ഡബ്ബിങ്ങിൽ അതിശയിപ്പിക്കുന്ന മമ്മൂട്ടി, നൃത്തം പഠിക്കാത്ത മോഹൻലാൽ -സുദീപ് കുമാർ

കണ്ട സിനിമകളും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും എണ്ണമില്ലാത്തത്രയുമുണ്ട്. അതിൽനിന്ന് 10 എണ്ണമായി ആ ഇഷ്ടത്തെ ചുരുക്കുക അത്ര എളുപ്പമല്ല. അതിൽനിന്ന് പെട്ടെന്ന് ഒരു പത്തെണ്ണം പറയാനുള്ള ശ്രമം മാത്രമാണിത്. കുട്ടിക്കാലത്തു കണ്ട സിനിമകളാണ് അതിൽ ഏറെയും.

സുന്ദരനല്ലാത്ത മമ്മൂട്ടി



ആദ്യം തന്നെ മനസ്സിൽ വരുന്നത് 'മൃഗയ'യിലെ വാറുണ്ണിയാണ്. മമ്മൂട്ടി എന്ന നടന്‍റെ സൗന്ദര്യത്തെക്കുറിച്ച് ഏറെ പറഞ്ഞുകഴിഞ്ഞതാണ്. സുന്ദരന്മാരായ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി വെള്ളിത്തിര വാണിരുന്ന കാലത്താണ് അത്രയും ഡൾ ആയൊരു മേക്കപ്പിലൂടെ അദ്ദേഹം അതിശയിപ്പിച്ചുകളഞ്ഞത്. മമ്മൂക്കയുടെ സിനിമകൾ കാണുമ്പോൾ ഇത്രയും സുന്ദരനായൊരു മനുഷ്യൻ ഈ ഭൂമിയിലുണ്ടോ എന്ന് അക്കാലത്ത് എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മുഖത്തെ ഓരോ അവയവങ്ങളും സൗന്ദ്യത്തിന്‍റെ അളവുകോലുകളാണ്. മൂക്കും, കണ്ണും, ചെവിയും മീശയുമെല്ലാം കുട്ടിക്കാലത്തുപോലും ശ്രദ്ധിച്ചവയാണ്. അതിനെയെല്ലാം പൂർണമായി മാസ്ക് ചെയ്യുന്ന വിധത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ട സിനിമയാണ് 'മൃഗയ'. ആ കഥാപാത്രത്തിനായി നടത്തിയ മേക് ഓവർ എന്നതിലപ്പുറം ആ കഥാപാത്രത്തിന്‍റെ മാനസികഭാവങ്ങളിലേക്കും പൂർണതയിലേക്കും അദ്ദേഹം എത്തിച്ചേരുന്നത് അഭിനയത്തിന്‍റെ പ്രത്യേകതകൊണ്ടാണ്. സൂക്ഷ്മമായ ഭാവങ്ങളെ അനായാസം അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചു. ആ കഥാപാത്രത്തിനായി പ്രത്യേക ശബ്ദത്തിൽ അദ്ദേഹം ഡബ്ബിങ്ങിൽ ആവിഷ്കരിച്ച രീതി. അതൊന്നും അത്ര വിശദമായി മനസ്സിലാവുന്ന പ്രായമായിരുന്നില്ല. അക്കാലത്ത് അദ്ദേഹം എങ്ങനെ അതൊക്കെ ചെയ്തു എന്ന് പിന്നീട് തിരിച്ചറിയുമ്പോൾ വാറുണ്ണി ഒരു അദ്ഭുതമായി തീരുകയായിരുന്നു. ഐ.വി ശശി എന്ന വലിയൊരു സംവിധായകന്‍റെ ക്രാഫ്റ്റ് ആ സിനിമക്കുപിന്നിലുണ്ട്. അതോടൊപ്പം പാത്രസൃഷ്ടിയിൽ നടന്‍റെ വലിയ പങ്കും ആ സിനിമയിൽ കാണാം. മമ്മുക്കയുടെ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നുതന്നെയാണ് മൃഗയയിലെ വാറുണ്ണി

കഥാപാത്രം: വാറുണ്ണി
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: മൃഗയ (1989)
സംവിധാനം: ഐ.വി. ശശി

ചങ്കുതകർത്ത സേതുമാധവൻ


കിരീടത്തിലെ സേതുമാധവനെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ ഒരു മലയാളിക്കും സാധിക്കില്ല. എന്‍റെയും അവസ്ഥ അതുതന്നെയാണ്. സൂക്ഷ്മാഭിനയത്തിന്‍റെ ഒരുപാട് തലങ്ങൾ നമുക്ക് സമ്മാനിച്ച കഥാപാത്രമാണ് സേതുമാധവൻ. നാട്ടിൻപുറത്ത് നമുക്ക് ഏറെ പരിചയമുള്ള ഒരു ചെറുപ്പക്കാരനെ ലോഹിതദാസ് നമുക്ക് മുന്നിൽ കൊണ്ടുവന്നുനിർത്തുകയായിരുന്നു.

