കലാഭവന്‍ മണിയുടെ മരണം: അന്വേഷണ സംഘം വിപുലീകരിക്കുന്നു

തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിക്കുന്നു. റൂറല്‍ എസ്.പി ആര്‍. നിശാന്തിനിയെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും.  വിഷയത്തില്‍  തീര്‍പ്പുവേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തത്തെുടര്‍ന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് അന്വേഷണസംഘത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചത്. കേസ് അന്വേഷിച്ച എസ്.പി പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍െറ നേതൃനിരയിലുള്ള പലരും പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ആലുവയിലാണ്.
ഈ സാഹചര്യത്തില്‍ സംഘത്തിന്‍െറ പ്രധാന ചുമതല എസ്.പി ആര്‍. നിശാന്തിനിക്ക് നല്‍കി അന്വേഷണം തുടരാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. മരണത്തിന് കാരണം വിഷമദ്യവും കീടനാശിനിയുമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി വന്നതോടെ മണിയുടേത് കൊലപാതകമാണെന്ന ആരോപണം സഹോദരനും ബന്ധുക്കളും ശക്തമാക്കിയിരിക്കുകയാണ്. കുടുംബത്തിന്‍െറ പരാതികൂടി കണക്കിലെടുത്ത് മരണത്തിന്‍െറ തലേന്ന് പാഡിയില്‍ ഉണ്ടായിരുന്ന സഹായികളെ നുണപരിശോധനക്ക് വിധേയമാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പരിശോധനക്ക് സമ്മതമാണെന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ഇതിന് പൊലീസ് അനുമതി അപേക്ഷ നല്‍കിയിട്ടുണ്ട്.
മണിയുടെ സഹായികളായിരുന്ന അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര്‍ക്കൊപ്പം മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കുന്നത്.  ഇതോടൊപ്പം ആരോപണവിധേയരായ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും നുണപരിശോധനക്ക് വിധേയരാക്കിയേക്കും. സി.ബി.ഐ അന്വേഷണത്തിന് ഡി.ജി.പി ശിപാര്‍ശ ചെയ്തെങ്കിലും അതിനിടെയാണ് ആന്തരികാവയവങ്ങളുടെയും സ്രവങ്ങളുടെയും പരിശോധന സംബന്ധിച്ച ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറി റിപ്പോര്‍ട്ടും, മരണകാരണം വിഷമദ്യവും കീടനാശിനിയുമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വന്നത്. പൊലീസ് അന്വേഷണത്തില്‍ത്തന്നെ ദുരൂഹതയില്‍ തീര്‍പ്പുണ്ടാക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകിപ്പിച്ചതെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.