ബെളഗാവി സുവർണ സൗധ പരിസരത്ത് നടന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പ്രതിമ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ അനാച്ഛാദനം ചെയ്തപ്പോൾ. ഇടത്തുനിന്ന്: മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, എച്ച്.കെ. പാട്ടീൽ, പ്രിയങ്ക ഗാന്ധി എം.പി, മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ വേദിയിൽ
‘ബി.ജെ.പി പടിപടിയായി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുകയാണ്’
ബംഗളൂരു: രാജ്യത്ത് ഭരണഘടനാ വിരുദ്ധമായ ആർ.എസ്.എസ് ആശയങ്ങൾ അടിച്ചേൽപിക്കുന്ന ബി.ജെ.പിയുടെ നീക്കത്തിനെതിരെ പ്രതിപ്രവർത്തനം ആവശ്യമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബെളഗാവിയിൽ ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ എന്ന മുദ്രാവാക്യത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ഗാന്ധി ഭാരത്’ കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി പടിപടിയായി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുകയാണ്. വർഗീയവും സാമൂഹികവുമായ വേർതിരിവ് സൃഷ്ടിച്ച് രാജ്യത്തെ അവർ ദുർബലപ്പെടുത്തുന്നു. മഹാത്മാ ഗാന്ധിയും ഡോ. ബി.ആർ അംബേദ്കറും നമ്മുടെ വഴിവെളിച്ചങ്ങളാണ്. വിഭജനത്തിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ ഈ രണ്ടു മഹാത്മാക്കളുടെ അധ്യാപനങ്ങൾ ഉയർത്തിപ്പിടിക്കണം. ഭരണഘടന നിലവിൽ വന്നപ്പോൾ സംഘ്പരിവാർ അംബേദ്കറിന്റെ ചിത്രവും ഭരണഘടനയും കത്തിച്ചു. ഈ രാജ്യത്തെ ജനങ്ങൾ ഇതൊന്നും ഒരിക്കലും മറക്കില്ല -സിദ്ധരാമയ്യ പറഞ്ഞു.
പല ഭാഷകൾ, ജാതികൾ, മതങ്ങൾ തുടങ്ങിയവ ഇന്ത്യയുടെ ശക്തിയാണ്. ബി.ജെ.പിയും സംഘ്പരിവാർ കുടുംബവും മഹാത്മാ ഗാന്ധിയെയും അംബേദ്കറെയും വെറുക്കുന്നു. ഗാന്ധിയുടെയും അംബേദ്കറിന്റെയും ആശയങ്ങൾ നമ്മൾ തലമുറകളിലേക്ക് പകർന്നുനൽകണം. ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടുവരണം. ഭരണഘടനയെ സംരക്ഷിക്കുക എന്നാൽ എല്ലാ ജനങ്ങളുടെയും അവകാശങ്ങളെയും അന്തസ്സിനെയും സംരക്ഷിക്കുക എന്നാണ്. തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ പ്രധാനമാണ് ആദർശപരമായ ജയം. കർണാടക സർക്കാറിന്റെ നയങ്ങൾ രൂപപ്പെടുത്തിയത് ഗാന്ധിയുടെയും അംബേദ്കറിന്റെയും ആശയങ്ങൾ മുൻനിർത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.