തിരുവനന്തപുരം: കാഴ്ചയുടെ തിരയിളക്കത്തിന് ഇനി മൂന്നുനാൾ മാത്രം അവശേഷിക്കെ 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കാന്‍ തീരുമാനം. ഓഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിലാണ് മന്ത്രി എ.കെ. ബാലൻ മേളയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗികപരിപാടികളും മാറ്റിവെക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകിയത്.
മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ വൈകുന്നേരങ്ങളിൽ നടത്താനിരുന്ന സാംസ്കാരിക പരിപാടികളും റദ്ദാക്കി. ഡിസംബര്‍ എട്ടിന് വൈകുന്നേരം ഉദ്ഘാടനചിത്രമായ ‘ഇന്‍സള്‍ട്ട്’ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. സമാപന ചടങ്ങിലായിരിക്കും സമഗ്രസംഭാവനക്കുള്ള പുരസ്കാരം വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവിന് നൽകുക. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ 190 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിക്കുന്നത്.
ലോക സിനിമ വിഭാഗത്തിൽ 80ലധികം ചിത്രങ്ങളും മത്സരവിഭാഗത്തിലുള്ള 14 ചിത്രങ്ങളും ഉൾപ്പെടും. അധികമായി അനുവദിച്ച 1000 പാസുകള്ക്കുവേണ്ടിയുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ആരംഭിക്കും. നേരത്തേ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് രജിസ്ട്രേഷന് നടത്താം. സംസ്ഥാനത്തെ 2700ഓളം വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഓണ്‍ലൈന്‍ പേമെൻറിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച രാവിലെ 11 മുതല്‍ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ ആരംഭിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.