താൻ ആഗ്രഹിച്ച തലത്തിലേക്ക് ജീവിതത്തെ കൊണ്ടെത്തിക്കാൻ കഴിയാതെപോയൊരാൾ. ഒട്ടും പ്രതീക്ഷിക്കാത്ത ജീവിതാനുഭവങ്ങളിലൂടെ തന്‍റെ ക്യാരക്ടർ തന്നെ മാറിപ്പോകുന്ന ഒരവസ്ഥയെ നേരിടേണ്ടിവരുന്ന സേതുമാധവനെ ലാലേട്ടൻ അത്രയും തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്. അദ്ദേഹം അഭിനയിക്കാതെ അഭിനയിച്ച ഒത്തിരി മുഹൂർത്തങ്ങളുണ്ട് ഈ ചിത്രത്തിൽ. പ്രത്യേകിച്ച് 'കണ്ണീർപ്പൂവിന്‍റെ കവിളിൽ തലോടി..' എന്ന പാട്ടിന്‍റെ രംഗം. ഒരു പാട്ടുകാരൻ കൂടിയായതിനാൽ ആ രംഗങ്ങൾ എന്‍റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. ആ സീനിലെ ചെറിയ നോട്ടങ്ങളും നിസ്സംഗമായ ചില ഭാവങ്ങളും നിർവികാരമായി നടക്കുമ്പോഴുള്ള ശരീരഭാഷയും ഒക്കെ ചേരുമ്പോഴാണ് സേതുമാധവനാകുന്നത്.

അതിനു മുമ്പുള്ള പല സിനിമകളിലും ലാലേട്ടൻ കരയുന്ന രംഗങ്ങളുണ്ടെങ്കിലും ചങ്കുപൊട്ടിക്കരയുന്നത് ആദ്യമായി കണ്ടത് കിരീടത്തിലാണ്. ഇങ്ങനെ ഓരോ സീനുകളെക്കുറിച്ചും പറയാനേറെയുണ്ട്. നടനപ്പുറം കഥാപാത്രമായി വളർന്ന ഒരു അഭിനയപ്രകടനമായിരുന്നു അത്. സേതുമാധവൻ എന്നല്ലാതെ മോഹൻ ലാൽ എന്ന രീതിയിൽ ആ കഥാപാത്രത്തെയും രംഗങ്ങളും ഓർമിച്ചെടുക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഏറ്റവും പ്രിയപ്പെട്ട ഒരു മോഹൻലാൽ കഥാപാത്രം സേതുമാധവനാണ്.

കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: കിരീടം (1989)
സംവിധാനം: സിബി മലയിൽ

മലയാളിയെ കാണാപ്പാഠം പഠിപ്പിച്ച ചന്തു



ബ്ലാക്ക് ആന്‍റ് വൈറ്റ് കാലഘട്ടം മുതൽ വടക്കൻപാട്ട് സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ വേഷമിട്ടത് നസീർ സാറാണ്. നിരവധിപേർ വടക്കൻപാട്ട് സിനിമയിൽ വേഷമിട്ടിട്ടുണ്ട്. പക്ഷേ, വടക്കൻപാട്ടിലെ ചതിയൻ ചന്തുവിന് എം.ടി വാസുദേവൻ നായർ പുതിയ ഭാഷ്യം ചമച്ചപ്പോൾ അതിൽ കണ്ട ചന്തുവിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല. അതിനു മുമ്പ് നമ്മൾ കണ്ട വടക്കൻപാട്ട് കഥാപാത്രങ്ങളുടെയൊന്നും ഛായയില്ലാത്ത, നമ്മുടെയൊന്നും മനസ്സിൽ പോലുമില്ലാത്ത ഒരു കഥാപാത്രമായിരുന്നു ചന്തു. ആത്മസംഘർഷങ്ങളുടെ നടുവിൽ പെട്ടുലയുന്ന ആ കഥാപാത്രം മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തതാണ്. അതിനുമപ്പുറം ആ സിനിമ കണ്ട ഏതൊരു പ്രേക്ഷകന്‍റെയും ഹൃദയത്തിൽ ആഴ്ന്നിറങ്ങാൻ ആ കഥാപാത്രത്തിനായി.

ചന്തുവിന്‍റെ കഥാപാത്രം സംസാരിക്കുന്നത് എം.ടി. വാസുദേവൻ നായരുടെ ഭാഷയിലായിരുന്നു. സാഹിത്യത്തിന്‍റെ സൗന്ദര്യത്തോടൊപ്പം നടന്‍റെ സിദ്ധിയുടെ ഒരുപാട് തലങ്ങൾ കൂടിചേർന്നാണ് നമ്മുടെ മനസ്സിനെ കീഴടക്കിയത്.

