ചതുരങ്ങൾ...

ദൃശ്യങ്ങളുടെ സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗിച്ച്  ഒരു നല്ല സന്ദേശത്തെ ഏറ്റവും ഹൃദ്യമായി പ്രേക്ഷകരിലേക്കെത്തിക്കുന്ന   ഹ്രസ്വചിത്രമാണ് ചതുരങ്ങൾ .ആരൊക്കെയോ ചേർന്ന് മുൻകൂട്ടി വരച്ച ഒരു ചതുരത്തിന്റെ പരിധിക്കുള്ളിൽ നിശ്ചയിക്കപ്പെടുന്ന  സ്ത്രീജീവിതങ്ങളുടെ  കഥ, ചിന്ത എന്ന യുവതിയുടെ ഉദാഹരണത്തിലൂടെ ചതുരങ്ങൾ തുറന്നു കാണിക്കുന്നു. ഒറ്റക്ക് താമസിക്കുക എന്ന മഹാപരാധം ചെയ്ത ഒരു പെണ്ണിന്‍റെ ജീവിതത്തിലേക്കും ശരീരത്തിലേക്കും ഒളിഞ്ഞുനോക്കിക്കൊണ്ടിരിക്കുന്ന സദാചാരവാദികളുടെ ചതുരക്കാഴ്ചയിലൂടെയാണ് സിനിമ മുന്നേറുന്നത്.

മൂന്നാമതും ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ആശുപത്രിയിലേക്ക് കടക്കാതിരുന്ന അച്ഛൻ, ഏതു വിഷയത്തിലും സ്വന്തമായി അഭിപ്രായങ്ങളുള്ളവളാണ് തന്‍റെ ഭാര്യ എന്നറിഞ്ഞപ്പോൾ  വിവാഹമോചനം നേടിയ  ഭർത്താവ്, ഒറ്റക്കു താമസിക്കുന്നവളെ സദാചാരം പഠിപ്പിക്കുവാൻ ശ്രമിക്കുന്ന നാട്ടുകാർ, രാത്രിയുടെ ഇരുട്ടിൽ, മഴയുടെ മുഴക്കത്തിൽ മാനഭംഗപ്പെടുത്താനെത്തിയ  അക്രമി ഇവർക്കാർക്കും തകർക്കാനാവാത്ത ആത്മവിശ്വാസവുമായി ചിന്ത എന്ന യുവതി  ഓടിയെത്തുന്നത് പുതിയൊരു ലോകത്തേക്കാണ്. 

ദൃശ്യഭംഗിയോ അതിന്‍റെ സാധ്യതകളോ മാത്രമല്ല കൃത്യമായ സാമൂഹിക വിമർശനത്തിനു കൂടി  വേദിയാകുവാൻ സിനിമക്കു സാധിക്കുമെന്ന തിരിച്ചറിവോടെയാണ് ചതുരങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട ഒരു  പെൺകുട്ടി രണ്ടു മണിക്കൂർ അനാഥയായി കിടന്നതിൽ ആത്മരോഷം കൊണ്ട ഒരു സംഘം  തന്നെയാണ് തങ്ങളുടെ അടുത്ത വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ഒരു യുവതിയെ ആരോ ആക്രമിക്കുന്ന ദൃശ്യം കണ്ടിട്ടും പ്രതികരിക്കാതെ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നത്. സ്ത്രീയുടെ വസ്ത്രധാരണ സ്വാതന്ത്ര്യവും പെരുമാറ്റ രീതിയും അവളുടെ അധികാരപരിധിയിൽ പെട്ടതല്ല എന്നും അത് ഞങ്ങൾ നിശ്ചയിക്കുന്നതാണെന്നുമുള്ള ആണഹംബോധത്തിന്റെ പ്രാമാണിത്യത്തെയാണ് സിനിമ വെല്ലുവിളിക്കുന്നത്. ഏതു പീഡനക്കേസിലും ഒരന്യസംസ്ഥാനത്തൊഴിലാളിയെ പ്രതിസ്ഥാനത്തു സ്ഥാപിച്ച് ആരെയൊക്കെയോ രക്ഷപ്പെടുത്തുവാൻ അധികാരികൾ വ്യഗ്രത കാണിക്കുന്നതും, കന്യകയുടെ പുല്ലിംഗത്തെക്കുറിച്ചുള്ള ചോദ്യവും ചിത്രീകരിച്ചതിലൂടെ  സിനിമക്ക് സമൂഹത്തോടുള്ള ബാധ്യതയാണ് നിറവേറ്റപ്പെടുന്നത്.

പൊതുജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിക്കുക വഴി  നമ്മുടെ കാഴ്ചാ സംസ്കാരത്തിൽ പുതിയ അധ്യായം രചിക്കാൻ സംവിധായകൻ രജിത് കുമാർ ശ്രമിക്കുന്നു.  മലയാളിയുടെ സാംസ്കാരിക സാഹചര്യങ്ങളിൽ ആധിപത്യം പുലർത്തുന്ന  ദുഷ്പ്രവണതകൾ ,സദാചാരത്തിന്റെ മുഖം മൂടി കൊണ്ട് നമ്മൾ മറച്ചു പിടിക്കുന്ന സങ്കുചിത മനോഭാവങ്ങൾ എന്നിവ പുതിയൊരു ദൃശ്യഭാഷയിലൂടെ  അവതരിപ്പിക്കാനുള്ള സംവിധായകന്റെ പരിശ്രമം വിജയിച്ചുവെന്ന് പറയാം.

സാധാരണ ടെലിഫിലിമുകളിൽ നിന്ന് വിഭിന്നമായി ഛായാഗ്രഹണത്തിലും  എഡിറ്റിങ്ങിലും പുലർത്തിയ സൂക്ഷ്മതയും പ്രൊഫഷണലിസവും എടുത്തു പറയാതെ വയ്യ. ചിന്തയെ അവതരിപ്പിച്ച ചിന്നുവും മികച്ച പ്രകടനം കാഴ്ചവെച്ചു. ചലച്ചിത്രങ്ങൾ ആസ്വാദകരുടെ ചിന്തയേയും മനസ്സിനേയും സ്വാധീനിക്കുകയും ബോധമണ്ഡലത്തെ നവീകരിക്കുകയും ചെയ്യുമെന്ന വിശ്വാസം നിലനിൽക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ ആൺ പെൺഭേദമില്ലാതെ നമ്മുടെ മക്കളെ വളർത്തി അഭിമാനകരമായ പുതിയൊരു സംസ്കാരത്തിന് വഴിത്തെളിക്കാൻ ഈ കാഴ്ചാനുഭവത്തിന്  സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
 

 

Tags:    
News Summary - Chathurangal Short Movie Review-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.