ശബരിമല; ആർത്തവം അശുദ്ധമല്ല, സുപ്രീംകോടതി വിധിക്കൊപ്പമെന്ന് പാർവതി

ശബരിമലയിൽ യുവതികൾ കയറുന്നതിനെ അനുകൂലിച്ച് നടി പാർവതി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

ശബരിമല വിഷയത്തില്‍ താന്‍ സുപ്രീംകോടതി വിധിക്കൊപ്പമാണ്. ആർത്തവമുളള സ്ത്രീ മാറ്റി നിർത്തപ്പെടണ്ടവളാണെന്ന ചിന്ത കാലങ്ങളായി എന്നെ അലോസരപ്പെടുത്തുന്നുണ്ട്. ആർത്തവം അശുദ്ധമാണെന്ന് വിശ്വസിക്കുന്നില്ല. ഏറെകാലം ആർത്തവത്തിന്‍റെ പേരിൽ നിങ്ങൾക്ക് സ്ത്രീകളെ മാറ്റി നിർത്താനാവില്ലെന്നും പാർവതി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ഞാനിതു വരെ പ്രതികരിച്ചിരുന്നില്ല. ആര്‍ത്തവം, അശുദ്ധി ഇവയെ കുറിച്ചുള്ള വാഗ്വാദങ്ങള്‍ പണ്ടേ തുടങ്ങിയതാണ്. ആര്‍ത്തവം അശുദ്ധിയോ എന്ന ചോദ്യം എന്നോടു തന്നെ ഒരു പാടു വട്ടം ചോദിക്കുകയും അമ്പലങ്ങളില്‍ പോവാതിരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്‍റെ ആര്‍ത്തവ ദിവസങ്ങളേതൊക്കെയെന്ന് എനിക്കാരേയും അറിയിക്കണമെന്നില്ല, അതിനാല്‍ തന്നെ പോകണമെന്നാണ് തോന്നുന്നതെങ്കില്‍ പോവുക തന്നെ ചെയ്യും.

ഇതേ ചൊല്ലി എനിക്കെതിരെ വലിയ വിമര്‍ശനമുണ്ടാവാന്‍ സാധ്യതയുണ്ടെന്നറിയാം. മതത്തെപ്പറ്റി ആഴത്തില്‍ പറയുമ്പോള്‍, മതത്തിനകത്തെ പുരുഷമേധാവിത്വത്തെ ദീര്‍ഘമായി ഖണ്ഡിക്കുമ്പോള്‍, കുറേയേറെ തട്ടുകള്‍ മറികടക്കേണ്ടതായി വരും. പ്രത്യേകിച്ച് വിധിയെ എതിര്‍ക്കുന്ന സ്ത്രീകളുമായി വാദിക്കുമ്പോള്‍. ചെറുപ്പം മുതല്‍ക്കു തന്നെ ആര്‍ത്തവം അശുദ്ധമാണെന്ന് കേട്ടാണ് വളര്‍ന്നത്. ഞാനെന്ന പോലെ ഓരോ സ്ത്രീയുടേയുമുള്ളില്‍ കാലങ്ങളായി പടച്ചു വിട്ടിരിക്കുന്ന ആശയങ്ങളാണത്.

സിനിമാ മേഖലയില്‍ പോലും പുരുഷന്‍മാരോടു പൊരുതുന്നതിനേക്കാള്‍ വിഷമമാണ് സ്ത്രീകളുമായി സ്ത്രീകളോട് എതിരിടുന്നത്. ഞങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ സീനിയര്‍ നടിമാര്‍ പലരും എന്തിനാണ് ഇതിനൊക്കെ നില്‍ക്കുന്നതെന്ന് ചോദിച്ചിരുന്നു.
-പാർവതി

Tags:    
News Summary - Parvathy on Sabrimala Women Entry-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.