മമ്മൂട്ടി എന്ന നടൻ ഡബ്ബിങ്ങിൽ എപ്പോഴും നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഡബ്ബിങ്ങിലെ ഭാഷയെക്കാൾ ഒരു യോദ്ധാവിന്‍റെ ശരീരഭാഷയും നായകന്‍റെ കരുത്തും ആ കഥാപാത്രത്തിന്‍റെ സൃഷ്ടിയിൽ നമുക്ക് അനുഭവപ്പെടുന്നുണ്ട്.

ആ സിനിമയിലെ ഓരോ ഡയലോഗും മലയാളിക്ക് കാണാപ്പാഠമാണ്. എനിക്കും അങ്ങനെയാണ്.

അതിലെ പാട്ടുരംഗങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനവും മറക്കാനാവില്ല. 'ഇന്ദുലേഖ കൺതുറന്നു..' എന്ന പാട്ടിൽ കുതിരപ്പുറത്തുവരുന്ന മമ്മൂട്ടി. 'ചന്ദനലേപ സുഗന്ധം ...' എന്ന പാട്ടിൽ പ്രണയാർദമായി നോക്കുന്ന മമ്മൂട്ടി.. ഇന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ ദൃശ്യങ്ങൾ നമ്മുടെ മനസ്സിൽ നിറയുന്നു.

കഥാപാത്രം: ചന്തുചേകവർ
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: ഒരു വടക്കൻ വീരഗാഥ (1989)
സംവിധാനം: ഹരിഹരൻ

ഗായകരെയും വിസ്​മയിപ്പിച്ച മോഹൻലാൽ



1990 ഏപ്രിൽ മാസത്തിൽ റിലീസായ സിനിമയാണ് 'ഹിസ് ഹൈനസ് അബ്ദുള്ള'. ആ സിനിമ കാണുന്നതിലെ ഏറ്റവും വലിയ ത്രിൽ എന്‍റെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ അവധിക്കാലം എന്നതായിരുന്നു. പരീക്ഷയുടെ ടെൻഷൻ കഴിഞ്ഞ് ഈ സിനിമ കാണുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം. അതിനിടയിലൊരു സംഭവമുണ്ടായി. എന്‍റെ വീടിനടുത്തുള്ള അറവുകാട് ദേവീ ക്ഷേത്രത്തിൽ യേശുദാസ് സാറിന്‍റെ സംഗീത കച്ചേരിയുണ്ടായിരുന്നു. എന്‍റെ പരീക്ഷ കഴിഞ്ഞത് മാർച്ച് 29നാണ്. 30ന് ആയിരുന്നു യേശുദാസ് സാറിന്‍റെ കച്ചേരി. ഏതാണ്ട് അതേദിവസം തന്നെയാണ് 'ഹിസ് ഹൈനസ് അബ്ദുള്ള' റിലീസാകുന്നതും. അതിനകം തന്നെ ആകാശവാണിയുടെ രഞ്ജിനി പരിപാടിയിലും മറ്റുമായി ഹിസ് ഹൈനസിലെ പാട്ടുകൾ ഹിറ്റായിക്കഴിഞ്ഞിരുന്നു. ദാസേട്ടനെ കാണാനുള്ള അത്യാഗ്രഹത്തിന് ആ പാട്ടുകളും കാരണമായി. കച്ചേരി കഴിഞ്ഞ് ഉടൻതന്നെ ആലപ്പുഴ സീതാസ് തിയറ്ററിൽ പോയി സിനിമയും കണ്ടു.

'പ്രമദവനം..., ദേവസഭാതലം..., ഗോപികാവസന്തം... തൂ ബഡി മാഷാ അല്ലാഹ് കഹേ അബ്ദുള്ള..' പാട്ടുകളുടെ ഒരു വസന്തമായിരുന്നു ആ സിനിമ. അതിനു മുമ്പ് അങ്ങനെയൊരു മ്യൂസിക്കൽ സിനിമ കണ്ട അനുഭവമില്ല. 'ശങ്കരാഭരണ'വും 'ഗാന'വും തിയറ്ററിൽ കണ്ടിട്ടുണ്ടെങ്കിലും നേരിയ ഓർമയേയുള്ളു.

