൽ ഇത് വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴിൽ മര്യാദയാണ്. 

നിർമ്മാതാക്കളുടെ താൽപര്യാർത്ഥം തയാറാക്കപ്പെടുന്ന കരാറുകൾക്കു പകരം വേതനം, തൊഴിൽ സമയം, ഡ്യൂപ്പിന്‍റെ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ കൂടി സ്ത്രീപക്ഷത്തു നിന്നു പരിഗണിച്ചു കൊണ്ടുള്ള മാതൃകയിൽ കരാറുകൾ പുന:സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. എന്നാൽ മലയാള സിനിമാ മേഖലയിൽ അഭിനേതാക്കളടക്കമുള്ള വലിയൊരു പങ്ക് തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നത് യാതൊരു കരാറുമില്ലാതെയാണെന്ന വസ്തുതയും ഈ പരാതിയിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ടെന്നും സംഘടന ആരോപിച്ചു. 


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മലയാള സിനിമയിലെ തൊഴിൽ സംസ്കാരം സ്ത്രീകളെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും ഇവർക്കെതിരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്തീകൾ പോലീസിൽ രജിസ്റ്റർ ചെയ്ത ചില പരാതികൾ. സിനിമയിൽ ശരീരം അനാവൃതമാക്കേണ്ട സന്ദർഭത്തിൽ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോൾ അവർ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നൽകുന്ന കരാറിൽ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴിൽ മര്യാദയാണ്. നിർമ്മാതാക്കളുടെ താൽപര്യാർത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകൾക്കു പകരം വേതനം, തൊഴിൽ സമയം , ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ കൂടി സ്ത്രീ പക്ഷത്തു നിന്നുപരിഗണിച്ചു കൊണ്ടുള്ള മാതൃകയിൽ കരാറുകൾ പുനസംഘടിപ്പിക്കേണ്ടിയിരിക്കുന്നു. 

എന്നാൽ മലയാള സിനിമാ മേഖലയിൽ അഭിനേതാക്കളടക്കമുള്ള വലിയൊരു പങ്ക് തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നത് യാതൊരു കരാറുമില്ലാതെയാണെന്ന വസ്തുതയും ഈ പരാതിയിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്. പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാർഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡൽ സ്വഭാവമല്ലാതെ മറ്റൊന്നല്ല.

ഇതിന്റെ മറ്റൊരു വശമാണ് സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ മറ്റൊരു നടി ഫയൽ ചെയ്ത പരാതി. ഞങ്ങളുടെ സഹപ്രവർത്തകയെ ബോഡി ഷെയിമിങ്ങ് നടത്തി ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമം അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണ്. മേൽ സൂചിപ്പിച്ച രണ്ടു പരാതികളും ഈ മേഖലയിലെ തൊഴിൽ പെരുമാറ്റച്ചട്ടങ്ങളുടെയും ലിംഗ നീതി ഇല്ലായ്മയുടെയും അഭാവത്തെയാണ് ചൂണ്ടി കാണിക്കുന്നത്. ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു മാത്രമെ ഒരു തൊഴിൽ സമൂഹമെന്ന നിലയിൽ നമുക്ക് മുന്നോട്ടു പോകാനാവൂ.

ചെറുത്തുനിൽപിന്റെ ശബ്ദങ്ങളെ വിലക്കുകളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചിരുന്നവരോട് സ്ത്രീകൾ ഉറക്കെ കലഹിച്ചു തുടങ്ങിയിരിക്കുന്നു. സിനിമാ മേഖലയെ തൊഴിലിടം എന്ന നിലയിൽ കൃത്യമായി നിർവ്വചിക്കേണ്ടതിന്റയും ലൈംഗിക പീഡന പരാതി സെല്ലുകൾ സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതെയെ കുറിച്ച് WCC ഉയർത്തിയ വാദമുഖങ്ങളെ സാധൂകരിക്കുന്നു മേൽ സൂചിപ്പിച്ച ഓരോ സംഭവവും. നീതി തേടിയുള്ള ഇ ഈ സഹപ്രവർത്തകരുടെ യാത്രക്കൊപ്പം ഞങ്ങളുമുണ്ട്.

വിമൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ

Full View
Tags:    
News Summary - Women In Cinema Collective Reacts Jean Paul Lal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.