വാഹനാപകടം; മലയാളി ഉൾപ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: ഹൊസ്കോട്ടെയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉൾപ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഹൊസ്കോട്ടെ-ദേവനഹള്ളി പാതയില്‍ വെള്ളിയാഴ്ച പുലര്‍ച്ച 4.50നാണ് അപകടം നടന്നത്.

അമിതവേഗത്തിലെത്തിയ മഹീന്ദ്രയുടെ എക്സ്.യു.വി കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ലോറിയുടെ പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ടയര്‍ ഉൾപ്പെടുന്ന ഭാഗം തെറിച്ചുപോകുകയും ഇതില്‍ മറ്റൊരു കാറിടിക്കുകയും ചെയ്തു. അപകടത്തില്‍പെട്ട കാര്‍ ഏകദേശം 150ഓളം മീറ്റർ തെന്നിനീങ്ങി സൈഡിലെ മീഡിയനില്‍ ഇടിച്ചു. കാറിലുള്ള ആറുപേരും ബൈക്ക് യാത്രികനും തല്‍ക്ഷണം മരണപ്പെട്ടു.

മലയാളി അശ്വിൻ എ. നായര്‍ (17) കൊത്തന്നൂര്‍, ഏദന്‍ ജോര്‍ജ് (17) ഹുലിമാവു, അര്‍ഹാന്‍ ഷരീഫ് (16) എച്ച്.ബി.ആര്‍ ലേഔട്ട്, അയാന്‍ അലി (17), ഭാരത് (17) ഇരുവരും ഫ്രേസര്‍ ടൗണ്‍, ഫര്‍ഹാന്‍ (18) കമ്മനഹള്ളി, ഗഗന്‍ (26) എന്നിവരാണ് മരിച്ചത്.

യെലഹങ്ക ആര്‍.വി.പി.യു കോളജിലെയും സി.എം.ആര്‍ കോളജിലെയും വിദ്യാര്‍ഥികളാണ്. ബൈക്ക് യാത്രികനായ ഗഗന്‍ (26) ദേവനഹള്ളി താലൂക്കിലെ ദേവനായകനഹള്ളി സ്വദേശിയാണ്. ഹൊസ്കോട്ടെയിലെ കമ്പനിയില്‍നിന്ന് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വരുകയായിരുന്നു. കാർ ഓടിച്ചിരുന്ന കുട്ടിക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ല.

വിദ്യാര്‍ഥികളായ സംഘം കൊത്തന്നൂരില്‍നിന്ന് ദേവനഹള്ളിയിലേക്ക് പോകുകയായിരുന്നു.

പുലര്‍ച്ച മൂന്നു മണിക്ക് യാത്രതിരിച്ച സംഘം അമിത വേഗത്തിലായിരുന്നു സഞ്ചരിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പറഞ്ഞു.

ഹൊസ്കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ ബംഗളൂരു റൂറല്‍ പൊലീസ് കേസെടുത്തു.

മരിച്ചവരിൽ വർക്കല സ്വദേശി വിദ്യാര്‍ഥിയും

ബംഗളൂരു: കർണാടകയിലെ ഹൊസ്കോട്ടെയില്‍ നടന്ന വാഹനാപകടത്തിൽ മരിച്ചവരിൽ വർക്കല സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയും. വർക്കല ചെറുന്നിയൂർ ചെക്കാല വിളാകത്തിൽ (ശ്രീവിലാസം) ടി.എസ്. അജിത്തിന്‍റെയും സ്മിത നായരുടെയും (മായ) മകൻ അശ്വിൻ എ. നായർ (17) ആണ് മരിച്ചത്. അശ്വിനും സുഹൃത്തുക്കളും ഉൾപ്പെടുന്ന ആറംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ആറ് വിദ്യാർഥികളും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. ബംഗളൂരുവിൽ ഉദ്യോഗസ്ഥയായ മാതാവിനൊപ്പം താമസിച്ച് പഠിക്കുകയായിരുന്നു അശ്വിൻ. അശ്വിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ശനിയാഴ്ച ചെറുന്നിയൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരി: ഗായത്രി എ. നായർ.

Tags:    
News Summary - Car accident; Six people including a Malayali die tragically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.