ആ സിനിമയിലെ ലാലേട്ടന്‍റെ കഥാപാത്രത്തിന് സംഗീതപരമായി ഒ​ട്ടേറെ പ്രത്യേകതകളുണ്ട്. 'ചിത്രം' എന്ന സിനിമയിലൊക്കെ പാട്ടുകൾ പാടി അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍റെ മകനായി, അതും സംഗീതപ്രിയനായ ഒരു രാജാവിനെ തൃപ്തിപ്പെടുത്താനായി പാട്ടുകൾ പാടുന്ന അബ്ദുള്ളയായി അദ്ദേഹം വേഷമിട്ടു. അബ്ദുള്ളയുടെ സംഗീതത്തിൽ ദക്ഷിണേന്ത്യൻ സംഗീതത്തിന്‍റെ അംശങ്ങളുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ, ഗസൽ സംഗീതത്തിന്‍റെയൊക്കെ അംശങ്ങളുണ്ട്. അതിനുേവണ്ടി രവീന്ദ്രൻ മാഷ് ഒരുക്കിയ പാട്ടുകൾ യേശുദാസ് സാർ പാടിയ രീതി. അതിനൊക്കെ അപ്പുറം മോഹൻലാൽ എന്ന നടൻ ഒരു സംഗീതജ്ഞനായി അഭിനയിച്ചതിന്‍റെ ആനന്ദം അനുഭവിപ്പിച്ച ചിത്രം കൂടിയാണത്.

ഞങ്ങൾ ഗായകർ, സ്റ്റേജിൽ പാടുന്നത് ഷൂട്ട് ചെയ്ത് പിന്നീട് കാണുമ്പോഴും ആൽബങ്ങൾക്കായി പാടി അഭിനയിക്കുമ്പോഴും നമ്മുടെ മുഖത്തെ ഭാവങ്ങൾ പാടുന്നതുപോലെ നന്നാവണമെന്നില്ല. പക്ഷേ, ലാലേട്ടൻ പാടി അഭിനയിക്കുമ്പോൾ വളരെ ക്ലിഷ്ടമായ, പാടി അഭിനയിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ അദ്ദേഹം എത്ര അനായാസവും തന്മയത്വത്തോടെയുമാണ് ചെയ്തിരിക്കുന്നത് എന്ന് ബോധ്യമാകും. അതിന്‍റെ സൗന്ദര്യം ഏറ്റവും അനുഭവിപ്പിച്ച സിനിമയാണ് 'ഹിസ് ഹൈനസ് അബ്ദുള്ള'. ബോംബേയിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന അബ്ദുള്ള എന്ന പച്ചപ്പാവമായ ചെറുപ്പക്കാരൻ ഒരു ഗുണ്ടയുടെ വേഷമിട്ട് നാട്ടിൽ വരികയും സംഗീതജ്ഞനായി അഭിനയിക്കുകയും ചെയ്യേണ്ടിവരുന്നു.. അങ്ങനെ അഭിനയത്തിന്‍റെ വ്യത്യസ്തമായ തലങ്ങൾ ആ ഒറ്റ കഥാപാത്രത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നുണ്ട്. കഥാപാത്രത്തിന്‍റെ അവതരണത്തിലും ഗാനാവതരണത്തിലും ഏറെ പ്രത്യേകതകളുള്ളതിനാൽ എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ അബ്ദുള്ള.

കഥാപാത്രം: അബ്ദുള്ള/ അനന്തൻ നമ്പൂതിരി
അഭിനേതാവ്: മോഹൻലാൽ
ചിത്രം: ഹിസ് ഹൈനസ് അബ്ദുള്ള (1990)
സംവിധാനം: സിബി മലയിൽ

ഡബ്ബിങ്ങിൽ അതിശയിപ്പിക്കുന്ന മമ്മൂട്ടി



 ഞാൻ പഠിച്ചത് പുന്നപ്ര സെന്‍റ് ജോസഫ് ഹൈസ്കൂളിലാണ്. എന്‍റെ സഹപാഠികളിൽ നിരവധിപേർ മത്സ്യത്തൊഴിലാളികളുടെ മക്കളായിരുന്നു. ചില അധ്യാപകരും തീരദേശത്ത് ജനിച്ചുവളർന്നവരാണ്. അവരുടെ ഭാഷയിൽ ഒരു പ്രത്യേക സ്ലാങ്ങുണ്ടായിരുന്നു. അത് പരിചിതമായതുകൊണ്ടുതന്നെ 'അമരം' എന്ന സിനിമ കണ്ടപ്പോൾ അതിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നത് ഞങ്ങൾക്ക് വളരെ സാധാരണമായിട്ടാണ് തോന്നിയത്. ആലപ്പുഴയിലെ പുന്നപ്രയിലാണ് ഞാൻ കുട്ടിക്കാലത്ത് ജീവിച്ചത്. പുന്നപ്രയിലെയും പുറക്കാട്ടെയും ചേർത്തലയിലെയും കടപ്പുറത്തെ മനുഷ്യർ സംസാരിക്കുന്ന ഭാഷയിലാണ് ആ സിനിമയിലെ കഥാപാത്രങ്ങൾ സംസാരിച്ചത്. 'ചെമ്മീൻ' പോലുള്ള സിനിമകളിൽ മുമ്പ് ഇത് വന്നിട്ടുണ്ടെങ്കിലും ഒരു നായക കഥാപാത്രം ആ ഭാഷ ഏറ്റവും നന്നായി കൈകാര്യം ചെയ്തത് അമരത്തിലൂടെ മമ്മൂക്കയാണ് എന്നു പറയുന്നതിൽ ഒട്ടും സംശയമില്ല.

മാത്രമല്ല, ചിരിക്കുമ്പോഴും തമാശ പറയുമ്പോഴും വൈകാരികതീവ്രതയോടെ സംസാരിക്കുമ്പോഴും ആ സ്ലാങ്ങിൽ നേരിയ വ്യത്യാസം പോലുമില്ലാതെയാണ്​ അദ്ദേഹം കൈകാര്യം ചെയ്തു എന്നത് വളരെ അദ്ഭുതത്തോടെയേ കാണാനാവൂ. ശബ്ദത്തിൽ പോലും അദ്ദേഹം കൊണ്ടുവന്ന വ്യത്യാസം എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. കടപ്പുറത്തെ ജീവിതം പറഞ്ഞ മലയാള സിനിമകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്, എന്‍റെ ഹൃദയത്തോട് ചേർത്തുവെക്കാൻ തോന്നിയിട്ടുള്ളത് അമരത്തിലെ മമ്മൂക്കയുടെ അച്ചൂട്ടിയാണ്.

കഥാപാത്രം: അച്ചൂട്ടി
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: അമരം (1991)
സംവിധാനം: ഭരതൻ

പുതിയ കാലത്തെ വിസ്മയം ഫഹദ്



പുതിയകാലത്തെ അഭിനേതാക്കളിൽ ഏറ്റവും വിസ്മയിപ്പിച്ചത് ഫഹദ് ഫാസിലാണ്. അഭിനയത്തിലെ ഫഹദിന്‍റെ സൂക്ഷ്മാംശങ്ങൾ നമ്മളെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ജോജിയിലടക്കം അദ്ദേഹത്തിന്‍റെ പകർന്നാട്ടങ്ങൾ യുവതലമുറയിലെ ഒരു നടനും അവകാശപ്പെടാനാവാത്തവിധം മുകളിലാണെന്നാണ് എന്‍റെ വിശ്വാസം.

'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ആഴമെത്രയെന്ന് മനസ്സിലാകണമെങ്കിൽ ആ സിനിമ നമ്മൾ പലതവണ കണ്ടുനോക്കണം. സ്വന്തമായി ഒരു പേരുപോലുമില്ലാത്ത കഥാപാത്രം. നാകനായി അഭിനയിക്കുന്ന സുരാജിന്‍റെ പ്രസാദ് എന്ന പേര് തന്നെയാണ് ത​േൻറതുമെന്ന് പോലീസ് പിടിക്കുമ്പോൾ അയാൾ സങ്കോചത്തോടെ പറയുന്നതുതന്നെ കള്ളത്തരത്തോടെയാണ്.

ദിലീഷ് പോത്തൻ എന്ന പുതിയകാല ചലച്ചിത്ര സംവിധായകരിലെ ഏറ്റവും പ്രതിഭാശാലിയായ കലാകാരന്‍റെ, സജീവ് പാടൂർ എന്ന സുഹൃത്തിന്‍റെ കഥക്ക് ശ്യാംപുഷ്കരൻ തയാറാക്കിയ മികച്ച തിരക്കഥയുടെ ഒക്കെ പിൻബലമുണ്ടെങ്കിലും ആ സിനിമ പ്രസാദ് എന്ന കള്ളനിലൂടെ ഫഹദ് കാഴ്ചവെക്കുന്ന അഭിനയത്തിന്‍റെ അടിത്തറയിലാണ് നിലനിൽക്കുന്നത്.

ഷാനു എന്നാണ് നമ്മളൊക്കെ സ്നേഹത്തോടെ ഫഹദിനെ വിളിക്കുന്നത്. ഇതിനു മുമ്പ് ഒരു നടനിൽനിന്നും കണ്ടിട്ടില്ലാത്ത സൂക്ഷ്മഭാവങ്ങളാണ് ഫഹദ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. തൊട്ടടുത്ത സിനിമയായ 'ടേക് ഓഫി'ൽ ഇന്ത്യൻ അംബാസഡറായിട്ടാണ് അദ്ദേഹം വേഷമിട്ടത്. ഇന്ത്യൻ അംബാസഡറിൽ നിന്നും ഒരു പോക്കറ്റടികാരനിലേക്കുള്ള ദൂരം അദ്ദേഹം എത്ര അനായാസമായാണ് താണ്ടുന്നതെന്നത് നമ്മളെ വിസ്മയിപ്പിക്കും. അതുകൊണ്ടുതന്നെ പുതിയകാല സിനിമകളിലെ കഥാപാത്രങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ടത് 'തൊണ്ടിമുതലും ദൃക്സാക്ഷി'യിലെയും കളളനെയാണ്.

കഥാപാത്രം: പ്രസാദ്

അഭിനേതാവ്: ഫഹദ് ഫാസിൽ

ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും (2017)

സംവിധാനം: ദിലീഷ് പോത്തൻ


അടുത്ത സുഹൃത്തായ എൽദോ



 അടുത്തകാലത്ത് പ്രകടനങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച മറ്റൊരു നടനാണ് സുരാജ് വെഞ്ഞാറമൂട്. ആക്ഷൻ ഹീറോ ബിജുവിലും ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും സുരാജിന്‍റെ പ്രകടനം ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചുപറ്റിയതാണ്. പക്ഷേ, 'വികൃതി' എന്ന സിനിമയിലെ എൽദോ എന്ന കഥാപാത്രത്തിലൂടെ സുരാജ് നടത്തിയ പ്രകടനം പറയാതെ വയ്യ. ശാരീരിക പോരായ്മകൾ ഉള്ളവരെ സിനിമ ഉള്ള കാലം മുതൽ നമ്മൾ തിരശ്ശീലയിൽ കാണുന്നുണ്ട്. കണ്ണിന് കാഴ്ചയില്ലാത്തവർ, കേഴ്വിയില്ലാത്തവർ, അംഗപരിമിതർ.. അങ്ങനെയങ്ങനെ.. നിരവധി അഭിനേതാക്കൾ അത്തരം വേഷം ചെയ്ത് അമ്പരപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരവതരണമാണ് സുരാജിെൻറ എൽദോ. സംസാര

ശേഷിയില്ലാത്ത, എന്നാൽ ചില വാക്കുകൾ മാത്രം ഉച്ചരിക്കുന്ന പലരെയും ജീവിതത്തിൽ നമ്മൾ നേരിട്ട് കണ്ടിട്ടുണ്ട്. പക്ഷേ, സിനിമയിൽ അങ്ങനെ കണ്ടിട്ടില്ല. ഒരു ഊമയായ മനുഷ്യ​െൻറ മാനസിക സംഘർഷങ്ങൾ എങ്ങനെ അവതരിപ്പിക്കുമെന്നതിന് മലയാള സിനിമയിൽ ഇങ്ങനെയൊരു ഉദാഹരണം വേറെയില്ല. അതിെൻറ ക്ലൈമാക്സിലൊക്കെ സുരാജ് നടത്തിയ പ്രകടനം കണ്ണുനനയിക്കുന്നതാണ്. ഒരു നടൻ എന്നതിനെക്കാൾ ഒരു സുഹൃത്ത് എന്ന നിലയിൽ ഞാൻ അടുത്തറിയുന്ന ഒരാളാണ് സുരാജ്. ഒരുപാട് വേദികളിൽ ഞങ്ങൾ ഒന്നിച്ച് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ഒരു നടനെന്ന നിലയിൽ സുരാജ് കീഴടക്കുന്ന ഉയരങ്ങൾ വ്യക്തിപരമായി കൂടി എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്. നാഷനൽ അവാർഡും സ്റ്റേറ്റ് അവാർഡും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. സുരാജ് ഇന്ന് മലയാളികളുടെ അഭിമാനമാണ്. അതിൽ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. വികൃതിയിലെ എൽദോ എന്ന കഥാപാത്രം എന്നും എെൻറ മനസ്സിൽ തെളിഞ്ഞുനിൽക്കും.

കഥാപാത്രം: എൽദോ
അഭിനേതാവ്: സുരാജ് വെഞ്ഞാറമൂട്
ചിത്രം: വികൃതി (2019)
സംവിധാനം: എംസി ജോസഫ്


എെൻറ വസുന്ധരാ ദേവി അഥവാ ശ്രീവിദ്യാമ്മ


കുട്ടിക്കാലം മുതൽ സിനിമയിൽ കാണുന്ന, ബഹുമാനിക്കുന്ന ഒരു നടിയാണ് ശ്രീവിദ്യ. അതിനൊരു കാരണം കൂടിയുണ്ട്. ജീവിതത്തിൽ ആദ്യമായി ഞാൻ നേരിൽ കണ്ട സിനിമ നടി ശ്രീവിദ്യാമ്മയാണ്. എെൻറ കുട്ടിക്കാലത്ത് വീടിനടുത്തുള്ള ഒരു ക്ഷേത്രമുറ്റത്തുവെച്ചായിരുന്നു 'മുത്തുച്ചിപ്പികൾ' എന്ന ചിത്രത്തിെൻറ ഷൂട്ടിങ്. എെൻറ അച്ഛ​െൻറ അച്ഛൻ മരിച്ച സമയമായിരുന്നു അത്. ഞങ്ങൾ കുട്ടികളെ അവിടെ നിന്ന് മാറ്റാനായി ആരോ ഷൂട്ടിങ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതായിരുന്നു. അഞ്ചു വയസ്സേ എനിക്കന്നുള്ളു. എങ്കിലും ശ്രീവിദ്യാമ്മ ഞങ്ങളെ അടുത്തുവിളിച്ച് സംസാരിച്ചതൊക്കെ ഇപ്പോഴും ഓർമയുണ്ട്. അതിനു ശേഷം ശ്രീവിദ്യാമ്മയുടെ നിരവധി സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രം 'എെൻറ സൂര്യപുത്രിക്ക്' എന്ന സിനിമയിലെ വസുന്ധര ദേവിയാണ്. ഒരു സംഗീതജ്ഞയായാണ് അവർ ആ സിനിമയിൽ അഭിനയിച്ചത്. നല്ലൊരു ഗായികയാണ് അവരെന്ന് നമുക്കറിയാം. അവരുടെ അമ്മ എം.എൽ വസന്തകുമാരിയും വളരെ പ്രശസ്തയായ സംഗീതജ്ഞയായിരുന്നു. പാട്ടുകാരിയാകണമെന്ന് ആഗ്രഹിച്ച് ഒടുവിൽ അഭിനേത്രിയായി നമ്മുടെ മനസ്സിൽ ഇടംപിടിച്ചതാണ് ശ്രീവിദ്യ. ആ ചിത്രത്തിൽ ഒരു സംഗീതജ്ഞയായി ശ്രീവിദ്യാമ്മ അഭിനയിച്ചപ്പോൾ ഒരു കഥാപാത്രമായി എനിക്കു തോന്നിയില്ല. ഒരു യഥാർത്ഥ സംഗീതജ്ഞയായിട്ടു തന്നെയാണ് അനുഭവിക്കാനായത്. അവർക്ക് അനുഭവിക്കേണ്ടിവന്ന മാനസിക സംഘർഷങ്ങൾ, കുടുംബജീവിതത്തിൽ നേരിടേണ്ടിവന്ന തിരിച്ചടികൾ, മകളുമായുള്ള ബന്ധം.. ഇതെല്ലാം എത്ര മനോഹരമായാണ് ശ്രീവിദ്യാമ്മ സ്ക്രീനിൽ അഭിനയിച്ച് ഫലിപ്പിച്ചത്. ഈ അടുത്തകാലത്ത് ടി.വിയിൽ കണ്ടപ്പോൾ പോലും ശ്രീവിദ്യാമ്മയുടെ കഥാപാത്രം കണ്ണുനനയിച്ചു. അവരോടുള്ള ആദരവ് ഒന്നുകൂടി വർധിച്ചു. എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ത്രീകഥാപാത്രങ്ങളിൽ ഒന്നാണ് വസുന്ധരാ ദേവി.

കഥാപാത്രം: വസുന്ധര ദേവി
അഭിനേതാവ്: ശ്രീവിദ്യ
ചിത്രം: എെൻറ സൂര്യപുത്രിക്ക് (1991)
സംവിധാനം: ഫാസിൽ

ഇന്നും പേടിപ്പിക്കുന്ന മന്ത്രവാദി



കുട്ടിക്കാലത്തു കണ്ടുഭയന്ന പല കഥാപാത്രങ്ങളും ഈ പ്രായത്തിലും നമ്മളെ പേടിപ്പിക്കാറുണ്ട്. അങ്ങനെ ആദ്യമായി ഭീതിയുടെ അംശം മനസ്സിൽകൊണ്ടിട്ട കഥാപാത്രമാണ് 'മൈ ഡിയർ കുട്ടിച്ചാത്ത'നിലെ മന്ത്രവാദി. ഒരു ദൃശ്യവിസ്മയം എന്ന നിലയിൽ ഇന്ത്യ മുഴുവൻ ചർച്ചാവിഷയമായ സിനിമയാണത്. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചലച്ചിത്രം. 70 എം.എമ്മിലടക്കം ആദ്യമായി സിനിമയെടുത്ത് വിസ്മയിപ്പിച്ച ജിജോ സാറാണ് അത് സംവിധാനം ചെയ്തത്. ഏറ്റവും പുതുതായി വരാനിരിക്കുന്ന ലാലേട്ട​െൻറ 'ബറോസി'നു പിന്നിലും അദ്ദേഹമുണ്ടെന്നത് വലിയ സന്തോഷമാണ്.

കുട്ടിച്ചാത്തനിൽ കൊട്ടാരക്കര ശ്രീധരൻ നായർ കാഴ്ചവെച്ച പ്രകടനം ഒരിക്കലും മറക്കാൻ പറ്റുന്നതല്ല. ആ സിനിമ ഡിജിറ്റലിൽ ഡി.റ്റി.എസ് സൗണ്ടിലൊക്കെയാക്കി കുറേയേറെ മാറ്റം വരുത്തി രണ്ടാമത് വന്നപ്പോഴും പഴയ അതേ അനുഭവമാണ് നൽകിയത്. ചെമ്മീനിലും അരനാഴിക നേരത്തിലുമൊക്കെ അതിശയിപ്പിക്കുന്ന അഭിനയം കൊട്ടാരക്കര കാഴ്ചവെച്ചിട്ടുണ്ടെങ്കിലും അതൊക്കെ മനസ്സിലാക്കാൻ കഴിയാത്ത പ്രായത്തിലാണ്​ കണ്ടത്. പക്ഷേ, ഓർമയുറച്ച കാലത്ത് കണ്ട കുട്ടിച്ചാത്തനിലെ മന്ത്രവാദി ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. അക്കാലത്തെ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു ആ മന്ത്രവാദി.

കുട്ടിച്ചാത്തൻ രണ്ടാമത് വന്നപ്പോൾ കൊട്ടാരക്കരയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് അദ്ദേഹത്തിെൻറ മകനായ സായികുമാറാണ്. കൊട്ടാരക്കര ചെയ്ത വേഷത്തിെൻറ തനിമ ഒട്ടും ചോരാത്തവിധമാണ് സായിച്ചേട്ടൻ ഡബ്ബ് ചെയ്തത്. രണ്ടുതരത്തിൽ കണ്ടപ്പോഴും മനസ്സിൽ തങ്ങിനിന്ന കഥാപാത്രമാണ് ആ മന്ത്രവാദി.

കഥാപാത്രം: മന്ത്രവാദി
അഭിനേതാവ്: കൊട്ടാരക്കര ശ്രീധരൻ നായർ
ചിത്രം: മൈ ഡിയർ കുട്ടിച്ചാത്തൻ (1984)
സംവിധാനം: ജിജോ പുന്നൂസ്

നൃത്തം പഠിക്കാത്ത മോഹൻലാൽ



 ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാത്ത ഒരാൾ ശാസ്ത്രീയ നൃത്തം പഠിപ്പിക്കുന്ന ഒരാളായി അഭിനയിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റുന്ന കാര്യമല്ല. ആ ഒരു വിസ്മയമാണ് ലാലേട്ടൻ 'കമലദളം' എന്ന ചിത്രത്തിലൂടെ നമുക്ക് സമ്മാനിച്ചത്. കലാമണ്ഡലത്തിലെ അധ്യാപകനായാണ് അദ്ദേഹം ആ ചിത്രത്തിൽ അഭിനയിച്ചത്. ലാലേട്ടൻ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചയാളല്ല എന്ന് നമുക്കറിയാം. പക്ഷേ, അദ്ദേഹത്തിെൻറ മെയയ്​വഴക്കവും നൃത്തം ചെയ്യുമ്പോഴുള്ള സൗന്ദര്യവും പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, ശാസ്ത്രീയ നൃത്തം പഠിപ്പിക്കുന്നത് സ്ക്രീനിൽ അഭിനയിച്ച് ഫലിപ്പിക്കുന്നത് ഏതൊരു നടനെ സംബന്ധിച്ചും വലിയൊരു വെല്ലുവിളിയാണ്. നൃത്തം അഭ്യസിച്ചിട്ടുള്ള കമലഹാസനെ പോലുള്ളവർ ആ വേഷം അവതരിപ്പിച്ച് നമ്മൾ കണ്ടിട്ടുണ്ട്. നർത്തകൻ എന്നതിനപ്പുറം ആ കഥാപാത്രത്തിനും ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. കടുത്ത മാനസികാവസ്ഥകളിലൂടെ കടന്നപോകുന്ന ഒരു കഥാപാത്രമാണ് നന്ദഗോപൻ. അതൊക്കെ അതിമനോഹരമായി ലാലേട്ടൻ അവതരിപ്പിച്ചിട്ടുണ്ട്. വാനപ്രസ്ഥത്തിൽ കഥകളി അഭ്യസിക്കാതെ കഥകളി നടനായി വേഷമിട്ടും അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. പക്ഷേ, എെൻറ മനസ്സിൽ വാനപ്രസ്ഥത്തിലെ കഥാപാത്രത്തിനും മുകളിൽ നിൽക്കുന്നത് കമലദളത്തിലെ നന്ദഗോപനാണ്.

കഥാപാത്രം: നന്ദഗോപാൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: കമലദളം (1992)
സംവിധാനം: സിബി മലയിൽ

തയാറാക്കിയത് : കെ.എ. സൈഫുദ്ദീൻ

Tags:    
News Summary - Sudeep Playback Singer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.